തിരയുക

വൈദികരും സെമിനാരിക്കാരുമായ റോമിലെ സമർപ്പിതവിദ്യാർത്ഥികൾ ഫ്രാൻസിസ് പാപ്പായ്‌ക്കൊപ്പം വൈദികരും സെമിനാരിക്കാരുമായ റോമിലെ സമർപ്പിതവിദ്യാർത്ഥികൾ ഫ്രാൻസിസ് പാപ്പായ്‌ക്കൊപ്പം 

ആടുകളുടെ മണമുള്ള ഇടയാന്മാരാകുക: ഫ്രാൻസിസ് പാപ്പാ

ഒക്ടോബർ 24 തിങ്കളാഴ്ച വത്തിക്കാനിൽ വൈദികരും സെമിനാരിക്കാരുമായ റോമിലെ സമർപ്പിതവിദ്യാർത്ഥികൾക്ക് അനുവദിച്ച അഭിമുഖത്തിൽ പരിശീലനകാലം വിവേകപൂർവ്വം വിനിയോഗിക്കുവാനും ആടുകളുടെ മണമുള്ള ഇടയന്മാരായി തുടരുവാനും ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഒക്ടോബർ 24 തിങ്കളാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ  വൈദികരും സെമിനാരിക്കാരുമായ റോമിലെ സമർപ്പിതവിദ്യാർത്ഥികൾക്ക് അനുവദിച്ച സുദീർഘമായ അഭിമുഖത്തിൽ ആത്മീയതയിൽ വളരാനും എന്നാൽ അതേസമയം ആടുകളുടെ മണമുള്ള ഇടയന്മാരായി തുടരാനും ഫ്രാൻസിസ് പാപ്പാ വൈദികരോടും വൈദികവിദ്യാർത്ഥികളോടും ആവശ്യപ്പെട്ടു. സമർപ്പിതരിൽനിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകിക്കൊണ്ടാണ് പാപ്പാ ഈ സമ്മേളനത്തിൽ വൈദികരോടും സെമിനാരിക്കാരോടും സംവദിച്ചത്.

മറ്റുള്ളവരോടുള്ള പെരുമാറ്റം

മറ്റുള്ളവരുമായുള്ള ബന്ധങ്ങളിൽ, പ്രത്യേകിച്ച് ഭാഷയിൽ ഒരാളുടെ പക്വത അറിയാൻ സാധിക്കുമെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ശിരസിന്റെയും, ഹൃദയത്തിന്റെയും കരങ്ങളുടെയും ഭാഷയെക്കുറിച്ച് പറഞ്ഞു. നമ്മുടെ ഉള്ളിൽ തോന്നുകയും നാം ചെയ്യുകയും ചെയ്യുന്നവയെപ്പറ്റി ചിന്തിക്കുക, ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരിക്കുക, നാം ചിന്തിക്കുകയും നമുക്ക് ബോധ്യമുള്ളതുമായ കാര്യങ്ങൾ ചെയ്യുക എന്നിങ്ങനെ ഈ മൂന്ന് ഭാഷകളും വിവേകപൂർവ്വം ഉപയോഗിക്കുവാൻ പാപ്പാ ആഹ്വാനം ചെയ്തു. ദൈവത്തിന്റേതായ ശൈലി സ്വന്തമാക്കുവാൻ ഏവരോടും ആവശ്യപ്പെട്ട പാപ്പാ, ഒരു പുരോഹിതന്റെ ശൈലി അനുകമ്പയുടേയും ആർദ്രതയുടേയും ആയിരിക്കണമെന്ന് ഓർമ്മിപ്പിച്ചു.

ആടുകളുടെ മണമുള്ള ഇടയന്മാർ

എപ്രകാരമാണ് ആടുകളുടെ മണമുള്ള ഇടയന്മാരായിരിക്കുക എന്ന ചോദ്യത്തിന്, വിദ്യാർത്ഥികളായ സെമിനാരിക്കാരായിരിക്കുമ്പോഴും, വൈദികരായിരിക്കുമ്പോഴും, ഏതെങ്കിലും ഓഫിസുകളിൽ ജോലി ചെയ്യുമ്പോഴും, വിശ്വാസികളായ ആളുകളുമായുള്ള ബന്ധം കാത്തുസൂക്ഷിക്കേണ്ടത് പ്രധാനപ്പെട്ടതാണെന്ന് പാപ്പാ ഉത്തരം നൽകി. ഒരു തത്വചിന്തകനോ, ദൈവശാസ്ത്രജ്ഞനോ, നല്ല ജോലിക്കാരനോ അയാൽ മാത്രം പോര മറിച്ച്, ആടുകളുടെ മണമുള്ള ഇടയാനാവുക എന്നത് പ്രധാനപ്പെട്ടതാണെന്ന് പാപ്പാ ആവർത്തിച്ചു.  ഇടവകകളിലോ, ചെറുപ്പക്കാരോ വയോധികരോ ആയ ആളുകൾ താമസിക്കുന്ന സ്ഥാപനങ്ങളിലോ ഉള്ള സേവനത്തിലൂടെ ദൈവജനവുമായുള്ള ബന്ധം നിലനിറുത്തേണ്ടത് ആവശ്യമാണെന്ന് പാപ്പാ എടുത്തുപറഞ്ഞു. വൈദികർ, പ്രാർത്ഥനയിലൂടെ ദൈവവുമായും, തങ്ങളുടെ മെത്രാന്മാരുമായും, മറ്റു വൈദികരുമായും, ദൈവജനവുമായും ഉള്ള നാലുതരം ബന്ധങ്ങൾ കാത്തുസൂക്ഷിക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. ദൈവജനവുമായി അടുപ്പമില്ലെങ്കിൽ ഒരു വൈദികൻ നല്ല ഒരു പുരോഹിതനായിരിക്കില്ല എന്ന് പാപ്പാ വ്യക്തമാക്കി.

പൗരോഹിത്യം ഒരു തൊഴിലല്ല

പൗരോഹിത്യം ദൈവത്തിനുള്ള വിശുദ്ധമായ ഒരു സേവനമാണെന്ന് ഓർമ്മിപ്പിച്ചു പാപ്പാ, ഒരിക്കലും ഇത് ഒരു തൊഴിലായി മാറരുതെന്ന് ആവശ്യപ്പെട്ടു. വൈദികവൃത്തിയിൽ തൊഴിൽനേട്ടത്തിനായി പരിശ്രമിക്കുന്നവർ ഒരു സേവകനല്ല, ചതിയനാണെന്ന് പാപ്പാ പറഞ്ഞു. സ്ഥാനമോഹങ്ങൾക്കായി പരിശ്രമിക്കുന്ന വൈദികർ തെറ്റായ പാതയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി. വൈദിക ജീവിതത്തിൽ മെച്ചപ്പെടുക എന്നാൽ ഉയർന്ന സ്ഥാനങ്ങൾ നേടുക എന്നതല്ല അർത്ഥമാക്കേണ്ടത് എന്ന് പാപ്പാ ആവർത്തിച്ചു. മറ്റുള്ളവരുമായുള്ള നല്ല ബന്ധങ്ങളും, അജപാലനപ്രവർത്തനങ്ങളും, മറ്റുള്ളവർക്ക് നൽകുന്ന ശുശ്രൂഷകളുമാണ് പ്രധാനപ്പെട്ടത്.

കുമ്പസാരവും ആധ്യാത്മികജീവിതവും

സമർപ്പിതജീവിതത്തിൽ ആധ്യാത്മികസഹായം തേടുന്നത് പ്രധാനപ്പെട്ടതാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. കുമ്പസാരിക്കുന്നതും ആധ്യാത്മികഉപദേഷ്ടാവിന്റെ സഹായം തേടുന്നതും വ്യത്യസ്തമാണെന്ന കാര്യം പാപ്പാ എടുത്തുപറഞ്ഞു. പാപങ്ങൾ ക്ഷമിക്കപ്പെടുവാൻ വേണ്ടി കുമ്പസാരക്കാരന്റെ അടുത്തേക്ക് പോകുമ്പോൾ, ഹൃദയത്തിലെ ചിന്തകളും ആത്മീയവികാരങ്ങളും പങ്കുവയ്ക്കുവാനും, മാർഗ്ഗനിർദ്ദേശങ്ങൾ തേടുവാനുമാണ് ആധ്യാത്മികപിതാവിന്റെ അടുത്തേക്ക് പോകുന്നതെന്ന് പാപ്പാ വ്യക്തമാക്കി. ആധ്യാത്മിക ജീവിതത്തിലുള്ള വളർച്ചയ്ക്ക് കുമ്പസാരം മാത്രം പോരെന്നും, ആധ്യാത്മികപിതാവിലൂടെയുള്ള നിർദ്ദേശങ്ങളും പ്രധാനപ്പെട്ടതാണെന്നും പാപ്പാ എടുത്തുപറഞ്ഞു. അതേസമയം കുമ്പസാരം ഒഴിവാക്കി, ആധ്യാത്മികനിർദ്ദേശങ്ങൾ മാത്രം തേടി ജീവിക്കാൻ പരിശ്രമിക്കുന്നതും തെറ്റാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ആധ്യാത്മികനിർദ്ദേശങ്ങൾ നൽകുവാൻ സാധിക്കുന്നത്, പൗരോഹിത്യവുമായി മാത്രം ബന്ധപ്പെട്ട ഒരു സിദ്ധിയല്ലെന്ന് പറഞ്ഞ പാപ്പാ, മറിച്ച് ഇത് ജ്ഞാനസ്നാനവുമായി ബന്ധപ്പെട്ട ഒരു സിദ്ധിയാണെന്ന് ഉദ്‌ബോധിപ്പിച്ചു. ആധ്യാത്മികജീവിതത്തിൽ ഒരു ആധ്യാത്മികപിതാവിനാൽ നയിക്കപ്പെടുന്നത് ഏറെ പ്രധാനപ്പെട്ടതെന്ന് പാപ്പാ ഊന്നിപ്പറഞ്ഞു. ആധ്യാത്മികമായി മറ്റൊരാളെ അകമ്പടി ചെയ്യാൻ ഒരു പുരോഹിതനോ മെത്രാനോ മാത്രമല്ല ഒരു സന്യസ്‌തയ്‌ക്കോ അൽമായർക്കോ പോലും സാധിക്കുമെന്നും പാപ്പാ വ്യക്തമാക്കി.

വിശ്വാസം ഉണ്ടായിരിക്കുക എന്നാൽ ജീവിതത്തിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടായിരിക്കുക എന്ന അർത്ഥമില്ലെന്നും, യേശുവിനൊപ്പം ആയിരിക്കുക എന്ന അർത്ഥം മാത്രമേ ഉള്ളൂ എന്നും പാപ്പാ ഓർമ്മിപ്പിച്ചു. ജീവിതത്തിലെ പ്രതിസന്ധികളിൽ മുന്നോട്ടു പോകുവാനും, വീഴ്ചകളിൽ തകരാതെ വീണ്ടും എണീറ്റ് നടക്കുവാനും പരിശ്രമിക്കണമെന്ന് പാപ്പാ സമർപ്പിതരെ ഓർമ്മിപ്പിച്ചു. ഇന്റർനെറ്റ് പോലുള്ള സമ്പർക്കസഹായികൾ വിവേകപൂർവ്വം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പാപ്പാ എടുത്തുപറഞ്ഞു.

ഉക്രൈൻ

സഭ ഒരു മാതാവെന്ന നിലയിൽ, യുദ്ധങ്ങളുടെ മുന്നിൽ വേദനിക്കുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു. ഉക്രൈനിൽനിന്നുള്ള ഒരു വൈദികന്റെ ചോദ്യത്തിനുള്ള മറുപടി പറയവെയാണ് പാപ്പാ ഇങ്ങനെ ഓർമ്മിപ്പിച്ചത്. ഒരു അമ്മയെന്ന നിലയിൽ സഹനത്തിലൂടെ കടന്നുപോകുന്ന ആളുകളുടെ സമീപത്തായിരിക്കുവാനാണ് സഭ ശ്രമിക്കുക. അതേസമയം സമാധാനത്തിനായി പരിശ്രമിക്കുക എന്നതും സഭാമാതാവിന്റെ പ്രത്യേകതയാണെന്ന് പാപ്പാ വ്യക്തമാക്കി. ക്രൈസ്തവർ എന്ന നിലയിൽ, അക്രമികൾക്ക് വേണ്ടിക്കൂടി പ്രാർത്ഥിക്കാൻ നമുക്ക് കടമയുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു. അവർ മനഃസ്ഥാപിച്ചു പരിവർത്തിതരാകാനും, സമാധാനത്തിലേക്ക് തിരികെ വരാനും വേണ്ടി പ്രാർത്ഥിക്കുവാൻ പാപ്പാ ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 ഒക്‌ടോബർ 2022, 16:47