തിരയുക

ലോക ഭക്ഷ്യവേദിയുടെ (WORLD FOOD FORUM) രണ്ടാം യോഗത്തോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പാ നല്കിയ സന്ദേശം  ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കൃഷി സംഘടനയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ ആർച്ച്ബിഷപ്പ് ഫെർണാണ്ടൊ കീക്ക അരെല്ലാനൊ യോഗത്തിൽ വായിക്കുന്നു, 17/10/22, റോം. ലോക ഭക്ഷ്യവേദിയുടെ (WORLD FOOD FORUM) രണ്ടാം യോഗത്തോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പാ നല്കിയ സന്ദേശം ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കൃഷി സംഘടനയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ ആർച്ച്ബിഷപ്പ് ഫെർണാണ്ടൊ കീക്ക അരെല്ലാനൊ യോഗത്തിൽ വായിക്കുന്നു, 17/10/22, റോം.  

പാപ്പാ: ജീവന് മൗലികമായ ആഹാരം ജീവൻറെ പവിത്രതയിൽ പങ്കുചേരുന്നു!

ലോക ഭക്ഷ്യവേദിയുടെ (WORLD FOOD FORUM) രണ്ടാം യോഗത്തോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പാ ലോക ദാരിദ്ര്യനിർമ്മാർജ്ജന ദിനമായിരുന്ന ഒക്ടോബർ 17-ന് ഒരു സന്ദേശം നല്കി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഭക്ഷ്യവസ്തുക്കൾ സ്രഷ്ടാവിൻറെ നന്മയുടെ സമൂർത്ത അടയാളങ്ങളും ഭൂമിയുടെ ഫലങ്ങളുമാണെന്ന് മാർപ്പാപ്പാ.

ലോക ഭക്ഷ്യവേദിയുടെ (WORLD FOOD FORUM) രണ്ടാം യോഗത്തോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പാ ലോക ദാരിദ്ര്യനിർമ്മാർജ്ജന ദിനമായിരുന്ന ഒക്ടോബർ 17-ന്, തിങ്കളാഴ്‌ച, (17/10/22) റോം ആസ്ഥാനമായുള്ള ഭക്ഷ്യകൃഷി സംഘടനയുടെ മേധാവി കു ദോംഗ്യൂവിന് നല്കിയ സന്ദേശത്തിലാണ് ഇതു പറഞ്ഞിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കൃഷി സംഘടനയിൽ, അഥവാ, എഫ് എ ഒ-യിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ ആർച്ച്ബിഷപ്പ് ഫെർണാണ്ടൊ കീക്ക അരെല്ലാനൊ ഈ സന്ദേശം സമ്മേളനത്തിൽ വായിച്ചു.

മനുഷ്യജീവന് മൗലികമായ ആഹാരം, വാസ്തവത്തിൽ, ജീവൻറെ പവിത്രതയിൽ പങ്കുചേരുന്നുവെന്നും ഭക്ഷണത്തെ എന്തെങ്കിലും തരത്തിലുള്ള വെറും പദാർത്ഥമായി കണക്കാക്കാനാവില്ലെന്നും പാപ്പാ, ലോക ഭക്ഷ്യവേദിയുടെ രണ്ടാം യോഗത്തിൽ പങ്കെടുക്കുന്നവരെയും ലോകത്തിൽ നിന്ന് ദാരിദ്ര്യം ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നവരെയും അഭിവാദ്യം ചെയ്തുകൊണ്ടുള്ള ഈ സന്ദേശത്തിൽ പറയുന്നു.

നമ്മുടെ മുത്തശ്ശീമുത്തച്ഛന്മാർക്ക് അന്നത്തോടുണ്ടായിരുന്ന ആദരവിനെക്കുറിച്ച് സൂചിപ്പിക്കുന്ന പാപ്പാ, അവർ അത് ഭക്ഷണ മേശയിലേക്കു കൊണ്ടു വരുമ്പോൾ അതിനെ മുത്തുകയും ഒരു തരി പോലും പാഴായിപ്പോകാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നുവെന്ന് വിശദീകരിക്കുന്നു. ഭക്ഷ്യോൽപ്പാദനം അതിൻറെ ലഭ്യത, എല്ലാവർക്കും ലഭ്യമാക്കൽ, കാർഷിക വ്യാപാരത്തിൻറെ സാങ്കേതിക നടപടികളിലുള്ള ശ്രദ്ധ എന്നിവയ്‌ക്ക് പുറമേ, ഭക്ഷണം ദൈവത്തിൻറെ ഒരു ദാനമാണെന്നും നാം അവ കൈകാര്യം ചെയ്യുന്നവർ മാത്രമാണെന്നുമുള്ള അവബോധം പുലർത്തിയാൽ മാത്രമേ നമുക്ക് അവയോടു ആദരവു പുലർത്താനും മനുഷ്യ ജീവിതത്തിൽ അവയ്ക്കുള്ള ശ്രേഷ്ഠമായ സ്ഥാനം അവയ്ക്കു നല്കാനും സാധിക്കുകയുള്ളുവെന്നും പാപ്പാ തൻറെ സന്ദേശത്തിൽ ഉദ്ബോധിപ്പിക്കുന്നു.

മനുഷ്യനെ അവനായിരിക്കുന്ന രീതിയിൽ കണ്ടുകൊണ്ട് അവനിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവൻറെ സമഗ്രതയിൽ അവനെ പരിഗണിക്കുകയും അവൻറെ യഥാർത്ഥ ആവശ്യങ്ങൾ കണക്കിലെടുക്കുകയും വേണമെന്ന തൻറെ ബോധ്യങ്ങൾ പാപ്പാ ആവർത്തിക്കുകയും ചെയ്യുന്നു. ഭക്ഷണം പ്രദാനംചെയ്യുന്നതിൽ മാത്രം ഒതുങ്ങിനില്ക്കാതെ, മനുഷ്യവ്യക്തിയുടെ കേന്ദ്രസ്ഥാനം തിരിച്ചറിയുകയും അത് ഉറപ്പുനല്കുകയും ചെയ്തുകൊണ്ട് പരസേവനത്തിൽ സ്വയം സമർപ്പിക്കാനാണ് പരസ്പര ബന്ധിതമായ പ്രതിസന്ധികളുടെ ഈ കാലഘട്ടത്തിൽ, ക്രിസ്തുു സന്ദേശം, നമ്മെയും, അവിശ്വാസികളെ പോലും ആഹ്വാനം ചെയ്യുന്നതെന്ന് പാപ്പാ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കൃഷി സംഘടനയുടെ, അഥവാ, എഫ് എ ഒ യുടെ (Food and Agriculture Organization of the United Nations  FAO) ആസ്ഥാനമായ റോമിലെ കാര്യാലയത്തിൽ ഒക്ടോബർ 17-21 വരെയാണ് ലോകഭക്ഷ്യവേദിയുടെ (World Food Forum -WFF) രണ്ടാം സമ്മേളനം നടക്കുന്നത്. “ആരോഗ്യകരമായ ഭക്ഷണക്രമം. ആരോഗ്യമുള്ള ഗ്രഹം” (Healthy Diets. Healthy Planet) എന്നതാണ് ഈ സമ്മേളനത്തിൻറെ വിചിന്തന പ്രമേയം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 October 2022, 13:59