കോംഗോ: മബോജയിലെ കിരാത ആക്രമണത്തെ പാപ്പാ അപലപിച്ചു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയിൽ വടക്കൻ പ്രവിശ്യയായ കിവുവിലെ മബോജയിൽ, ഒരു സന്ന്യാസിനി ഉൾപ്പെടെ ഏഴു പേരുടെ മരണത്തിനിടയാക്കിയ കിരാത ആക്രമണത്തെ ഫ്രാൻസിസ് പാപ്പാ അപലപിച്ചു. ഈ അക്രമണത്തെക്കുറിച്ച് സംസാരിക്കവെ, ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയിൽ "രക്തരൂക്ഷിതമായ അക്രമണങ്ങൾക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്" എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ആരോഗ്യപരിപാലനരംഗത്ത് പ്രവർത്തിച്ചിരുന്ന ഒരു സന്ന്യസ്ഥയാണ് കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഒക്ടോബർ 20 ബുധനാഴ്ച വൈകിട്ടാണ് വടക്കൻ കിവു പ്രദേശത്തുള്ള കത്തോലിക്കാ മിഷൻ ആശുപത്രിക്കുനേരെ അക്രമികൾ വെടിയുതിർത്തത്. ഒക്ടോബർ 26 ബുധനാഴ്ച വത്തിക്കാനിൽ വച്ച് നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ ഈ സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
പൊതുകൂടിക്കാഴ്ചാവേളയുടെ അവസാനത്തിൽ വിവിധ ഭാഷക്കാരായ തീർത്ഥാടകരോട് സംസാരിക്കവെയാണ് പാപ്പാ ഈ അക്രമണത്തെക്കുറിച്ച് പരാമർശിച്ചത്. "നിസ്സഹായരായ ഈ ആളുകൾ കൊല്ലപ്പെട്ട" സംഭവത്തിൽ "ഇരകളായവർക്കും അവരുടെ കുടുംബങ്ങൾക്കും ക്രൈസ്തവസമൂഹത്തിനും, അവിടുത്തെ പ്രാദേശിക നിവാസികൾക്കും വേണ്ടി പ്രാർത്ഥിക്കാമെന്ന്" പാപ്പാ പറഞ്ഞു. "ഏറെ നാളുകളായി തുടരുന്ന ആക്രമണങ്ങളിൽ അവിടുത്തെ ജനങ്ങൾ തളർന്നിരിക്കുകയാണെന്നും" പാപ്പാ കൂട്ടിച്ചേർത്തു.
ബുധനാഴ്ച അർദ്ധരാത്രി നടന്ന ഈ ആക്രമണം കോംഗോയിലെ ഇസ്ലാമിക വിമത ഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (Allied Democratic Forces - ADF) നടത്തിയതാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ആക്രമണത്തിന് ശേഷം, മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും തട്ടിയെടുത്ത ഈ സംഘം ആശുപത്രികെട്ടിടത്തിന് തീയിടുകയും ചെയ്തിരുന്നു.
ഒക്ടോബർ 26 ബുധനാഴ്ച ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയും ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയിലുണ്ടായ ഈ അക്രമണത്തിനെതിരെ പാപ്പാ എഴുതിയിരുന്നു.
"ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് #കോംഗോയിലെ മബോജയിൽ നടന്ന ആക്രമണത്തെ ഞാൻ അപലപിക്കുന്നു, അവിടെ ആരോഗ്യപരിപാലനത്തിൽ ഏർപ്പെട്ടിരുന്ന ഒരു സന്ന്യസ്ഥ ഉൾപ്പെടെ പ്രതിരോധശേഷിയില്ലാത്ത ആളുകൾ കൊല്ലപ്പെട്ടു. ഇരകൾക്കും, അക്രമത്താൽ തളർന്ന ആ പ്രദേശത്തെ നിവാസികൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം" എന്നായിരുന്നു പാപ്പായുടെ ട്വിറ്റർ സന്ദേശം.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
EN: I deplore the asault in Maboya, in the Democratic Republic of the #Congo, where defenceless people, including a religious sister engaged in healthcare, were killed. Let’s #PrayTogether for the victims and inhabitants of that region, exhausted by violence.
IT: Deploro l’assalto avvenuto a Maboja, nella Repubblica Democratica del #Congo, dove sono state uccise persone inermi tra cui una religiosa impegnata nell’assistenza sanitaria. #PreghiamoInsieme per le vittime e gli abitanti di quella regione, stremati dalla violenza.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: