പാപ്പാ: തൻറെ ബഹറിൻ സന്ദർശനം സംഭാഷണ കേന്ദ്രീകൃതമായിരിക്കും!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
തൻറെ ആസന്നമായ ബഹറിൻ സന്ദർശനത്തിന് മാർപ്പാപ്പാ പ്രാർത്ഥനാസഹായം അഭ്യർത്ഥിക്കുന്നു.
സകല വിശുദ്ധരുടെയുടെ തിരുന്നാൾ ദിനമായിരുന്ന നവമ്പർ ഒന്നിന് ചൊവ്വാഴ്‌ച (01/11/22) വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനാന്തരം ഫ്രാൻസീസ് പാപ്പാ താൻ നവമ്പർ 3-6 വരെ നടത്താൻ പോകുന്ന ബഹറിൻ സന്ദർശനത്തെക്കുറിച്ച് പരാമർശിക്കുകയായിരുന്നു.
സംഭാഷണ കേന്ദ്രീകൃതമായിരിക്കും ഈ സന്ദർശനമെന്ന് വിശേഷിപ്പിച്ച പാപ്പാ, മാനവസഹവർത്തിത്വത്തിനായി കിഴക്കും പടിഞ്ഞാറും പരസ്പരം കൂടുതൽ കണ്ടുമുട്ടുകയെന്ന അനിവാര്യമായ ആവശ്യകത പ്രമേയമാക്കിയുള്ള ബഹറിൻ സമ്മേളനത്തിൽ താൻ പങ്കെടുക്കുമെന്നും വിവിധ മത പ്രതിനിധികളുമായി, പ്രത്യേകിച്ച് മുസ്ലീങ്ങളുമായി സംവദിക്കാൻ തനിക്ക് അവസരം ലഭിക്കുമെന്നും വെളിപ്പെടുത്തി.
എല്ലാ കൂടിക്കാഴ്ചകളും പരിപാടികളും സാഹോദര്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളെ ദൈവനാമത്തിൽ പിന്തുണയ്ക്കാനുള്ള ഫലപ്രദമായ അവസരമായി ഭവിക്കുന്നതിന് പ്രാർത്ഥനയാൽ തന്നെ അനുഗമിക്കണമെന്ന് പാപ്പാ അഭ്യർത്ഥിക്കുകയും സഹോദര്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ നമ്മുടെ കാലഘട്ടത്തിൻറെ അത്യന്താപേക്ഷിതവും അടിയന്തിരവുമായ ആവശ്യമാണെന്ന് പ്രസ്താവിക്കുകയും ചെയ്തു.
യുദ്ധം പിച്ചിച്ചീന്തുന്ന ഉക്രൈയിനെ ഓർമ്മിക്കാനും അന്നാട്ടിൽ സമാധാനം സംജാതമാകുന്നതിനായി പ്രാർത്ഥിക്കാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു.
നവമ്പർ 2-ന് സകല മരിച്ചവിശ്വാസികളുടെയും ഓർമ്മയാചരിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ മരണമടഞ്ഞ പ്രിയപ്പെട്ടവരുടെ കല്ലറകൾ സന്ദർശിക്കുന്നതിനു പുറമെ അവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കണമെന്നും ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: