പാപ്പാ: പ്രത്യാശയുടെ സുവിശേഷം പ്രഘോഷിക്കുക
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
മിഷനറി ഒബ്ലേറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഒ.എം.ഐ.) സഭ 1816-ൽ ഫ്രാൻസിന്റെ തെക്ക് ഭാഗത്ത് വിശുദ്ധ യൂജിൻ ദെ മസെനോഡ് ആണ് സ്ഥാപിച്ചത്.
സഭാംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പാ തന്റെ ആശംസകൾ അർപ്പിച്ചു. ആറ് വർഷത്തേക്ക് ഒ.എം.ഐ. സഭയുടെ പുതിയ സുപ്പീരിയർ ജനറലായി കഴിഞ്ഞ വ്യാഴാഴ്ച തിരഞ്ഞെടുക്കപ്പെട്ട ഫാ. ലൂയിസ് ഇഗ്നാസിയോ റോയിസ് അലോൻസോയ്ക്ക് ആശംസകൾ അർപ്പിച്ച പാപ്പാ കഴിഞ്ഞ 12 വർഷത്തെ സേവനത്തിന് മുൻ സുപ്പീരിയർ ജനറൽ ഫാ. ലൂയിസ് ലൂഗന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
"പ്രത്യാശയുടെ തീർത്ഥാടകർ"
തങ്ങളുടെ 37-മത് പൊതുസമ്മേളനത്തിൽ ഒബ്ലേറ്റുകൾ തിരഞ്ഞെടുത്ത പ്രമേയം : "കൂട്ടായ്മയിൽ പ്രത്യാശയുടെ തീർത്ഥാടകർ" എന്നാണ്. യുദ്ധങ്ങളും സംഘട്ടനങ്ങളും കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും പോരാട്ടങ്ങളും സമ്പന്നരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമ്പദ്‌വ്യവസ്ഥയും, ഇരുട്ടിലാഴ്ത്തുന്ന ഒരു കാലഘട്ടത്തിൽ “പ്രത്യാശയുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സുവിശേഷം കൊണ്ടുവരാൻ വിളിക്കപ്പെട്ട” യേശുവിന്റെ ശിഷ്യന്മാർ എന്ന നിലയിലുള്ള അവരുടെ സ്വത്വത്തെ ഈ പ്രമേയം ഉൾക്കൊള്ളുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ അഭിപ്രായപ്പെട്ടു.
പ്രത്യാശയുടെ വെളിച്ചം ജ്വലിപ്പിക്കാൻ സുവിശേഷത്തിന് മാത്രമേ കഴിയൂ എന്ന് പാപ്പാ പറഞ്ഞു. 70 രാജ്യങ്ങളിൽ സഭയെ സേവിക്കുന്നതിനായി ലോകം മുഴുവൻ സഞ്ചരിക്കുന്ന തീർത്ഥാടകരാവുകയാണ് ഒബ്ലേറ്റുകളുടെ പ്രധാന ദൗത്യമെന്നും പാപ്പാ പറഞ്ഞു. "യേശുവിനെപ്പോലെ തന്റെ ശിഷ്യന്മാരോടൊപ്പം പോകാൻ എപ്പോഴും തയ്യാറായി ഇരിക്കുക എന്നതാണത്," പാപ്പാ വിശദീകരിച്ചു.
“പ്രത്യാശയുടെ തീർത്ഥാടകരേ, നിങ്ങളുടെ സ്ഥാപകന്റെ സിദ്ധി സഭയിൽ പങ്കിടുന്നവരും നിങ്ങളുടെ ദൗത്യത്തിന്റെ സജീവ ഭാഗമാകാൻ ആഗ്രഹിക്കുന്നവരുമായ അൽമായ രോടും യുവാക്കളോടും ചേർന്ന് നിങ്ങളുടെ പ്രേക്ഷിത വിളി വിശ്വസ്ഥതയോടെ ജീവിച്ചുകൊണ്ട് ദൈവത്തിന്റെ വിശുദ്ധ ജനത്തോടൊപ്പം നടക്കുക.” പാപ്പാ അവരെ ഓർമ്മിപ്പിച്ചു.
കൂടാതെ, "പ്രത്യാശയുടെ മിഷനറി" എന്ന നിലയിൽ, ദരിദ്രരുടെ ഇടയിൽ പുണ്യം എങ്ങനെ തിരിച്ചറിയാമെന്ന് പഠിക്കുക, ഭാഗ്യമില്ലാഞ്ഞവരാൻ സുവിശേഷവൽക്കരിക്കപ്പെടാൻ ധൈര്യപ്പെടുക, അങ്ങനെ അവർ "സഭയ്ക്കും ലോകത്തിനും വേണ്ടി പ്രത്യാശയുടെ വഴി നിങ്ങളെ പഠിപ്പിക്കും" എന്ന് പാപ്പാ തുടർന്നു.
കൂട്ടായ്മയിൽ ജീവിക്കുന്നതിന്റെ പ്രാധാന്യം
"ഇന്ന് കൂട്ടായ്മയിൽ ജീവിക്കുക എന്നത് ലോകത്തിന്റെയും സഭയുടേയും സമർപ്പിത ജീവിതത്തിന്റെയും ഭാവിക്ക് ആശ്രയിക്കാവുന്ന അടിത്തറയാണ്." 'ഈ ഭാവി ആദ്യം നമ്മൾ തമ്മിലുള്ള കൂട്ടായ്മയിൽ വേരൂന്നിയതായിരിക്കണം, അത് ആരേയും "ഒഴിവാക്കാതെ എല്ലാവരുമൊത്ത്" വളർത്തിയെടുക്കണം.
"എല്ലാവരുമായുള്ള ഐക്യദാർഢ്യം, സാമീപ്യം, സിനഡാലിറ്റി, സാഹോദര്യം എന്നിവയുടെ പ്രകടനങ്ങളിലൂടെ കൂട്ടായ്മയുടെ പ്രചാരകരാകാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു." പാപ്പാ പറത്തു.
ഉറവിടത്തിലേക്ക് മടങ്ങുക
പകരം ഒന്നും ചോദിക്കാതെ നമ്മെ പോറ്റുന്ന സ്രോതസ്സാണ് നമ്മുടെ ഭൂമി എന്നതിനാൽ "ഭൂമി മാതാവിനെ" പരിപാലിക്കുന്നത് നിർണ്ണായകമാണെന്ന് ഫ്രാൻസിസ് പാപ്പാ അഭിപ്രായപ്പെട്ടു. അതുപോലെ, ജീവന്റെയും ദൗത്യത്തിന്റെയും ഉറവിടമായ പിതാവായ ദൈവത്തിലേക്ക്, "യേശുവിനെ അനുഗമിക്കാനായി എല്ലാം ഉപേക്ഷിക്കാൻ അവരെ പ്രേരിപ്പിച്ച ആ ആദ്യത്തെ സ്നേഹ"ത്തിലേക്ക്, മടങ്ങേണ്ടത് ആവശ്യമാണ് എന്നും പാപ്പാ തുടർന്നു പറഞ്ഞു.
"അപരനോടുള്ള പരസ്പര സ്നേഹത്തിലും "ആത്മാക്കളുടെ രക്ഷയ്ക്കുള്ള തീക്ഷ്ണത "യിലും വേരൂന്നിയ പ്രേഷിത വിളി " എന്ന സഭാ സ്ഥാപകനായ വിശുദ്ധ യൂജിന്റെ സിദ്ധി, ഒബ്ലേറ്റ് ജീവിതത്തിന്റെ ഒരു സൂചികാബിന്ദുവായി നിലനിൽക്കണം എന്ന് പാപ്പാ ആവശ്യപ്പെട്ടു. ദരിദ്രരോടുള്ള വിശുദ്ധ യൂജിന്റെ വലിയ സ്നേഹവും, ദൗത്യവും വിശ്വാസത്തിലൂടെ ദൈവസ്നേഹം പ്രചരിപ്പിക്കുവാൻ ഒബ്ലേറ്റുകൾക്ക് പ്രചോദനമാകട്ടെ എന്ന് പാപ്പാ ആശംസിച്ചു.
"ലോകം മുഴുവൻ ഉൾക്കൊള്ളുന്ന നിങ്ങളുടെ മഹത്തായ പ്രേഷിത മേഖലയിൽ, വിശുദ്ധ യൂജിനിലെന്നപ്പോലെ, യേശു എപ്പോഴും നിങ്ങളുടെ മാതൃകയായിരിക്കട്ടെ. വിശ്വാസത്തിന്റെ പാതയിലേക്ക് തന്നെ തിരികെ കൊണ്ടുവന്ന അതേ ദൈവസ്നേഹം, എല്ലാവരും പ്രത്യേകിച്ചു ദരിദ്രർ അനുഭവിക്കാൻ വേണ്ടി, ക്രൂശിതനായ രക്ഷകന്റെ മുന്നിൽ ഒരു ദിവസം തന്റെ ജീവൻ സമർപ്പിക്കാൻ അവൻ തീരുമാനിച്ചു " എന്ന് അവരുടെ സഭാ സ്ഥാപകനെ പാപ്പാ അനുസ്മരിച്ചു.
ഒബ്ലേറ്റ് ജീവിതത്തിന്റെ മാതൃകയായി പരിശുദ്ധ മാതാവിലേക്ക് നോക്കുക
സന്യാസസഭയെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമായ ഒരു നിമിഷത്തിൽ ഐക്‌സ്-എൻ-പ്രോവെൻസിലെ അമലോത്ഭവ മാതാവിന്റെ പ്രതിമയ്‌ക്ക് മുമ്പിൽ വിശുദ്ധ യൂജിന് ലഭിച്ച പ്രത്യേക കൃപയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, തീർത്ഥാടന പാതയിൽ "അവരുടെ സഹ സഞ്ചാരിയായി " ഒരു പ്രത്യേക പങ്ക് വഹിക്കാൻ മാതാവിന് കഴിയുമെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.
ദൈവത്തിന് "അതെ" എന്ന് ഉത്തരം നൽകിക്കൊണ്ട് "ദൈവത്തിന്റെ ദാനം പങ്കിടാനും സേവനത്തിൽ സ്വയം നൽകാനും" മറിയം തിടുക്കത്തിൽ പുറപ്പെട്ടു. അതിനാൽ, പ്രേഷിത വേലയ്ക്കും ദൈവജനത്തിനും വേണ്ടി എങ്ങനെ മികച്ച രീതിയിൽ സേവന ജീവിതം നയിക്കാം എന്നതിന്റെ മാതൃകയായി തീരാൻ പരിശുദ്ധ കന്യകയ്ക്ക് കഴിയും എന്ന് പാപ്പാ വ്യക്തമാക്കി. പൊതുസമ്മേളനം തുടരുന്ന ഒബ്ളേറ്റ്സ് സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കുകയും ഓ. എം. ഐ സഭയേയും അവരുമായി ബന്ധപ്പെട്ടവരെയും ആശീർവ്വദിക്കുകയും ചെയ്ത പാപ്പാ തനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും അവരോടു അഭ്യർത്ഥിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: