പാപ്പാ:വാഴ്ത്തപ്പെട്ട അർത്തേമിദെ ത്സാത്തി കൂട്ടായ്മയുടെ മനുഷ്യൻ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വാഴ്ത്തപ്പെട്ട അർത്തേമിദെ ത്സാത്തി മറ്റുള്ളവരോടൊന്നുചേർന്ന് പ്രവർത്തിക്കാനറിയാവുന്ന കൂട്ടായ്മയുടെ മനുഷ്യനായിരുന്നുവെന്ന് മാർപ്പാപ്പാ.
സലേഷ്യൻസന്ന്യസ്ത സഹോദരൻ അർത്തേമിദെ ത്സാത്തിയുടെ ഒമ്പതാം തീയതി ഞായറാഴ്ച (09/10/22) വത്തിക്കാനിൽ നടക്കാൻ പോകുന്ന വിശുദ്ധപദപ്രഖ്യാപന തിരുക്കർമ്മത്തിൽ പങ്കെടുക്കുന്നതിന് എത്തിയിരിക്കുന്ന സലേഷ്യൻ സഹകാരികളും തീർത്ഥാടകരുമായ ആയിരത്തോളം പേരടങ്ങിയ സംഘത്തെ ശനിയാഴ്ച (08/10/22) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
പാവപ്പെട്ടവർക്കായുള്ള അദ്ദേഹത്തിൻറെ അക്ഷീണ പ്രവർത്തനവും അതിനുള്ള സന്നദ്ധതയും നിരന്തര പ്രാർത്ഥന, സുദീർഘമായ ദിവ്യകാരുണ്യാരധാന, കൊന്തനമസ്കാരം എന്നിവയാൽ കർത്താവുമായുള്ള അഗാധ ഐക്യത്താൽ പ്രചോദിതമായിരുന്നുവെന്ന് പാപ്പാ പറഞ്ഞു. സന്ന്യാസിനിസഹോദരികളും ഭിഷഗ്വരന്മാരും നഴ്സുമാരുമൊത്ത് പ്രവർത്തിക്കാൻ കഴിഞ്ഞിരുന്ന അർത്തേമിദെ അദ്ദേഹത്തിൻറെ ജീവിത മാതൃകയും ഉപദേശവും വഴി വ്യക്തികളെ രൂപപ്പെടുത്തുകയും മനസ്സാക്ഷികളെ വാർത്തെടുക്കുകയും ഹൃദയങ്ങളെ പരിവർത്തനം ചെയ്യുകയും ചെയ്തുവെന്ന് പാപ്പാ പറഞ്ഞു.
ഇറ്റലിയിൽ ജനിച്ചെങ്കിലും അർജന്തീനയിലേക്കു കുടിയേറിയ അദ്ദേഹത്തിൻറെ ജീവിതത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ ആ ജീവിതത്തിലെ നാലുഘടകങ്ങളെക്കുറിച്ച് ഊന്നിപ്പറഞ്ഞു.ഒരു കുടിയേറ്റക്കാരൻ, ദരിദ്രരായ സകലരുടെയും ബന്ധു, സലേഷ്യൻ സഹകാരി, ദൈവവിളികളുടെ മദ്ധ്യസ്ഥൻ എന്നീ നാലു സവിശേഷതകൾ അദ്ദേഹത്തിൻറെ ജീവിതത്തിൽ തെളിഞ്ഞു നില്ക്കുന്നത് പാപ്പാ എടുത്തുകാട്ടി. തൊഴിലിലും അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളിലും ആമഗ്നരായി മിക്ക കുടിയേറ്റക്കാർക്കും വിശ്വാസമൂല്യം കൈമോശം വരുന്ന ദൗർഭാഗ്യകരമായ അവസ്ഥയെക്കുറിച്ചു പരാമർശിച്ച പാപ്പാ എന്നാൽ കുടിയേറ്റക്കാരനായിരുന്ന അർത്തേമിദെ ത്സാത്തി അതിൽ വേറിട്ടു നിന്നുവെന്നു ക്രിസ്തീയ ജീവിതത്തിൽ മുന്നേറിയെന്നു വിശദീകരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: