വർഗ്ഗീയത, ദൈവത്തിനെതിരായ അക്ഷന്തവ്യ പാപമെന്ന് മാർപ്പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പരിശുദ്ധസിംഹാസനം എന്നും തേടുന്നത് സമാധാനവും പരസ്പരധാരണയുമാണെന്ന് മാർപ്പാപ്പാ.
അമേരിക്കൻ ഐക്യനാടുകളിൽ ഈശോസഭയുടെ കീഴിലുള്ള കത്തോലിക്കാ പ്രസിദ്ധീകരണമായ “അമേരിക്ക” തിങ്കളാഴ്‌ച (28/11/22) പ്രസിദ്ധീകരിച്ച ഫ്രാൻസീസ് പാപ്പായുമായുള്ള അഭിമുഖത്തിലാണ് ഇതു കാണുന്നത്.
ഉക്രൈയിൻ യുദ്ധത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് പാപ്പാ ഇങ്ങനെ പ്രതികരിച്ചത്.
യുദ്ധത്തിന് അറുതിവരുത്തുന്നതിന് മാദ്ധ്യസ്ഥ്യം വഹിക്കാൻ പരിശുദ്ധസിംഹാസനത്തിനുള്ള സന്നദ്ധത പാപ്പാ ആവർത്തിച്ചു വെളിപ്പെടുത്തി.
അമരിക്കൻ ഐക്യനാടുകളിലെ രാഷ്ട്രീയജീവിതത്തിലും സഭാജീവിതത്തിലും കാണപ്പെടുന്ന ധ്രുവീകരണം, ഭ്രൂണഹത്യയെ രാഷ്ട്രീയവത്ക്കരിക്കുന്ന പ്രവണത,, ബാലപീഢനം, വർഗ്ഗീയത, വത്തിക്കാനും ചൈനയും തമ്മിലുള്ള ബന്ധം തുടങ്ങിയ വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പാപ്പാ അഭിമുഖത്തിൽ ഉത്തരമേകി.
ധ്രുവീകരണം കത്തോലിക്കസഭയുടെ സ്വഭാവമല്ലെന്നു പറഞ്ഞ പാപ്പാ സൈദ്ധാന്തികമായ കക്ഷിപക്ഷപാതം സമൂഹത്തിലും സഭയിലും അപകടകരമാണെന്ന് വിശദീകരിച്ചു.
ഭ്രൂണഹത്യയെക്കുറിച്ചുള്ള ചോദ്യത്തിന് പാപ്പാ ആ പ്രശ്നത്തിൻറെ കൗദാശിക മാനത്തെക്കുറിച്ചു പരാമർശിക്കുകയും അത് രാഷ്ട്രീയവൽക്കരിക്കരുതെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.
ഒരു മനുഷ്യജീവനെ ഇല്ലാതാക്കുന്നതിനെ രാഷ്ട്രീയ പ്രശ്നമാക്കി മാറ്റുമ്പോഴൊ ഒരു ഇടയൻ രാഷ്ട്രീയവിഭാഗങ്ങളെ ഉപയോഗപ്പെടുത്തുമ്പോഴൊ ആണ് പ്രശ്നം ഉണ്ടാകുന്നതെന്നും പാപ്പാ വ്യക്തമാക്കി.
കുട്ടികൾ സഭാശുശ്രൂഷകരുടെ ലൈംഗികപീഢനത്തിനിരകളാകുന്ന സംഭവങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് പാപ്പാ, അത്തരം സംഭവങ്ങൾ ഒളിച്ചു വയ്ക്കില്ല എന്ന സഭയുടെ തീരുമാനത്തോടെ ലൈംഗികപീഢന ക്രൂരതയ്ക്കെതിരായ കാര്യത്തിൽ സാരമായ പുരോഗതി ദൃശ്യമാണെന്ന് വെളിപ്പെടുത്തി.
ആഫ്രിക്കൻ വംശജരായവർ അമേരിക്കയിൽ വർണ്ണവിവേചനത്തിന് ഇരകളാകുന്ന അവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിന് പാപ്പാ വർഗ്ഗീയത ദൈവത്തിനെതിരായ അക്ഷന്തവ്യ പാപമാണെന്നും സഭയും ഇടയന്മാരും അൽമായരും അതിനെ ഉന്മൂലനം ചെയ്യുന്നതിനും കൂടുതൽ നീതി വാഴുന്ന ഒരു ലോകം സംസ്ഥാപിക്കുന്നതിനും വേണ്ടിയുള്ള പോരാട്ടം തുടരണമെന്നും പറഞ്ഞു.
തൻറെ സാമ്പത്തിക നിക്ഷേപ നയത്തിൻറെ പേരിൽ ചിലർ തന്നെ മാർക്സിസ്റ്റ് എന്ന് മുദ്രകുത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പാപ്പാ താൻ സുവിശേഷമാണ് പിൻചെല്ലുന്നതെന്നും സുവിശേഷ സൗഭാഗ്യങ്ങൾ, വിശിഷ്യ, നാം എന്തിൻറെ അടിസ്ഥാനത്തിലാണോ വിധിക്കപ്പെടുക എന്ന മാനദണ്ഡം ആണ് തന്നെ ഏറെ പ്രബുദ്ധനാക്കുന്നതെന്നും പ്രത്യുത്തരിക്കുകയും സുവിശേഷസൗഭാഗ്യങ്ങളിലെ ഏതാനും വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അപ്പോൾ യേശുവും കമ്മ്യൂണിസ്റ്റ് ആയിരുന്നോ എന്ന മറുചോദ്യം ഉന്നയിക്കുകയും ചെയ്തു.
പരിശുദ്ധസിംഹാസനവും ചൈനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് പാപ്പാ ഇവിടെ താൻ അവലംബിക്കുന്നത് സംഭാഷണത്തിൻറെ പാതയാണെന്നും സംഭാഷണമാണ് നയോപയത്തിൽ ഏറ്റവും നല്ല മാർഗ്ഗമെന്നും പ്രസ്താവിച്ചു.
അത് മന്ദഗതിയിലായിരിക്കാം, ജയപരാജയങ്ങൾ പ്രകടമാകാം, എന്നാൽ മറ്റൊരു മാർഗ്ഗം താൻ കാണുന്നില്ലയെന്നും പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: