പാവപ്പെട്ടവരുടെ ആഗോളദിനം: ഫ്രാൻസിസ് പാപ്പാ “ഷെൽട്ടറിംഗ്” വെഞ്ചരിച്ചു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
നവംബർ 13 ഞായറാഴ്ച പാവപ്പെട്ടവരുടെ ആഗോളദിനം നടക്കാനിരിക്കെ ഇതുമായി ബന്ധപ്പെട്ട് തിമോത്തി ഷ്മാൽസ് എന്ന കലാകാരൻ സൃഷ്‌ടിച്ച ഷെൽട്ടറിംഗ് എന്ന ശിൽപ്പം ഫ്രാൻസിസ് പാപ്പാ നവംബർ ഒൻപത് ബുധനാഴ്ച വത്തിക്കാനിൽ നടത്തിയ പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന് ശേഷം വെഞ്ചരിച്ചു. ഭവനരഹിതരുടെ ശോചനീയാവസ്ഥ വ്യക്തമാക്കുന്നതാണ് ഈ ശിൽപ്പം.
"വിൻസെൻഷ്യൻ കുടുംബത്തിന്റെ", "പതിമൂന്ന് ഭവനങ്ങൾക്കായുള്ള പ്രചാരണം" എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ ശിൽപ്പം വെഞ്ചരിക്കപ്പെട്ടത്. പാവപ്പെട്ടവർക്കും ഭവനരഹിതർക്കും ഉറപ്പുള്ള ഒരു ഭവനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് പദ്ധതിയുടെ സംഘാടകർ അറിയിച്ചു.
സുവിശേഷവത്കരണത്തിനായുള്ള റോമൻ ഡികസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് ആർച്ച്ബിഷപ് റീനോ ഫിസിക്കെല്ലയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ. വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതത്തിലും പ്രവർത്തികളിലും നിന്ന് പ്രചോദനമുൾക്കൊണ്ട്, വിവിധ സന്ന്യാസസഭകളും ഉപവിസംഘടനകളും അംഗങ്ങളായുള്ള ഈ പ്രസ്ഥാനം പാവപ്പെട്ടവരെ സഹായിക്കാനായി സ്ഥാപിക്കപ്പെട്ടതാണ്.
ഷെൽറ്ററിംഗ് എന്ന ശിൽപ്പം നിർമ്മിച്ചത് കാനഡയിൽനിന്നുള്ള തിമോത്തി ഷ്മാൽസ് എന്ന സൃഷ്ടിയാണ്. ഭവനരഹിതനായ ഒരാളുടെ രൂപത്തെ ഒരു പ്രാവ് പുതപ്പുമായി പറന്നുയർന്ന് പുതപ്പിക്കുന്നതാണ് ഈ വെങ്കലശിൽപ്പം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: