തിരയുക

വിശുദ്ധരുടെ ചിത്രം. വിശുദ്ധരുടെ ചിത്രം. 

പാപ്പാ: വിശുദ്ധർ വിലയേറിയ മുത്തുകളാണ്. എപ്പോഴും സജീവരും കാലത്തിനനുയോജ്യരുമാണ്

"ആനുകാലിക വിശുദ്ധി" എന്ന വിഷയത്തിൽ വത്തിക്കാൻ സംഘടിപ്പിച്ച സിമ്പോസിയത്തിൽ പങ്കെടുത്തവരുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി. തദവസരത്തിൽ നൽകിയ സന്ദേശത്തിൽ സുവിശേഷം പൂർണ്ണമായി ജീവിക്കുന്നത് സാധ്യവും പ്രയോജനകരവുമാണെന്ന് അനുസ്മരിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയാണ്  "ആനുകാലിക വിശുദ്ധി" എന്ന വിഷയം കേന്ദ്രീകരിച്ച്  ഈ  സിമ്പോസിയം സംഘടിപ്പിച്ചത്. കൂടാതെ "ആനുകാലിക വിശുദ്ധി യാഥാർത്ഥ്യമാക്കുന്നതിനും പുതിയ കാര്യങ്ങൾ കൂട്ടിച്ചേർക്കുന്നതിനുമുള്ള പാതകൾ ആഴത്തിലാക്കാൻ" ഡിക്കാസ്റ്ററി തിരഞ്ഞെടുത്ത "ഒരു ഉപായവും കൂടി ഇത്  പ്രതിനിധീകരിക്കുന്നു".

പ്രത്യേകമായി, ദൈവജനത്തിനു മദ്ധ്യേ വിശുദ്ധിയുടെ ഒരു നിശ്ചിത പ്രശസ്തി നേടിയെടുത്ത വിശ്വാസികളിൽ "ആരെയാണ്, എങ്ങനെയാണ്" വിശുദ്ധപദവിയിലേക്കുയർത്തേണ്ടത് എന്ന് തിരിച്ചറിയാൻ ഉദ്ദേശിച്ചുള്ളതാണ് മൂന്ന് ദിവസത്തെ സമ്മേളനം.

വിശുദ്ധിയിലേക്കുള്ള വിളി

"നമ്മുടെ സ്വന്തം  കാലഘട്ടത്തിൽ പ്രായോഗികമായ രീതിയിൽ വിശുദ്ധിയിലേക്കുള്ള വിളി വീണ്ടും പരിഗണിക്കാനുള്ള " ആഹ്ലാദിച്ചാ നന്ദിക്കുവിൻ " എന്ന അപ്പസ്തോലിക പ്രബോധനത്തിന്റെ ലക്ഷ്യം പ്രതിഫലിപ്പിക്കുന്നതാണ് സിമ്പോസിയത്തിനായി തിരഞ്ഞെടുത്ത പ്രമേയം," എന്ന് പാപ്പാ പറഞ്ഞു.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഒരു കേന്ദ്ര പ്രബോധനമാണ് "വിശുദ്ധിയിലേക്കുള്ള സാർവത്രിക വിളി" എന്ന് പരിശുദ്ധ പിതാവ് തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. കൂടാതെ "ദൈവത്തിന്റെ വിശുദ്ധ ജനത്തിന്റെ" "ദൈനംദിന ജീവിതത്തിലുള്ള വിശുദ്ധിയെ വിലമതിക്കേണ്ടത്" പ്രധാനമാണെന്നും പാപ്പാ സൂചിപ്പിച്ചു.

ഈ "മധ്യവർഗ്ഗ വിശുദ്ധി"യിൽ നിന്ന്, സുവിശേഷം പൂർണ്ണമായി ജീവിക്കുന്നത് സാധ്യമാണെന്നും, പ്രതിഫലദായകമാണെന്നും  നമ്മെ ഓർമ്മിപ്പിച്ചുകൊണ്ട് സഭ വാഴ്ത്തപ്പെട്ടവരേയും വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടവരേയും "മാതൃകകളും മധ്യസ്ഥരും അധ്യാപകരും" ആയി അവതരിപ്പിക്കുന്നു.

നാം ദൈവത്താൽ സ്നേഹിക്കപ്പെടുകയും അവന്റെ സ്നേഹവും കരുണയും സൗജന്യമായി സ്വീകരിക്കുകയും ചെയ്യുന്നുവെന്ന തിരിച്ചറിവാണ് വിശുദ്ധിയെന്ന് പറഞ്ഞ പാപ്പാ ഈ തിരിച്ചറിവാണ് ജോൺ പോൾ ഒന്നാമൻ, കാർലോസ് അകുത്തീസ്, ഫ്രാൻസിസ് അസ്സീസി തുടങ്ങിയ വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടരുടെയും ജീവിതത്തെ അടയാളപ്പെടുത്തിയ സന്തോഷത്തിലേക്ക് നയിച്ചതെന്നും അടിവരയിട്ടു.

വിശുദ്ധിയുടെ മതിപ്പ് തിരിച്ചറിയുക

വിശുദ്ധി, ക്രൈസ്തവ സമൂഹങ്ങളുടെ യഥാർത്ഥ ജീവിതത്തിൽ നിന്നാണ് ഉടലെടുക്കുന്നത്, "വിശുദ്ധിയുടെ ഈ മാതൃകകളെയും സുവിശേഷത്തിന്റെ വിശിഷ്ടസാക്ഷികളെയും വിവേചിച്ചറിയുന്നതിന് എല്ലായ്പ്പോഴും ഒരു പ്രത്യേക 'ജന്മവാസന'  യുണ്ടായിരുന്ന ദൈവജനം അവരെ തിരിച്ചറിയുന്നു.

ഈ  fama sanctitatis, അല്ലെങ്കിൽ വിശുദ്ധിയുടെ മതിപ്പ്,  ഭാവി വിശുദ്ധരുടെ വിശുദ്ധി തിരിച്ചറിയുന്നതിനുള്ള ഒരു പ്രധാന ഘടകമാണ്. എന്നിരുന്നാലും,, "വിശുദ്ധിയുടെ ഈ മതിപ്പ് സ്വതസിദ്ധവും സുസ്ഥിരവും നിലനിൽക്കുന്നതുമാണോയെന്നും ക്രൈസ്തവ സമൂഹത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളിൽ  പരന്നിട്ടുള്ളതുമാണോ എന്ന്  സ്ഥിരീകരിക്കേണ്ടത് അത്യാവശ്യമാണ്."

ആധുനിക ലോകത്തിൽ അതിശയോക്തിയുടെയോ തെറ്റായി പ്രതിനിധാനം ചെയ്യുന്നതിനോ ഉള്ള അപകടസാധ്യത നിലനിൽക്കുന്നതിനാൽ, “വിശുദ്ധിയുടെ പ്രശസ്തിയുടെ ചുറ്റുപാടുകളെക്കുറിച്ചും അത്ഭുതങ്ങളുടെ തെളിവുകൾ ഉൾപ്പെടെയും, പരിശോധിക്കുന്ന എല്ലാവരുടെയും ഭാഗത്തുനിന്ന് ജ്ഞാനപൂർവകമായ,” ഒരു വിവേചനബോധം ആവശ്യമാണ് എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

വിശുദ്ധർ എന്നും അമൂല്യ മുത്തുകൾ

“വിശുദ്ധർ വിലയേറിയ മുത്തുകളാണ്; അവർ എപ്പോഴും സജീവരും  കാലോചിതരുമാണ്," "ഒരിക്കലും അവരുടെ പ്രാധാന്യം നഷ്ടപ്പെടുന്നില്ല." എന്ന് പാപ്പാ ഉറപ്പിച്ചു പറഞ്ഞു.

"അങ്ങനെ എല്ലാവരും സുവിശേഷത്തിന്റെ സൗന്ദര്യത്തിലേക്ക് ആകർഷിക്കപ്പെടുകയും ആരും അർത്ഥശൂന്യതയുടേയും നിരാശയുടേയും ഇരുളിൽ അലയാതിരിക്കുകയും ചെയ്യാൻ അവരുടെ മാതൃക നമ്മുടെ കാലത്തെ സ്ത്രീപുരുഷന്മാരുടെ മനസ്സിനെ പ്രബുദ്ധമാക്കുകയും വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കുകയും പ്രത്യാശ ഉണർത്തുകയും ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോജ്വലിപ്പിക്കുകയും ചെയ്യട്ടെ എന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. ചില  സമയങ്ങളിൽ, അചിന്തനീയമായ വിധത്തിൽപോലും, കർത്താവ് വിശുദ്ധിയുടെ അടയാളങ്ങൾ ഉയർത്തുന്നത് ഒരിക്കലും അവസാനിപ്പിക്കുന്നില്ല എന്ന് ഗ്രഹിക്കാൻ നിങ്ങളുടെ സിമ്പോസിയത്തിലെ ഉൾക്കാഴ്ചകളും നിർദ്ദേശങ്ങളും സഭയെയും സമൂഹത്തെയും മൊത്തത്തിൽ സഹായിക്കുമെന്ന പ്രാർത്ഥനാപൂർവ്വമായ പ്രതീക്ഷയോടെയാണ് പാപ്പാ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 ഒക്‌ടോബർ 2022, 12:44