പാപ്പാ: രക്തത്തിൻറെയും കണ്ണുനീരിൻറെയും നദികൾ ഒഴുകുന്ന ഉക്രൈയിൻ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യുദ്ധം 9 മാസം പിന്നിട്ടിരിക്കുന്ന ഉക്രൈയിനിലെ ജനതയുടെ ദുരവസ്ഥയിൽ തൻറെ വേദനയും സാമീപ്യവും അറിയിച്ചുകൊണ്ട് മാർപ്പാപ്പാ അവർക്ക് ഒരു കത്തയച്ചു.
ഇക്കൊല്ലം (2022) ഫെബ്രുവരി 24-ന് റഷ്യ ഉക്രൈയിനെതിരെ ആരംഭിച്ച സായുധാക്രമണം 9 മാസം പിന്നിട്ട നവമ്പർ 24-ന് (24/11/22) വ്യാഴാഴ്‌ചയാണ് ഫ്രാൻസീസ് പാപ്പാ ഈ കത്ത് നല്കിയത്.
ഒമ്പത് മാസമായി ഉക്രൈയിൻറെ മണ്ണിൽ തുടരുന്ന ഭ്രാന്തമായ യുദ്ധംമൂലം അന്നാടിൻറെ വാനത്തിൽ സ്ഫോടന ശബദ്ങ്ങളും അപായസൂചന ചൂളംവിളികളും മുഴങ്ങുകയാണെന്നും നഗരങ്ങൾ ബോംബുസ്ഫോടനങ്ങളാൽ തകരുകയും മിസൈൽ വർഷം മരണത്തിനും നാശത്തിനും പട്ടിണിയ്ക്കും ദാഹത്തിനും തണുപ്പിനും കാരണമായികൊണ്ടിരിക്കയുമാണെന്നും അന്നാട്ടിലെ മഹാനദികളുടെ ചാരെ ഇപ്പോൾ എല്ലാ ദിവസവും രക്തത്തിൻറെയും കണ്ണുനീരിൻറെയും നദികൾ ഒഴുകുകയാണെന്നും പാപ്പാ വേദനയോടെ അനുസ്മരിക്കുന്നു.
താൻ ഉക്രൈയിൻ ജനതയുടെ ചാരെ ആയിരിക്കാത്തതും അവരെ തൻറെ ഹൃദയത്തിൽ പേറാത്തതും അവർക്കായി പ്രാർത്ഥിക്കാത്തതുമായ ഒരു ദിവസം പോലും ഇല്ലെന്നും അവരുടെ വേദന തൻറെ വേദനയാണെന്നും ഈ ആക്രമണത്തിൻറെ ഭീകരത അനുഭവിക്കുന്ന ഉക്രൈയിൻ ജനതയെ താൻ ക്രിസ്തുവിൻറെ കുരിശിൽ കാണുന്നുവെന്നും പാപ്പാ പറയുന്നു.
ഭാവിയെക്കുറിച്ചുള്ള തങ്ങളുടെ സ്വപ്നങ്ങൾ പേറേണ്ട യുവത സ്വന്തം നാടിനെ സധൈര്യം സംരക്ഷിക്കുന്നതിനായി ആയുധങ്ങൾ ഏന്തേണ്ടിവന്നിരിക്കുന്ന അവസ്ഥയെക്കുറിച്ചും പാപ്പാ തൻറെ കത്തിൽ പരാമാർശിക്കുന്നു.
ദുരന്തസമയത്ത് രാജ്യം ഭരിക്കാനും സമാധാനത്തിനായി ദീർഘവീക്ഷണത്തോടെയുള്ള തീരുമാനങ്ങൾ എടുക്കാനും നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും സുപ്രധാനമായ നിരവധി അടിസ്ഥാന സൗകര്യങ്ങൾ തകർക്കപ്പെടുന്നതിനിടയിൽ സമ്പദ്‌വ്യവസ്ഥയെ വികസിപ്പിക്കാനും കടമയുള്ള അധികാരികൾക്കു വേണ്ടിയും പാപ്പാ പ്രാർത്ഥിക്കുന്നു.
യാതനകളനുഭവിക്കുകയും പ്രാർത്ഥിക്കുകയും പൊരുതുകയും പ്രതിരോധിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്ന ധൈര്യവും ശക്തിയുമുള്ള ഒരു ഉക്രൈയിൻ ജനതയെ ലോകം തിരിച്ചറിയുന്നുവെന്ന് പറയുന്ന പാപ്പാ ഹൃദയംകൊണ്ടും പ്രാർത്ഥനകൊണ്ടും ജീവകാരുണ്യപരമായ ഔത്സുക്യംകൊണ്ടും താൻ അവരുടെ ചാരെ സദാ ഉണ്ടെന്ന് ഉറപ്പു നല്കുന്നു.
അവരുടെ സഹനങ്ങളെ പാപ്പാ പരിശുദ്ധ കന്യകാമറിയത്തിൻറെ അമലോത്ഭവ ഹൃദയത്തിന് സമർപ്പിക്കുകയും ദൈവത്തിന് ഒന്നും അസാദ്ധ്യമല്ലെന്നും അവിടന്ന് അവരുടെ ഹൃദയത്തിൻറെ ന്യായമായ പ്രതീക്ഷകൾ സഫലീകരിക്കുകയും മുറിവുകൾ ഉണക്കുകയും സാന്ത്വനം പകരുകയും ചെയ്യുമെന്ന് ഉറപ്പുനല്കുകയും ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: