ഇന്തോനേഷ്യയിൽ ഭൂചലനം: പ്രാർത്ഥനയറിയിച്ച് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
നവംബർ 21-ന് ഇൻഡോനേഷ്യയിലെ ജാവ ദ്വീപിലുണ്ടായ ശക്തമായ ഭൂമികുലുക്കത്തിൽ മരണമടഞ്ഞവർക്കും പരിക്കേറ്റവർക്കും വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്നും, ഈ സാഹചര്യത്തിൽ ഇന്തോനേഷ്യൻ ജനതയോട് തന്റെ സാമീപ്യം അറിയിക്കുന്നുവെന്നും ഫ്രാൻസിസ് പാപ്പാ. നവംബർ 23-ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് ഈ പ്രകൃതിദുരന്തത്തിൽ ഇരകളായവർക്ക് വേണ്ടിയുള്ള തന്റെ പ്രാർത്ഥനകൾ പാപ്പാ ഉറപ്പുനൽകിയത്.
"കഴിഞ്ഞ മണിക്കൂറുകളിൽ ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ ശക്തമായ ഭൂചലനമുണ്ടായി. ആ പ്രിയപ്പെട്ട ജനതയോട് ഞാൻ എന്റെ അടുപ്പം അറിയിക്കുകയും മരിച്ചവർക്കും പരിക്കേറ്റവർക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു" എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.
നിലവിലെ കണക്കുകൾ പ്രകാരം ഇരുന്നൂറ്റിയെഴുപത്തിയൊന്ന് പേരാണ് ഈ ഭൂചലനത്തിൽ മരണമടഞ്ഞത്. നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. നൂറ്റിയൻപതോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ആയിരക്കണക്കിന് ഭവനങ്ങളും നാല് സ്‌കൂൾ കെട്ടിടങ്ങളും തകർന്നു. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം പടിഞ്ഞാറൻ ജാവയിലെ സിയാൻജൂർ നഗരത്തിനടുത്തായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചാവേളയിലും ഇൻഡോനേഷ്യയിലെ ഈ ദുരന്തത്തിന്റെ ഇരകൾക്കുവേണ്ടിയുള്ള പ്രാർത്ഥനകൾ ഫ്രാൻസിസ് പാപ്പാ ഉറപ്പുനൽകിയിരുന്നു.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
EN: In the past few hours, the island of #Java in Indonesia was hit by a strong #earthquake. I express my nearness to that dear population and I pray for the dead and the injured.
IT: Nelle scorse ore, l’isola di #Giava, in Indonesia, è stata colpita da un forte #terremoto. Esprimo la mia vicinanza a quella cara popolazione e prego per i morti e per i feriti.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: