"സമാധാനത്തിനായുള്ള മത്സരം": സമാധാനത്തിന്റെ വിത്തുപാകുവാൻ ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
"സമാധാനത്തിനായുള്ള മത്സരം" എന്ന പേരിൽ ലോകഫുടബോൾ രംഗത്തെ പ്രമുഖർ അണിനിരന്ന ഫുടബോൾ മത്സരം റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ വച്ച് നവംബർ 14 തിങ്കളാഴ്ച വൈകുന്നേരം ആറുമണിക്ക് ആരംഭിക്കുന്നതിന് മുന്നോടിയായി ഇരുനൂറോളം അന്താരാഷ്ട്രഫുടബോൾ കളിക്കാരും അവരുടെ കുടുംബാംഗങ്ങളും ഫ്രാൻസിസ് പാപ്പായിൽനിന്ന് ആശീർവാദം സ്വീകരിച്ചു.
മറ്റുള്ളവരെ നശിപ്പിക്കുക എന്ന ചിന്താഗതിയിൽനിന്ന് പ്രചോദനമുൾക്കൊണ്ട് യുദ്ധോപകരണങ്ങളുടെ കച്ചവടമാണ് ലോകത്തെ ഏറ്റവും വലിയ വ്യവസായമായി വളർന്നുവരുന്നതെന്ന് തന്റെ പ്രഭാഷണത്തിലൂടെ ഓർമ്മിപ്പിച്ച ഫ്രാൻസിസ് പാപ്പാ, സമാധാനത്തിന്റെ സ്വാതന്ത്ര്യം സാധ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ മത്സരം നടക്കുന്നതെന്ന് അനുസ്മരിച്ചു. യുദ്ധവും നാശവും ആയുധവ്യവസായവും തഴച്ചുവളരുന്ന ഈ ലോകത്ത് സമാധാനത്തിന്റെ ചെറിയ വിത്തുകൾ പാകുവാൻ റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ നടക്കുന്ന "സമാധാനത്തിനായുള്ള മത്സരം" എന്ന ഫുട്ബാൾ മത്സരത്തിനാകട്ടെയെന്ന് പാപ്പാ ആശംസിച്ചു. ഡിയേഗോ മറഡോണയുടെ ഓർമ്മയ്ക്കായി സമർപ്പിച്ച ഈ മത്സരത്തിൽ ഉക്രൈനിലെ യുദ്ധവും ഓർമ്മിക്കപ്പെട്ടു.
സാമീപ്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രവൃത്തികളിലൂടെയാണ് സമാധാനശ്രമങ്ങൾ മുന്നോട്ട്പോകേണ്ടതെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ, സമാധാനത്തിന്റെ ചെറിയ വിത്തുകൾ ലോകത്തെ തന്നെ മാറ്റിമറിക്കാൻ കഴവുള്ളവയാണെന്ന് ഓർമ്മിപ്പിച്ചു. കൂടുതലായി യുദ്ധങ്ങളും നാശവും കാത്തിരിക്കുന്ന ഒരു ലോകത്ത്, ഞങ്ങൾക്ക് സമാധാനം ആവശ്യമാണ് എന്ന മുദ്രാവാക്യവുമായി ഇതുപോലെയുള്ള ഒരു സംരഭം മുൻപോട്ട് കൊണ്ടുപോകുന്നതിനുള്ള തന്റെ നന്ദിയും പാപ്പാ പ്രകടിപ്പിച്ചു. യുദ്ധത്തിലൂടെ നേടുന്ന ഒരു ഭൂപ്രദേശത്തേക്കാൾ പ്രധാനപ്പെട്ടതാണ്, നിഷ്കളങ്കമായ മത്സരത്തിനായി ഉപയോഗിക്കുന്ന ഒരു ഫുട്‍ബോൾ എന്ന് ഈ മത്സരം കാട്ടിത്തരുന്നുവെന്ന് പാപ്പാ പറഞ്ഞു.
ഇറ്റാലിയൻ ഫുടബോൾ ക്ലബ് ലാസിയോയുടെ മുപ്പത്തിരണ്ടുകാരനായ ഫുടബോൾ കളിക്കാരൻ ചീറോ ഇമ്മൊബിലെയ്ക്ക് നാലാമതൊരു കുട്ടിയുള്ള കാര്യം എടുത്തുപറഞ്ഞ പാപ്പാ, അദ്ദേഹത്തെ അഭിനന്ദിക്കുകയും, ഇറ്റലിയിൽ കൂടുതൽ കുട്ടികളുണ്ടാകേണ്ടതിന്റെ ആവശ്യകതയെ ഓർമ്മിപ്പിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: