തിരയുക

വിശുദ്ധ ഇഗ്‌നേഷ്യസ് ലൊയോള - ഫാ. മാർക്കോ റൂപ്നിക് മൊസൈക്കിൽ തീർത്ത ചിത്രം വിശുദ്ധ ഇഗ്‌നേഷ്യസ് ലൊയോള - ഫാ. മാർക്കോ റൂപ്നിക് മൊസൈക്കിൽ തീർത്ത ചിത്രം 

യുദ്ധങ്ങളും മഹാമാരികളും മാനസാന്തരത്തിനുള്ള വിളികൾ: ഫ്രാൻസിസ് പാപ്പാ

വിശുദ്ധ ഇഗ്‌നേഷ്യസ് ലൊയോളയുടെ മാനസാന്തരത്തിന്റെ അഞ്ഞൂറാം വാർഷികത്തിൽ ഫ്രാൻസിസ് പാപ്പാ കർദ്ദിനാൾ ഓമെയ്യ ഓമെയ്യയ്ക്കയച്ച കത്തിൽ, വിശുദ്ധന്റെ മാതൃകയിൽ മാനസാന്തരത്തിന്റെ വഴിയിലേക്ക് ദൈവം നൽകുന്ന അവസരങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നവംബർ പതിനാലിന് വിശുദ്ധ ഇഗ്‌നേഷ്യസ് ലൊയോളയുടെ മാനസാന്തരത്തിന്റെ അഞ്ഞൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ സ്പെയിനിലെ മെത്രാൻ സംഘത്തിന്റെ പ്രെസിഡണ്ടും ബാർസിലോണ അതിരൂപതാധ്യക്ഷനുമായ കർദ്ദിനാൾ ഓമെയ്യ ഓമെയ്യയ്ക്കയച്ച കത്തിൽ, വിശുദ്ധ ഇഗ്‌നേഷ്യസിന്റെ മാനസാന്തരത്തിന്റെ ദൈവം ഉപയോഗിച്ച രണ്ടു മാർഗ്ഗങ്ങളായിരുന്നു യുദ്ധവും മഹാവ്യാധിയുമെന്ന് ഫ്രാൻസിസ് പാപ്പാ എഴുതി. 1521-ൽ സ്പെയിനിലെ പംബ്ലോണ നഗരത്തിൽ യുദ്ധത്തിൽ പരിക്കേറ്റതിനെത്തുടർന്നുണ്ടായ രോഗാവസ്ഥയിലായിരുന്നു വിശുദ്ധന്റെ മാനസാന്തരം. വിശുദ്ധ ഫ്രാൻസിസ്, ഡൊമിനിക് തുടങ്ങിയ വിശുദ്ധരുടെ ജീവചരിത്രം വായിച്ചതിലൂടെയാണ് യുദ്ധത്തിന്റെ വഴിയിൽനിന്ന് വിശുദ്ധ  ഇഗ്‌നേഷ്യസ് ദൈവത്തിലേക്ക് തിരിഞ്ഞത്. ഈ മനസാന്തരത്തെ തന്റെ കത്തിൽ പരാമർശിച്ച പാപ്പാ, ഇന്നത്തെ ലോകത്ത്, യുദ്ധങ്ങളും മഹാമാരികളും കുറവല്ലെന്നും, അതുകൊണ്ടുതന്നെ ഈ മാനസാന്തരം നമുക്കും ഒരു പാഠമായിരിക്കണമെന്നും തന്റെ കത്തിൽ എഴുതി.

ഇന്നുവരെയുള്ള വഴികളിൽനിന്ന് തിരികെ നടക്കാനും, യഥാർത്ഥത്തിൽ പ്രാധാന്യമുള്ളവയിലേക്ക് ശ്രദ്ധ തിരിക്കാനും നമുക്ക് സാധിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ചരിത്രത്തിന്റെ അധിപന്മാർ നാമല്ലെന്നാണ് പ്രതിസന്ധിഘട്ടങ്ങളിലൂടെ ദൈവം നമ്മെ ഓർമ്മിപ്പിക്കുന്നത്. നമ്മുടെ സ്വന്തം ജീവചരിത്രത്തിന്റെ പോലും യഥാർത്ഥ അധിപന്മാർ നാമല്ല. എന്നാൽ, തന്റെ ഹിതപ്രകാരം ലോകത്തെ നയിക്കുന്ന ദൈവത്തിന്റെ അനുഗ്രഹദായകമായ വിളിക്ക് പ്രത്യുത്തരം നൽകുകയെന്നതാണ് നമ്മുടെ ചുമതല എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ദൈവം തനിക്ക് നൽകിയ വിളി തനിക്ക് മാത്രമായി കാത്തുസൂക്ഷിക്കാതെ, മറ്റുള്ളവർക്കായുള്ള ഒരു ദാനമായി തന്നെത്തന്നെ മാറ്റുകയാണ് ചെയ്തതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. തന്റെ ജീവിതവും അധ്യാപനവും മറ്റുള്ളവർക്ക് കൂടിയുള്ള ജീവിതസഹായിയായി മാറ്റുവാനും, ദൈവത്തെ കണ്ടെത്താനുള്ള ഒരു വഴിയായി മാറ്റുവാനുമാണ് വിശുദ്ധൻ തന്നെത്തന്നെ വിട്ടുകൊടുത്തത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 നവംബർ 2022, 17:39