തിരയുക

ബെൽജിയത്തിൽ നിന്നുള്ള യുവജനങ്ങളുമായി ഫ്രാൻസിസ് പാപ്പാ. ബെൽജിയത്തിൽ നിന്നുള്ള യുവജനങ്ങളുമായി ഫ്രാൻസിസ് പാപ്പാ.  

ബെൽജിയൻ യുവജനങ്ങളോടു പാപ്പാ : 'സർഗ്ഗാത്മകരും സമാധാനത്തിന്റെ പ്രതിപുരുഷന്മാരുമായിരിക്കുക'

ബെൽജിയത്തിൽ നിന്നുള്ള 300 യുവജനങ്ങളുമായി ഒക്ടോബർ പത്താം തിയതി വത്തിക്കാനിൽ കൂടികാഴ്ച നടത്തിയ ഫ്രാൻസിസ് പാപ്പാ പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും മുന്നിൽ ക്രിയാത്മകതയോടെ തങ്ങളുടെ വിശ്വാസം നിലനിറുത്താൻ അവരെ പ്രോത്സാഹിപ്പിക്കുകയും സാഹോദര്യം, സമാധാനം, അനുരഞ്ജനം എന്നിവയുടെ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലോകം കെട്ടിപ്പടുക്കാൻ സഭയ്ക്ക് അവരുടെ ഉത്സാഹം ആവശ്യമാണെന്നും പറഞ്ഞു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വിഘടിച്ചു നിൽക്കുന്ന ലോകത്തിൽ സമാധാനത്തിന്റെ പ്രതിപുരുഷന്മാരാകാൻ ബെൽജിയത്തിൽ നിന്നുള്ള യുവ തീർത്ഥാടകരുടെ കൂട്ടത്തെ ഫ്രാൻസിസ് പാപ്പാ ക്ഷണിക്കുകയും പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോൾ ക്രിയാത്മകമായി പ്രവർത്തിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അതേ സമയം എപ്പോഴും യേശുവിൽ വിശ്വാസം അർപ്പിക്കുകയും മുതിർന്നവരുടെ അനുഭവത്തിൽ നിന്ന് പ്രബുദ്ധരാകാൻ സ്വയം അനുവദിക്കുകയും ചെയ്യണമെന്നും നിർദ്ദേശിച്ചു.

സഭ യുവത്വത്തിൽ

ബെൽജിയൻ ഇടവകകളിൽ നിന്നു വന്ന 300 പേരടങ്ങുന്ന യുവജന സംഘത്തെ തിങ്കളാഴ്ച ക്ലമന്റൈൻ ഹാളിൽ  വച്ച് അഭിസംബോധന ചെയ്തവസരത്തിൽ വർദ്ധിച്ചുവരുന്ന മതേരവും സംഘർഷഭരിതവുമായ സമൂഹത്തിൽ അവരുടെ പ്രതിബദ്ധതയെയും ക്രൈസ്തവ സാക്ഷ്യത്തെയും പാപ്പാ പ്രശംസിച്ചു.

മെച്ചപ്പെട്ടതും സമാധാനപൂർണ്ണവുമായ ഒരു ലോകം കെട്ടിപ്പടുക്കാൻ സഭയ്ക്ക് അവരുടെ ഉത്സാഹവും ഔദാര്യതയും ആവശ്യമാണെന്ന് പാപ്പാ പറഞ്ഞു. “നിങ്ങൾ സഭയുടെ ഭാവി മാത്രമല്ല, എല്ലാറ്റിനുമുപരിയായി അവളുടെ വർത്തമാനവുമാണ്. അവൾക്ക് നിങ്ങളെ ആവശ്യമുണ്ട്, കാരണം സഭ ചെറുപ്പമാണ്, നിങ്ങളുടെ ഔദാര്യവും, നിങ്ങളുടെ സന്തോഷവും, സാഹോദര്യം, സമാധാനം, അനുരഞ്ജനം എന്നീ മൂല്യങ്ങളാൽ സമ്പന്നമായ മറ്റൊരു ലോകം കെട്ടിപ്പടുക്കാനുള്ള നിങ്ങളുടെ ഇച്ഛാശക്തിയും ആവശ്യമാണ്. "

പ്രതിസന്ധികൾ നമ്മെ വളർത്തുന്നു.

പ്രതിസന്ധികളും പ്രയാസങ്ങളും അഭിമുഖീകരിക്കുന്നത് , " നമ്മെ വളർത്തുകയാണ് ചെയ്യുന്നത്" എന്ന് പാപ്പാ അഭിപ്രായപ്പെട്ടു. "ഒരിക്കലും നിരാശരാക്കാത്ത വിശ്വസ്ത സുഹൃത്തായ " ക്രിസ്തുവുമായി ഒരു ദൃഢമായ ബന്ധം വളർത്തിയെടുക്കാൻ ഫ്രാൻസിസ് പാപ്പാ യുവജനങ്ങളെ ക്ഷണിച്ചു. ക്രിസ്തുവുമായുള്ള ബന്ധം, നമ്മുടെ സ്വന്തം ബലഹീനതയെ "എളിമയോടും ഭയമില്ലാതെയും" സ്വീകരിക്കാൻ നമ്മെ സഹായിക്കുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു. "നിങ്ങൾ സൂപ്പർ ഹീറോകളാകേണ്ടതില്ല, മറിച്ച് ആത്മാർത്ഥതയുള്ളവരു സത്യസന്ധരും സ്വതന്ത്രരുമായ വ്യക്തികളായാണ് മാറേണ്ടത്."

"പ്രത്യേകിച്ച് അപകടകരമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന, യുവ കുടിയേറ്റക്കാർ, അഭയാർത്ഥികൾ, തെരുവിൽ താമസിക്കുന്ന യുവാക്കൾ, അതുപോലെ ഏകാന്തതയും സങ്കടവും അനുഭവിക്കുന്നവരുമായ" അവരുടെ സമപ്രായക്കാരോടു അടുപ്പം വളർത്തിയെടുക്കാനും പാപ്പാ അവരെ പ്രോത്സാഹിപ്പിച്ചു.

പ്രായമായവരുമായുള്ള സംവാദം

"യഥാർത്ഥവും ആധികാരികവുമായ ഒരു സഭ" യ്ക്കായുള്ള അവരുടെ അഭിലാഷങ്ങളെ പരാമർശിച്ച പാപ്പാ, "സന്തോഷം നിറയുന്ന ഒരു ക്രൈസ്‌തവ സമൂഹത്തിന്" സംഭാവന നൽകുവാൻ, "നമ്മുടെ വേരുകൾ" ആയ വയോജനങ്ങളുടെ ഉപദേശവും സാക്ഷ്യവും വഴി യുവാക്കൾ പ്രബുദ്ധരാകാൻ അനുവദിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ ആവർത്തിച്ചു. “പ്രായമായവരുമായുള്ള സംവാദത്തിൽ വളരുന്നതിലൂടെയാണ് നമ്മുടെ ദൈനംദിന പോരാട്ടങ്ങൾക്ക് ഉറച്ച വ്യക്തിത്വം രൂപപ്പെടുത്താൻ കഴിയുക,” പാപ്പാ പറഞ്ഞു. മുതിർന്നവർ തങ്ങളുടെ വിശ്വാസവും മതപരമായ ബോധ്യങ്ങളും കൂടി നമ്മിലേക്ക് കൈമാറുന്നു." എന്ന് പാപ്പാ വിശദീകരിച്ചു.

സമാധാനത്തിന്റെ കൈത്തൊഴിൽ വിദഗ്ധരാവുക

"മനുഷ്യരാശിയുടെ ഈ ദുഷ്‌കരമായ സമയങ്ങളിൽ" ഉള്ള  ബലപരീക്ഷണങ്ങളിലൊന്നാണ് സമാധാനം. അത് സമൂഹത്തിൽ ക്രൈസ്തവ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെ കൈവരിക്കാൻ കഴിയുമെന്ന് പാപ്പാ വ്യക്തമാക്കി. “നിങ്ങൾക്ക് ചുറ്റും നിങ്ങളുടെ ഉള്ളിലും സമാധാനത്തിന്റെ വിദഗ്ധരായ കൈത്തൊഴിലാളിയാവുക. സമാധാനത്തിന്റെ പ്രതിപുരുഷന്മാരായിരിക്കുക, അങ്ങനെ ലോകം സ്നേഹത്തിന്റെയും സഹവാസത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും സൗന്ദര്യം വീണ്ടെടുക്കും." പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

സുവിശേഷവാഹകരായിരിക്കുന്നതിൽ ഒരിക്കലും മടുപ്പ് തോന്നരുത്

ബെൽജിയത്തു നിന്ന് വന്ന യുവ തീർത്ഥാടകരോടു  വെല്ലുവിളികളെ ഭയപ്പെടരുതെന്നും അവർ എവിടെ പോയാലും "സുവിശേഷത്തിന്റെ വാഹകരായിരിക്കുന്നതിൽ ഒരിക്കലും തളരരുതെന്നും" പാപ്പാ ആവശ്യപ്പെട്ടു. ജീവിതത്തിന്റെ വിവിധ നിസ്സാരതകളാൽ ഏകാഗ്രത നശിപ്പിക്കാതെ യേശുക്രിസ്തുവുമായുള്ള സൗഹൃദത്തിൽ നിന്ന് വരുന്ന "അത്യാവശ്യമായ വകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക ." പാപ്പാ ആവശ്യപ്പെട്ടു. ഉപസംഹാരമായി, അവരെ കന്യാമറിയത്തിന്റെ മാതൃ സംരക്ഷണത്തിനായി ഏൽപ്പിച്ച പാപ്പാ "പ്രാർത്ഥനയുടെയും ജീവിതത്തിന്റെയും ഒരു വിദ്യാലയ" മായ ജപമാല പ്രാർത്ഥനയുടെ പ്രാധാന്യം എടുത്തു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ഒക്‌ടോബർ 2022, 21:17