പാപ്പാ: പ്രാർത്ഥനയ്ക്കും കൂടികാഴ്ചയ്ക്കും ലോകത്തെ മാറ്റാൻ കഴിയും
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
സഭയുടെ സിനഡൽ പ്രക്രിയയെക്കുറിച്ച് വിചിന്തനം ചെയ്തു കൊണ്ട് റോമിൽ നടക്കുന്ന അജപാലന രൂപീകരണ ദിനങ്ങൾ കൂട്ടായ്മയുടെ അടയാളമാണെന്ന് സന്ദേശത്തിൽ പറഞ്ഞു.
യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം ശിഷ്യന്മാർ മുകളിലത്തെ മുറിയിൽ സമ്മേളിച്ചതിനെ ഓർമ്മിപ്പിച്ച് കൊണ്ട് അത്പോലെ നമ്മളും പരസ്പരം കൂടി കാഴ്ച നടത്താനും, ഐക്യത്തിൽ നിലകൊള്ളാനും, മറ്റുള്ളവരാൽ വെല്ലുവിളിക്കപ്പെടാൻ അനുവദിക്കാനും, പരസ്പരം സഹായിക്കാനും ആഹ്വാനം ചെയ്തു. വിവിധ തരത്തിലുള്ള ദൈവ വിളികൾ, സിദ്ധികൾ, ശുശ്രൂഷകൾ എന്നിവയുടെ വൈവിധ്യത്താൽ പരസ്പരം സമ്പന്നരാകാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു എന്ന് പാപ്പാ വ്യക്തമാക്കി. ഒരു ജീവിതത്തെ മാറ്റിമറിക്കാൻ ഒരു കൂടികാഴ്ചയ്ക്ക് കഴിയും എന്ന് പാപ്പാ കൂട്ടി ചേർത്തു. കൈപിടിച്ചുയർത്തുകയും, സൗഖ്യം നൽകുകയും ചെയ്യുന്ന ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചകളാൽ സുവിശേഷം നിറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞ പാപ്പാ കൂടിക്കാഴ്ചയ്ക്ക് തുറന്ന മനസ്സും, ധൈര്യവും, സ്വയം വെല്ലുവിളിക്കപ്പെടാനുള്ള സന്നദ്ധതയും ആവശ്യമാണെന്ന് പങ്കുവച്ചു.
കുടിക്കാഴ്ച നമ്മെ രൂപാന്തരപ്പെടുത്തുകയും നാം സങ്കൽപ്പിക്കാത്ത പുതിയ പാതകൾ എപ്പോഴും തുറന്ന് തരുകയും ചെയ്യുന്നു. ശിഷ്യന്മാർ ഉത്സാഹത്തോടെ പ്രാർത്ഥിക്കാൻ ഒരുമിച്ച് കൂടിയതിനെ ചൂണ്ടികാണിച്ച പാപ്പാ ആത്മാവ് പ്രാർത്ഥനയിലൂടെ സഭയോടു എന്താണ് പറയാൻ ആഗ്രഹിക്കുന്നതെന്ന് ശ്രദ്ധിക്കേണ്ടത് ആവശ്യമാണെന്ന് പറഞ്ഞു.
ആത്മീയമായി വിവേചിച്ചറിയലിന്റെയും, സഭാപരമായി വിവേചറിയലിന്റെയും ഒരു യാത്രയാണ് സിനഡ്. അത് എല്ലാറ്റിനുമുപരിയായി ആരാധനയിലും പ്രാർത്ഥനയിലും ദൈവവചനവുമായുള്ള സമ്പർക്കത്തിലൂടെയും നിർവ്വഹിക്കപ്പെടുന്നു. നമ്മുടെ ഇഷ്ടങ്ങളുടെയും, ആശയങ്ങളുടെയും, പദ്ധതികളുടെയും അടിസ്ഥാനത്തിലല്ല. അബ്രഹാമിനെപ്പോലെ പുതിയ വഴികൾ സ്വീകരിക്കാൻ നമ്മെ വിളിച്ച് കൊണ്ട് നമ്മുടെ ശീലങ്ങളിൽ നിന്ന് നമ്മെ പുറത്ത് കടക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നത് വഴി ദൈവം നമുക്ക് പുതിയ പാതകൾ കാണിച്ചുതരുന്നു എന്ന് പാപ്പാ വ്യക്തമാക്കി.
നമ്മോടു സംസാരിക്കുന്ന ദൈവ ശബ്ദത്തെ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പാപ്പാ ഓർമ്മിപ്പിച്ചു. സിനഡ് കൃപയുടെ ഒരു നിമിഷമാണ്. എല്ലാറ്റിനെയും നവീകരിക്കുന്ന ആത്മാവിനാൽ നയിക്കപ്പെടുന്ന ഒരു പ്രക്രിയയാണ്. അത് നമ്മെ ലൗകികതയിൽ നിന്നും, ഭയത്തിൽ നിന്നും, അടച്ചു പൂട്ടലുകളിൽ നിന്നും, ആവർത്തിച്ചുള്ള അജപാലന പരിപാടികളിൽ നിന്നും മോചിപ്പിക്കുന്നു. പാപ്പാ ഓർമ്മപ്പെടുത്തി.
പെന്തക്കോസ്താ ദിവസം എല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് വിവിധ ഭാഷകളിൽ സംസാരിക്കുകയും ആത്മാവ് അവർക്ക് സ്വയം ശക്തി നൽകുകയും ചെയ്തു. ആത്മാവിന്റെ പ്രവർത്തനം ഭയത്താൽ തളർന്നുപോയ ശിഷ്യന്മാരെ മോചിപ്പിക്കുകയും അവരുടെ മാനുഷിക പ്രതിരോധത്തെ മറികടക്കാൻ സഹായിക്കുകയും ചെയ്തു. അത് അവരുടെ ഹൃദയങ്ങളെ വികസിപ്പിക്കുകയും തുറക്കുകയും ചെയ്തു. ഈ ഹൃദയപരിവർത്തനമാണ് ലോകത്തെ മാറ്റാനും സഭയുടെ മുഖം നവീകരിക്കാനും നമ്മെ പ്രാപ്തമാക്കുന്നത്. നമ്മിൽ വസിക്കുന്ന ആത്മാവ്, ആന്തരിക വാർദ്ധക്യത്തിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നു. എല്ലാവരിലേക്കും സുവിശേഷം എപ്പോഴും പുതിയ രീതിയിൽ എത്തിക്കാൻ നമ്മെ കഴിവുറ്റവരാക്കുന്നു എന്ന് പാപ്പാ വിശദീകരിച്ചു.
പരിശുദ്ധാത്മാവിന്റെ മാർഗ്ഗ നിർദ്ദേശത്തിന്റെ കീഴിൽ എല്ലാ ദിവസവും ഒരുമിച്ച് നടക്കാൻ പ്രോത്സാഹിപ്പിച്ച പാപ്പാ ഓരോ മനുഷ്യനോടുമുള്ള ദൈവത്തിന്റെ കരുണാപൂർവ്വകമായ സ്നേഹത്തിന്റെ സദ്വാർത്ത അറിയിക്കാ൯ ആഹ്വാനം ചെയ്തു. അവിടെ സന്നിഹിതരായ എല്ലാവരും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മറ്റ് സഹോദരങ്ങളുമായി, സംസ്കാരങ്ങളുമായി സമ്പർക്കം പുലർത്തുന്നതിന് അവർക്ക് നൽകിയിരിക്കുന്നവയെ പ്രയോജനപ്പെടുത്താനും അവരുടെ അനുഭവവും സമ്മേളനങ്ങളും മുഴുവൻ സഭയുടെയും സിനഡൽ പ്രസ്ഥാനത്തെ സമ്പന്നമാക്കട്ടെ എന്നും ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: