പാപ്പാ :സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവരെ എപ്പോഴും ശ്രദ്ധിക്കുക
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
വെള്ളിയാഴ്ച ഫ്രഞ്ച് രൂപതയായ കംബ്രായിൽ നിന്നുള്ള പാർലമെന്റ് മെമ്പർമാരുടെയും മേയർമാരുടെയും പ്രതിനിധി സംഘം രൂപതയുടെ മെത്രാപ്പോലിത്തയായ വിൻസെന്റ് ഡോൾമാനോടൊപ്പം പാപ്പായെ വത്തിക്കാനിൽ സന്ദർശിച്ചു. എല്ലാവരുടേയും നന്മയ്ക്കായി പൊതുഭരണ - മതാധികാരികളും പരസ്പര സഹകരണ മനോഭാവത്തോടെ ഒരുമിച്ചു നടത്തിയ ഈ റോമാ സന്ദർശനത്തിന് പാപ്പാ അവരെ പ്രശംസിച്ചു.
സാമ്പത്തിക, സാമൂഹിക, സാംസ്കാരിക വെല്ലുവിളികൾ
പത്തൊമ്പതാം നൂറ്റാണ്ടിലെ വ്യവസായിക വിപ്ലവത്തിൽ അവരുടെ പ്രദേശം കൽക്കരി ഖനികളും, ലോഹ സംസ്കരണ ഫാക്ടറികളും, തുണി ഫാക്ടറികളും കൊണ്ട് വികാസം പ്രാപിച്ചതിനെയും പിന്നീട് ഖനികളും ഫാക്ടറികളും അടച്ചിടേണ്ടി വന്നതോടെയും സാമ്പത്തിക പ്രതിസന്ധിമൂലവും ഈ പ്രദേശത്തിനേറ്റ തിരിച്ചടികളിൽ ഇവിടത്തെ ജനങ്ങൾ ദരിദ്രരായി മാറിയ കാര്യവും ഫ്രാൻസിസ് പാപ്പാ ഓർമ്മിച്ചു. സാമ്പത്തിക വെല്ലുവിളികളെ മാത്രമല്ല സാമൂഹിക, സാംസ്കാരിക തലങ്ങളെക്കുറിച്ചും അധികാരികൾ പരിഗണനയുള്ളവരാകണം എന്നും അറിയിച്ചു.
പ്രാഥമിക ആവശ്യങ്ങൾക്ക് നൽകേണ്ട മുൻഗണന
ഏതു രാഷ്ടീയ ഘടകത്തിൽ പെട്ടവരാണെങ്കിലും സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലാണ് പൊതു അധികാരികൾ തങ്ങളെ തന്നെ കണ്ടെത്തേണ്ടത്. തങ്ങളുടെ പ്രവിശ്യകളിലെ ജനങ്ങളുടെ അനുദിന പ്രാഥമിക ആവശ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുമ്പോൾ അവരെ വിശ്വസിച്ച് തിരഞ്ഞെടുത്ത ജനങ്ങളെ സേവിക്കാനുള്ള മനസ്സാണ് പൊതുസേവകർ കാണിക്കുന്നതെന്ന് പാപ്പാ പറഞ്ഞു.
കുടിയേറ്റക്കാരെയും ഭിന്നശേഷി ക്കാരെയും സ്വീകരിക്കുക
സ്വീകരിക്കുക, പരിരക്ഷിക്കുക എന്നീ രണ്ടു പദങ്ങൾ അവരുടെ മുന്നിൽ വച്ചു കൊണ്ട് പൊതുകാര്യങ്ങളുടെ നടത്തിപ്പിന്റെ അധികാരം കൈയ്യാളുന്നവർ വിശാലമായ സാമൂഹിക തലത്തിൽ ചെയ്യുന്ന സേവനത്തെ പ്രോൽസാഹിപ്പിച്ചു. ഏറ്റം പ്രതികൂല സാഹചര്യമുള്ളവരെ, പ്രത്യേകിച്ച് കുടിയേറ്റക്കാരെയും, ഭിന്നശേഷിക്കാരെയും സ്വാഗതം ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. അവരുടെയും, അവർ സ്നേഹിക്കുന്നവരുടേയും ജീവിതം കരുപ്പിടിപ്പിക്കാനും എല്ലാറ്റിലും ഉപരിയായി അവർ അർഹിക്കുന്ന ബഹുമാനം അവർക്ക് ലഭിക്കാനും കൂടുതൽ സൗകര്യം അവർക്ക് ആവശ്യമായി വരുമെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഇത്തരം ഉൾക്കൊള്ളിക്കലിന്റെ സാധ്യതകൾ അവരിൽ പലർക്കും ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പാപ്പാ പറഞ്ഞു.
പരിരക്ഷണം എന്ന പദത്തെ വിശദീകരിച്ച പാപ്പാ വയോധികരെയും ജീവിതാന്ത്യത്തിലെത്തിയവരേയും സ്വാന്ത്വന ചികിൽസയിലൂടെ സംരക്ഷിക്കണമെന്ന കാര്യം അവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് മുന്നിൽ കൊണ്ടുവന്നു. പലപ്പോഴും സുഖം പ്രാപിക്കില്ലെന്നു തോന്നുന്ന രോഗികളെ ന്യായീകരണങ്ങൾ നൽകി വധിക്കാൻ ശ്രമിച്ചാൽ നാം കൂടുതൽ കൂടുതൽ കൊലപാതകങ്ങളിലാണ് ചെന്നെത്തുകയെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
സാംസ്കാരിക തലം
സാംസ്കാരികതലം ഐക്യത്തിന്റെ പ്രധാനപ്പെട്ട ഒന്നാണ് എന്നു പറഞ്ഞ ഫ്രാൻസിസ് പാപ്പാ കഴിഞ്ഞകാല സംഭവങ്ങൾ ചരിത്രത്തിനും സാഹിത്യത്തിനും മാത്രമല്ല രാഷ്ട്രീയ സാമ്പത്തിക വീക്ഷണങ്ങൾക്കും സംഭാവനകൾ നൽകിയിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിച്ചു. അതിനാൽ ഭാവി തലമുറയ്ക്ക് പൈതൃകം കൈമാറാൻ അവരുടെ പ്രദേശങ്ങളെ പര്യാപ്തമാക്കേണ്ടത് ഭരണാധികാരികളെ ആശ്രയിച്ചാണിരിക്കുന്നതെന്നും പാപ്പാ എടുത്തു പറഞ്ഞു.
എല്ലാവരുടേയും സമഗ്ര വികസനത്തിനായി പ്രവർത്തിക്കുക
പൊതുപ്രവർത്തകർക്ക് സഭയുടെ ചില സന്ദേശങ്ങളിൽ ഉള്ള താല്പര്യത്തിലും അവരുടെ പ്രദേശത്തെ ജന സേവനത്തിന് അവർ എടുക്കേണ്ട പങ്കാളിത്തത്തെക്കുറിച്ചുള്ള അവരുടെ ബോധ്യത്തിലും പാപ്പാ സന്തോഷം പ്രകടിപ്പിച്ചു. അവരോടൊപ്പം സഭ കുടിയേറ്റക്കാരിലേക്കും, വയോധികർ, രോഗികൾ തുടങ്ങി സമൂഹത്തിലെ ഏറ്റം തഴയപ്പെട്ടവരിലെത്താൻ ആഗ്രഹിക്കുന്നെന്നും അവരുടെ ഉന്നമനത്തിനായുള്ള പ്രവർത്തനത്തിൽ സഭയുടെ സംഭാവന വാഗ്ദാനം ചെയ്യുകയും ചെയ്തു കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ സന്ദേശം ചുരുക്കിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: