തിരയുക

ഫ്രാൻസീസ് പാപ്പാ. വത്തിക്കാൻ ഉദ്യാനത്തിൽ ലൂർദ്ദുനാഥയുടെ ഗഹ്വരത്തിൽ, അഥവാ, ഗ്രോട്ടൊയിൽ ദിവ്യബലി അർപ്പിക്കുന്നു, 01/10/22 ഫ്രാൻസീസ് പാപ്പാ. വത്തിക്കാൻ ഉദ്യാനത്തിൽ ലൂർദ്ദുനാഥയുടെ ഗഹ്വരത്തിൽ, അഥവാ, ഗ്രോട്ടൊയിൽ ദിവ്യബലി അർപ്പിക്കുന്നു, 01/10/22 

പാപ്പാ: നിശ്ചലമാകരുത്, ജീവിതത്തിൽ മുന്നോട്ടു ചലിക്കണം!

ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിലെ സുരക്ഷാപോലീസ് വിഭാഗത്തിനു വേണ്ടി ഈ മാസം ഒന്നാം തീയതി ശനിയാഴ്‌ച വൈകുന്നേരം (01/10/22) വത്തിക്കാൻ ഉദ്യാനത്തിൽ ലൂർദ്ദുനാഥയുടെ ഗ്രോട്ടൊയിൽ ദിവ്യബലി അർപ്പിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ജീവിതത്തിൽ നാം സദാ മുന്നോട്ടു പോകുകയും വളരുകയും പുനരാരംഭിക്കുകയും വേണമെന്ന് മാർപ്പാപ്പാ.

വത്തിക്കാനിലെ സുരക്ഷാപോലീസ് വിഭാഗത്തിനു വേണ്ടി ഈ മാസം ഒന്നാം തീയതി ശനിയാഴ്‌ച വൈകുന്നേരം (01/10/22) വത്തിക്കാൻ ഉദ്യാനത്തിൽ ലൂർദ്ദുനാഥയുടെ ഗഹ്വരത്തിൽ, അഥവാ, ഗ്രോട്ടൊയിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേ സുവിശേഷ ചിന്തകൾ പങ്കുവയ്ക്കുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

നിനക്കു ലഭിച്ച ദൈവിക വരം വീണ്ടും ഉജ്ജ്വലിപ്പിക്കണം എന്ന പൗലോസ് തിമോത്തെയോസിനെഴുതിയ രണ്ടാം ലേഖനം ഒന്നാം അദ്ധ്യായത്തിലെ ആറാമത്തെതായ വാക്യവും വിശ്വാസം വർദ്ധിപ്പിക്കണമേ എന്ന അപ്പോസ്തൊലന്മാരുടെ അഭ്യർത്ഥനെയക്കുറിച്ച് പരാമർശിക്കുന്ന ലൂക്കായുടെ സുവിശേഷം പതിനേഴാം അദ്ധ്യായത്തിലെ വാക്യവും ആയിരുന്നു പാപ്പായുടെ വിചിന്തനത്തിന് ആധാരം.

വളരാത്തതും നിശ്ചലമായതും, വിശിഷ്യ, കെട്ടിക്കിടക്കുന്ന ജലം മലിനമായിത്തീരുന്നത് ഉദാഹരിച്ചുകൊണ്ട് പാപ്പാ സേവനം ചെയ്യുക എന്ന വിളി സ്വീകരിച്ച സുരക്ഷാ പ്രവർത്തകർ അവരുടെ ആ വിളിയിൽ അനുദിനം വളരേണ്ടതിൻറെ ആവശ്യകത എടുത്തുകാട്ടി.

നാം ഒരു ശീലത്തിൽ നിപതിക്കുന്ന അപകടത്തെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു. ഈ അപകടം വൈദികർക്കിടയിലും സംഭവിക്കുന്നുണ്ടെന്ന വസ്തുത എടുത്തുകാട്ടിയ പാപ്പാ, ഒരുവൻ ശീലത്തിൽ വീണുപോയാൽ അവനു സംഭവിക്കുക ആരോഹണത്തിനു പകരം അവരോഹണം ആയിരിക്കുമെന്ന് അവൻ വളരുകയല്ല, മറിച്ച് താഴേയ്ക്ക് പോകുകയായിരിക്കും ചെയ്യുകയെന്ന് വിശദീകരിച്ചു.

ഈ യാന്ത്രികത, ശീലം വൈദികരുടെ സേവനമെന്ന ജീവിതത്തിൽ ഏറെ മോശമായ ഒരു കാര്യമാണെന്നും അവിടെ മന്ദോഷ്ണത പിറവിയെടുക്കുമെന്നും പാപ്പാ പറഞ്ഞു. സേവനമെന്ന വിളിയിൽ മന്ദതയോടെയല്ല മുന്നേറേണ്ടതെന്നും ഇവിടെ വേണ്ടത്, വിശ്വാസത്തിൻറെയും ഉപവിയുടെയും ശക്തിയുടെയും അരൂപിയാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 October 2022, 14:33