ഉക്രൈനുവേണ്ടി ദൈവകാരുണ്യം അപേക്ഷിക്കാം: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ദൈവകാരുണ്യത്തിന്റെ അപ്പസ്തോല എന്നറിയപ്പെടുന്ന വിശുദ്ധ ഫൗസ്തിന കൊവാൽസ്ക്കയുടെ തിരുനാൾ ദിനത്തിൽ ഉക്രൈനുവേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കാമെന്ന് ഫ്രാൻസിസ് പാപ്പാ. ബുധനാഴ്ചകളിൽ പതിവുപോലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടത്തിവരുന്ന പൊതുകൂടിക്കാഴ്ചാവേളയിൽ, പോളണ്ടിൽനിന്നുള്ള തീർത്ഥാടകരെ അഭിസംബോധന ചെയ്യവെയാണ് ഉക്രൈനിലെ സ്ഥിതിയെക്കുറിച്ച് പാപ്പാ അനുസ്മരിച്ചത്.
തന്റെ കരുണയിൽ നമ്മുടെ രക്ഷ തേടാൻ വിശുദ്ധ ഫൗസ്തിനയിലൂടെ ദൈവം നമ്മെ പഠിപ്പിക്കുന്നു എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഉക്രൈനിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ സാഹചര്യത്തിൽ നമുക്ക് ഇത് അനുസ്മരിക്കാമെന്ന് പറഞ്ഞ പാപ്പാ, ഒക്ടോബർ 2 ഞായറാഴ്ച ത്രികാലജപപ്രാർത്ഥനാവേളയിൽ താൻ പറഞ്ഞിരുന്നതുപോലെ, മനുഷ്യമനസ്സുകളെ പരിവർത്തനം ചെയ്യാൻ കഴിവുള്ള ദൈവത്തിന്റെ കരുണയിലും, സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിലും നമുക്ക് ശരണം തേടാമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
ഉക്രൈനിലെ ജനജീവിതം കഠിനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന സ്ഥിതിയിൽ സമാധാനസാധ്യതകൾ ഇനിയും വ്യക്തമല്ല. ഉക്രൈനിൽ യുദ്ധം അവസാനിക്കുന്നതിനും സമാധാനം സ്ഥാപിക്കപ്പെടുന്നതിനും വേണ്ടി സാധിക്കുന്ന അവസരങ്ങളിലൊക്കെ ഫ്രാൻസിസ് പാപ്പാ സ്വരമുയർത്തുകയും, പ്രത്യേക ദൂതർ മുഖേന ഇടപെടലുകൾ നടത്തുകയും ചെയ്യുന്നുണ്ട്.
ഇന്നേ ദിവസം ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലും പാപ്പാ ഉക്രൈനിലെ ജനതയെ ഹൃദയങ്ങളിൽ പരിവർത്തനം നടത്താൻ കഴിവുള്ള ദൈവത്തിന്റെ കരുണയ്ക്ക് സമർപ്പിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
EN: Today we remember #StFaustinaKowalska. Through her, God taught the world to seek salvation in his mercy. Let us remember this especially when thinking of the war in #Ukraine. Let us trust in God's mercy which can change hearts. #Peace
IT: Oggi ricordiamo #SantaFaustinaKowalska. Tramite lei, Dio indicò al mondo di cercare la salvezza nella sua misericordia. Ricordiamolo soprattutto pensando alla guerra in #Ucraina: confidiamo nella misericordia di Dio, che può cambiare i cuori. #Pace
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: