തിരയുക

പാപ്പാ:ലോകത്തിൻറെ ഭക്ഷണമേശയിൽ അപ്പം എപ്പോഴും പങ്കുവെയ്ക്കപ്പെടുന്നില്ല!

ഫ്രാൻസീസ് പാപ്പാ തെക്കു കഴക്കെ ഇറ്റലിയിലെ മത്തേറ സന്ദർശിച്ചു. ഇരുപത്തിയേഴാം ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്സിൻറെ സമാപന ദിവ്യബലിയിൽ മുഖ്യകാർമ്മികത്വം വഹിച്ചു.2022 സെപ്റ്റംബർ 22-25 വരെ സംഘടിപ്പിക്കപ്പെട്ട ഈ കോൺഗ്രസ്സിൻറെ വിചിന്തന പ്രമേയം"നമുക്ക് അപ്പത്തിൻറെ രുചിയിലേക്കു മടങ്ങാം- ദിവ്യകാരുണ്യ സഭയ്ക്കും സിനഡാത്മക സഭയ്ക്കും വേണ്ടി" എന്നതായിരുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വത്തിക്കാനിൽ നിന്ന് 430 കിലോമീറ്ററോളം തെക്കുകിഴക്കുമാറി സ്ഥിതി ചെയ്യുന്ന മത്തേറയിൽ (Matera) ആയിരുന്നു ഫ്രാൻസീസ് പാപ്പാ ഈ ഞായറാഴ്ച(25/0922) ഉച്ചവരെ. ഇറ്റലിയിലെ കത്തോലിക്കാസഭയുടെ ഇരുപത്തിയേഴാം ദിവ്യകാരുണ്യകോൺഗ്രസ്സിൻറെ സമാപനത്തോടനുബന്ധിച്ചാണ് പാപ്പാ അവിടെ എത്തിയത്. അന്ന് രാവിലെ പാപ്പാ അവിടത്തെ പഞ്ചായത്തു വക സെപ്റ്റംബർ ഇരുപത്തിയൊന്നാം (വെന്തൂനൊ സെത്തേമ്പ്രെ-XXI Settembre) സ്റ്റേഡിയത്തിൽ സാഘോഷമായ സമാപന ദിവ്യബലിയിൽ മുഖ്യ കാർമ്മികത്വം വഹിച്ചു.

ദിവ്യബലി മദ്ധ്യേ പാപ്പാ നടത്തിയ സുവിശേഷ പ്രഭാഷണത്തിൻറെ സംഗ്രഹം: കൂട്ടായ്മയുടെ പരിമളം എപ്പോഴും പരക്കുന്നില്ല

കർത്താവ് നമുക്കായി സ്വയം പൂപമായിത്തീർന്നുകൊണ്ട്, നമ്മെ തൻറെ വിരുന്നിൻ മേശയ്ക്ക് ചുറ്റും ഒന്നിച്ചു കൂട്ടുന്നു: "മക്കളുടെ മേശയിൽ ഉത്സവത്തിൻറെ അപ്പമാണ്, [...] അത് പങ്കുവയ്ക്കൽ സാദ്ധ്യമാക്കുന്നു, ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നു, അതിന് കൂട്ടായ്മയുടെ രുചിയുണ്ട്" (ഇരുപത്തിയേഴാം ദേശീയ ദിവ്യകാരുണ്യകോൺഗ്രസ്സിൻറെ ഗീതം, മത്തേറ 2022). എന്നിട്ടും, നാം ഇപ്പോൾ ശ്രവിച്ച സുവിശേഷം നമ്മോട് പറയുന്നു, ലോകത്തിൻറെ ഭക്ഷണമേശയിൽ അപ്പം എപ്പോഴും പങ്കുവെക്കപ്പെടുന്നില്ല എന്ന്: ഇത് സത്യമാണ്; കൂട്ടായ്മയുടെ പരിമളം എപ്പോഴും പരക്കുന്നില്ല; അത് എപ്പോഴും നീതിയിൽ വിഭജിക്കപ്പെടുന്നില്ല.

ധനികനും ദരിദ്രനായ ലാസറും

നാം ശ്രവിച്ച ഉപമയിൽ യേശു വിവരിച്ച നാടകീയമായ രംഗത്തിനു മുന്നിൽ ഒരു നിമിഷം നില്ക്കുന്നത് നല്ലതാണ്: ഒരു വശത്ത് ധൂമ്രനൂൽ, നേർത്ത പഞ്ഞി എന്നിവയാൽ തീർത്തതും ആഡംബരാവിഷ്കൃതവുമായ വസ്ത്രധാരിയായ ധനികൻ വിഭവസമൃദ്ധമായ വിരുന്നു കഴിക്കുന്നു; മറുവശത്ത്, വ്രണങ്ങളാൽ മൂടപ്പെട്ട ഒരു ദരിദ്രൻ, വിശപ്പടക്കുന്നതിന്, ആ മേശയിൽ നിന്ന് എന്തെങ്കിലും കുറച്ച് അപ്പക്കഷണങ്ങൾ വീണുകിട്ടുമെന്ന് പ്രതീക്ഷിച്ച് വാതിൽക്കൽ കിടക്കുന്നു. ഈ വൈരുദ്ധ്യത്തിന് മുന്നിൽ - നാം ദിവസവും കാണുന്ന - ഈ വൈരുദ്ധ്യത്തിന് മുന്നിൽ നമുക്ക് നമ്മോടുതന്നെ ചോദിക്കാം: ക്രൈസ്തവ ജീവിതത്തിൻറെ ഉറവിടവും ഉച്ചകോടിയുമായ ദിവ്യകാരുണ്യ കൂദാശ നമ്മെ എന്തിനാണ് ക്ഷണിക്കുന്നത്?

ദൈവത്തിൻറെ പ്രാഥമ്യം

സർവ്വോപരി, ദിവ്യകാരുണ്യം നമ്മെ ദൈവത്തിൻറെ പ്രാഥമ്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നു. ഉപമയിലെ ധനികൻ ദൈവവുമായുള്ള ബന്ധത്തോട് തുറവുള്ളവനല്ല: അവൻ സ്വന്തം ക്ഷേമത്തെക്കുറിച്ചും സ്വന്തം ആവശ്യങ്ങൾ നിറവേറ്റുന്നതിനെക്കുറിച്ചും ജീവിതം ആസ്വദിക്കുന്നതിനെക്കുറിച്ചും മാത്രമേ ചിന്തിക്കുന്നുള്ളൂ. ഇതിനാൽത്തന്നെ അവന് സ്വന്തം പേര് നഷ്ടമായി. അവൻറെ പേര് സുവിശേഷം പറയുന്നില്ല: "ധനികൻ" എന്ന വിശേഷണം അവന് പേരായി നല്കുന്നു, മറിച്ച് ദരിദ്രൻറെ പേര് പറയുന്നു: ലാസർ. സമ്പത്ത് നിന്നെ ഇവിടെയെത്തിക്കുന്നു, നിൻറെ പേര് ഇല്ലാതാക്കുന്നു. സ്വയം തൃപ്തികണ്ടെത്തി, ധനത്താൽ മത്തുപിടിച്ച്, പൊങ്ങച്ചത്താൽ സ്തംഭിച്ച് നില്ക്കുന്ന അവൻറെ ജീവിതത്തിൽ ദൈവത്തിന് ഇടമില്ല, കാരണം അവൻ അവനെമാത്രം ആരാധിക്കുന്നു. അവൻറെ പേര് പരാമർശിക്കാത്തത് യാദൃശ്ചികമല്ല: നമ്മൾ അവനെ "സമ്പന്നൻ" എന്ന് വിളിക്കുന്നു, നാം അവനെ ഒരു നാമവിശേഷണം കൊണ്ട് മാത്രം നിർവ്വചിക്കുന്നു, കാരണം അയാൾക്ക് ഇപ്പോൾ പേര് നഷ്ടപ്പെട്ടിരിക്കുന്നു, സമ്പത്ത് മാത്രം നൽകുന്ന അവൻറെ തനിമ നഷ്ടപ്പെട്ടു. നാം എന്തായിരിക്കുന്നുവോ അതും നമുക്കുള്ളതും തമ്മിൽ കൂട്ടിക്കുഴയ്ക്കുമ്പോൾ, ആളുകളെ അവരുടെ സമ്പത്തും, അവർ പ്രകടിപ്പിക്കുന്ന ശീർഷകങ്ങളും, അവർ വഹിക്കുന്ന പദവികളും അല്ലെങ്കിൽ അവർ ധരിക്കുന്ന വസ്ത്രത്തിൻറെ ഉല്പന്ന നാമം അഥവാ,ബ്രാൻഡും ഉപയോഗിച്ച് വിലയിരുത്തുമ്പോൾ ഇന്നും ഈ യാഥാർത്ഥ്യം  എത്ര ഖേദകരം. ഉണ്ടായിരിക്കലിൻറെയും പ്രത്യക്ഷപ്പെടലിൻറെയും മതമാണിത്. ഇത് ഈ ലോകത്തിൻറെ അരംഗത്ത് പലപ്പോഴും ആധിപത്യം പുലർത്തുകയും പക്ഷേ അവസാനം നമ്മെ എല്ലായ്പ്പോഴും വെറുംകൈയോടെ വിട്ടുകളയുകയും ചെയ്യുന്നു. വാസ്തവത്തിൽ, ഈ സുവിശേഷത്തിലെ ധനികൻറെ പേര് പോലും അവശേഷിക്കുന്നില്ല. അവൻ ഇപ്പോൾ ആരുമല്ല. നേരെമറിച്ച്, പാവപ്പെട്ടവന് ലാസർ എന്ന പേരുണ്ട്, ആ നാമത്തിൻറെ അർത്ഥം "ദൈവം സഹായിക്കുന്നു" എന്നാണ്. ദാരിദ്ര്യത്തിൻറെയും പാർശ്വവൽക്കരണത്തിൻറെയും അവസ്ഥയിലും, ദൈവവുമായി ബന്ധത്തിൽ ജീവിക്കുന്നതിനാൽ, അവൻറെ അന്തസ്സ് അഭംഗുരം കാത്തുസൂക്ഷിക്കാൻ അവനു കഴിയുന്നു. അവന്റെ പേരിൽ തന്നെ ദൈവത്തിൻറെ അംശം ഉണ്ട്. ദൈവം അവൻറെ ജീവിതത്തിൻറെ അചഞ്ചല പ്രതീക്ഷയാണ്.

ആത്മപൂജയല്ല ദൈവാരാധന നടത്തുക

അപ്പോൾ ഇതാ, ദിവ്യകാരുണ്യം നമ്മുടെ ജീവിതത്തിനേകുന്ന ശാശ്വത വെല്ലുവിളി: അവനവനെയല്ല, നമ്മെത്തന്നെയല്ല, ദൈവത്തെ ആരാധിക്കുക. അവിടത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുക, അല്ലാതെ സ്വന്തം വ്യർത്ഥതയെയല്ല. കർത്താവ് മാത്രമാണ് ദൈവമെന്നും മറ്റെല്ലാം അവിടത്തെ സ്നേഹത്തിൻറെ ദാനമാണെന്നും ഓർക്കുക. എന്തെന്നാൽ, നാം നമ്മെത്തന്നെ ആരാധിക്കുകയാണെങ്കിൽ, നമ്മുടെ ചെറുമയായ അഹത്തിൻറെ ഞെരുക്കത്തിൽ നാം മരിക്കും; നാം ഈ ലോക സമ്പത്തിനെ ആരാധിക്കുന്നുവെങ്കിൽ, അവ നമ്മെ പിടിച്ചെടുക്കുകയും അടിമകളാക്കുകയും ചെയ്യും. ബാഹ്യരൂപത്തിൻറെതായ ദേവനെ ആരാധിക്കുകയും ദുർവ്യയത്താൽ മത്തുപിടിക്കുകയും ചെയ്താൽ, ഇന്ന് അല്ലെങ്കിൽ നാളെ ജീവിതം തന്നെ നമ്മോട് കണക്ക് ചോദിക്കും. ജീവിതം എന്നും  നമ്മോട് കണക്കു ചോദിക്കും. എന്നാൽ നേരെ മറിച്ച്, ദിവ്യകാരുണത്തിൽ  സന്നിഹിതനായിരിക്കുന്ന കർത്താവായ യേശുവിനെ നാം ആരാധിക്കുമ്പോൾ, നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു പുതിയ വീക്ഷണം നമുക്ക് ലഭിക്കുന്നു........

സോദരസ്നേഹത്തിലേക്കുള്ള വിളി 

ദൈവത്തിൻറെ പ്രാഥമ്യത്തിനു പുറമേ, ദിവ്യകാരുണ്യം നമ്മെ സോദരസ്‌നേഹത്തിലേക്കും വിളിക്കുന്നു. ഈ പൂപം സ്നേഹത്തിൻറെ അതിശ്രേഷ്ഠ കൂദാശയാണ്. നമുക്കുവേണ്ടി സ്വയം അർപ്പിക്കുകയും സ്വയം മുറിക്കുകയും ചെയ്ത ക്രിസ്തു നമ്മോടും അപ്രകാരം ചെയ്യാൻ ആവശ്യപ്പെടുന്നു, എന്തെന്നാൽ അത് നമ്മുടെ ജീവിതം ഗോതമ്പ് പൊടിയും സഹോദരങ്ങളുടെ പശിയടക്കുന്ന അപ്പവുമായി മറേണ്ടതിനാണ്. സുവിശേഷത്തിലെ ധനികൻ ഈ ദൗത്യത്തിൽ പരാജയപ്പെടുന്നു; അവൻ സമൃദ്ധിയിൽ ജീവിക്കുന്നു, അവൻറെ വാതിൽക്കൽ തളർന്നു കിടക്കുന്ന ദരിദ്രനായ ലാസറിൻറെ നിശബ്ദ നിലവിളി ശ്രദ്ധിക്കുകപോലും ചെയ്യാതെ സമൃദ്ധമായി വിരുന്നു കഴിക്കുന്നു. അവൻറെ ജീവിതാവസാനം, കർത്താവ് വിധി കീഴ്മേൽ മറിക്കുമ്പോഴാണ്, അവൻ ഒടുവിൽ ലാസറിനെ ശ്രദ്ധിക്കുന്നത്, എന്നാൽ അബ്രഹാം അവനോട് പറയുന്നു: "ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ ഒരു വലിയ ഗർത്തം സ്ഥാപിക്കപ്പെട്ടിരിക്കുന്നു" (ലൂക്കാ 16:26). എന്നാൽ അത് നീ തന്നെ സ്ഥാപിച്ചതാണ്: നീ തന്നെ. സ്വാർത്ഥതയിൽ നാം ഗർത്തം സ്ഥാപിക്കുമ്പോൾ, അത് നമ്മളാണ് തീർക്കുന്നത്. തൻറെ ഭൗമിക ജീവിതത്തിൽ ധനികനാണ് അവനും ലാസ്സറിനുമിടയിൽ ഗർത്തം ഉണ്ടാക്കിയത്. ഇപ്പോൾ നിത്യജീവിതത്തിൽ ആ ഗർത്തം നിലനില്ക്കുന്നു. കാരണം നമ്മുടെ ശാശ്വത ഭാവി ഈ വർത്തമാന ജീവിതത്തെ ആശ്രയിച്ചിരിക്കുന്നു: നമ്മൾ ഇപ്പോൾ നമ്മുടെ സഹോദരീസഹോദരന്മാർക്കായി ഒരു ഗർത്തം കുഴിച്ചാൽ നാം ഭാവിയിലേക്കായി കുഴിതോണ്ടുകയാണ്; നമ്മൾ ഇപ്പോൾ സഹോദരങ്ങൾക്കെതിരെ മതിലുകൾ ഉയർത്തിയാൽ, പിന്നീടും, നമ്മൾ ഏകാന്തതയിലും മരണത്തിലും തടവിലായിരിക്കും.

ഇന്നും വാഴുന്ന അനീതിയും അസമത്വവും ചൂഷണവും   

പ്രിയ സഹോദരീസഹോദരന്മാരേ, ഈ ഉപമ ഇന്നും നമ്മുടെ നാളുകളുടെ ചരിത്രമാണെന്നത് വേദനാജനകമാണ്: അനീതികൾ, അസമത്വങ്ങൾ, ഭൂവിഭവങ്ങളുടെ അതുല്യവിതരണം, ശക്തർ ദുർബ്ബലരെ ചൂഷണം ചെയ്യുന്നത്, ദരിദ്രരുടെ രോദനത്തോടുള്ള നിസ്സംഗത, പാർശ്വവൽക്കരണം സൃഷ്ടിച്ചുകൊണ്ട് അനുദിനം നാം കുഴിക്കുന്ന ഗർത്തം എന്നിവയ്ക്കെല്ലാം നമ്മെ നിസ്സംഗരാക്കാൻ കഴിയില്ല. അതിനാൽ ഇന്ന്, ദിവ്യകാരുണ്യം ഒരു പുതിയ ലോകത്തിൻറെ പ്രവചനമാണെന്ന് നമ്മൾ  ഒത്തൊരുമിച്ച് തിരിച്ചറിയുന്നു, അത് ഫലപ്രദമായ പരിവർത്തനത്തിനായി പരിശ്രമിക്കാൻ ആവശ്യപ്പെടുന്ന യേശുവിൻറെ സാന്നിദ്ധ്യമാണ്: നിസ്സംഗതയിൽ നിന്ന് അനുകമ്പയിലേക്കുള്ള പരിവർത്തനം, ദുർവ്യയത്തിൽ നിന്ന് പങ്കിടലിലേക്കുള്ള പരിവർത്തനം, സ്വാർത്ഥതയിൽ നിന്ന് സ്നേഹത്തിലേക്കുള്ള പരിവർത്തനം, വ്യക്തികേന്ദ്രീകൃതവാദത്തിൽ നിന്ന് സാഹോദര്യത്തിലേക്കുള്ള പരിവർത്തനം.

ദിവ്യകാരുണ്യ സഭയായിരിക്കുക

സഹോദരീ സഹോദരന്മാരേ, നാം സ്വപ്നം കാണുന്നത് ഇത്തരമൊരു സഭയെയാണ്: ദിവ്യകാരുണ്യസഭ. ഏകാന്തതയും ദാരിദ്ര്യവും അനുഭവിക്കുന്ന എല്ലാവർക്കും, ആർദ്രതയ്ക്കും കാരുണ്യത്തിനും വേണ്ടി വിശക്കുന്നവർക്കും, പ്രതീക്ഷയുടെ നല്ല പുളിമാവ് ഇല്ലാത്തതിനാൽ ജീവിതം തകർന്നുപോകുന്നവർക്കും അപ്പം പോലെ സ്വയം മുറിക്കുന്ന സ്ത്രീപുരുഷന്മാരാൽ നിർമ്മിതമായ ഒരു സഭ. സഹോദരന്മാരേ, സഹോദരിമാരേ, "അപ്പത്തിൻറെ നഗരം"  ആയ മത്തേരയിൽ നിന്ന്, ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു: നമുക്ക് യേശുവിലേക്ക് മടങ്ങാം, നമുക്ക് ദിവ്യകാരുണ്യത്തിലേക്ക് മടങ്ങാം. നമുക്ക് അപ്പത്തിൻറെ രുചിയിലേക്ക് മടങ്ങാം, കാരണം സ്നേഹത്തിനും പ്രതീക്ഷയ്ക്കും വേണ്ടി വിശക്കുമ്പോൾ, അല്ലെങ്കിൽ ജീവിത വ്യഥകളും യാതനകളും കൊണ്ട് നാം തകർന്നിരിക്കുമ്പോൾ, യേശു, നമ്മുടെ വിശപ്പടക്കുന്ന ഭക്ഷണമായി മാറുകയും നമ്മെ സുഖപ്പെടുത്തുകയും ചെയ്യുന്നു. നമുക്ക് അപ്പത്തിൻറെ രുചിയിലേക്ക് മടങ്ങാം, കാരണം ലോകത്ത് പാവപ്പെട്ടവരോടുള്ള അനീതികളും വിവേചനങ്ങളും അരങ്ങേറുമ്പോൾ, യേശു നമുക്ക് പങ്കുവെയ്ക്കലിൻറെ അപ്പം നൽകുകയും സാഹോദര്യത്തിൻറെയും നീതിയുടെയും സമാധാനത്തിൻറെയും അപ്പൊസ്തോലന്മാരായി അനുദിനം നമ്മെ അയയ്ക്കുകയും ചെയ്യുന്നു. യേശുവിനെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ആർദ്രതയുടെയും കരുണയുടെയും അപ്പം ആയിത്തീരുകയും ചെയ്യുന്ന ദിവ്യകാരുണ്യ സഭയാകാൻ നമുക്ക് അപ്പത്തിൻറെ രുചിയിലേക്ക് മടങ്ങാം.

അപ്പത്തിൻറെ രുചിയിലേക്കു മടങ്ങാം

ധനികനെയും ലാസറിനെയും കുറിച്ച് ഇന്ന് നമുക്ക് ഗൗരവമായി ചിന്തിക്കാം. ഇത് എല്ലാ ദിവസവും സംഭവിക്കുന്നു. പലപ്പോഴും നമ്മിലും ഇതു സംഭവിക്കുന്നു, ഈ പോരാട്ടം നമുക്കിടയിലും സമൂഹത്തിലും തുടരുന്നു, അതിൽ  നാം ലജ്ജിക്കണം, പ്രത്യാശ നശിക്കുകയും ഹൃദയത്തിൻറെ ഏകാന്തത, ആന്തരിക ക്ഷീണം, പാപത്തിൻറെ പീഡ, അസാദ്ധ്യമെന്ന ഭയം എന്നിവ നമ്മിൽ അനുഭവപ്പെടുകയും ചെയ്യുമ്പോൾ, നമുക്ക് വീണ്ടും അപ്പത്തിൻറെ രുചിയിലേക്ക് മടങ്ങാം. നാമെല്ലാവരും പാപികളാണ്: നമ്മൾ ഓരോരുത്തരും സ്വന്തം പാപങ്ങൾ പേറുന്നു. എന്നാൽ, പാപികളായ നമുക്ക് ദിവ്യകാരുണ്യത്തിൻറെ രുചിയിലേക്ക്, അപ്പത്തിൻറെ രുചിയിലേക്ക് മടങ്ങാം. നമുക്ക് യേശുവിലേക്ക് മടങ്ങാം, യേശുവിനെ ആരാധിക്കാം, യേശുവിനെ സ്വീകരിക്കാം. എന്തെന്നാൽ അവിടന്നു മാത്രമാണ് മരണത്തെ ജയിച്ച് നമ്മുടെ ജീവിതത്തെ എപ്പോഴും നവീകരിക്കുന്നത്.

മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കു മുമ്പ് പാപ്പാ നടത്തിയ അഭ്യർത്ഥനകൾ 

 സുവിശേഷ ചിന്തകൾ പങ്കുവച്ചതിനു ശേഷം വിശുദ്ധ കുർബ്ബാന തുടർന്ന പാപ്പാ സമാപനാശീർവ്വാദത്തിനു മുമ്പ് മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ചു. പ്രാർത്ഥനയ്ക്കു ഒരുക്കമായി നടത്തിയ ഹ്രസ്വവിചിന്തനത്തിൽ പാപ്പാ തൻറെ മത്തേറ സന്ദർശനത്തിനു വേണ്ട ഒരുക്കങ്ങൾ ചെയ്തവർക്കും സഹകാരികൾക്കും നന്ദി പ്രകാശിപ്പിച്ചു. ഇറ്റലിയിൽ കൂടുതൽ കുഞ്ഞുങ്ങൾ പിറക്കേണ്ടതിൻറെ ആവശ്യകതയെപ്പറ്റി പാപ്പാ തദ്ദവസരത്തിൽ ഓർമ്മിപ്പിച്ചു. ലോകത്തിൻറെ അടിയന്തിരാവശ്യങ്ങൾക്കായി പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കാൻ എല്ലാവരെയും പാപ്പാ ക്ഷണിക്കുകയും ചെയ്തു.

മ്യാന്മാറിനു വേണ്ടി

രണ്ടു വർഷമായി സായുധ സംഘർഷങ്ങളുടെയും ആക്രമണങ്ങളുടെയും പിടിയിലമർന്നിരിക്കുന്ന മ്യന്മാറിനു വേണ്ടി പാപ്പാ പ്രത്യേകം പ്രാർത്ഥിച്ചു. ഈ ആക്രമണങ്ങൾക്ക് ഇരകളായവരും സ്വഭവനങ്ങളുപേക്ഷിച്ചു പോകേണ്ടിവന്നവരും നിരവധിയാണെന്നും പാപ്പാ അനുസ്മരിച്ചു. ഈ ആഴ്ച ഒരു വിദ്യാലയത്തിനു നേർക്കു നടന്ന ബോംബാക്രമണത്തിൽ കുഞ്ഞുങ്ങൾ മരണമടഞ്ഞതിൻറെ വേദനയാലുള്ള രോദനം താൻ കേട്ടുവെന്നു വെളിപ്പെടുത്തിയ പാപ്പാ വിദ്യാലയങ്ങൾക്കു നേരെയുള്ള ബോംബാക്രമണം ഇന്ന് ഒരു ലോകരീതിയായി മാറിയിരിക്കയാണെന്ന് കുറ്റപ്പെടുത്തി. ഈ പൈതങ്ങളുടെ കരച്ചിൽ കേൾക്കാതെ പോകാതിരിക്കട്ടെ! ഈ ദുരന്തങ്ങൾ ഇനിയുണ്ടാകതിരിക്കെട്ടെ! പാപ്പാ പറഞ്ഞു,

ഉക്രൈയിനിൽ സമാധാനം സംജാതമാകുന്നതിനു വേണ്ടി

ഉക്രൈയിനു വേണ്ടിയുള്ള പ്രാർത്ഥന പാപ്പാ നവീകരിച്ചു. സമാധാന രാജ്ഞിയായ മറിയം പീഡിത ഉക്രേനിയൻ ജനതയ്ക്ക് സാന്ത്വനമേകുകയും യുദ്ധാന്ത്യത്തിലേക്കു നയിക്കുന്ന ഫലപ്രദമായ സംരംഭങ്ങൾ ഉടനടി കണ്ടെത്തുന്നതിന് രാഷ്ട്ര നേതാക്കൾക്ക് ഇച്ഛാശക്തി പ്രദാനംചെയ്യുകയും ചെയ്യട്ടെയെന്ന് പാപ്പാ പ്രാർത്ഥിച്ചു.

കാമെറൂണിൽ തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ മോചനത്തിനായി

ആഫ്രിക്കൻ നാടായ കാമെറൂണിലെ മാംഫെ രൂപതയിൽ തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ മോചനത്തിനായി പാപ്പാ അഭ്യർത്ഥിച്ചു. 5 വൈദികരും ഒരു സന്ന്യാസിനിയുമുൾപ്പെടെ തട്ടിക്കൊണ്ടുപോകപ്പെട്ട ഏതാനും പേരുടെ മോചനത്തിനായി അന്നാട്ടിലെ മെത്രാന്മാർ നടത്തിയ അഭ്യർത്ഥനയിൽ താനും പങ്കുചേരുന്നതായി പാപ്പാ അറിയിച്ചു. തട്ടിക്കൊണ്ടു പോകപ്പെട്ടവർക്കും ബമെൻഡ സഭാ പ്രവിശ്യയിലെ ജനങ്ങൾക്കുമായി താൻ പ്രാർത്ഥിക്കുന്നുവെന്ന് വെളിപ്പെടുത്തിയ പാപ്പാ കാമറൂണിൻറെ സാമൂഹിക ജീവിതത്തിന് കർത്താവ് സമാധാനം പ്രദാനം ചെയ്യട്ടെയെന്ന് ആശംസിച്ചു.

കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ലോക ദിനം

ഈ ഞായറാഴ്ച, സഭ കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ലോക ദിനം ആചരിച്ചത് പാപ്പാ അനുസ്മരിച്ചു. "കുടിയേറ്റക്കാരോടും അഭയാർത്ഥികളോടും ചേർന്ന് ഭാവി കെട്ടിപ്പടുക്കുക" എന്ന വിചിന്തന പ്രമേയം ഈ ദിനം സ്വീകരിച്ചിരുന്നതിനെക്കുറിച്ചു പരാമർശിച്ച പാപ്പാ,  ദൈവത്തിൻറെ പദ്ധതിയനുസരിച്ച് ഭാവി കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധത നവീകരിക്കാൻ എല്ലാവരെയും ക്ഷണിച്ചു. 

ഓരോ വ്യക്തിയും അവനവൻറെ സ്ഥാനം കണ്ടെത്തുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നതും  കുടിയേറ്റക്കാർക്കും അഭയാർഥികൾക്കും നാടുകടത്തപ്പെട്ടവർക്കും മനുഷ്യക്കടത്തിന് ഇരയായവർക്കും സമാധാനത്തോടെയും അന്തസ്സോടെയും ജീവിക്കാനാകുന്ന ഒരു ഭാവിയാണ് ഇവിടെ വിവക്ഷയെന്ന് പാപ്പാ വ്യക്തമാക്കുകയും ചെയ്തു. ആരും ഒഴിവാക്കപ്പെടാതെ, അവരോടുകൂടിയാണ് ദൈവരാജ്യം  സാക്ഷാത്കരിക്കപ്പെടുന്നതെന്ന് പാപ്പാ പറഞ്ഞു. സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും ആത്മീയവുമായ തലങ്ങളിൽ സമൂഹങ്ങൾക്ക് വളരാൻ ഈ സഹോദരീസഹോദരന്മാർവഴി സാധിക്കുകയും വിവിധ പാരമ്പര്യങ്ങളുടെ പങ്കുവയ്ക്കൽ ദൈവജനത്തെ സമ്പന്നമാക്കുകയും ചെയ്യുമെന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു. സാകല്യസാഹോദര്യ ഭാവി കെട്ടിപ്പടുക്കാൻ പ്രതിജ്ഞാബദ്ധരാകാനും കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുകയും അവർക്ക് തുണയേകുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ഉൾച്ചേർക്കുകയും ചെയ്യാനും പാപ്പാ പ്രചോദനം പകരുകയും ചെയ്തു

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 September 2022, 14:12