വാണിജ്യ നേതാക്കളോടു പാപ്പാ : പൊതുനന്മ പ്രോത്സാഹിപ്പിക്കുന്നതിന് ദാനങ്ങൾ വിനിയോഗിക്കുക
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
വെള്ളിയാഴ്ച UNIAPAC-ന്റെ 27-മത് ആഗോള കോൺഗ്രസിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട്, ബിസിനസ്സിലെ വിജയം "ദൈവത്തിൽ നിന്നുള്ള ദാനമാണ്" എന്ന് എപ്പോഴും ഓർക്കണമെന്ന് ഫ്രാൻസിസ് പാപ്പാ ബിസിനസ്സ് നേതാക്കളോടു അഭ്യർത്ഥിച്ചു. ബിസിനസുകാർ എന്ന നിലയിലുള്ള അവരുടെ കഴിവുകൾ, ഏറ്റവും ആവശ്യമുള്ളവരെ സഹായിക്കുന്നതിലേക്കും മാറ്റത്തെ സ്വാധീനിക്കുന്നതിലേക്കും നയിക്കപ്പെടണമെന്ന് പാപ്പാ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, മാറ്റത്തിന് ധൈര്യം ആവശ്യമാണ് എന്നും അത് "നമ്മുടെ ജീവിതത്തിലെ ദൈവിക കൃപയെ വിവേചിച്ചറിയാനുള്ള ധൈര്യം" ആണ് എന്നും പാപ്പാ അനുസ്മരിപ്പിച്ചു.
ലോകമെമ്പാടുമുള്ള ബിസിനസുകാർ ഉൾപ്പെടുന്ന ഒരു അന്താരാഷ്ട്ര സംഘടനയാണ് UNIAPAC. "പൊതു നന്മബോധം" പ്രോത്സാഹിപ്പിക്കുന്നതിനിടയിൽ, "വ്യക്തിയുടെ ബഹുമാനത്തിലും അന്തസ്സിലും അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥയ്ക്ക്" വേണ്ടി വാദിക്കുക എന്നതാണ് അതിന്റെ ദൗത്യം.
പൊതുനന്മയ്ക്കായി ഒരു 'പുതിയ സമ്പദ്‌വ്യവസ്ഥ'
തങ്ങളുടെ ആഗോള കോൺഗ്രസിന്റെ വേളയിൽ ഒരുമിച്ച് ചെലവഴിക്കുന്ന ദിവസങ്ങൾ അവരുടെ ജീവിതത്തിലും വീടുകളിലും ബിസിനസ്സുകളിലും ദൈനംദിന ഇടപെടലുകളിലും “ദൈവകൃപയെയും ജ്ഞാനത്തെയും കുറിച്ച് ബോധവാന്മാരായിരിക്കാൻ” അവരെ സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെയാണ് പാപ്പാ തന്റെ പ്രസംഗം ആരംഭിച്ചത്.
UNIAPAC-ന്റെ 27-മത് ലോക കോൺഗ്രസിന്റെ "പൊതുനന്മയ്ക്കായി ഒരു പുതിയ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുക" എന്ന വിഷയത്തെ ചൂണ്ടി കാണിച്ച് കൊണ്ട് ഈ പ്രമേയം ഇന്ന് പ്രത്യേകിച്ചും പ്രസക്തമാണെന്ന് പാപ്പാ പറഞ്ഞു. “എല്ലാവർക്കും സാമ്പത്തിക ജീവിതത്തിൽ പങ്കാളികളാകാനുള്ള അവകാശവും സ്വന്തം കഴിവിനനുസരിച്ച് ഓരോരുത്തർക്കും സ്വന്തം രാജ്യത്തിന്റെയും മുഴുവൻ മനുഷ്യകുടുംബത്തിന്റെയും പുരോഗതിക്ക് സംഭാവന നൽകാനുള്ള കടമയും ഉണ്ട്. ഇത് ഐക്യദാർഢ്യത്തിലും നീതിയിലുമുള്ള ഒരു കടമയാണ്. അതോടൊപ്പം അത് എല്ലാ മനുഷ്യരാശിക്കും സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം കൂടിയാണിത്. പാപ്പാ വ്യക്തമാക്കി. അതിനാൽ, ഓരോ വ്യക്തിയുടെയും വികസനവും അന്തസ്സും വളർത്തുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു "പുതിയ സമ്പദ്‌വ്യവസ്ഥ" ഫ്രാൻസിസ് പാപ്പാ നിർദ്ദേശിച്ചു.
ഏറ്റവും അപകടകരവും "അപമാനകരവുമായ" ജോലികൾ ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളും, അഭയാർത്ഥി തൊഴിലാളികളും ഉൾപ്പെടെ സമൂഹത്തിന്റെ പുറംമ്പോക്കിൽ നിൽക്കുന്നവരെ സാമ്പത്തിക സഹായത്തിലൂടെ തുണയ്ക്കുകയും അവരെ ഉൾക്കൊള്ളിക്കുകയും അവർക്ക് "ജോലിയിലൂടെ മാന്യമായ ജീവിതം" നൽകുന്നതിന് സഹായിക്കുകയും വേണം എന്ന് പാപ്പാ നിർദ്ദേശിച്ചു.
ജോലി എന്നത് തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള വാണിജ്യപരമായ കൈമാറ്റം മാത്രമല്ല, " തൊഴിലാളിയായ ദൈവത്തിന്റെ ഛായിലും സാദൃശ്യത്തിലും ഉള്ള നമ്മുടെ സൃഷ്ടിയുടെ പ്രകാശനമാണ്" എന്ന് പാപ്പാ പറഞ്ഞു. നമ്മുടെ രൂപവും ദൈവത്തോടുള്ള സാദൃശ്യവും പ്രവൃത്തിയും തമ്മിലുള്ള ഈ ബന്ധം പരിചരണത്തിന്റെ സമ്പദ്‌വ്യവസ്ഥയുമായി സംയോജിപ്പിക്കണം എന്ന് പാപ്പാ നിർദേശിച്ചു. അത് തൊഴിലാളികളെക്കുറിച്ചുള്ള ശ്രദ്ധയും തൊഴിൽ സാഹചര്യത്തെക്കുറിച്ചുള്ള ശ്രദ്ധയും ഉൾക്കൊള്ളുന്നതാണ് പാപ്പാ വിശദീകരിച്ചു.
ഭാവിയിലേക്ക് നോക്കുമ്പോൾ
അടുത്തയിടെ അസ്സീസിയിൽ ആയിരത്തോളം യുവ സാമ്പത്തിക വിദഗ്ദ്ധർ ഒരുമിച്ചുകൂടിയ "ഫ്രാൻസിസിന്റെ സമ്പദ് വ്യവസ്ഥ " യെ ഓർമ്മിപ്പി ച്ചു കൊണ്ട് പൊതുനന്മ ലക്ഷ്യമിട്ടുള്ള ഈ "പുതിയ സമ്പദ്വ്യവസ്ഥ"യെ രൂപപ്പെടുത്താൻ "യുവജനങ്ങളുമായി ഒരു പുതിയ സഖ്യം പരിഗണിക്കാൻ" പാപ്പാ ബിസിനസ്സ് നേതാക്കളോടും സംരംഭകരോടും അഭ്യർത്ഥിച്ചു. യുവാക്കളുടെ സർഗ്ഗശക്തിയുള്ള ഉൽസാഹം ഈ പുതിയ "സുവിശേഷ" സമ്പദ് വ്യവസ്ഥ വികസിപ്പിക്കാൻ ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് യുവജനങ്ങൾ അസ്സീസിയിൽ ഒപ്പുവച്ച ഉടമ്പടിയുടെ പ്രധാന ആശയങ്ങൾ നിരത്തിക്കൊണ്ട് പാപ്പാ സമർത്ഥിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: