പാപ്പാ: അന്തർദേശീയ സന്നദ്ധ സേവകർക്കായുള്ള ക്രൈസ്തവ സംഘടനകളുടെ സംയുക്ത സമിതിയുടെ പ്രവർത്തനങ്ങൾ മാനവ സാഹോദര്യം കെട്ടിപ്പടുക്കുന്നു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
തിങ്കളാഴ്ച ഫ്രാൻസിസ് പാപ്പാ 50 വർഷം ആഘോഷിക്കുന്ന അന്തർദ്ദേശീയ സന്നദ്ധ സേവകർക്കായുള്ള ക്രൈസ്തവ സംഘടനകളുടെ സമിതിയെ (Federation of Christian Organizations for International voluntary Service FOCSIV) അഭിസംബോധന ചെയ്തു. ഈ ശ്രുംഖല ദാരിദ്ര്യത്തിനെതിരെയും മനുഷ്യാന്തസ്സിനു വേണ്ടിയും വികസന പദ്ധതികളിലൂടെ 80 ഓളം രാജ്യങ്ങളിൽ പോരാടുന്ന 94 ഓളം സംഘടനകളെ ഒരുമിച്ചുകൂട്ടുന്നു. 1972 ൽ ഇറ്റലിയിലാണ് ഇതാരംഭിച്ചത്.
തകർന്ന ലോകത്തിൽ സാഹോദര്യത്തിന്റെ ഒരു മനോഹരമായ അടയാളം
സന്നിഹിതരായവർക്ക് തയ്യാറാക്കിയ സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ ഈ ഇറ്റാലിയൻ ശ്രംഖലയെ ദാരിദ്ര്യത്തിന്റെയും പാർശ്വവൽക്കരണത്തിന്റെയും എല്ലാത്തരം രൂപങ്ങൾക്കെതിരെയുള്ള അവരുടെ പോരാട്ടത്തിനും മനുഷ്യാന്തസ്സിന്റെ സംരക്ഷണത്തിനും പ്രാദേശിക സമൂഹങ്ങളുടെ വികസനത്തിനും നൽകുന്ന "വിലയേറിയ സംഭാവനകൾക്ക് " നന്ദിയർപ്പിച്ചു.
"വിശപ്പിന്റെയും യുദ്ധത്തിന്റെയും അപവാദം ശീലമായി വളർന്നു കൊണ്ടിരിക്കുന്ന ലോകത്തിൽ പ്രത്യാശ ജനിപ്പിക്കുന്ന സഭാ മാതാവിന്റെ ഒരു മനോഹരമായ അടയാളമാണ് നിങ്ങൾ. സമാധാനം ഒരു സാധ്യതയാണെന്ന് വിശ്വസിക്കാത്തവർക്ക് നിങ്ങളുടെ സാക്ഷ്യം ഒരു മൂർത്തമായ പ്രതികരണമാണ്." പാപ്പാ പറഞ്ഞു.
ഒരുമിച്ച് ലോകം കെട്ടിപ്പടുക്കൽ
"സൃഷ്ടിയെ മാനിച്ച്, ഓരോ വ്യക്തിക്കും അവന്റെ മുഴുവൻ അന്തസ്സോടെ സ്വയം സാക്ഷാൽക്കരിക്കാൻ കഴിയുന്ന ഒരു ലോകം ഒരുമിച്ച് കെട്ടിപ്പടുക്കാൻ" എന്ന അവരുടെ ആപ്തവാക്യം മുഴുവൻ രാഷ്ട്രങ്ങളുടെ മേലും ഒരു മൂന്നാം ലോകമഹായുദ്ധത്തിന്റെ നിഴൽ വീഴുന്ന ഈ ചരിത്ര നിമിഷത്തിലെ സമയോചിത സന്ദേശമാണെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.
നല്ല സമറിയാക്കാരന്റെ പാതയിൽ
അവരുടെ സംഘടനയുടെ സന്നദ്ധ സേവനം, സമാധാനം, സമഗ്ര വികസനം എന്നീ 3 ലക്ഷ്യങ്ങളെക്കുറിച്ച് പാപ്പാ സംസാരിച്ചു. ആഴത്തിൽ വേരൂന്നിയ ഐക്യമത്യ മനസ്ഥിതിയും, സാഹോര്യവും അടിത്തറയാക്കിയ അയൽക്കാരനോടുള്ള തുറവിന്റെ ധൈര്യമാർന്ന അടയാളമാണ് സന്നദ്ധ സേവനം എന്ന് പാപ്പാ വിശദീകരിച്ചു. നല്ല സമറിയാക്കാരൻ ചെയ്തതുപോലെ നമ്മുടെ ജീവിത പാതയിൽ വരുന്ന എല്ലാവരേയും പുണർന്നു കൊണ്ട് എല്ലാവരും സഹോദരരായിരിക്കാൻ കഴിയുമെന്ന് FOCSIV കാണിച്ചുതരുന്നുവെന്ന് പരിശുദ്ധ പിതാവ് ചൂണ്ടിക്കാണിച്ചു.
സമാധാനം പ്രോൽസാഹിപ്പിക്കൽ
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സമാധാനത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് പാപ്പാ വിശദീകരിച്ചത്. സമാധാനത്തെ വളർത്തുകയും അവർ സേവിക്കുന്നവരുമായി പങ്കുവയ്ക്കുകയും ചെയ്യുന്നതാണ് FOCSIV അംഗങ്ങൾക്ക് അവരോടൊപ്പം കൊണ്ടുപോകാവുന്ന ഏറ്റവും വലിയ സമ്മാനം എന്നു പറഞ്ഞ ഫ്രാൻസിസ് പാപ്പാ "ശൂന്യമായ വാക്കുകളല്ല, മറിച്ച് സംവാദത്തുറവാർന്ന ബോധ്യമുള്ള സാക്ഷികളെയും സമാധാന സ്ഥാപകരേയുമാണ് ലോകത്തിനാവശ്യം" എന്നും കൂട്ടിച്ചേർത്തു.
നിർബ്ബന്ധിത കുടിയേറ്റം നമ്മുടെ കാലത്തിന്റെ വലിയ തിന്മകളിൽ ഒന്ന്
എല്ലാവർക്കും അന്തസ്സാർന്ന ഒരു ജീവിതം നൽകാനായി വികസനത്തിനു വേണ്ടിയുള്ള FOCSIV യുടെ പ്രതിബദ്ധതയെക്കുറിച്ച് സംസാരിക്കുകയും ഒരു വ്യക്തിയുടെയും അവനോ അവളോ ജീവിക്കുന്ന സാഹചര്യത്തിന്റെയും സമഗ്ര വികസനം കൊണ്ടേ വ്യക്തിയുടേയും സമൂഹത്തിന്റെയും ഭാവിയിലേക്ക് തുറവുള്ള ഒരു നല്ല ജീവിതം ഉറപ്പാക്കാൻ കഴിയൂ എന്ന് പാപ്പാ അടിവരയിട്ടു.
ഓരോ രാജ്യത്തും യഥാർത്ഥ വികസനം ഉറപ്പാക്കിയാലെ ലക്ഷോപലക്ഷം സ്ത്രീ പുരുഷന്മാരെയും കുഞ്ഞുങ്ങളെയും മനുഷ്യത്വമില്ലാത്ത യാത്രയ്ക്കും എല്ലാത്തരം പീഡനക്കൾക്കും ഇരയാക്കുന്ന നിർബന്ധിത കുടിയേറ്റം തടയാൻ കഴിയൂ എന്ന് പാപ്പാ അഭിപ്രായപ്പെട്ടു. സഹനത്തോടു നിസ്സംഗതരായിരിക്കാനും ഭ്രഷ്ട്രനെപ്പോലെ ജീവിതം ജീവിക്കാൻ ആരെയും അനുവദിക്കരുതെന്നും അതിനാൽ അതിനാൽ FOCSIVയോടു ഏറ്റം ദുർബ്ബലരായവരെ പരിപാലാക്കുന്ന അവരുടെ നല്ല സമറിയാക്കാരന്റെ പ്രവർത്തനത്തിൽ മുന്നോട്ട് പോകാൻ പാപ്പാ ആഹ്വാനം ചെയ്തു.
സാഹോദര്യവും ഏറ്റുമുട്ടലിന്റെ സംസ്കാരവും
എഴുതി വച്ചതിൽ നിന്ന് മാറി സ്വയംപ്രേരിതമായി, ഇന്നത്തെ ലോകത്തിലെ യുദ്ധങ്ങളിലേക്ക് നയിച്ച ഏറ്റുമുട്ടലിന്റെ സംസ്കാരത്തിന് വിപരീതമായി അവരുടെ സന്നദ്ധ സേവനം സാഹോദര്യത്തിന്റെ ക്രൈസ്തവ മൂല്യങ്ങളുടെ പ്രോൽസാഹനമാകേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ടു.
"സന്നദ്ധ സേവനം സാഹോദര്യത്തിന്റെ ഗീതമാണ് " പാപ്പാ പറഞ്ഞു.
27, 000 സന്നദ്ധ സേവകർ
സ്ഥാപിച്ചിട്ട് 50 കൊല്ലം പിന്നിടുമ്പോൾ FOCSIV ക്ക് ലോകം മുഴുവനും സാമൂഹിക, ആരോഗ്യ, കൃഷി, ഭക്ഷണ, വിദ്യാഭ്യാസ മേഖലകളിൽ വികസന പദ്ധതികൾ നടത്തി കൊണ്ട് 27, 000 സന്നദ്ധ സേവകരും യുവതീയുവാക്കളുമുണ്ട്. അതേ സമയം ഇറ്റലിയിൽ സാമൂഹിക നീതി വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കാൻ സ്ഥാപനതലത്തിൽ വിദ്യാഭ്യാസ സംഘടിത പ്രവർത്തനങ്ങളും സ്വാധീനം ചെലത്തലും നടത്തുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: