പാപ്പാ: വചനത്താലല്ല, പ്രവർത്തികളാൽ തഴുകപ്പെടാൻ ആഗ്രഹിക്കുന്ന ദൈവം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സകല മരിച്ചവിശ്വാസികളുടെ ഓർമ്മദിനത്തിൽ, അതായത്, നവമ്പർ 2-ന്, ബുധനാഴ്ച ഫ്രാൻസീസ് പാപ്പാ ഇക്കൊല്ലം മരണമടഞ്ഞ കർദ്ദിനാളന്മാർക്കും മെത്രാന്മാർക്കും വേണ്ടി വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ഏശയ്യാ പ്രവചാകൻറെ പുസ്തകം 25:6-9 വരെയും പൗലോസപ്പോസ്തലൻ റോമാക്കാർക്കെഴുതിയ ലേഖനം 8:14-23 വരെയും മത്തായിയുടെ സുവിശേഷം 25:31-46 വരെയുമുള്ള വാക്യങ്ങൾ എന്നീ വിശുദ്ധ ഗ്രന്ഥ ഭാഗങ്ങളെ അവലംബമാക്കി പാപ്പാ നടത്തിയ വിചിന്തനത്തിൻറെ സംഗ്രഹം:
പ്രതീക്ഷ, ആശ്ചര്യം
ദിവ്യബലിയിയ വായിക്കപ്പെട വിശുദ്ധഗ്രന്ഥ ഭാഗങ്ങൾ പ്രതീക്ഷ, ആശ്ചര്യം എന്നീ രണ്ടു വാക്കുകളിലേക്ക് തൻറെ ശ്രദ്ധയെ ക്ഷണിക്കുന്നതിനെക്കുറിച്ചു പരാമർശിച്ചുകൊണ്ടാണ് പാപ്പാ തൻറെ വിചിന്തനം ആരംഭിച്ചത്.
പാപ്പാ ഇപ്രകാരം തുടർന്നു:
പ്രത്യാശ
ജീവിതത്തിൻറെ പൊരുളിനെ ദ്യോതിപ്പിക്കുന്നതാണ് പ്രതീക്ഷ. എന്തെന്നാൽ നമ്മൾ കൂടിക്കാഴ്ചയ്ക്കായുള്ള പ്രതീക്ഷയിലാണ് ജീവിക്കുന്നത്. ഇന്നത്തെ നമ്മുടെ മദ്ധ്യസ്ഥ പ്രാർത്ഥനയുടെ, വിശിഷ്യ, നടപ്പുവർഷം മരണമടഞ്ഞ കർദ്ദിനാളന്മാർക്കും മെത്രാന്മാർക്കും വേണ്ടിയുള്ള പ്രാർത്ഥനയുടെ, കാരണം തന്നെ ദൈവവുമായുള്ള കൂടിക്കാഴ്ചയാണ്. അവർക്കു വേണ്ടിയാണ് നാം ഈ വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നത്.
നമ്മുടെ ശരീരങ്ങളുടെ ഉയിർപ്പിനായി കാത്തിരിക്കുന്ന നമ്മൾ
"എൻറെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ" (മത്തായി 25:34) എന്ന യേശുവിൻറെ വാക്കുകൾ ഒരു ദിവസം കേൾക്കുമെന്ന പ്രതീക്ഷയിലാണ് നാമെല്ലാവരും പ്രത്യാശയോടെ ജീവിക്കുന്നത്. ഏശയ്യാ പ്രവാചകൻ നമ്മോട് പറഞ്ഞ "എല്ലാ ജനതകൾക്കും വേണ്ടിയുള്ള വിരുന്നിൽ" (ഏശയ്യാ 25:6) പങ്കെടുക്കാൻ, പറുദീസയിൽ പ്രവേശിക്കാൻ ഉള്ള ലോകത്തിൻറെ കാത്തിരിപ്പ് മുറിയിലാണ് നമ്മൾ. നമ്മുടെ ഹൃദയങ്ങൾക്ക് ചൂടു പകരുന്ന ഒരു കാര്യം പ്രവാചകൻ പറയുന്നു, കാരണം അതിന് നമ്മുടെ ഏറ്റവും വലിയ പ്രതീക്ഷകൾ നിറവേറ്റാൻ സാധിക്കും: കർത്താവ് "മരണത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കും" കൂടാതെ "എല്ലാ മുഖങ്ങളിലും നിന്ന് കണ്ണുനീർ തുടച്ചുമാറ്റും"(ഏശയ്യാ 25:8). അപ്പോൾ നമുക്ക് ഇങ്ങനെ പറയാൻ കഴിയും: “നാം പ്രത്യാശ അർപ്പിച്ച കർത്താവ് അവിടന്നാണ്; നമുക്ക് ആനന്ദിക്കാം, അവിടന്നു പ്രദാനം ചെയ്യുന്ന രക്ഷയിൽ നമുക്ക് സന്തോഷിക്കാം "(ഏശയ്യാ 25,9). അതെ, നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര മഹത്തായതും മനോഹരവും ആയവ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നമ്മൾ ജീവിക്കുന്നത്, കാരണം, പൗലോസ് അപ്പോസ്തലൻ നമ്മെ ഓർമ്മിപ്പിച്ചതുപോലെ, "നാം ദൈവത്തിൻറെ അവകാശികളും ക്രിസ്തുവിൻറെ കൂട്ടവകാശികളും" (റോമ 8:17) ആണ്, കൂടാതെ "നമ്മൾ എന്നേക്കും ജീവിക്കുമെന്ന പ്രതീക്ഷയിലാണ്, നമ്മുടെ ശരീരങ്ങളുടെ വീണ്ടെടുപ്പിനായി നമ്മൾ കാത്തിരിക്കുന്നു "(cf. റോമ 8: 23).
ഞാൻ പ്രത്യാശയിലോ പരിദേവനത്തിലോ?
സഹോദരീ സഹോദരന്മാരേ, നമുക്ക് സ്വർഗ്ഗത്തെക്കുറിച്ചുള്ള പ്രതീക്ഷകളെ ഊട്ടിവളർത്താം, പറുദീസയ്ക്കായുള്ള ആഗ്രഹം പരിപോഷിപ്പിക്കാം. നമ്മുടെ ആഗ്രഹങ്ങൾക്ക് സ്വർഗ്ഗവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് സ്വയം ചോദിക്കുന്നത് ഇന്ന് നമുക്ക് നല്ലതാണ്. എന്തെന്നാൽ, കടന്നുപോകുന്ന കാര്യങ്ങൾ നിരന്തരം ആഗ്രഹിക്കുകയും, ആഗ്രഹങ്ങളെ ആവശ്യങ്ങളുമായി കൂട്ടിക്കുഴയ്ക്കുകയും, ദൈവത്തിനായി കാത്തിരിക്കുന്നതിനു പകരം ലോകത്തിൻറെ പ്രതീക്ഷകൾക്ക് മുൻഗണന നല്കുകയും ചെയ്യുന്ന അപകടമുണ്ട്. പ്രധാനപ്പെട്ടവ കാണാതെ കാറ്റിൻറെ പിന്നാലെ ഓടുന്നത് ജീവിതത്തിലെ ഏറ്റവും വലിയ പ്രമാദമായിരിക്കും. നമുക്ക് മുകളിലേക്ക് നോക്കാം, കാരണം നമ്മൾ ഉന്നതത്തിലേക്കാണ് നീങ്ങുന്നത്, ഇവിടെയുള്ള വസ്തുക്കൾ മുകളിലേക്കു പോകില്ല: അതായത്, മികച്ച ഉദ്യോഗം, മഹത്തായ നേട്ടങ്ങൾ, ഏറ്റവും അഭിമാനകരമായ പദവികളും അംഗീകാരങ്ങളും, സഞ്ചിത സമ്പത്തും ഭൗമിക സമ്പാദ്യങ്ങളും, എല്ലാം ഒരു നിമിഷം കൊണ്ട് അപ്രത്യക്ഷമാകും. അവയിൽ അർപ്പിച്ച എല്ലാ പ്രതീക്ഷകളും എന്നെന്നേക്കുമായി നിരാശപ്പെടുത്തും. എന്നിട്ടും, ഈ കാര്യങ്ങൾക്കായി ആശങ്കപ്പെട്ടും വിഷമിച്ചും എത്രമാത്രം സമയവും പരിശ്രമവും ഊർജ്ജവും നാം ചെലവഴിക്കുന്നു, ഭവനോന്മുഖ വ്യഗ്രത മങ്ങിപ്പോകാൻ അനുവദിക്കുന്നു, യാത്രയുടെ പൊരുളും, യാത്രയുടെ ലക്ഷ്യവും, ദൈവോന്മുഖതയും, ജീവിതത്തിൻറെ ആനന്ദവും കാണാതെ പോകുന്നു. നമുക്ക് സ്വയം ചോദിക്കാം: "മരിച്ചവരുടെ ഉയിർപ്പും പരലോക ജീവിതവും ഞാൻ കാത്തിരിക്കുന്നു" എന്ന് വിശ്വാസപ്രമാണത്തിൽ ഞാൻ ചൊല്ലുന്നതാണോ ഞാൻ ജീവിക്കുന്നത്? പിന്നെ എൻറെ കാത്തിരിപ്പ് എങ്ങനെയാണ്? ഞാൻ സത്താപരമായതിലേക്കാണോ പോകുന്നത് അതോ ഉപരിപ്ലവമായ നിരവധി കാര്യങ്ങളിലേക്ക് എൻറെ ശ്രദ്ധ വഴുതിപ്പോകുകയാണോ? ഞാൻ പ്രത്യാശ വളർത്തിയെടുക്കുകയാണോ അതോ അപ്രധാനങ്ങളായ നിരവധി കാര്യങ്ങൾക്ക് അമിത മൂല്യം കല്പിക്കുന്നതിനാൽ ഞാൻ വിലപിച്ചുകൊണ്ടേയിരിക്കുകയാണോ?
എപ്പോൾഃ?
നാളെയെക്കുറിച്ചുള്ള പ്രതീക്ഷ പുലർത്തുന്നതിൽ നമുക്ക് സഹായകമാണ് ഇന്നത്തെ സുവിശേഷം. ഇവിടെ ഞാൻ നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്ന രണ്ടാമത്തെ വാക്ക് ഉയർന്നുവരുന്നു: ആശ്ചര്യം. കാരണം, മത്തായിയുടെ സുവിശേഷത്തിലെ 25-ാം അദ്ധ്യായം ശ്രവിക്കുമ്പോഴെല്ലാം വലിയ വിസ്മയമാണ്. "കർത്താവേ, അങ്ങയെ വിശക്കുന്നവനായി കണ്ട് ആഹാരം നല്കിയതും ദാഹിക്കുന്നവനായി കണ്ട് കുടിക്കാൻ തന്നതും എപ്പോഴാണ്? നിന്നെ പരദേശിയായി കണ്ട് സ്വീകരിച്ചതും നഗ്നനായി കണ്ട് ഉടുപ്പിച്ചതും എപ്പോഴാണ്? എപ്പോഴാണ് ഞങ്ങൾ നിന്നെ രോഗാവസ്ഥയിലോ കാരഗൃഹത്തിലോ ആയിരിക്കുമ്പോൾ സന്ദർശിച്ചത്?" (മത്തായി 25:37-39). എപ്പോൾ? അങ്ങനെ എല്ലാവരുടെയും ആശ്ചര്യവും നീതിമാന്മാരുടെ വിസ്മയവും അനീതിമാന്മാരുടെ പരിഭ്രാന്തിയും ആവിഷ്ക്കരിക്കപ്പെടുന്നു.
സൗജന്യമായി സ്നേഹിക്കുക
എപ്പോൾ? ഇത് നമുക്കും പറയാം: എല്ലാ ഘടകങ്ങളും പരിശോധിച്ച്, സാഹചര്യങ്ങളും ഉദ്ദേശ്യങ്ങളും എന്നെന്നേക്കുമായി വ്യക്തമാക്കുന്ന ഒരു പരിഹാര കോടതിയുടെ മുമ്പാകെ, ജീവിതത്തെയും ലോകത്തെയും കുറിച്ചുള്ള വിധി നീതിയുടെ കുടക്കീഴിൽ നടക്കുന്നതാണ് നാം കാത്തിരിക്കുക. എന്നാൽ, ദൈവിക കോടതിയിൽ, ഏക യോഗ്യതയും കുറ്റപ്പെടുത്തലും ദരിദ്രരോടും ഉപേക്ഷിക്കപ്പെട്ടവരോടും ഉള്ള കരുണയാണ്: "എൻറെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തു തന്നത്", യേശു പറയുന്നു (മത്തായി 25:40). അത്യുന്നതൻ ഏറ്റവും ചെറിയവരിലാണ് ഉള്ളത്, ആകാശങ്ങളിൽ ജീവിക്കുന്നവർ ലോകത്തിന് ഏറ്റവും നിസ്സാരരായവർക്കിടയിലാണ്. എന്തതിശയം! എന്നാൽ ന്യായവിധി ഇങ്ങനെയായിരിക്കും, കാരണം അത് പ്രഖ്യാപിക്കുന്നത് എളിയ സ്നേഹത്തിൻറെ ദൈവം, ദരിദ്രനായി ജനിച്ച് മരിച്ച്, ഒരു ദാസനായി ജീവിച്ച യേശുവാണ്. അവിടത്തെ അളവുകോൽ നമ്മുടെ പരിമാണങ്ങളെ ഉല്ലംഘിക്കുന്ന സ്നേഹമാണ്, അവിടത്തെ മാനദണ്ഡം സൗജന്യതയാണ്. അതിനാൽ, നമുക്ക് ഒരുങ്ങുന്നതിന്, എന്തുചെയ്യണമെന്ന് അറിയാം: അവിടത്തെ മുൻഗണനാപട്ടികയിൽ വരുന്നവരും നമുക്കു തരികെ നല്കാൻ കഴിയാത്തവരും, നമുക്ക് ആകർഷകമായി തോന്നാത്തവരുമായവരെ, തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കാതെ, സൗജന്യമായും തിരിച്ചുതരേണ്ടതില്ലാത്ത വിധത്തിലും ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ സ്നേഹിക്കുക.
സുവിശേഷം ജീവിക്കുന്നവരോ അതോ സന്ധിചെയ്യുന്നവരോ നമ്മൾ?
എപ്പോൾ? നരകുലം കർത്താവിനോടു ഉന്നയിക്കുന്ന ചോദ്യങ്ങളിൽ നാല് തവണ ആവർത്തിക്കപ്പെുന്ന വിസ്മയത്തോടുകൂടിയ ആ “എപ്പോൾ” (cf. മത്തായി 25. 37.38.39.44), പിന്നീട് "മനുഷ്യപുത്രൻ തൻറെ മഹത്വത്തിൽ വരുമ്പോൾ" (മത്തായി 25, 31) സമാഗതമാകുന്നു. സഹോദരീ സഹോദരന്മാരേ, നമ്മളും ആശ്ചര്യപ്പെടേണ്ടതില്ല. സുവിശേഷത്തിൻറെ രുചി മധുരമുള്ളതാക്കാതിരിക്കാൻ വളരെ ശ്രദ്ധിക്കുക. കാരണം, പലപ്പോഴും, സൗകര്യാർത്ഥമോ എളുപ്പത്തിനോ വേണ്ടി നാം യേശുവിൻറെ സന്ദേശത്തെ മയപ്പെടുത്താനും അവിടത്തെ വാക്കുകളിൽ വെള്ളം ചേർക്കാനും ശ്രമിക്കുന്നു. സുവിശേഷവുമായി സന്ധിചെയ്യുന്നതിൽ നമ്മൾ വളരെ സമർത്ഥരാണ് - വിശക്കുന്നവർക്ക് ഭക്ഷണം നല്കണം, അതെ, എന്നാൽ പട്ടിണി പ്രശ്നം സങ്കീർണ്ണമാണ്, എനിക്ക് തീർച്ചയായും അത് പരിഹരിക്കാൻ കഴിയില്ല! ദരിദ്രരെ സഹായിക്കുക, അതെ, എന്നാൽ അനീതികളെ ഒരു പ്രത്യേക രീതിയിൽ നേരിടണം, അപ്പോൾ കാത്തിരിക്കുന്നതാണ് നല്ലത്, കാരണം അതിനായുള്ള പരിശ്രമം എല്ലായ്പ്പോഴും അസ്വസ്ഥതയേകാൻ സാദ്ധ്യതയുണ്ട്, ഒരുപക്ഷേ നന്നായി ചെയ്യാൻ കഴിയുമായിരുന്നുവെന്ന് മനസ്സിലാക്കിയേക്കാം! രോഗികളുടെയും തടവുകാരുടെയും ചാരെ ആയിരിക്കുക, അതെ, പക്ഷേ ഞാൻ താല്പര്യം കാണിക്കേണ്ടതായ മറ്റ് അടിയന്തിര പ്രശ്നങ്ങൾ പത്രങ്ങളുടെ മുൻ താളുകളിലും സാമൂഹ്യമാദ്ധ്യമങ്ങളിലും ഉണ്ട്, പിന്നെ ഞാൻ എന്തിന് അവരുടെ കാര്യത്തിൽ താൽപ്പര്യം കാണിക്കണം? കുടിയേറ്റക്കാരെ സ്വാഗതം ചെയ്യണം, അതെ, പക്ഷേ ഇത് ഒരു പൊതു സങ്കീർണ്ണമായ പ്രശ്നമാണ്, ഇത് രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ് ... അങ്ങനെ നീളുന്നു, "എന്നാൽ", "പക്ഷേ" എന്നീ വാക്കുകളാൽ നാം നമ്മുടെ ജീവിതത്തെ സുവിശേഷവുമായി സന്ധിചെയ്യലാക്കുന്നു. ഗുരുവിൻറെ സാധാരണ ശിഷ്യന്മാരിൽ നിന്ന് നമ്മൾ സങ്കീർണ്ണതയുടെ ഗുരുക്കന്മാരായി മാറുന്നു, ഇക്കൂട്ടർ ഒരുപാട് തർക്കിക്കുകയും കുറച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു, ഇവർ ക്രൂശിത രൂപത്തിന് മുന്നിൽ എന്നതിനേക്കാൾ കമ്പ്യൂട്ടറിന് മുന്നിൽ ഉത്തരം തേടുന്നു, സഹോദരീസഹോദരന്മാരുടെ കണ്ണുകളിലെന്നതിനെക്കാൾ ഇൻറർനെറ്റിൽ നോക്കുന്നു; അഭിപ്രായം പറയുകയും തർക്കിക്കുകയും സിദ്ധാന്തങ്ങൾ തുറന്നുകാട്ടുകയും ചെയ്യുന്നു ക്രൈസ്തവർ, എന്നാൽ അവർക്ക് ഒരു പാവപ്പെട്ടവൻറെ പോലും പേരറിയില്ല, മാസങ്ങളായി ഒരു രോഗിയെ സന്ദർശിച്ചിട്ടില്ല, ആർക്കെങ്കിലും വിശപ്പടക്കാൻ ഭക്ഷണം നൽകുകയോ ധരിക്കാൻ വസ്ത്രം നല്കുകയൊ ചെയ്തിട്ടില്ല, ആവശ്യത്തിലിരിക്കുന്നവരുമായി സൗഹൃദം സ്ഥാപിച്ചിട്ടില്ല, "കാണുന്ന ഒരു ഹൃദയമാണ് ക്രൈസ്തവൻറെ പരിപാടി "(BENEDICT XVI, Deus caritas est, 31).
എപ്പോൾ എന്നത് ഇപ്പോഴാണ്
എപ്പോഴാണ്? നീതിമാന്മാരും അനീതിമാന്മാരും അത്ഭുതത്തോടെ ചോദിക്കുന്നു. ഉത്തരം ഒന്ന് മാത്രമാണ്: ഈ എപ്പോൾ എന്നത് ഇപ്പോഴാണ്. അത് നമ്മുടെ കരങ്ങളിലാണ്, നമ്മുടെ കാരുണ്യ പ്രവർത്തനങ്ങളിലാണ്: അത് വ്യക്തതകളിലും സ്ഫുടം ചെയ്ത വിശകലനങ്ങളിലും അല്ല, വൈക്തികമോ സാമൂഹികമോ ആയ ന്യായീകരണങ്ങളിലല്ല. മരണം ജീവിതത്തെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തുന്നതിനാണ് വരുന്നതെന്നും കാരുണ്യത്തെ ലോലമാക്കുന്ന ഏത് സാഹചര്യങ്ങളെയും അത് ഇല്ലാതാക്കുന്നുവെന്നും കർത്താവ് ഇന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. സഹോദരീ സഹോദരന്മാരേ, നമുക്കറിയില്ല എന്ന് നമുക്ക് പറയാൻ കഴിയില്ല. പ്രതീക്ഷയോടെ എങ്ങനെ ജീവിക്കാമെന്ന് സുവിശേഷം വിശദീകരിക്കുന്നു: ദൈവം സ്നേഹമാകയാൽ നമുക്ക് സ്നേഹിച്ചുകൊണ്ട് അവിടത്തെ കാണാൻ പോകാം. കൂടാതെ, ലോകത്തിലെ ദരദ്രർക്കും മുറിവേറ്റവർക്കുമിടയിൽ നമ്മെ കാത്തിരിക്കുന്ന ദൈവത്തിൻറെ സാന്നിധ്യത്താൽ വിസ്മയഭരിതരാകാൻ നാം നമ്മത്തെന്നെ ഇപ്പോൾ അനുവദിച്ചാൽ നമ്മുടെ അന്ത്യ ദിനത്തിൽ, ആശ്ചര്യം ആനന്ദകരമാകും. ഈ ആശ്ചര്യത്തെ നാം ഭയപ്പെടുന്നില്ല: അവസാനം നീതിമാന്മാരായി വിധിക്കപ്പെടുന്നതിനായി നമ്മൾ സുവിശേഷം നമ്മോട് പറയുന്ന കാര്യങ്ങളിൽ മുന്നോട്ട് പോകുന്നു. വാക്കാലല്ല, പ്രവർത്തികളാൽ തഴുകപ്പെടാനാണ് ദൈവം കാത്തിരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: