തിരയുക

ഫ്രാൻസീസ് പാപ്പാ ശാസ്ത്രങ്ങൾക്കായുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ സമ്പൂർണ്ണ സമ്മേളനത്തിൽ പങ്കെടുത്തവരെ ശനീയാഴ്ച (10/09/22) പേപ്പൽ അരമനയിൽ സ്വീകരിച്ചപ്പോൾ. ഫ്രാൻസീസ് പാപ്പാ ശാസ്ത്രങ്ങൾക്കായുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ സമ്പൂർണ്ണ സമ്മേളനത്തിൽ പങ്കെടുത്തവരെ ശനീയാഴ്ച (10/09/22) പേപ്പൽ അരമനയിൽ സ്വീകരിച്ചപ്പോൾ. 

പാപ്പാ: ശാസ്ത്രനേട്ടങ്ങൾ മാനവരാശിക്കെതിരെ ഉയരുന്ന വെല്ലുവിളികളെ നേരിടാൻ!

ശാസ്ത്രങ്ങൾക്കായുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ സമ്പൂർണ്ണ സമ്മേളനം സെപ്റ്റംബർ 8-10 വരെ വത്തിക്കാനിൽ നടന്നു. അതിൽ പങ്കെടുത്ത എൺപതോളം പേരെ ഫ്രാൻസീസ് പാപ്പാ ശനീയാഴ്ച (10/09/22) പേപ്പൽ അരമനയിൽ സ്വീകരിച്ച് സംബോധന ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ നൂറ്റാണ്ടിലെ ശാസ്ത്ര നേട്ടങ്ങൾ, സാഹോദര്യത്തിൻറെയും നീതിയുടെയും സമാധാനത്തിൻറെയും ആവശ്യങ്ങളാൽ നയിക്കപ്പെടണമെന്ന് മാർപ്പാപ്പാ.

സെപ്റ്റംബർ 8-10 വരെ വത്തിക്കാനിൽ, ശാസ്ത്രങ്ങൾക്കായുള്ള പൊന്തിഫിക്കൽ അക്കാദമി ചേർന്ന സമ്പൂർണ്ണ സമ്മേളനത്തിൽ പങ്കെടുത്ത എൺപതോളം പേരടങ്ങിയ സംഘത്തെ ശനീയാഴ്ച (10/09/22) പേപ്പൽ അരമനയിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

മനുഷ്യരാശിയും അതിൻറെ ആവാസവ്യവസ്ഥയും നേരിടുന്ന വലിയ വെല്ലുവിളികൾ പരിഹരിക്കാൻ ശാസ്ത്രീയ നേട്ടങ്ങൾ പ്രയോജനപ്പെടുത്തപ്പെടേണ്ടതിൻറെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു.ശാസ്ത്രത്തിൻറെയും സാങ്കേതികവിദ്യയുടെയും നേട്ടങ്ങൾ എല്ലായ്‌പ്പോഴും ഏറ്റവും കൂടുതൽ ആളുകളുമായി, പ്രത്യേകിച്ച്, ഏറ്റവും ആവശ്യത്തിലിരിക്കുന്നവരും പിന്നോക്കം നിൽക്കുന്നവരുമായി, പങ്കിടുക  എന്ന ലക്ഷ്യത്തോടുകൂടിയ ശാസ്ത്രങ്ങൾക്കായുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ സംവിധാനം വേറിട്ടു നില്ക്കുന്നുവെന്ന് പാപ്പാ ശ്ലാഘിച്ചു.

ഈ അക്കാദമി നിർബന്ധിത തൊഴിൽ, വേശ്യാവൃത്തി, അവയവ കടത്ത് എന്നിങ്ങനെ വിവിധ തരത്തിലുള്ള അടിമത്തങ്ങളിൽ നിന്നുള്ള മോചനവും ലക്ഷ്യമിടുന്നുവെന്ന് പറഞ്ഞ പാപ്പാ മനുഷ്യരാശിക്കെതിരായ ഈ കുറ്റകൃത്യങ്ങൾ ദാരിദ്ര്യവുമായി കൈകോർത്തു നീങ്ങുന്നുവെന്നും വികസിത രാജ്യങ്ങളിലും നമ്മുടെ നഗരങ്ങളിലും സംഭവിക്കുന്നുണ്ടെന്നും അനുസ്മരിച്ചു. ശാസ്ത്രത്തിലും അനുഭവത്തിലുമധിഷ്ഠിതമായ എല്ലാ അറിവുകളും, ദുരിതം, ദാരിദ്ര്യം, അടിമത്തത്തിൻറെ നൂതനരൂപങ്ങൾ എന്നിവയെ അതിജീവിക്കാനും യുദ്ധങ്ങൾ ഒഴിവാക്കാനുമായി ഉപയോഗപ്പെടുത്തേണ്ടതിൻറെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടി.

ചരിത്രപരമായ സാഹചര്യങ്ങളിൽ, അനിവാര്യമായും മരണോന്മുഖമായ ശാസ്ത്രഗവേഷണങ്ങളെ നിരസിക്കുക വഴി ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർക്ക് ശാസ്ത്രത്തെ നിരായുധമാക്കാനും സമാധാനത്തിനായുള്ള ഒരു ശക്തി രൂപീകരിക്കാനുമുള്ള പൊതുവായ സംരംഭത്തിൽ കൈകോർക്കാനാകുമെന്ന് പാപ്പാ പറഞ്ഞു. എല്ലാ മനുഷ്യരെയും ആനന്ദം എന്ന പൊതു ഭാഗധേയത്തിനായി സൃഷ്ടിച്ച ദൈവത്തിൻറെ നാമത്തിൽ, ഇന്ന് നമ്മൾ, വിദ്വേഷം, പ്രതികാരം, ഭിന്നിപ്പ്, അക്രമം, യുദ്ധം എന്നിവ ഒഴിവാക്കി,  സ്വാതന്ത്ര്യം, നീതി, സംഭാഷണം, കൂടിക്കാഴ്ച, സ്നേഹം, സമാധാനം എന്നിവയുൾക്കൊള്ളുന്ന നമ്മുടെ സാഹോദര്യ സത്തയ്ക്ക് സാക്ഷ്യം വഹിക്കാനും നമ്മുടെ പൊതുഭവനത്തെയും നമ്മുടെയും വരുംതലമുറകളുടെയും ജീവനെയും രക്ഷിക്കാനാവശ്യമായ പാരിസ്ഥിതികപരിവർത്തനത്തിനും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സത്യം, സമാധാനം, സംഭാഷണം, സ്വാതന്ത്ര്യം, നീതി, എന്നിവയ്ക്കായുള്ള പ്രവർത്തനം തുടരാൻ പാപ്പാ പ്രചോദനം പകരുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 September 2022, 12:47