പാപ്പാ: സ്വീകരണവും ശ്രവണവുമടങ്ങിയ സ്നേഹം സവിശേഷതയായുള്ള "അതിര് ശൈലി "!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സ്നേഹച്ചരട് തിന്മയെ ജയിക്കുകയും ജീവനേകുകയും ചെയ്യുന്നുവെന്ന് മാർപ്പാപ്പാ.
കുട്ടികളും യുവജനങ്ങളും വഴിതെറ്റിപ്പോകുകയും യാതനകളനുഭവിക്കുകയും ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെ തെക്കെ ഇറ്റലിയിൽ രൂപം കൊണ്ട “അതിര് സമൂഹം” എന്നർത്ഥം വരുന്ന “കൊമുണിത്ത ഫ്രൊന്തിയേര” (Comunità Frontiera)യിലെ ഇരുന്നൂറ്റിയമ്പതോളം അംഗങ്ങളെ ശനിയാഴ്‌ച (22/10/22) വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെയും വാഴ്ത്തപ്പെട്ട ജുസേപ്പെ പുള്യീസിയുടെയും രണ്ടു സിദ്ധികളുടെ മുദ്ര ഈ സമൂഹത്തിൽ പതിഞ്ഞിരിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.
ഫ്രാൻസീസ് അസ്സീസിയും വാഴ്ത്തപ്പെട്ട പുള്യീസിയും സുവിശേഷം “അതിർത്തിയിൽ” ജിവിച്ചവരാണെന്നും, ദൈവമായിരുന്നിട്ടും നമ്മളുമായി, വഴിതെറ്റിപ്പോയ, കാണാതെ പോയ, പ്രത്യാശയറ്റ ആടുകളുമായി കൂടിക്കാഴ്ച നടത്താനെത്തിയ യേശുക്രിസ്തുവിൻറെ ശൈലിയാണിതെന്നും പാപ്പാ വിശദീകരിച്ചു.
തൻറെ സമ്പത്തെല്ലാം ഉപേക്ഷിച്ച് ഭിക്ഷുവായി സ്വർഗ്ഗീയപിതാവിൻറെ പരിപാലനയിൽ ആശ്രയിച്ച വിശുദ്ധ ഫ്രാൻസീസും തൻറെ ഇടവകയിലെ കുട്ടികൾക്ക് ഒരു പിതാവായി മറിക്കൊണ്ട് ജുസേപ്പെ പുള്യീസിയും യേശുവിൻറെ ഈ “അതിര്” ശൈലി, സ്വീകരിച്ചുവെന്ന് പാപ്പാ പറഞ്ഞു. വൈദികൻ പുള്യീസി തെരുവിലേക്കിറങ്ങി കുട്ടികളെ അവിടെ നിന്ന് രക്ഷിച്ച് അവരെ, സ്വാർതാല്പര്യങ്ങളെയും മാഫിയക്കാരുടെ താല്പര്യങ്ങളെയുമല്ല, മറിച്ച്, ദൈവത്തെയും അയൽക്കാരനെയും സേവിക്കാൻ പരിശീലിപ്പിച്ചുവെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
അതിര് എന്നത് ഒരു മുദ്രാവാക്യമല്ല, പ്രത്യുത, ശൈലിയാണെന്നും ഈ ശൈലിയുടെ സവിശേഷത സ്വീകരിക്കലും ശവിക്കലുമായ സ്നേഹമാണെന്നും ഈ സ്നേഹം സാമീപ്യവും ആർദ്രതയും അനുകമ്പയും ആദരവും അന്തസ്സും കൈപിടിച്ചുയർത്തലും ആണെന്നും പാപ്പാ വിശദീകരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: