പാപ്പാ: യാതനകളനുഭവിക്കുന്ന കുഞ്ഞുങ്ങൾക്കായി പ്രാർത്ഥിക്കുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ലോകത്തിൽ അടിമത്തസമാനമായ അവസ്ഥകളിൽ കഴിയുകയും യാതനകളനുഭവിക്കുകയും ചെയ്യുന്ന ബാലികാബാലന്മാർ ഇന്നും ദശലക്ഷക്കണക്കിനാണെന്ന് മാർപ്പാപ്പാ വേദനയോടെ അനുസ്മരിക്കുകയും അവർക്കായി പ്രാർത്ഥിക്കാൻ സഭാതനയരെ ക്ഷണിക്കുകയും ചെയ്യുന്നു.
നവമ്പർ മാസത്തെ പ്രാർത്ഥാനനിയോഗമായി ഫ്രാൻസീസ് പാപ്പാ നല്കിയിരിക്കുന്ന വീഡിയോ സന്ദേശത്തിലാണ് ഈ ക്ഷണമുള്ളത്.
കുട്ടികൾ അക്കങ്ങളല്ല, അവർ പേരും സ്വന്തം മുഖവും ദൈവദത്തമായ സ്വത്വവും ഉള്ള മനുഷ്യ വ്യക്തികളാണെന്നും പറയുന്ന പാപ്പാ, ഈ കുഞ്ഞുങ്ങളെ ചൂഷണത്തിനിരകളാക്കുന്ന സംഭവങ്ങൾക്കു മുന്നിൽ നാം മിക്കപ്പോഴും നമ്മുടെ ഉത്തരവാദിത്വങ്ങൾ മറക്കുകയും കണ്ണടയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് കുറ്റപ്പെടുത്തുന്നു.
വിനോദങ്ങളിലേർപ്പെടാനൊ, പഠിക്കാനൊ, സ്വപ്നംകാണാനൊ ഉള്ള അവകാശവും കുടുംബത്തിൻറെ ഊഷ്മളതയും കുഞ്ഞുങ്ങൾക്ക് നിഷേധിക്കപ്പെടുന്ന ഖേദകരമായ അവസ്ഥയും പാപ്പാ ചൂണ്ടിക്കാട്ടുന്നു.
വളർച്ചയ്ക്കും വികാസത്തിനും സാധ്യതയില്ലാതെയും മൗലികാവകാശങ്ങൾ ലഭിക്കാതെയും അനുദിനം തിരസ്‌കരണവും ദാരിദ്ര്യവും വേദനകളും സംഘർഷങ്ങളും അനുഭവിക്കുന്ന വിസ്മൃതരായ കുട്ടികളുടെ നാടകീയമായ സാഹചര്യത്തിന് പിന്നിൽ കൃത്യമായ ഉത്തരവാദിത്തങ്ങളുണ്ടെന്ന് മാർപാപ്പ എടുത്തുകാട്ടുന്നു.
വിദ്യാഭ്യാസവും വൈദ്യസഹായവും നിഷേധിക്കപ്പെടുകയും കുടുംബം ഉപേക്ഷിക്കുകയും പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്യുന്ന ഓരോ കുഞ്ഞും ഒരു രോദനമാണെന്നും അത് ദൈവത്തിലേക്ക് ഉയരുന്ന ഒരു നിലവിളിയാണെന്നും, മുതിർന്നവരായ നാം കെട്ടിപ്പടുത്ത വ്യവസ്ഥയോടുള്ള പ്രതിഷേധമാണെന്നും പറയുന്ന പാപ്പാ ഒരു കുട്ടി ഉപേക്ഷിക്കപ്പെടുന്നത് നമ്മുടെ തെറ്റാണെന്ന് കുറ്റപ്പെടുത്തുന്നു.
"ഒറ്റപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരുമാണെന്ന തോന്നൽ ഇനി കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്നതിന് ഇടവരുത്താനാകില്ലെന്നും പറയുന്ന പാപ്പാ ദൈവം അവരെ മറന്നിട്ടില്ലെന്ന അവബോധം അവർക്കുണ്ടാകുന്നതിനായി അവർക്ക് വിദ്യാഭ്യാസം ലഭ്യമാക്കുകയും ഒരു കുടുംബത്തിൻറെ സ്നേഹം അവർക്ക് അനുഭവവേദ്യമാക്കുകയും വേണം എന്ന് വ്യക്തമാക്കുന്നു.
യാതനകളനുഭവിക്കുന്ന ബാലികാബാലന്മാർക്ക്- തെരുവിൽ ജീവിക്കുകയും യുദ്ധങ്ങൾക്ക് ഇരകളാകുകയും അനാഥരായിത്തീരുകയും ചെയ്തവർക്ക് - വിദ്യാഭ്യാസം ലഭിക്കാനും കുടുംബസ്നേഹം വീണ്ടും അനുഭവിക്കാനും കഴിയുന്നതിനായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: