പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിച്ച് ഒരുമിച്ച് സഞ്ചരിക്കാം: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
തെക്കേ ആഫ്രിക്കയിലെ ഡർബന്റെ പ്രാന്തപ്രദേശങ്ങളിൽ സ്ഥാപിക്കപ്പെട്ട മരിയൻ ഹിൽ സമൂഹത്തിന്റെ പതിനേഴാമത് ജനറൽ ചാപ്റ്ററിന്റെ പര്യവസാനത്തിൽ, സമൂഹപ്രതിനിധികളെ ഒക്ടോബർ 20-ന് വത്തിക്കാനിൽ സ്വീകരിച്ച ഫ്രാൻസിസ് പാപ്പാ, പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിച്ച്, ഒരുമിച്ച് സുവിശേഷശുശ്രൂഷയിൽ മുന്നേറാൻ അവർക്ക് സാധിക്കട്ടെയെന്ന് ആശംസിച്ചു. സുവിശേഷവത്കരണത്തിനായുള്ള അഭിനിവേശമാണ്, ഫ്രാൻസ് ഫാന്നെർ ആബട്ടിനെയും മറ്റു ട്രാപ്പിസ്റ് സമൂഹാംഗങ്ങളെയും പ്രത്യേകമായ ഒരു അപ്പസ്തോലപ്രവർത്തനത്തിന് പ്രേരിപ്പിച്ചതെന്ന് പാപ്പാ അനുസ്മരിച്ചു.
ജനറൽ ചാപ്റ്ററിലെ വിചിന്തനങ്ങളും തീരുമാനങ്ങളും, സഭാംഗങ്ങളെ സഭയുടെ സ്ഥാപനോദ്ദേശത്തിൽ സ്ഥിരീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാപ്പാ പറഞ്ഞു. സുവിശേഷോപദേശങ്ങളോടുള്ള വിശ്വസ്തതയിലും, ജനതകളോടുള്ള സുവിശേഷപ്രഘോഷണത്തിനായുള്ള അഭിവാഞ്ചയിലും, വിശുദ്ധിയിലും നീതിയിലും സമാധാനത്തിലുമുള്ള ക്രിസ്തുരാജ്യത്തിന്റെ വളർച്ചയ്ക്കും ഈ കൂട്ടായ്മ സഹായിക്കുമെന്നും പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.
ഐക്യദാർഢ്യം: ഒരേ ആത്മാവും, ഒരേ ലക്ഷ്യവും ഉണ്ടാകുവാൻ വിളിക്കപ്പെട്ടവർ എന്ന ആപ്തവാക്യത്തിൽ അടിസ്ഥാനമിട്ട ഇത്തവണത്തെ ജനറൽ ചാപ്റ്റർ, അടുത്ത വർഷം മെത്രാന്മാരുടെ സിനഡൽ സമ്മേളനം നടക്കാനൊരുങ്ങുന്ന ആഗോളസഭ സിനഡൽ പ്രക്രിയയിലൂടെ മുന്നോട്ടുപോകുന്നതിലുള്ള പ്രാധാന്യത്തെ എടുത്തുകാട്ടുന്ന ഇക്കാലത്ത് ശ്രദ്ധേയമാണെന്ന് പാപ്പാ പറഞ്ഞു., ആധ്യാത്മിക വിചിന്തങ്ങൾ വഴിയും, പരസ്പരാകണ്ടുമുട്ടലുകളും ആലോചനകളും വഴി സഭാകൂട്ടായ്മയെ വളർത്തുക, എല്ലാ ക്രൈസ്തവരുടെയും മിഷനറി ദൗത്യം ഉയർത്തിക്കാട്ടുക തുടങ്ങിയ കാര്യങ്ങളാണ് സഭ സിനഡിലൂടെ ഉദ്ദേശിക്കുന്നത്.
മരിയൻ ഹിൽ മിഷനറി സമൂഹത്തിന്റെ സ്ഥാപനാരംഭം മുതൽ സുവിശേഷപ്രഘോഷണത്തിനും, പ്രാദേശികദൈവവിളികളെ പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധ നല്കിയിരുന്നതും, സമ്പൂർണ്ണ മാനവികവികസനത്തിന് ഊന്നൽ നല്കിയിരുന്നതും പാപ്പാ അനുസ്മരിച്ചു. സിനഡൽ പ്രക്രിയ ഒരുമിച്ച് സഞ്ചരിക്കാനും, ഒരുമിച്ച് ശ്രവിക്കാനുമാണ് നമ്മെ ക്ഷണിക്കുന്നതെങ്കിൽ, ആദ്യം ശ്രവിക്കേണ്ട സ്വരം പരിശുദ്ധാത്മാവിന്റേതാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
വത്തിക്കാൻ ചത്വരത്തിൽ ഒബിലിസ്ക് സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഫാന്നെർ ആബട്ടിൽ ഉണ്ടാക്കിയ ചിന്തകളെ അധികരിച്ച്, നമ്മുടെ പ്രവൃത്തികളെ മെച്ചപ്പെടുത്താനും, ഹൃദയത്തിട്നെ കഠിനതയെ മൃദുവാക്കാനും പരിശുദ്ധാത്മാവിന്റെ ജലം നമുക്ക് ആവശ്യമാണെന്ന് പാപ്പാ പറഞ്ഞു. ആത്മാവിന്റെ വർഷത്തിലൂടെ വിശുദ്ധിയിലും, സുവിശേഷത്തിനുവേണ്ടിയുള്ള ആത്മാർത്ഥമായ സേവനത്തിലുമുള്ള വളർച്ചയ്ക്കുവേണ്ടി തന്റെ പ്രാർത്ഥനകൾ ഫ്രാൻസിസ് പാപ്പാ ഉറപ്പുനൽകി.
മൃദുവായ ഹൃദയങ്ങൾ സൂക്ഷിക്കാൻ സാധിക്കട്ടെയെന്ന് ആശംസിച്ച പാപ്പാ, ഏവരോടും പ്രാർത്ഥനാസഹായം ആവശ്യപ്പെട്ടുകൊണ്ടാണ് തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: