സ്ത്രീവിരുദ്ധാക്രമണത്തിനെതിരെ ഒറ്റക്കെട്ടായി നീങ്ങുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആകമണവിധേയരാകുന്ന സ്ത്രീകൾ തനിച്ച് അതിനെ നേരിടേണ്ടിവരുകയും നിയമപരമായി നേരിടുമ്പോൾ അവർക്ക് നീതികിട്ടാതിരിക്കുകയൊ നീതിർവ്വണത്തിന് കാലതാമസം നേരിടുകയൊ ചെയ്യുന്ന ദൗർഭാഗ്യകരമായ അവസ്ഥ ഉണ്ടാകുന്നതിനെ മാർപ്പാപ്പാ അപലപിക്കുന്നു.
ഇറ്റലിയിലെ കുറ്റകൃത്യവിരുദ്ധ കേന്ദ്ര വിഭാഗത്തിൻറെ നൂറ്റിയെഴുപതോളം പേരടങ്ങിയ പ്രതിനിധിസംഘത്തെ ശനിയാഴ്‌ച (26/11/22) വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
നീതിനിഷേധത്തിൽ വീഴാതെ ഇക്കാര്യത്തിൽ നാം ജാഗ്രത പുലർത്തുകയും അവസ്ഥ മെച്ചപ്പെടുത്തുകയും വേണം എന്ന് പറഞ്ഞ പാപ്പാ കേസിൻറെ എല്ലാ ഘട്ടത്തിലും ഒപ്പമുണ്ടെന്നും ഇരയ്ക്ക് എത്രയും വേഗം നീതി ലഭിക്കുമെന്നും രാഷ്ട്രം ഉറപ്പാക്കണമെന്ന് ഓർമ്മിപ്പിച്ചു.
സ്ത്രീകൾക്ക് "സംരക്ഷണം" ഉറപ്പാക്കേണ്ടത്, അതായത്, നിലവിലുള്ള ഭീഷണികളിൽ നിന്നും, നിർഭാഗ്യവശാൽ, ഇത്തരം സംഭവങ്ങളുടെ പുനരാവർത്തനങ്ങളിൽ നിന്നും അവർ സുരക്ഷിതരാണെന്ന് ഉറപ്പാക്കേണ്ടത് ആവശ്യമാണെന്ന് പാപ്പാ പറയുന്നു.
സത്രീവിരുദ്ധാക്രമണങ്ങൾ ഇല്ലായ്മചെയ്യുന്നതിനായുള്ള ഇക്കൊല്ലത്തെ അന്താരാഷ്ട്രദിനം സകലവിധ സ്ത്രീവിരുദ്ധാക്രമണങ്ങൾക്കുമെതിരെ ഒറ്റക്കെട്ടായി പോരാടാൻ ആഹ്വാനം ചെയ്യുന്നതും പാപ്പാ അനുസ്മരിച്ചു.
കുറ്റകൃത്യവിരുദ്ധ കേന്ദ്രവിഭാഗത്തിൽ നിരവധി സ്ത്രീകളുടെ സാന്നിദ്ധ്യമുള്ളതിനെക്കുറിച്ചു പരാമർശിച്ച പാപ്പാ സ്ത്രീകളെ സഹായിക്കുന്ന സ്ത്രീകൾ എന്നത് മഹത്തായ ഒരു സമ്പന്നതായണെന്നും അവർക്ക് മറ്റു സ്ത്രീകളെ നന്നായി മനസ്സിലാക്കാനും ശ്രവിക്കാനും താങ്ങായി നില്ക്കാനും കഴിയുമെന്നും ശ്ലാഘിച്ചു.
സ്ത്രീവിരുദ്ധാക്രമണത്തിനെതിരായ പോരാട്ടത്തിൽ ജയിക്കുന്നതിന് ഒറ്റക്കെട്ടായ പ്രവർത്തനത്തിൻറെ, ഒരു പ്രതിരോധ ശൃംഖല തീർക്കേണ്ടതിൻറെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടി.
സാംസ്കാരിക മനോഭാവങ്ങൾ, മാനസികാവസ്ഥകൾ, ആഴത്തിൽ വേരൂന്നിയ മുൻവിധികൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു സാമൂഹിക വിപത്തിനെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ ഇത് എല്ലായ്പ്പോഴും നിർണ്ണായകമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: