തിരയുക

ബോയ്നോസ് ഐറെസ് അതിരൂപതയിലെ ജനങ്ങൾക്കൊപ്പമായിരുന്ന പാപ്പാ ബോയ്നോസ് ഐറെസ് അതിരൂപതയിലെ ജനങ്ങൾക്കൊപ്പമായിരുന്ന പാപ്പാ 

ഇന്നത്തെ ലോകത്തെ വിശകലനം ചെയ്‌ത്‌, സാധാരണജീവിതം സാധ്യമായ ഒരു നാളെയെ സ്വപ്‌നം കാണാൻ പഠിക്കുക: ഫ്രാൻസിസ് പാപ്പാ

ബോയ്നോസ് ഐറെസ് അതിരൂപതയുടെ ഇരുപത്തിയഞ്ചാമത് സാമൂഹ്യഅജപാലനദിനത്തിലേക്ക് അയച്ച കത്തിൽ, മറ്റുള്ളവരുമായി ഐക്യത്തിൽ ജീവിച്ച് നല്ല ഒരു നാളെയെ മുൻപിൽ കണ്ടു ജീവിക്കാൻ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുൻപ് വരെ തന്റെ അതിരൂപതയായിരുന്ന അർജന്റീനയിലെ ബോയ്നോസ് ഐറെസ് അതിരൂപതയുടെ ഇരുപത്തിയഞ്ചാമത് സാമൂഹ്യഅജപാലനദിനത്തിലേക്ക് അയച്ച കത്തിൽ, സമൂഹം നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനും, പൊതുവായ ചോദ്യങ്ങൾ നേരിടുവാനും, ഒരുമിച്ച് പ്രാർത്ഥിക്കാനും, വിചിന്തനം ചെയ്യാനും, ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിശകലനം ചെയ്യാനും ഉദ്ദേശിച്ചുള്ള സാമൂഹ്യഅജപാലനദിനം പോലെയുള്ള സമ്മേളനങ്ങൾ വിശുദ്ധ പൗലോസിന്റെ ഉപദേശം പോലെ, തിന്മയെ നന്മകൊണ്ട് വിജയിക്കാനുള്ള ഒരു അവസരമാണെന്ന് പാപ്പാ എഴുതി. സാമൂഹ്യസേവനമോ പദ്ധതികൾ വിഭാവനം ചെയ്യലോ മാത്രമല്ല, മറ്റുള്ളവരോട് ബഹുമാനപുരസ്സരമുള്ള പെരുമാറ്റത്തിലൂടെ അവരിൽ നമ്മുടെ സഹോദരനെ കണ്ടെത്താനുള്ള ഒരു അവസരമാണ് ഇതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

യുദ്ധങ്ങളും ആണവായുധങ്ങളുടെ ഭീഷണിയും, മഹാവ്യാധികളും അവ സൃഷ്‌ടിച്ച ദുരിതാവസ്ഥകളും, പ്രകൃതിയുടെ സന്തുലിതാവസ്ഥയിലുണ്ടാകുന്ന ബുദ്ധിമുട്ടുകളും, കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രതിസന്ധികളും, ചൂഷണം, വലിച്ചെറിയൽ സംസ്കാരം തുടങ്ങിയ തിന്മകളും സൃഷ്ടിക്കുന്ന ഇങ്ങനെയുള്ള ആഗോളവ്യവസ്ഥയുടെ മുൻപിൽ എപ്രകാരം ഒരു നല്ല ഭാവി സാധ്യമാകും എന്ന ചിന്തയും ഇത്തരം സമ്മേളനങ്ങളിൽ ചിന്താവിഷയമാകണമെന്ന് പാപ്പാ തന്റെ കത്തിൽ എഴുതി.

നന്മതിന്മകൾ നിറഞ്ഞ ഒരു ലോകത്ത് ഭിന്നതയുടെ വിത്തുകൾ പാകാതെ, ഐക്യത്തിൽ വളരാൻ നാം ശ്രമിക്കണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഒരു ചരിത്രത്തിന്റെയും സഭയുടെയും മക്കളെന്ന നിലയിൽ ഒറ്റയ്ക്കല്ല നാം സഞ്ചരിക്കുന്നതെന്ന ബോധ്യത്തിൽ മുൻപോട്ട് പോകാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

ഒക്ടോബർ 31-ന് അയച്ച പാപ്പായുടെ കത്ത്, അതിരൂപതയുടെ സാമൂഹ്യഅജപാലനദിനവുമായി ബന്ധപ്പെട്ട് നവംബർ പന്ത്രണ്ട് ശനിയാഴ്ചയാണ് വായിക്കപ്പെട്ടത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 നവംബർ 2022, 13:26