പാപ്പാ: ഒത്തൊരുമിച്ച് ചരിക്കുക, കൃതജ്ഞതാഭാവം പുലർത്തുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വിശുദ്ധ ചാൾസ് ബൊറോമേയുടെ നാമത്തിലുള്ള പ്രേഷിതരുടെ സന്ന്യസ്തസമൂഹത്തിൻറെയും പ്രേഷിതകളുടെ സന്ന്യാസിനി സമൂഹത്തിൻറെയും സ്ഥാപകനായ ഇറ്റലി സ്വദേശി ജൊവാന്നി ബത്തീസ്ത സ്കലബ്രീനി, സലേഷ്യൻ സന്ന്യസ്ത സഹോദരൻ ഇറ്റലി സ്വദേശി അർത്തേമിദെ ത്സാത്തി എന്നിവരെ ഫ്രാൻസീസ് പാപ്പാ ഒക്ടോബർ 9-ന് ഞായറാഴ്‌ച, വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ തൻറെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിച്ച സമൂഹ ദിവ്യബലി മദ്ധ്യേ വിശുദ്ധരായി പ്രഖ്യാപിച്ചു. ഈ തിരുക്കർമ്മ മദ്ധ്യേ വായിക്കപ്പെട്ട, യേശു പറഞ്ഞതനുസരിച്ചു പ്രവർത്തിച്ച പത്തു കുഷ്ഠരോഗികൾ സുഖപ്പെടുന്നതും സൗഖ്യം നേടിയവരിൽ ഒരുവൻ അതു മനസ്സിലാക്കി തിരികെച്ചെന്ന് അവിടത്തോട് നന്ദിപറയുന്നതുമായ സുവിശേഷ സംഭവത്തെ ആധാരമാക്കി പപ്പാ പങ്കുവച്ച സുവിശേഷ ചിന്തകൾ :
നന്ദിയേകാനെത്തുന്ന കുഷ്ഠരോഗ മുക്തൻ
യേശു യാത്രയിലായിരിക്കുമ്പോൾ, അവിടത്തെ കണ്ട പത്തു കുഷ്ഠരോഗികൾ ഉച്ചത്തിൽ അപേക്ഷിച്ചു: "ഞങ്ങളോട് കരുണയുണ്ടാകേണമേ" (ലൂക്കാ 17:13). പത്തുപേരും സുഖം പ്രാപിച്ചു, എന്നാൽ അവരിൽ ഒരാൾ മാത്രമാണ് യേശുവിന് നന്ദി പറയാൻ മടങ്ങിവരുന്നത്: അവൻ ഒരു സമറിയക്കാരനാണ്, യഹൂദരെ സംബന്ധിച്ചിടത്തോളം അവൻ ഒരുതരം ദൈവനിഷേധിയാണ്. ആദ്യം അവർ ഒരുമിച്ചു സഞ്ചരിക്കുന്നു, എന്നാൽ പിന്നീട് "ഉച്ചത്തിൽ ദൈവത്തെ സ്തുതിച്ചുകൊണ്ട്" (ലൂക്കാ 17,15) മടങ്ങിവരുന്ന ആ സമറിയാക്കാരൻ അവരിൽ നിന്ന് വേറിട്ടു നല്ക്കുന്നു. ഒന്നിച്ചു നടക്കുക, നന്ദി പറയുക:ഇന്നത്തെ സുവിശേഷത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഈ രണ്ട് മാനങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കാം.
സംഘാത സഞ്ചാരം
ഒന്നാമതായി, ഒരുമിച്ച് നടക്കൽ. കഥയുടെ തുടക്കത്തിൽ സമറിയാക്കാരനും മറ്റ് ഒമ്പത് പേരും തമ്മിൽ ഒരു വിത്യാസവുമില്ല. ഒന്നു ചേർന്ന് ഒരു കൂട്ടമാകുകയും വേർതിരിവില്ലാതെ യേശുവിനെ കാണാൻ പോകുകയും ചെയ്യുന്ന കേവലം പത്തു കുഷ്ഠരോഗികളെക്കുറിച്ചാണ് പരമാർശിക്കുന്നത്. കുഷ്ഠരോഗം, നമുക്കറിയാവുന്നതുപോലെ, ഇന്നും നാം ഉന്മൂലനം ചെയ്യാൻ പരിശ്രമിക്കേണ്ടതായ ഒരു ശാരീരിക വ്യാധി മാത്രമായിരുന്നില്ല, മറിച്ച്, ഒരു "സാമൂഹിക രോഗം" കൂടിയാണ്, കാരണം, ഒരു പകർച്ചവ്യാധിയാണെന്ന ഭയത്താൽ, അക്കാലത്ത് കുഷ്ഠരോഗികൾ സമൂഹത്തിന് പുറത്ത് വസിക്കേണ്ടിവന്നു (ലേവ്യർ 13:46). അതിനാൽ അവർക്ക് ജനവാസ കേന്ദ്രങ്ങളിൽ പ്രവേശിക്കാനാകില്ലായിരുന്നു, അവരെ അകറ്റി നിർത്തി, അവരെ സാമൂഹികവും മതപരവുമായ ജീവിതത്തിൻറെ അരികുകളിലേക്ക് ഒതുക്കി, അവർ ഒറ്റപ്പെടുത്തപ്പെട്ടു. സംഘാതമായി സഞ്ചരിച്ചുകൊണ്ട്, ഈ കുഷ്ഠരോഗികൾ തങ്ങളെ ഒഴിവാക്കുന്ന ഒരു സമൂഹത്തോടുള്ള അവരുടെ രോദനം കേൾക്കുമാറാക്കുന്നു. നന്നായി ശ്രദ്ധിക്കുക: സമറിയാക്കാരൻ, ഒരു മതവിരുദ്ധനായി, "പരദേശി" ആയി കണക്കാക്കപ്പെട്ടാലും, മറ്റുള്ളവരുമായി ഒരു സംഘംചേരുന്നു. സഹോദരീസഹോദരന്മാരേ, സാധാരണ രോഗങ്ങളും ബലഹീനതയും തടസ്സങ്ങളെ തകർക്കുകയും എല്ലാ ഒഴിവാക്കലുകളെയും മറികടക്കുകയും ചെയ്യുന്നു.
വേർതിരിവിൻറെ ആന്തരിക മതിലുകൾ നിലംപതിക്കണം
നമ്മെ സംബന്ധിച്ചും മനോഹരമായ ഒരു ചിത്രമാണ് അത്: നമ്മൾ നമ്മോട് തന്നെ സത്യസന്ധരായിരിക്കുമ്പോൾ, നാമെല്ലാവരും ഹൃദയത്തിൽ രോഗികളാണെന്നും പാപികളാണെന്നും പിതാവിൻറെ കാരുണ്യം ആവശ്യമുള്ളവരാണെന്നും നാം ഓർക്കുന്നു. അപ്പോൾ നമ്മൾ, യോഗ്യതകളുടെയും നമ്മുടെ പദവികളുടെയും, അല്ലെങ്കിൽ, ജീവിതത്തിൻറെ മറ്റെന്തെങ്കിലും ബാഹ്യവശങ്ങളുടെയും അടിസ്ഥാനത്തിൽ നമ്മെത്തന്നെ വേർതിരിച്ചു നിറുത്തുന്നത് അവസാനിപ്പിക്കുന്നു. അങ്ങനെ ആന്തരിക മതിലുകൾ നിലംപൊത്തുന്നു, മുൻവിധികൾ തകർന്നടിയുന്നു. അപ്രകാരം, അവസാനം, നമ്മൾ നാം സഹോദരങ്ങളാണെന്ന് വീണ്ടും കണ്ടെത്തുന്നു....... മറ്റുള്ളവരുമൊത്ത് ചരിക്കാൻ ക്രിസ്തീയ വിശ്വാസം നമ്മോടാവശ്യപ്പെടുന്നു. നാം ഒരിക്കലും ഏകാന്തപഥികരാകരുത്. ഇത് നാം ഓർക്കണം. നമ്മിൽത്തന്നെ അടച്ചുപൂട്ടിയിടാതെ ദൈവോന്മുഖരായും സോദരോന്മുഖരായും നാം ചരിക്കണം.
ഒരുമിച്ചു നടക്കാൻ കഴിവുറ്റവരാണോ നമ്മൾ? ആരേയും പുറന്തള്ളരുത്.
സഹോദരീ സഹോദരന്മാരേ, നമ്മുടെ ജീവിതത്തിൽ, നമ്മുടെ കുടുംബങ്ങളിൽ, തൊഴിലിടങ്ങളിൽ, നാം അനുദിനം പോകുന്നിടങ്ങളിൽ, മറ്റുള്ളവരുമായി ഒരുമിച്ച് നടക്കാൻ നമുക്കു സാധിക്കുമോ, നാം ശ്രവിക്കാൻ കഴിവുള്ളവരാണോ, നമ്മുടെ സ്വാത്മകേന്ദ്രീകരണത്തിൽ നമ്മെ സ്വയം തളച്ചിടാനും നമ്മുടെ ആവശ്യങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കാനുമുള്ള പ്രലോഭനത്തെ മറികടക്കാൻ നമുക്കു കഴിയുമോ എന്ന് പരിശോധിക്കാം. എന്നാൽ ഒരുമിച്ച് സഞ്ചരിക്കുക - അതായത്, "സിനഡാത്മകം" ആയിരിക്കുക - സഭയുടെ വിളി കൂടിയാണ്. സകലരോടും തുറവുള്ളതും ഏല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സമൂഹമാണോ നമ്മളെന്ന് നമുക്ക് സ്വയം ചോദിക്കാം. നമുക്ക്, വൈദികർക്കും അൽമായർക്കും സുവിശേഷ സേവനത്തിൽ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്നുണ്ടോ; അകലെയുള്ളവരോടും തങ്ങളുടെ സങ്കീർണ്ണമായ ജീവിതപാതയിൽ നിസ്സഹായരായി നമ്മെ സമീപിക്കുന്ന എല്ലാവരോടും, വാക്കുകൾ കൊണ്ട് മാത്രമല്ല, മൂർത്തമായ പ്രവർത്തികളിലൂടെയും - നമുക്ക് സ്വാഗത മനോഭാവം പുലർത്താൻ കഴിയുന്നുണ്ടോ? നാം അവരെ സമൂഹത്തിൻറെ ഭാഗമാക്കുകയാണോ അതോ അവരെ ഒഴിവാക്കുകയാണോ? ലോകത്തെ ശിഷ്ടരും ദുഷ്ടരുമായും വിശുദ്ധരും പാപികളുമായും വിഭജിക്കുന്ന ക്രൈസ്തവ സമൂഹങ്ങളെ കാണുമ്പോൾ ഞാൻ ഭയപ്പെടുന്നു: ഈ വിധത്തിൽ നമ്മൾ നമ്മെ മറ്റുള്ളവരേക്കാൾ മെച്ചപ്പെട്ടവരായി കണക്കാക്കുകയും ദൈവം ആശ്ലേഷിക്കാൻ അഭിലഷിക്കുന്ന പലരെയും ഒഴിവാക്കുകയും ചെയ്യുന്നതിൽ നിപതിക്കുന്നു. ഇപ്പോഴും നിരവധി അസമത്വങ്ങളാലും പാർശ്വവൽക്കരണത്താലും മുദ്രിതമായിരിക്കുന്ന സമൂഹത്തിലെന്നപോലെ തന്നെ സഭയിലും, ദയവായി, എപ്പോഴും ഉൾച്ചേർക്കുക.
നവവിശുദ്ധൻ സ്കലബ്രീനി- കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുക
സ്കലബ്രീനി ഒരു വിശുദ്ധനായി മാറുന്ന ഇന്ന്, കുടിയേറ്റക്കാരെക്കുറിച്ച് ചിന്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കുടിയേറ്റക്കാരെ പുറന്തള്ളുന്നത് അപകീർത്തികരമാണ്! അതിലുപരി, കുടിയേറ്റക്കാരെ ഒഴിവാക്കുന്നത് കുറ്റകരമാണ്, അത് നമ്മുടെ മുന്നിൽ അവരുടെ മരണത്തിന് ഇടയാക്കുന്നു. അങ്ങനെ, ഇന്ന് നമുക്ക് ലോകത്തിലെ ഏറ്റവും വലിയ സെമിത്തേരിയായി, മദ്ധ്യധരണ്യാഴിയുണ്ട്. കുടിയേറ്റക്കാരെ പുറന്തള്ളുന്നത്, ആവശ്യത്തിലിരിക്കുന്നവന് വാതിലുകൾ തുറന്നുകൊടുക്കാത്തത്, ജുഗുപ്സാവഹമാണ്, അത് പാപമാണ്, കുറ്റകരമാണ്. സഹോദരീ സഹോദരന്മാരേ, ഇന്ന് നമുക്ക് കുടിയേറ്റക്കാരെക്കുറിച്ച്, മരിക്കുന്നവരെക്കുറിച്ച് ചിന്തിക്കാം. പ്രവേശിക്കാൻ കഴിയുന്നവരെ നാം സഹോദരങ്ങളായി സ്വീകരിക്കുമോ അതോ ചൂഷണം ചെയ്യുമോ? ഞാൻ ചോദ്യം ഉയർത്തുന്നുവെന്നു മാത്രം.
നന്ദി ചൊല്ലാം നമുക്ക്
നന്ദി പറയുകയാണ് രണ്ടാമത്തെ കാര്യം. സുഖം പ്രാപിച്ച പത്തു കുഷ്ഠരോഗികളുടെ കൂട്ടത്തിൽ ഒരുവൻ മാത്രമാണ്, താൻ സുഖം പ്രാപിച്ചതായി മനസ്സിലാക്കി ദൈവത്തെ സ്തുതിക്കുന്നതിനും യേശുവിന് നന്ദി പറയുന്നതിനുമായി തിരിച്ചുവരുന്നത്. മറ്റ് ഒമ്പത് പേർ സുഖം പ്രാപിച്ചു, പക്ഷേ അവരെ സുഖപ്പെടുത്തിയവനെ മറന്ന് അവർ അവരുടെ വഴിക്ക് പോകുന്നു. ദൈവം നമുക്ക് നൽകുന്ന അനുഗ്രഹങ്ങൾ നാം മറക്കുന്നു. നേരെമറിച്ച്, സമറിയാക്കാരൻ, ലഭിച്ച ദാനത്തെ ഒരു പുതിയ യാത്രയുടെ തുടക്കമാക്കുന്നു: അവൻ തന്നെ സുഖപ്പെടുത്തിയവൻറെ അടുത്തേക്ക് മടങ്ങുന്നു, യേശുവിനെ അടുത്തറിയുന്നതിനായി പോകുന്നു, അവിടന്നുമായി ഒരു ബന്ധം ആരംഭിക്കുന്നു, അപ്പോൾ അവൻറെ കൃതജ്ഞതാ മനോഭാവം വെറും മര്യാദയുടെ ഒരു പ്രവർത്തിയല്ല, അത് തിരിച്ചറിവിൻറെ പാതയുടെ തുടക്കം ആണ്: അവൻ ക്രിസ്തുവിൻറെ കാൽക്കൽ സാഷ്ടാംഗം പ്രണമിക്കുന്നു (cf.Lk 17:16), അതായത്, അവൻ ആരാധിക്കുന്നു: യേശു കർത്താവാണെന്നും ലഭിച്ച സുഖപ്രാപ്തിയെക്കാൾ സുപ്രധാനമാണ് അതെന്നും അവൻ തിരിച്ചറിയുന്നു.
നന്ദി പറയുക മൗലികം
സഹോദരങ്ങളേ, ഇത് നമുക്കും വലിയൊരു പാഠമാണ്, ദൈവാനുഗ്രഹങ്ങൾ നാം അനുദിനം നേടുന്നു, എന്നാൽ, അവിടന്നുമായി സജീവവും യഥാർത്ഥവുമായ ബന്ധം വളർത്തിയെടുക്കാൻ മറന്നുകൊണ്ട് പലപ്പോഴും നാം നമ്മുടെ വഴിക്ക് പോകുന്നു. ഇത് ഒരു വൃത്തികെട്ട ആത്മീയ രോഗമാണ്: സകലത്തെയും, നമ്മുടെ വിശ്വാസത്തെയും ദൈവവുമായുള്ള നമ്മുടെ ബന്ധത്തെയും കാര്യമായി പരിഗണിക്കാതെ, വിസ്മയിക്കാൻ അറിയാത്ത, "നന്ദി" പറയാൻ അറിയാത്ത, നന്ദി കാണിക്കാത്ത, കർത്താവിൻറെ വിസ്മയപ്രവർത്തികളെ കാണാനറിയാത്ത ക്രിസ്ത്യാനികളായി നാം മാറുന്നു. അതിനാൽ, അനുദിനം നമുക്ക് ലഭിക്കുന്നതെല്ലാം സുവ്യക്തവും അർഹവുമാണെന്ന് നാം ചിന്തിക്കുന്നു. കൃതജ്ഞത, "നന്ദി" എന്ന് എങ്ങനെ പറയണമെന്നുള്ള അറിവ്, നേരെമറിച്ച് ദൈവസ്നേഹം, അവിടത്തെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിലേക്ക് നമ്മെ നയിക്കുന്നു. നമ്മുടെ ഹൃദയത്തെ വികൃതമാക്കുന്ന അസംതൃപ്തിയും നിസ്സംഗതയും മറികടന്ന് മറ്റുള്ളവരുടെ പ്രാധാന്യം തിരിച്ചറിയുകയും വേണം. എങ്ങനെ നന്ദി പറയണമെന്ന് അറിയേണ്ടത് മൗലികമാണ്.
ഉക്രൈയിനെ വിസ്മരിക്കരുത്
ഇന്ന് വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട രണ്ട് വിശുദ്ധരും ഒരുമിച്ച് നടക്കേണ്ടതിൻറെയും നന്ദി പറയേണ്ടതിൻറെയും പ്രാധാന്യത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു. കുടിയേറ്റക്കാരുടെ സംരക്ഷണത്തിനായി രണ്ട് സമൂഹങ്ങൾ, ഒന്നു പുരുഷന്മാരുടെയും മറ്റൊന്നു സ്ത്രീകളുടെയും, സ്ഥാപിച്ച മെത്രാൻ സ്കലബ്രീനി, കുടിയേറുന്നവരുടെ പൊതുവായ പ്രയാണത്തിൽ പ്രശ്നങ്ങൾ മാത്രം കാണരുതെന്നും, അതിൽ ദൈവികപരിപാലനയുടെ ഒരു പദ്ധതിയും ദർശിക്കണമെന്നും പറയുമായിരുന്നു: "പീഢനം മൂലമുള്ള നിർബന്ധിത കുടിയേറ്റം കാരണം അദ്ദേഹം പറഞ്ഞു - സഭ ജറുസലേമിൻറെയും ഇസ്രായേലിൻറെയും അതിരുകൾ ഉല്ലംഘിച്ച് "കാതോലിക" മായി; ഇന്നത്തെ കുടിയേറ്റം കാരണം സഭ ജനങ്ങൾ തമ്മിലുള്ള സമാധാനത്തിൻറെയും കൂട്ടായ്മയുടെയും ഉപകരണമായി ഭവിക്കും "(ഇറ്റാലിയൻ തൊഴിലാളികളുടെ കുടിയേറ്റം, ഫെറാറ 1899). യൂറോപ്പിൽ ഇപ്പോൾ ഒരു കുടിയേറ്റമുണ്ട്, അത് നമ്മെ വളരെയധികം വേദനിപ്പിക്കുകയും ഹൃദയം തുറക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു: അത്, യുദ്ധത്തിൽ നിന്ന് പലായനം ചെയ്യുന്ന ഉക്രൈയിൻകാരുടെ കുടിയേറ്റമാണ്. ഇന്ന് നാം തകർന്ന ഉക്രൈയിനെ മറക്കരുത്! സ്കലബ്രീനി മറുപുറം നോക്കി, മുന്നോട്ട് നോക്കി, വേലിക്കെട്ടുകൾ ഇല്ലാത്ത, പരദേശികളില്ലാത്ത ഒരു ലോകത്തിലേക്കും സഭയിലേക്കും നോക്കി.
നവവിശുദ്ധൻ അർത്തേമിദെ ത്സാത്തി
സൈക്കിളുമായി സഞ്ചരിച്ച സലേഷ്യൻ സഹോദരൻ അർത്തെമിദെ ത്സാത്തി നന്ദിയുടെ ജീവസുറ്റ മാതൃകയായിരുന്നു. ക്ഷയരോഗത്തെ ജയിച്ച അദ്ദേഹം സ്വജീവിതം മുഴുവൻ മറ്റുള്ളവരെ സന്തോഷിപ്പിക്കാനും രോഗികളെ സ്നേഹത്തോടും ആർദ്രതയോടും കൂടി പരിചരിക്കാനും സമർപ്പിച്ചു. തൻറെ രോഗികളിൽ ഒരാൾ മരിച്ചപ്പോൾ അയാളുടെ മൃതദേഹം അദ്ദേഹം ചുമലിലേറ്റി നടന്നതായി പറയപ്പെടുന്നു. തനിക്ക് ലഭിച്ചവയ്ക്കെല്ലാ കൃതജ്ഞതാഭരിതനായിരുന്ന അർത്തേമിദെ ത്സാത്തി മറ്റുള്ളവരുടെ മുറിവുകൾ ഏറ്റുവാങ്ങി "നന്ദി" പറയാൻ ആഗ്രഹിച്ചു. രണ്ട് മാതൃകകൾ.
നവവിശുദ്ധരുടെ മാദ്ധ്യസ്ഥ്യം തേടുക
വിഭജനത്തിൻറെ മതിലുകൾ ഇല്ലാതെ ഒരുമിച്ചു നടക്കാൻ നമ്മുടെ ഈ വിശുദ്ധ സഹോദരന്മാർ നമ്മെ സഹായിക്കുന്നതിനും കൃതജ്ഞതയാകുന്ന ദൈവത്തിന് ഏറെ പ്രീതികരമായ ഈ ശ്രേഷ്ട ചൈതന്യം വളർത്തിയെടുക്കുന്നതിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം;
ത്രികാലപ്രാർത്ഥനാ വിചിന്തനം
ഈ സുവിശേഷ ചിന്തകൾ പങ്കുവച്ചതിനു ശേഷം വിശുദ്ധ കുർബ്ബാന തുടർന്ന പാപ്പാ സമാപനാശീർവ്വാദത്തിനു മുമ്പ് മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ചു. പ്രാർത്ഥനയ്ക്കു ഒരുക്കമായി നടത്തിയ ഹ്രസ്വവിചിന്തനത്തിൽ പാപ്പാ ഈ വിശുദ്ധപദപ്രഖ്യാപന തിരുക്കർമ്മത്തിൽ പങ്കുകൊണ്ട് നവവിശുദ്ധരെ ആദരിക്കുന്നതിനെത്തിയ എല്ലാവർക്കും, ഔദ്യോഗിക പ്രതിനിധി സംഘങ്ങൾക്കും തൻറെ നന്ദി പ്രകാശിപ്പിച്ചു.
നവവാഴ്ത്തപ്പെട്ട മരിയ കൊസ്താൻസ് പാനസ്
ഇറ്റലിയിലെ ഫബ്രിയാനോയിൽ കപ്പൂച്ചിൻ ക്ലാരസഭാംഗമായ മരിയ കൊസ്താൻസ പാനസ് ഞായറാഴ്‌ച (09/10/22) വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടതും പാപ്പാ അനുസ്മരിച്ചു.
1917 മുതൽ 1963 വരെ ജീവിച്ച ഈ സന്ന്യാസിനി മഠത്തിൻറെ വാതിലിൽ മുട്ടിയവരെയെല്ലാം സ്വാഗതം ചെയ്യുകയും അവരിലെല്ലാവരിലും ശാന്തതയും ആത്മവിശ്വാസവും പകരുകയും ചെയ്തുവെന്ന് പാപ്പാ പറഞ്ഞു. ഗുരുതരമായ രോഗാവസ്ഥയിലായിരുന്ന വേളയിൽ അവൾ രണ്ടാം വത്തിക്കാൻ സൂനഹദോസിനുവേണ്ടി തൻറെ സഹനങ്ങൾ സമർപ്പിച്ചുവെന്നും ഈ സൂനഹദോസിൻറെ പ്രോദ്ഘാടനത്തിൻറെ അറുപതാം വാർഷികം ഒക്ടോബർ 11-നാണെന്നും പാപ്പാ അനുസ്മരിച്ചു. എപ്പോഴും ദൈവത്തിൽ വിശ്വാസമുള്ളവരായിരിക്കാനും നമ്മുടെ അയൽക്കാരനെ സ്വാഗതം ചെയ്യാനും വാഴ്ത്തപ്പെട്ട മരിയ കോസ്റ്റൻസ നമ്മെ സഹായിക്കട്ടെ പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു.
രണ്ടാം വത്തിക്കാൻ സൂനഹദോസ്- അറുപതാം വാർഷികം- ആണവ ഭീഷണി
60 വർഷം മുമ്പ്, രണ്ടാം വത്തിക്കാൻ സൂനഹദോസിൻറെ തുടക്കകാലത്ത്, ലോകം ആണവയുദ്ധഭീഷണിയിലായിരുന്നുവെന്നതും അനുസ്മരിച്ച പാപ്പാ നാം എന്തുകൊണ്ട് ചരിത്രത്തിൽ നിന്നു പഠിക്കുന്നില്ല എന്ന ചോദ്യം ഉന്നയിച്ചു. ആ കാലഘട്ടത്തിലും സംഘർഷങ്ങളും വലിയ പിരിമുറുക്കങ്ങളും ഉണ്ടായിരുന്നുവെന്നും എന്നാൽ സമാധാനപരമായ മാർഗ്ഗം തിരഞ്ഞെടുക്കുകയായിരുന്നുവെന്നും പാപ്പാ പറഞ്ഞു. തുടർന്നു പാപ്പാ ജെറമിയ പ്രവാചകൻറെ പുസ്തകം ആറാം അദ്ധ്യായത്തിലെ പതിനാറമത്തെതായ ഈ വാക്യം ഉദ്ധരിച്ചു: കർത്താവ് അരുളിച്ചെയുന്നു: വഴിക്കവലകളിൽ നിന്ന് ശ്രദ്ധിച്ചു നോക്കുക; പഴയ പാതകൾ അന്വേഷിക്കുക, നേരായ മാർഗ്ഗം തേടി അതിൽ സഞ്ചരിക്കുക. അപ്പോൾ നിങ്ങൾ വിശ്രാന്തിയടയും”.
സമാപനാഭിവാദ്യം
തായ്‌ലൻറിൽ മൂന്ന് ദിവസം മുമ്പ് നടന്ന ഭ്രാന്തമായ അക്രമത്തിന് ഇരകളായവർക്കുവേണ്ടി പാപ്പാ പ്രാർത്ഥിച്ചു. കൊച്ചുകുട്ടികളെയും അവരുടെ കുടുംബങ്ങളെയും പാപ്പാ സ്വർഗ്ഗീയ പിതാവിന് ഭരമേൽപ്പിച്ചു. തൻറെ വിചിന്തനാനന്തരം പാപ്പ കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: