തിരയുക

ഇറ്റാലിയൻ കോൺഫിൻഡസ്ട്രിയ (വ്യാവസായ സംഘാടകർ)യുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നവരോടു പാപ്പാ. ഇറ്റാലിയൻ കോൺഫിൻഡസ്ട്രിയ (വ്യാവസായ സംഘാടകർ)യുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നവരോടു പാപ്പാ. 

വ്യവസായ സംഘാടകരോടു പാപ്പാ: മനുഷ്യസ്നേഹം, ന്യായമായ നികുതി, തൊഴിലവസരങ്ങൾ എന്നിവയുമായി സാമ്പത്തിക നേട്ടങ്ങൾ പങ്കിടുക

ഇറ്റാലിയൻ കോൺഫിൻഡസ്ട്രിയ (വ്യാവസായ സംഘാടകർ)യുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നവരോടു ഒരു വ്യത്യസ്ഥമായ സാമ്പത്തിക സംവിധാനം കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളിൽ പങ്കാളികളാകണമെന്ന് ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കോൺഫിൻഡസ്ട്രിയയുടെ പൊതുസമ്മേളനത്തിൽ  പങ്കെടുത്തവരെ തിങ്കളാഴ്ച വത്തിക്കാനിൽ സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് പാപ്പാ.
 
ജനറൽ കോൺഫെഡറേഷൻ ഓഫ് ഇറ്റാലിയൻ ഇൻഡസ്‌ട്രിയിലെ അംഗങ്ങളോടു “പൊതുനന്മ കെട്ടിപ്പടുക്കുന്നതിൽ അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്” സംരംഭകരെന്നും അത് “വികസനത്തിന്റെയും സമൃദ്ധിയുടെയും അടിസ്ഥാനമായ ഒരു യന്ത്രം” ആണെന്നും പരിശുദ്ധ പിതാവ് എടുത്തു പറഞ്ഞു.
 
ദുഷ്കരമായ സമയങ്ങളിൽ നല്ല സംരംഭകൻ
വ്യാപാര ലോകത്ത് ഉള്ളവർക്കുൾപ്പെടെ എല്ലാവർക്കും ഇത് ബുദ്ധിമുട്ടുള്ള സമയമാണെന്ന് ഫ്രാൻസിസ് പാപ്പാ എടുത്തുപറഞ്ഞു. മഹാമാരി പല ഉൽപാദന പ്രവർത്തനങ്ങളിലും സമ്മർദ്ദം ചെലുത്തുകയും സാമ്പത്തിക വ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ചെയ്തതും യുക്രെയ്നിലെ യുദ്ധവും ഊർജ്ജ പ്രതിസന്ധിയും ഈ സാഹചര്യത്തെ കൂടുതൽ വഷളാക്കുന്നതും പാപ്പാ നിരീക്ഷിച്ചു. ഈ പ്രതിസന്ധികളിൽ, അനിശ്ചിതത്വങ്ങളും അപകടസാധ്യതകളും അനുഭവിക്കുന്ന നല്ല സംരംഭകനും കഷ്ടപ്പെടുന്നു എന്ന്  'നല്ല ഇടയനെപ്പോലെയുള്ള സംരംഭകരെയും സ്വാർത്ഥതൽപ്പരായ സംരംഭകരെയും വേർതിരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.
 
നല്ല ഇടയനെപ്പോലെ, നല്ല സംരംഭകനും തന്റെ തൊഴിലാളികളുടെ കഷ്ടപ്പാടുകൾ അനുഭവിച്ചുകൊണ്ട് അവരെ വലയം ചെയ്യുന്ന നിരവധി ചെന്നായ്ക്കളുടെ മുമ്പിൽ ഓടിപ്പോവുകയില്ല എന്ന്  വാണിജ്യ സമൂഹവും, പൗര സമൂഹവും ആദരവോടെ ബഹുമാനിച്ച ആൽബെർത്തോ ബലോക്കോയുടെ മരണത്തെ അനുസ്മരിച്ചുകൊണ്ട്  പാപ്പാ പറഞ്ഞു.

തൊഴിലും കച്ചവടവും ബൈബിളിൽ

സഭ തുടക്കം മുതൽ തന്നെ, "ആധുനിക സംരംഭകരുടെ മുൻഗാമികളായ  വ്യാപാരികളെ സ്വാഗതം ചെയ്തിരുന്നു " എന്നു പറഞ്ഞ പാപ്പാ ബൈബിളിലെ ചില ഉപമകൾ (നഷ്ടപ്പെട്ട നാണയം, ഭൂവുടമ, കാര്യസ്ഥൻ, ഗൃഹനാഥൻ , വിലയേറിയ മുത്തുകൾ) വേലയെയും വാണിജ്യത്തെയും കുറിച്ച്  സംസാരിക്കുന്നതും ചൂണ്ടിക്കാണിച്ചു. നല്ല സമരിയാക്കാരന്റെ ഉപമയിൽ, സത്രം സൂക്ഷിപ്പുകാരന് സമർപ്പിച്ച "രണ്ട് ദിനാർ" വളരെ പ്രധാനപ്പെട്ടതാണെന്ന്  പറഞ്ഞ പാപ്പാ യേശുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസ് വാഗ്ദാനം ചെയ്ത പണവും അതുപോലെ പ്രധാനമാണ് എന്നും വ്യക്തമാക്കി. വാസ്തവത്തിൽ, "ഇന്നലത്തെ പോലെ  ഇന്നും ഒരേ പണം കൊണ്ട് ഒരു സുഹൃത്തിനെ ഒറ്റിക്കൊടുക്കാനും വിൽക്കാനും അല്ലെങ്കിൽ ഒരു ഇരയെ രക്ഷിക്കാനും ഉപയോഗിക്കാം," പാപ്പാ പറഞ്ഞു. 

യൂദാസിന്റെ ദിനാറുകളും നല്ല സമരിയാക്കാരന്റെ ദിനാറുകളും ഒരേ വിപണിയിൽ, ഒരേ സ്റ്റോക്ക് എക്‌സ്ചേഞ്ചുകളിൽ ഒരുമിച്ച് നിലനിൽക്കുന്നു. എന്നാൽ സമ്പദ്‌വ്യവസ്ഥ "വളരുകയും മനുഷ്യത്വമുള്ളതായിത്തീരുകയും ചെയ്യുന്നത് സമരിയാക്കാരന്റെ ദിനാറുകൾ യൂദാസിന്റെതിനേക്കാൾ കൂടുതലാകുമ്പോഴാണ് എന്ന് പാപ്പാ വിശദീകരിച്ചു. സമ്പന്നൻ, ഒട്ടകം, സൂചിയുടെ കുഴ (മത്തായി 19: 23-24) എന്നിവയെക്കുറിച്ചുള്ള യേശുവിന്റെ വാക്കുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് സഭയിൽ സംരംഭകരുടെ ജീവിതം എല്ലായ്പ്പോഴും എളുപ്പമായിരുന്നില്ല എന്ന് പരിശുദ്ധ പിതാവ് സമ്മതിച്ചു. കാരണം വളരെ വേഗം ഇത് എല്ലാ സംരംഭകരെയും വ്യാപാരികളേയും കുറിച്ചാണെന്ന് വിചാരിക്കുന്ന തരത്തിൽ പരന്നു. “യഥാർത്ഥത്തിൽ, ഒരു വ്യക്തിക്ക് ഒരു വ്യാപാരിയും, ഒരു സംരംഭകനും, ക്രിസ്തുവിന്റെ അനുയായിയും, അവന്റെ രാജ്യത്തെ നിവാസിയും ആകാൻ കഴിയും. അപ്പോൾ ചോദ്യം ഇതാണ്: ഒരു സംരംഭകന് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നതിനുള്ള വ്യവസ്ഥകൾ എന്തൊക്കെയാണ്?

 പങ്കുവയ്ക്കൽ

ഒരു സംരംഭകന് സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതിനുള്ള വ്യവസ്ഥകളെക്കുറിച്ച്  പരാമർശിച്ച് കൊണ്ട് പരിശുദ്ധ പിതാവ് പങ്കുവെക്കലിന്റെ പ്രാധാന്യത്തെ അടിവരയിട്ടു. സമ്പത്ത്, ഒരു വശത്ത് ജീവിതത്തെ വളരെയധികം സഹായിക്കുമ്പോൾ, മറുവശത്ത് ജീവിതത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയും ചെയ്യുന്നു. കാരണം അത് ഒരു വിഗ്രഹവും "ഒരുവന്റെ ജീവിതം മുഴുവൻ ദിനംപ്രതി അപഹരിക്കുന്ന" ഒരു ക്രൂരനായ യജമാനനുമായി മാറാം, പാപ്പാ പറഞ്ഞു.

 സമ്പത്ത് ഉത്തരവാദിത്തം ആവശ്യപ്പെടുന്നു എന്ന്  പറഞ്ഞ പാപ്പാ "ഒരിക്കൽ എനിക്ക് സമ്പത്ത് ലഭിച്ചുകഴിഞ്ഞാൽ, അതിൽ ഫലം കായ്പ്പിക്കാനുള്ള ഉത്തരവാദിത്തം എന്റെ മേൽ നിക്ഷിപ്തമാണ്, അത് നശിപ്പിക്കാനല്ല, പൊതുനന്മയ്ക്കായി ഉപയോഗിക്കുകയാണ് വേണ്ടത്." എന്നിരിക്കിലും, സമ്പത്ത് അസൂയയ്ക്കും പരദൂഷണത്തിനും ഒരുപക്ഷേ അക്രമത്തിനും തിന്മയ്ക്കും  കാരണമാകാം, പാപ്പാ ഓർമ്മപ്പെടുത്തി.
 
പരിശുദ്ധ പിതാവ് പിന്നെ യേശുവിന്റെ ആദ്യ സമൂഹത്തിന്റെ ഭാഗമായിരുന്ന ധനികരായ ആളുകളുടെ മാതൃകകൾ ചൂണ്ടിക്കാണിച്ചു. അരിമത്തിയയിലെ ജോസഫ്, അപ്പോസ്തലന്മാരെ അവരുടെ സ്വത്തുക്കൾ കൊണ്ട് പിന്തുണച്ച സ്ത്രീകൾ, ജെറീക്കോയിലെ സക്കേവൂസ് എന്നിവരുൾപ്പെടെ സുവിശേഷം മാതൃകാപരമായ രീതിയിൽ പിന്തുടർന്ന സമ്പന്നർ എല്ലായ്പ്പോഴും ഉണ്ടായിരുന്നുവെന്ന് പാപ്പാ അനുസ്മരിച്ചു. "പങ്ക് വയ്ക്കുക എന്നത് സുവിശേഷ ദാരിദ്ര്യത്തിന്റെ മറ്റൊരു പേരാണ്" എന്ന് പറഞ്ഞു കൊണ്ട് പാപ്പാ അപ്പോസ്തല പ്രവർത്തനങ്ങളിൽ വിവരിച്ചിരിക്കുന്ന സമ്പാദ്യം പൊതുവായി പങ്കിടുന്ന മഹത്തായ സാമ്പത്തിക മാതൃക ഉയർത്തികാണിച്ചു.
 
ജീവകാരുണ്യ പ്രവർത്തനങ്ങൾ, നികുതി, സംഭരണം

പങ്കിടലിന്റെ സുവിശേഷ ചൈതന്യം ജീവിക്കുന്ന വിവിധ രൂപങ്ങളിൽ നിന്ന് ഓരോ സംരംഭകനും തന്റെ വ്യക്തിത്വത്തിനും സർഗ്ഗാത്മകതയ്ക്കും അനുസൃതമായി വ്യക്തിപരമായ ഒന്ന്  കണ്ടെത്തണമെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. അതിൽ ഒരു രൂപമാണ് ദാനശീലം എന്ന് പറഞ്ഞ പാപ്പാ സമൂഹത്തിനായി വിവിധ രീതികളിൽ നൽകുന്നതാണെന്ന് യുക്രേനിയൻ ജനതയ്‌ക്കു നൽകുന്ന വിവിധ തരം പിന്തുണകളെ അംഗീകരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.  മറ്റൊരു മാർഗ്ഗം, നികുതികളും സംഭരണങ്ങളുമാണ് എന്നു ചൂണ്ടിക്കാണിച്ച പാപ്പാ എന്നാൽ"പലപ്പോഴും മനസ്സിലാകാത്ത പങ്കുവയ്ക്കലിന്റെ രൂപമാണ് അവ" എന്ന് വ്യക്തമാക്കി.
 
"സാമൂഹിക ഉടമ്പടിയുടെ ഹൃദയഭാഗത്താണ് സാമ്പത്തിക ഉടമ്പടി", നികുതികൾ "സമ്പത്ത് പങ്കിടുന്നതിന്റെ ഒരു രൂപമാണ്. അങ്ങനെ അത് പൊതു വസ്തുകളായി മാറുന്നു. സ്കൂളുകൾ, ആരോഗ്യം, അവകാശങ്ങൾ, പരിചരണം, ശാസ്ത്രം, സംസ്കാരം, പൈതൃകം"എന്നിവയായി അവ മാറുന്നു. എന്നിരുന്നാലും, "ഇറ്റാലിയൻ ഭരണഘടന പ്രസ്താവിക്കുന്നതുപോലെ, നികുതികൾ ന്യായവും നിഷ്പക്ഷവും ഓരോ വ്യക്തിയുടെയും അടയ്‌ക്കാനുള്ള കഴിവിനനുസരിച്ച് സജ്ജീകരിക്കപ്പെട്ടതുമായിരിക്കണം", "ധനവ്യവസ്ഥയും ഭരണവും കാര്യക്ഷമവും അഴിമതിയില്ലാത്തതുമായിരിക്കണം" എന്ന് ഫ്രാൻസിസ് പാപ്പാ മുന്നറിയിപ്പ് നൽകി.
 
തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, കുടുംബങ്ങൾക്ക് പിന്തുണ
"പങ്കു വയ്ക്കലിന്റെ മറ്റൊരു രീതി തൊഴിലവസരങ്ങൾ സൃഷ്ടിക്കലാണ്, എല്ലാവർക്കും, പ്രത്യേകിച്ച് യുവജനങ്ങൾക്കുള്ള തൊഴിലവസരങ്ങൾ," എന്നു പറഞ്ഞ പാപ്പാ യുവാക്കളെ ആവശ്യമാണെന്നും അവരില്ലാത്ത വ്യാപാരങ്ങൾക്ക് പുതുമയും ഊർജ്ജവും ഉത്സാഹവും നഷ്ടപ്പെടുന്നു എന്നും ചൂണ്ടിക്കാണിച്ചു.
 
ജോലി എല്ലായ്പ്പോഴും സമ്പത്തിന്റെ ഒരു കൂട്ടായ്മയാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു, കാരണം "ആളുകളെ നിയമിക്കുന്നതിലൂടെ നിങ്ങൾ ഇതിനകം നിങ്ങളുടെ മൂലധനം വിതരണം ചെയ്യുകയാണ് അങ്ങനെ നിങ്ങൾ ഇതിനകം പങ്കിടുന്ന സമ്പാദ്യം സൃഷ്ടിക്കുകയാണ്." അങ്ങനെ, സൃഷ്ടിക്കപ്പെടുന്ന ഓരോ പുതിയ ജോലിയും ചലനാത്മകമായി പങ്കിടുന്ന സമ്പത്തിന്റെ ഒരു കഷണമാണ്" കൂടാതെ ഇതിലാണ് "സമ്പദ്‌വ്യവസ്ഥയിലുള്ള ജോലിയുടെ കേന്ദ്രതയും അതിന്റെ മഹത്തായ അന്തസ്സും സ്ഥിതിചെയ്യുന്നത്." എന്നിരുന്നാലും, തൊഴിൽ വിപണിയുടെ പരിധിക്കുള്ളിൽ തുടർന്നാൽ തൊഴിൽ പ്രശ്നം പരിഹരിക്കാനാവില്ല എന്നു പറഞ്ഞ പാപ്പാ, ഇത് വെല്ലുവിളിക്കപ്പെടേണ്ട സാമൂഹിക ക്രമത്തിന്റെ മാതൃകയാണെന്ന് ഊന്നിപ്പറഞ്ഞു. ഇക്കാര്യത്തിൽ, ജനന നിരക്കിലുള്ള സാരമായ കുറവും  ജനങ്ങളുടെ ദ്രുതഗതിയിലുള്ള വാർദ്ധക്യവും മൂലം, തൊഴിലാളികളുടെ വിതരണം കുറയുന്നതും പെൻഷൻ ചെലവ് വർദ്ധിക്കുന്നതും പാപ്പാ ചൂണ്ടിക്കാട്ടി. “കുടുംബങ്ങളെയും ജനനനിരക്കിനെയും പ്രായോഗികമായി പിന്തുണയ്ക്കേണ്ട അടിയന്തിര ആവശ്യമുണ്ട്,” ഫ്രാൻസിസ് പാപ്പാ ഊന്നിപ്പറഞ്ഞു.

"സൃഷ്ടിപരമായ ഏകീകരണം പരിപോഷിപ്പിക്കുന്നതിലൂടെയും നമ്മുടെ നിലവിലെ സാഹചര്യത്തിൽ ബിസിനസിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിലൂടെയും" കുടിയേറ്റമെന്ന യാഥാർത്ഥ്യത്തിൽ ബിസിനസുകൾ വഹിക്കുന്ന ക്രിയാത്മകമായ പങ്ക് പരിശുദ്ധ പിതാവ് എടുത്തുകാണിച്ചു. എന്നിരുന്നാലും, ആളുകളെ ചൂഷണം ചെയ്യുന്നതിനും അവരുടെ സുരക്ഷയെ അവഗണിക്കുന്നതിനും എതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു.
 
അഡ്രിയാനോ ഒലിവെറ്റിയുടെ മാതൃക

വ്യവസായികളും തൊഴിലാളികളാണെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു. അവരുടെ സംരംഭങ്ങളുമായി ജീവിക്കുമ്പോൾ തൊഴിലിന്റെ "ഗന്ധം" മറന്ന് തൊഴിലുമായുള്ള ബന്ധം നഷ്ടപ്പെടുത്തരുതെന്ന് അദ്ദേഹം അവരോടു അഭ്യർത്ഥിച്ചു.

ജോലി സൃഷ്ടിക്കുന്നത് വ്യവസായ സ്ഥാപനങ്ങളിലും, സമൂഹത്തിലും ചില തുല്യത സൃഷ്ടിക്കുന്നുവെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ബിസിനസ്സിൽ, വ്യത്യസ്ത പ്രവർത്തനങ്ങളുടെ ഒരു ശ്രേണിയുണ്ടെങ്കിലും "ശമ്പളം വളരെ വ്യത്യസ്തമായിരിക്കരുത്." "ഏറ്റവും ഉയർന്നതും കുറഞ്ഞതുമായ ശമ്പളം തമ്മിലുള്ള അന്തരം വളരെ വലുതായാൽ, ബിസിനസ്സ് സമൂഹം രോഗബാധിതമാകും, താമസിയാതെ സമൂഹവും രോഗിയാകുന്നു," പാപ്പാ പറഞ്ഞു.
 
ഏറ്റവും ഉയർന്നതും താഴ്ന്നതുമായ ശമ്പളം തമ്മിലുള്ള അന്തരം ബിസിനസ്സിന്റെയും സമൂഹത്തിന്റെയും പൊതുവായ ലക്ഷ്യവും  നഷ്‌ടപ്പെടുത്തുമെന്നും എല്ലാരിലും  സഹാനുഭൂതിയും ഐക്യദാർഢ്യവും സൃഷ്ടിക്കില്ലെന്നും അറിഞ്ഞ്  ശമ്പളങ്ങൾ തമ്മിലുള്ള അന്തരത്തിന് പരിധി നിശ്ചയിച്ച അഡ്രിയാനോ ഒലിവെറ്റിയുടെ മാതൃക ഉയർത്തിപ്പിടിച്ച പാപ്പാ, "ഓരോ തൊഴിലാളിയും തന്റെ സംരംഭകരെയും മാനേജർമാരെയും ആശ്രയിച്ചിരിക്കുന്നു എന്നത് സത്യമാണെങ്കിലും, സംരംഭകനും തന്റെ തൊഴിലാളികളെയും അവരുടെ സർഗ്ഗാത്മകതയെയും അവരുടെ ഹൃദയങ്ങളെയും ആത്മാവിനെയും ആശ്രയിച്ചിരിക്കുന്നു എന്നതും സത്യമാണ്: അത് അവരുടെ ആത്മീയ "മൂലധനത്തെ" ആശ്രയിച്ചിരിക്കുന്നു" എന്നും വ്യക്തമാക്കി. ഉപസംഹാരമായി, മികച്ച സംരംഭകരില്ലാതെ നമ്മുടെ സമൂഹത്തിന്റെ വെല്ലുവിളികൾ നേരിടാനാവില്ലെന്ന് അടിവരയിട്ട പാപ്പാ അവരുടെ സർഗ്ഗാത്മകതയിലൂടെയും നവീകരണത്തിലൂടെയും വ്യത്യസ്തമായ ഒരു സാമ്പത്തിക വ്യവസ്ഥ കൊണ്ടുവരുന്ന കാലഘട്ട മാറ്റത്തിന്റെ നായകന്മാരാകാൻ പൊതുസമ്മേളനത്തിൽ പങ്കെടുത്തവരോടു അഭ്യർത്ഥിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 September 2022, 21:04