പാപ്പാ: നാം ജീവിക്കുന്നത് സമാധാനത്തിന്റെ ക്ഷാമത്തിലാണ്
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഇറ്റാലിയൻ നഗരമായ ആസ്തിയിൽ ക്രിസ്തുരാജന്റെ തിരുനാൾ ദിനത്തിൽ ഫ്രാൻസിസ് പാപ്പാ ആഘോഷമായ ദിവ്യബലിക്ക് നേതൃത്വം കൊടുക്കുകയും അവിടെ തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് നന്ദി പറയുകയും ചെയ്തു.
സമാധാനത്തിനായുള്ള പ്രാർത്ഥന
ത്രികാല പ്രാർത്ഥന അർപ്പിച്ചതിന് ശേഷം സംസാരിച്ച പാപ്പാ നാം ജീവിക്കുന്ന ഈ കാലഘട്ടത്തെ "സമാധാനത്തിന്റെ ക്ഷാമകാലം" ആയാണ് വിശേഷിപ്പിച്ചത്. യുക്രെയിനിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയ പാപ്പാ യുദ്ധത്താൽ നാശം വിതച്ച ലോകത്തിലെ പല സ്ഥലങ്ങളെയും കുറിച്ച് ചിന്തിക്കാൻ അവിടെയുണ്ടായിരുന്ന എല്ലാവരെയും പ്രോത്സാഹിപ്പിച്ചു. പലസ്തീനയിലെ ഗാസയിൽ അഭയാർത്ഥി ക്യാമ്പിൽ രണ്ട് ദിവസം മുമ്പ് 21 പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ തീപിടുത്തത്തിലേക്കും പാപ്പാ തന്റെ ചിന്തകൾ തിരിച്ചു.
10 കുട്ടികൾ ഉൾപ്പെടെയുള്ള ആ തീപിടുത്തത്തിലെ "ഇരകളുടെ കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുന്നു" എന്നും പാപ്പാ പറഞ്ഞു. ജീവൻ നഷ്ടപ്പെട്ടവരെ കർത്താവ് സ്വർഗ്ഗത്തിലേക്ക് സ്വീകരിക്കട്ടെ എന്ന് പ്രാർത്ഥിച്ച പാപ്പാ വർഷങ്ങളായി നീണ്ടുപോകുന്ന സംഘർഷങ്ങളാൽ പരീക്ഷപ്പെട്ട ആ ജനത്തെ കർത്താവ് ആശ്വസിപ്പിക്കട്ടെ എന്നും "നമുക്ക് അവർക്കായി എന്തെങ്കിലും ചെയ്യാനും സമാധാനത്തിനായി പ്രാർത്ഥിക്കുകയും ചെയ്യാം!" എന്നു കൂട്ടിച്ചേർക്കുകയും ചെയ്തു.
യുവജനങ്ങൾക്ക് ലോകത്തെ മാറ്റാൻ കഴിയും
പ്രാദേശിക സഭകൾ ക്രിസ്തുരാജന്റെ തിരുനാൾ ദിനത്തിൽ ലോക യുവജന ദിനം ആചരിക്കുന്നതിനെ അനുസ്മരിച്ച പാപ്പാ യുവജനങ്ങളേയും അഭിസംബോധന ചെയ്തു. ലിസ്ബണിൽ നടക്കാനിരിക്കുന്ന ലോക യുവജനദിനത്തിന്റെ അതേ പ്രമേയം "മറിയം എഴുന്നേറ്റു, തിടുക്കത്തിൽ പോയി" എന്നതുതന്നെയാണ് ഈ വർഷം പ്രാദേശിക സഭ തിരഞ്ഞെടുത്തിരിക്കുന്ന പ്രമേയം എന്ന് പാപ്പാ ഓർമ്മിച്ചു. യുവാക്കളായി തുടരുന്നതിന്റെ രഹസ്യം "എഴുന്നേൽക്കുക, പോകുക" എന്ന ആ രണ്ട് ക്രിയകളിൽ അടങ്ങിയിട്ടുണ്ടന്നാണ് നമ്മുടെ അമ്മ യൗവനത്തിൽ ഇത് ചെയ്‌തുകൊണ്ട് നമ്മെ കാണിച്ചു തരുന്നതെന്ന് പാപ്പാ പറഞ്ഞു. "എഴുന്നേൽക്കുക, പോകുക," പാപ്പാ ആവർത്തിച്ചു. നമ്മെക്കുറിച്ച് മാത്രം ചിന്തിച്ച് നിഷ്ക്രിയരാകരുതെന്നും സുഖസൗകര്യങ്ങൾക്കും പുത്തൻ ഭ്രമങ്ങൾക്കും പിന്നാലെ നടന്ന്
ജീവിതം പാഴാക്കരുതെന്നും ആവശ്യപ്പെട്ട പാപ്പാ മറിച്ച് ഉയരങ്ങളെ ലക്ഷ്യമാക്കി നീങ്ങാനും ആവശ്യക്കാരനായ ഒരാളെ കൈ പിടിച്ച് കൂടെ കൊണ്ടു പോകാനുള്ള നമ്മുടെ ഭീരുത്വം കൈ വെടിയാനും പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്തു. ഇന്ന്, "സമാധാനത്തിന്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ" ലോകത്തെ മാറ്റാൻ കഴിയുന്ന യുവാക്കളെയാണ് നമുക്ക് ആവശ്യമെന്ന് പറഞ്ഞു കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ വാക്കുകൾ ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: