തിരയുക

സമുദ്ര പ്രേഷിതത്വം നിർവ്വഹിക്കുന്ന സ്റ്റെല്ല മാരിസ് സംഘടനയുടെ ലോഗോ. സമുദ്ര പ്രേഷിതത്വം നിർവ്വഹിക്കുന്ന സ്റ്റെല്ല മാരിസ് സംഘടനയുടെ ലോഗോ. 

പാപ്പാ: സ്റ്റെല്ല മാരിസ് അസംഖ്യം നാവികർക്ക് ആത്മീയവും, മാനസികവും, ഭൗതികവുമായ സഹായം നൽകുന്ന സംഘടന

2022 ഒക്ടോബർ 2-5 നടക്കുന്ന സ്റ്റെല്ല മാരിസിന്റെ XXV ആഗോള കോൺഗ്രസിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് പാപ്പാ സന്ദേശം നൽകി. കർദ്ദിനാൾ പിയത്രോ പരോളിൻ ഒപ്പിട്ട കത്തിൽ പാപ്പാ സമുദ്ര പ്രേഷിതത്വത്തെ കുറിച്ച് സംസാരിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

2022 ഒക്ടോബർ 2 മുതൽ 5 വരെ സ്കോട്ട്‌ലൻഡിലെ ഗ്ലാസ്ഗോവിൽ നടക്കുന്ന സ്റ്റെല്ല മാരിസിന്റെ ഇരുപത്തിയഞ്ചാമത് ആഗോള സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും തന്റെ ആശംസകളും പ്രാർത്ഥനയും പാപ്പാ രേഖപ്പെടുത്തി.

2022 ഒക്ടോബർ 2 മുതൽ 5 വരെ സ്കോട്ട്‌ലൻഡിലെ ഗ്ലാസ്ഗോവിൽ നടക്കുന്ന സ്റ്റെല്ല മാരിസിന്റെ ഇരുപത്തിയഞ്ചാമത് ആഗോള സമ്മേളനത്തിൽ - Apostleship of the Sea - (കടലിലെ അപ്പോസ്തല ദൗത്യം)  പങ്കെടുക്കുന്ന എല്ലാവർക്കും ആശംസകളും പ്രാർത്ഥനാപൂർവ്വമായ ആശംസകളും അയയ്‌ക്കുന്നു എന്ന് പാപ്പാ എഴുതി.

ഈ സമുദ്ര പ്രേഷിതത്വം സ്ഥാപിതമായതിന്റെ നൂറാം വർഷത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിൽ  വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ അപ്പോസ്തോലിക മോത്തു പ്രോപ്രിയോയെ അനുസ്മരിച്ച പാപ്പാ സ്റ്റെല്ലാമാരിസിന്റെ ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ  ഇന്നത്തെ നാവിക സമൂഹത്തിന്റെ ആവശ്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രേഷിതത്വത്തിന്റെ മാനദണ്ഡങ്ങൾ ആ പരിഷ്കരിച്ചതിനെക്കുറിച്ച് വിവരിച്ചു.

വാസ്‌തവത്തിൽ, ചെറുതും എളിയതുമായ അതിന്റെ തുടക്കം മുതൽ, വിവിധ രാജ്യങ്ങളിലെയും മതപാരമ്പര്യങ്ങളിലെയും അസംഖ്യം നാവികർക്കും നാവികസേനാംഗങ്ങൾക്കും കപ്പലുകളിലും കരയിലും ആത്മീയവും മാനസികവും ഭൗതികവുമായ സഹായം നൽകുന്ന ഒരു വ്യാപകമായ സംഘടനയായി സ്റ്റെല്ല മാരിസ് വളർന്നു എന്ന് പാപ്പാ കൂട്ടി ചേർത്തു.

സൃഷ്ടിയാകുന്ന നമ്മുടെ പൊതു ഭവനത്തിൽ, ഉൾക്കൊള്ളുന്ന വിശാലമായ ജലവിതാനം ജീവിതത്തിനും വാണിജ്യത്തിനും വിനോദസഞ്ചാരത്തിനും ഉൾപ്പെടെ അത്യന്താപേക്ഷിതമാണ്‌ എന്ന് അനുസ്മരിപ്പിച്ച പാപ്പാ, ലോകത്തിലെ ചരക്കുകളുടെ തൊണ്ണൂറു ശതമാനവും നീങ്ങുന്നത് സമുദ്രത്തിലൂടെയാണെന്ന യാഥാർത്ഥ്യവും ചൂണ്ടിക്കാണിച്ചു. അതിനു പിന്നിൽ ഒന്നര ദശലക്ഷത്തിലധികം ആളുകളുടെ ദൈനംദിന അധ്വാനമാണ് ഇത് സാധ്യമാക്കുന്നത് എന്നും അവരിൽ പലരും അവരുടെ കുടുംബങ്ങളുടെയും സാമൂഹികവും മതപരവുമായ സമൂഹങ്ങളുടെയും പിന്തുണയിൽ നിന്നും മാസങ്ങളോളം അകലെയാണ് എന്നും പാപ്പാ സന്ദേശത്തിൽ അനുസ്മരിച്ചു. എല്ലാവർക്കും അറിയാവുന്നതുപോലെ, അത്തരം ഒറ്റപ്പെടലുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ വർദ്ധിപ്പിച്ച മഹാമാരിയുടെ സമയത്ത് സ്റ്റെല്ല മാരിസ് നൽകിയ ശുശ്രൂഷയുടെ പ്രാധാന്യം അടിവരയിടുകയും ചെയ്തു.

ഇപ്പോൾ ലോകം മഹാമാരിയിൽ നിന്ന് ക്രമേണ മോചിതമാകുമ്പോൾ, ഈ കോൺഗ്രസ് അവരുടെ സമ്പന്നമായ ചരിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കടലുമായി ബന്ധപ്പെട്ട് ജീവിക്കുകയും ജീവിത മാർഗ്ഗം തേടുകയും ചെയ്യുന്നവർക്ക് എങ്ങനെ തങ്ങളുടെ സേവനം തുടരാം എന്നതിനെക്കുറിച്ച് ചിന്തിക്കാൻ അവസരം നൽകുന്നു എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ഇക്കാര്യത്തിൽ, സാങ്കേതികവിദ്യയുടെ പുരോഗതി ഉണ്ടായിരുന്നിട്ടും, പല കപ്പൽ തൊഴിലാളികളും അവരുടെ ജന്മനാട്ടിൽ നിന്നുള്ള വേർപെടുത്തലുമായി ബന്ധപ്പെട്ട വെല്ലുവിളികൾക്ക് വിധേയരാണെന്ന് പാപ്പാ വ്യക്തമാക്കി. കൂടാതെ വിവിധതരം അന്യായ തൊഴിൽ സാഹചര്യങ്ങളും അവകാശനിഷേധങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങളും മൂലം അവരുടെ സാഹചര്യങ്ങൾ വഷളായിക്കൊണ്ടിരിക്കുന്നു എന്നും നമുക്ക് നന്നായി അറിയാം. പാപ്പാ സന്ദേശത്തിൽ രേഖപ്പെടുത്തി.

സമുദ്ര സംബന്ധ സമൂഹത്തിനുള്ളിൽ പലർക്കും ദൈവം നൽകിയ മാനുഷിക അന്തസ്സ് നഷ്ടപ്പെടുത്തുന്ന പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധയാകർഷിക്കുന്നതിൽ സ്റ്റെല്ല മാരിസ് ഒരിക്കലും വ്യതിചലിക്കില്ല എന്ന് താൻ വിശ്വസിക്കുന്നുവെന്ന് പ്രത്യാശ പ്രകടിപ്പിച്ച പാപ്പാ ഈ വിധത്തിൽ, "ഞാൻ പരദേശിയായിയിരുന്നു, നിങ്ങൾ എന്നെ സ്വീകരിച്ചു" (മത്തായി 25:35) എന്ന യേശുവിന്റെ വാക്കുകൾ പ്രാവർത്തികമാക്കുന്നതിനുള്ള ശ്രേഷ്ഠമായ സേവനം ഈ അപ്പോസ്തല പ്രവർത്തനം തുടരുമെന്നും കൂട്ടിചേർത്തു.

ഈ വികാരങ്ങളോടെ  കോൺഗ്രസിനും, ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട ഈ പ്രേഷിത ദൗത്യത്തിനും വേണ്ടിയുള്ള തന്റെ പ്രാർത്ഥനാപൂർവമായ ആശംസകൾ നവീകരിച്ച് കൊണ്ട്  തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന അപേക്ഷയോടെ സമുദ്ര റാണിയായ മറിയത്തിന്റെ സ്നേഹപൂർവ്വമായ സംരക്ഷണത്തിനായി ചാപ്ലെയിൻമാരെയും സന്നദ്ധപ്രവർത്തകരെയും സ്റ്റെല്ല മാരിസുമായി ബന്ധപ്പെട്ട എല്ലാവരെയും പാപ്പാ  ഭരമേൽപ്പിച്ചു. കർത്താവായ ക്രിസ്തുവിൽ ധൈര്യത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആശീർവ്വാദം നൽകുകയും ചെയ്തുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 October 2022, 12:46