കുമ്പസാരരഹസ്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
കുമ്പസാരരഹസ്യം കാത്തുസൂക്ഷിക്കാൻ തീരുമാനിച്ചതിനാലാണ്, വിശുദ്ധ ജോൺ നെപ്പുംസേൻ കൊല്ലപ്പെട്ടതെന്ന് പാപ്പാ അനുസ്മരിച്ചു. ക്രിസ്തുവിനോടും സഭയോടുമുള്ള "വിശ്വസ്തത" കാത്തുസൂക്ഷിക്കാനായി രാജാവിന്റെ ഹിതം നിരസിക്കുകയാണ്, റോമിലെ ചെക്ക് റിപ്പബ്ലിക് കോളേജിന്റെ മധ്യസ്ഥൻ കൂടിയായ, അദ്ദേഹം ചെയ്തത്. ഈയൊരു സംഭവം, ചരിത്രത്തിലുടനീളം നിരവധി സ്വേച്ഛാധിപതികളുടെയും ഏകാധിപത്യഭരണകൂടങ്ങളുടെയും മുൻപിൽ നിരവധി വൈദികരും മെത്രാന്മാരും അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളെയാണ് ഓർമ്മിപ്പിക്കുന്നതെന്ന് പാപ്പാ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ശേഷം നീണ്ട നാൽപ്പതു വർഷങ്ങൾ ജോൺ നെപ്പുംസേൻ കോളേജിനെ സംബന്ധിച്ചും ഇത് ബാധകമായിരുന്നെന്നും പാപ്പാ കൂട്ടിച്ചേർത്തു. തങ്ങളുടെ വിളിയിൽ വിശ്വസ്തരായിരിക്കാൻ വേണ്ടി, ഭരണകൂടത്തിന്റെ ഹിതത്തിന് വഴങ്ങാതിരുന്ന നിരവധി വൈദികരുടെയും മെത്രാന്മാരുടെയും പേരിൽ നിങ്ങൾക്ക് പാപ്പാ ചെക്ക് റിപ്പബ്ലിക്ക് കോളേജിലെ വൈദികർക്കും സമർപ്പിതർക്കും നന്ദി പറഞ്ഞു.
ഇന്നത്തെ കാലത്തും സുവിശേഷം നൽകുന്ന കരുത്തും ധൈര്യവും കാത്തുസൂക്ഷിക്കണമെന്നും, അതൊരിക്കലും ഒരു ഓർമ്മ മാത്രമായി മാറരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. യൂറോപ്പിലും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ക്രൈസ്തവരായിരിക്കുന്നതിന്, പ്രത്യേകിച്ച് സമർപ്പിതരായിരിക്കുന്നതിന് സുവിശേഷത്തിന്റെ "വിശ്വസ്തതയെ" കാത്തുസൂക്ഷിക്കുന്നതിനായി, ഈ ലോകത്തിന്റെ അധികാരികളോട് "പറ്റില്ല" എന്ന് പറയേണ്ടിവരുന്നത് ആവശ്യമായിരിക്കുന്നു എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.ചിലയിടങ്ങളിൽ ഇത് രാഷ്ട്രീയ അധികാരികളാണെങ്കിൽ, മറ്റു ചിലയിടങ്ങളിൽ ഇത് ആശയപരമോ സംസ്കാരപരമോ ആയ നിബന്ധനകളുടെ മുൻപിലാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.
മനസാക്ഷിയുടെ പ്രാമുഖ്യത്തെക്കുറിച്ചും വിശുദ്ധ ജോൺ നെപ്പുംസേന്റെ മാതൃക നമ്മെ ഓർമ്മിപ്പിക്കുന്നുണ്ടന്ന് പാപ്പാ പറഞ്ഞു. മനുഷ്യവ്യക്തിയുടെ പ്രാഥമികതയും അവന്റെ അനിഷേധ്യമായ മഹത്വവും കാത്തുസൂക്ഷിക്കപ്പെടേണ്ടതാണ്.
വിശുദ്ധ നെപ്പുംസേന്റെ മരണവുമായി ബന്ധപ്പെട്ട്, അദ്ദേഹം പാലങ്ങളുടെ സംരക്ഷകനാണെന്ന് ചെക്ക് റിപ്പബ്ലിക് കോളേജിന്റെ റെക്ടർ പറഞ്ഞതിനെ പരാമർശിച്ച്, വിശുദ്ധന്റെ ഓർമ്മ ആദരിക്കപ്പെടേണ്ടത്, ഭിന്നതയുടെയും, അകലങ്ങളുടെയും ഇടയിൽ പാലങ്ങൾ തീർത്തുകൊണ്ടാകണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. അതിലുപരി നാം തന്നെ പാലങ്ങളായി മാറണമെന്ന് കൂട്ടിച്ചേർത്ത പാപ്പാ, എളിമയുള്ള ഉപകരണങ്ങളായി, കണ്ടുമുട്ടലുകൾക്ക് ധൈര്യമുള്ളവരായി, ഭിന്നിച്ചുനിൽക്കുന്ന വ്യക്തികൾക്കും സമൂഹങ്ങൾക്കും ഇടയിൽ സംവാദം സാധ്യമാക്കുന്നവരായി നാം മാറണമെന്ന് വ്യക്തമാക്കി.
നവംബർ പത്താം തീയതിയാണ് പാപ്പാ ചെക്ക് റിപ്പബ്ളിക്കിൽനിന്നും, മറ്റു ചില രാജ്യങ്ങളിൽനിന്നുമുള്ള സമർപ്പിതവിദ്യാർത്ഥികൾ വസിക്കുന്ന നെപ്പുംസേനോ കോളേജിലെ അംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: