റോമിലെ പാവങ്ങൾക്കൊപ്പം ഫ്രാൻസിസ് പാപ്പാ ഉച്ചഭക്ഷണം കഴിച്ചു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
റോമിലെ കാരിത്താസും സാൻ എജിദിയോ സമൂഹവും സഹായിക്കുന്ന 1,300-ലധികം പാവപ്പെട്ട മനുഷ്യരെ പ്രത്യേക ഭക്ഷണത്തിനായി ഫ്രാൻസിസ് പാപ്പാ പോൾ ആറാമൻ ഹാളിൽ സ്വീകരിച്ചു.
സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ ഭാഗമായ ലോകത്തിലെ സുവിശേഷവൽക്കരണത്തിന്റെ അടിസ്ഥാന ചോദ്യങ്ങൾക്കായുള്ള വിഭാഗമാണ് ഈ വാർഷിക ഉച്ചഭക്ഷണം സംഘടിപ്പിച്ചത്. ഇറ്റലിയിലെ d'Amico Società di Navigazione കമ്പനിയാണ് ഭക്ഷണം സ്പോൺസർ ചെയ്തത്.
ഇറ്റലിയിലെ പ്രാദേശിക കത്തോലിക്കാ ഉപവി പ്രസ്താനമായ കാരിത്താസ് ഇറ്റലിയുടെ കണക്കനുസരിച്ച്, ഇറ്റലിയിൽ ദാരിദ്ര്യത്തിൽ കഴിയുന്നവരുടെ എണ്ണം 5.6 ദശലക്ഷമാണ്. അതിൽ 1.4 ദശലക്ഷം കുട്ടികളാണ്.
ഒന്നിലധികം സംരംഭങ്ങൾ
ലോക ദരിദ്ര ദിനത്തോടനുബന്ധിച്ച് വത്തിക്കാനിൽ നടന്ന പല സംരംഭങ്ങളിൽ ഒന്ന് പിന്നോക്കം നിൽക്കുന്നവർക്കായി വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ആഴ്‌ച മുഴുവൻ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കിയതാണ്.
ദാരിദ്ര്യവുമായി മല്ലിടുന്നവർക്ക് പലപ്പോഴും വൈദ്യസഹായം കിട്ടാനുള്ള ബുദ്ധിമുട്ടും ദൗർലഭ്യവുമുണ്ട്. വിശുദ്ധ പത്രോസിന്റെചത്വരത്തിൽ ലഭ്യമാക്കിയിട്ടുള്ള മൊബൈൽ ക്ലിനിക്ക് സൗകര്യങ്ങൾ വഴി എച്ച്ഐവി, ഹെപ്പറ്റൈറ്റിസ്, ക്ഷയം എന്നിവയ്ക്കുള്ള സ്ക്രീനിംഗും, ചികിത്സയും ഉൾപ്പെടെയുള്ള വൈദ്യ പരിശോധനകളും മരുന്നുകളും നൽകി വരുന്നു.
കോവിഡ് -19 മഹാമാരി മൂലമുണ്ടായ നിയന്ത്രണങ്ങൾ കാരണം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ സേവനങ്ങൾ വത്തിക്കാനിൽ തിരിച്ചെത്തിക്കാൻ സാധിച്ചത്.
മിഷനറി ഡോക്ടർമാരുടെ സംഘടനയായ Cuamm ലെ ഡോക്ടർമാർ, PTV പോളിക്ലിനിക്കോ തോർ വെർഗാറ്റ ഫൗണ്ടേഷൻ, റെഡ് ക്രോസ് വോളണ്ടിയർ നഴ്‌സ് കോർപ്‌സ്, റെഡ് ക്രോസ്, ബയോസ് ഗ്രൂപ്പ്, മിസെരികോർദിയ അസോസിയേഷൻ, SIMIT (ഇറ്റാലിയൻ സൊസൈറ്റി ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് ആൻഡ് ട്രോപ്പിക്കൽ ഡിസീസസ്) എന്നിവരുടെ സഹായത്തോടെ വത്തിക്കാനിലെ മൊബൈൽ ശുശ്രൂഷാലയ പദ്ധതി യാഥാർത്ഥ്യമാക്കിയത് SIMG (ഇറ്റാലിയൻ സൊസൈറ്റി ഓഫ് ജനറൽ മെഡിസിൻ ആൻഡ് പ്രൈമറി കെയർ) പ്രൊഫ. ലോറിസ് പഗാനോ, പ്രൊഫ. ജിയുലിയോ നാത്തി എന്നിവരുടെ മെഡിക്കൽ ടീമാണ്. GILEAD കമ്പനിയാണ് ക്ലിനിക്കൽ ടെസ്റ്റുകൾ നൽകുന്നത്.
നിർദ്ധനർക്ക് സഹായം
ഇതുകൂടാതെ 5,000 കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ അടങ്ങുന്ന പൊതികളും റോമിലെ ഇടവക ശൃംഖലകൾ വഴി വിതരണം ചെയ്യുന്നുണ്ട്. ഈ സഹായം അഭ്യർത്ഥിക്കുന്ന ഇടവക വൈദികർക്ക് തങ്ങളുടെ പ്രദേശത്തുള്ള ആവശ്യക്കാരായ കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിനായി ഭക്ഷണ സാധനങ്ങളുടെ ശേഖരം ലഭ്യമാക്കുന്നു.
ഇറ്റലിയിലെ എലൈറ്റ് സൂപ്പർമാർക്കറ്റ് ശൃംഖല ഏകദേശം 10 ടൺ പാസ്ത, 5 ടൺ അരി, മൈദ, പഞ്ചസാര, ഉപ്പ്, കാപ്പിപ്പൊടി എന്നിവയും അയ്യായിരം ലിറ്റർ എണ്ണയും പാലും അടങ്ങിയ ഉൽപ്പന്നങ്ങൾ സംഭാവന ചെയ്തു. ഓരോ പാക്കറ്റിലും വീട്ടുകളിലേക്ക് ആവശ്യമായ അടിസ്ഥാന ഭക്ഷണ സാമഗ്രികളുടെ ഒരു ശേഖരമാണ് കൊണ്ടുവരുന്നത്.
ഭക്ഷണ സംഭരണം, അവ സൂക്ഷിച്ചുവയ്ക്കൽ, അത് എത്തിക്കേണ്ട സ്ഥലങ്ങളിലേക്ക് കൊണ്ടു ചെല്ലാനുള്ള സൗകര്യം എന്നിവ ഫിയറ ദി റോമ എന്ന കമ്പനിയാണ് നൽകുന്നത്. FCA ബാങ്ക് ഗ്രൂപ്പിന്റെ DRIVALIA ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നതിനായി വാനുകൾ നൽകി.
അവസാനമായി, സമീപ മാസങ്ങളിലെ ദ്രുതഗതിയിലുള്ള പണപ്പെരുപ്പം വഷളാക്കിയ ഉയർന്ന വൈദ്യുതി, പാചക വാതക ബില്ലുകളുമായി മല്ലിടുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള പദ്ധതിയും വത്തിക്കാനിൽ ഒരുക്കിയിട്ടുണ്ട്. ഇവ അടയ്ക്കാൻ വേണ്ട ഈ സഹായം വാഗ്ദാനം ചെയ്തിട്ടുള്ളത് ഇറ്റലിയിലെ ഇൻഷുറൻസ് ഗ്രൂപ്പായ UnipolSai Assicurazioni യാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: