സ്കലബ്രീനിയൻ മിഷനറിമാരോടു പാപ്പാ: എല്ലാവരേയും ഉൾക്കൊള്ളാൻ നാം സർഗ്ഗാത്മകത പുലർത്തണം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
വി. ജൊവാന്നി ബത്തീസ്ത സ്കലബ്രീനിയുടെ വിശുദ്ധപദ പ്രഖ്യാപനത്തിൽ പങ്കെടുക്കാൻ റോമിൽ എത്തിയ സ്കലബ്രീനിയൻ മിഷനറിമാരെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ അവരുടെ സമ്മേളനത്തിന്റെ വൈവിധ്യത്തെക്കുറിച്ച് സംസാരിച്ചു.
"നിങ്ങൾ സ്കലബ്രീനി മെത്രാന്റെ പ്രവർത്തന വിശാലതയെ പ്രതിനിധീകരിക്കുന്നു എന്ന് പറഞ്ഞ പാപ്പാ അദ്ദേഹത്തിന്റെ ഹൃദയവിശാലതയ്ക്ക്, ഒരു രൂപത മതിയാവുമായിരുന്നില്ല, എന്നു വേണമെങ്കിൽ പറയാം" എന്ന് വിശേഷിപ്പിച്ചു.
തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ബിഷപ്പ് സ്കലബ്രീനിയുടെ പ്രവർത്തനത്തെക്കുറിച്ച് സംസാരിച്ച പാപ്പാ ഇറ്റാലിയൻ കുടിയേറ്റക്കാർക്ക് അനുകൂലമായ അദ്ദേഹത്തിന്റെ പ്രേഷിത പ്രവർത്തനം "വളരെ പ്രാധാന്യമർഹിക്കുന്നതാണ്" എന്ന് പറഞ്ഞു. തന്റെ ശുശ്രൂഷയുടെ കാലത്ത് 1800-കളുടെ അവസാനത്തിൽ ആയിരക്കണക്കിന് ഇറ്റലിക്കാർ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു, പാപ്പാ വിശദീകരിച്ചു. "ബിഷപ്പ് സ്കലബ്രീനി അവരെ വീക്ഷിച്ചത് ക്രിസ്തുവിന്റെ നോട്ടത്തോടെയായിരുന്നു…അവർക്ക് ആവശ്യമായ ഭൗതികവും ആത്മീയവുമായ സഹായം നൽകാൻ വലിയ ഉപവിയോടും അജപാലന ബുദ്ധിയോടും കൂടെ അദ്ദേഹം ശ്രദ്ധിച്ചു." പാപ്പാ ഓർമ്മപ്പെടുത്തി.
കഴിഞ്ഞകാല കുടിയേറ്റം പോലെ ഇന്നത്തെ കുടിയേറ്റം
ഇക്കാലത്തെ കുടിയേറ്റത്തെ ചുറ്റിയുള്ള യാഥാർത്ഥ്യങ്ങളിലേക്ക് തിരിയുമ്പോൾ, വിശുദ്ധ സ്കലബ്രീനിയുടെ കാലഘട്ടത്തിലേതുപോലെ, "കുടിയേറ്റങ്ങൾ വളരെ പ്രധാനപ്പെട്ട ഒരു വെല്ലുവിളിയാണ്" എന്ന് ഫ്രാൻസിസ് പാപ്പാ അഭിപ്രായപ്പെട്ടു.
"തിരസ്കരണത്തിനു മുന്നേ സാഹോദര്യവും നിസ്സംഗതയ്ക്ക് മുന്നേ ഐക്യദാർഢ്യവും സ്ഥാപിക്കേണ്ടതിൻ്റെ അടിയന്തിര ആവശ്യകത അവർ ഉയർത്തിക്കാട്ടുന്നു" എന്ന് പാപ്പാ വിശദീകരിച്ചു. “മമ്മോദീസാ സ്വീകരിച്ച ഓരോ വ്യക്തിയും കുടിയേറ്റക്കാരും അഭയാർത്ഥികളുമായ തന്റെ സഹോദരീസഹോദരന്മാരോടു് ദൈവത്തിന്റെ നോട്ടം പ്രതിഫലിപ്പിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു; ചലിക്കുന്ന മനുഷ്യരാശിയുമായുള്ള
യഥാർത്ഥ സാമീപ്യം നല്കിയ കൂടികാഴ്ചയിലൂടെ ബിഷപ്പ് സ്കലബ്രീനിയുടെ മാതൃക പിന്തുടർന്ന്, അദ്ദേഹത്തിന്റെ നോട്ടം നമ്മുടെ നോട്ടം വിശാലമാക്കട്ടെയെന്ന് പാപ്പാ പങ്കുവച്ചു. കുടിയേറ്റക്കാരുടെ ദുരവസ്ഥയെക്കുറിച്ച് സംസാരിച്ചുകൊണ്ട് കൂടിക്കാഴ്ചയുടെയും മാനവികതയുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ പാപ്പാ "ഇന്ന് നാം വിളിക്കപ്പെട്ടിരിക്കുന്നത് കൂടിക്കാഴ്ചയുടെ സംസ്കാരം ജീവിക്കാനും പ്രചരിപ്പിക്കാനും വേണ്ടിയാണ്, കുടിയേറ്റക്കാരും അവരെ സ്വീകരിക്കുന്ന രാജ്യങ്ങളിലെ ജനങ്ങളും തമ്മിൽ തുല്യനിലയിൽ നിന്നുള്ള കൂടിക്കാഴ്ച" പാപ്പാ അവിടെ സന്നിഹിതരായവരെ ഓർമ്മിപ്പിച്ചു.
ഈ അനുഭവം പരിപോഷിപ്പിക്കുന്നതും ഫലദായകവുമാണ്, കാരണം അത് വൈവിധ്യത്തിന്റെ മനോഹാരിത വെളിപ്പെടുത്തുകയും "സമാധാനത്തിന്റെയും ക്ഷേമത്തിന്റെയും ഒരു ലോകം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും കുടിയേറ്റക്കാരുടെ വിശ്വാസം, പ്രത്യാശ, സ്ഥിരോത്സാഹം എന്നിവഒരു മാതൃകയും പ്രചോദനവുമാകു" മെന്ന് അടിവരയിടുകയും ചെയ്തു. ലോകം എല്ലാവർക്കും മികച്ചതായിരിക്കണമെങ്കിൽ, "നാം അവസാനത്തെയാളിൽ നിന്ന് ആരംഭിക്കണം" എന്ന് പാപ്പാ കൂട്ടിച്ചേർത്തു.
പുറത്ത് നിന്ന് ചിന്തിക്കുക
സാഹോദര്യവും സാമൂഹിക സൗഹൃദവും വളർത്തുന്നതിനായി ക്രിയാത്മകമായി ചിന്തിക്കാനും "കളത്തിന് പുറത്ത്" നിന്ന് ചിന്തിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ അവിടെ സന്നിഹിതരായിരുന്നവരെ ഓർമ്മിപ്പിച്ചു. "വൈവിധ്യങ്ങളുടെ സംഗമത്തിന്റെ സമ്പന്നത ആസ്വദിക്കാനാവുന്ന, കലയും സംഗീതവും ഒരുമിച്ചായിരിക്കലും സാംസ്കാരങ്ങൾ തമ്മിലുള്ള ചലനാത്മകതയുടെ ഉപകരണങ്ങളായി മാറുന്ന, പുതിയ ഇടങ്ങൾ തുറക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു" , എന്ന് പാപ്പാ പറഞ്ഞു.
തന്റെ പ്രഭാഷണം അവസാനിപ്പിച്ചുകൊണ്ട്, " കുടിയേറ്റക്കാരുടെ പിതാവായ അവരുടെ സ്ഥാപകനിൽ നിന്ന് സ്വയം പ്രചോദിതരാകാൻ അനുവദിക്കുക" എന്ന് ഓരോ സ്കലബ്രീനിയൻ മിഷനറിയോടും താൻ അഭ്യർത്ഥിക്കുന്നത് ഇക്കാരണത്താലാണെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.
"അവന്റെ സിദ്ധി നിങ്ങളിൽ കുടിയേറ്റക്കാരുടെ കൂടെ ആയിരിക്കുന്നതിന്റെയും, അവരെ സേവിക്കുന്നതിന്റെയും, പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി വിശ്വാസത്തോടെ, അവരിൽ ഓരോരുത്തരിലും നാം കർത്താവായ യേശുവിനെ കണ്ടുമുട്ടുന്നു എന്ന ബോധ്യത്തിൽ ചെയ്യുന്നതിലുള്ള സന്തോഷം നവീകരിക്കട്ടെ " എന്ന ഫ്രാൻസിസ് പാപ്പാ അവർക്ക് ആശംസകൾ നേർന്നു.
"ദൈവത്തിന്റെ അനന്തമായ ഭാവന നമ്മെ സൃഷ്ടിച്ചതും ആയിരിക്കാൻ ആഗ്രഹിക്കുന്നതും പോലെ, നാം ഓരോരുത്തരും നമ്മുടെ തനിമയാർന്നതും അദ്വിതീയവുമായ രീതിയിൽ വിശുദ്ധരാകാനുള്ള ആഗ്രഹം ജൊവാന്നി ബത്തീസ്താ സ്കലബ്രീനിയുടെ വിശുദ്ധിയാൽ നമ്മിൽ 'സംക്രമിക്കട്ടെ' " പാപ്പാ ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: