തിരയുക

ഫ്രാൻസീസ് പാപ്പാ ഷോൺസ്റ്റാറ്റ് (Schonstatt) വൈദികരെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 01/09/22 ഫ്രാൻസീസ് പാപ്പാ ഷോൺസ്റ്റാറ്റ് (Schonstatt) വൈദികരെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 01/09/22 

പാപ്പാ: ഷോൺസ്റ്റാറ്റ് വൈദികർ ജീവിതത്തിൻറെ ഇരുണ്ട വഴികളിൽ പ്രത്യാശയുടെ ദൂതർ!

ഫ്രാൻസീസ് പാപ്പാ ഷോൺസ്റ്റാറ്റ് വൈദികരുടെ സന്ന്യസ്തസമൂഹത്തിൻറെ പൊതുസംഘത്തിൽ അഥവാ, ജനറൽചാപ്റ്ററിൽ സംബന്ധിക്കുന്നവരടങ്ങിയ അമ്പതോളം പേരുടെ സംഘത്തെ വ്യാഴാഴ്‌ച (01/09/22) വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കുടുംബങ്ങളോട് പ്രത്യേകിച്ച്, ദൈവം തൻറെ ജനവുമായി ഉണ്ടാക്കിയ “സ്നേഹ ഉടമ്പടിയുടെ” മനോഹാരിത, പ്രഘോഷിച്ചുകൊണ്ട് ഷോൺസ്റ്റാറ്റ് വൈദിക സമൂഹം സഭയ്ക്കും ലോകത്തിനുമേകുന്ന സേവനങ്ങളെ മാർപ്പാപ്പാ ശ്ലാഘിക്കുന്നു.  

ഷോൺസ്റ്റാറ്റ് വൈദികരുടെ സന്ന്യസ്തസമൂഹത്തിൻറെ പൊതുസംഘത്തിൽ അഥവാ, ജനറൽചാപ്റ്ററിൽ സംബന്ധിക്കുന്നവരടങ്ങിയ അമ്പതോളം പേരുടെ സംഘത്തെ വ്യാഴാഴ്‌ച (01/09/22) വത്തിക്കാനിൽ സ്വീകരിച്ച അവസരത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞത്.

വിവാഹബന്ധങ്ങൾ പ്രതിസന്ധിയിലാകുന്നതും, യുവജനങ്ങൾ വഴിതെറ്റിപ്പോകുന്നതും, വൃദ്ധജനങ്ങൾ വിസ്മരിക്കപ്പെടുന്നതും, കുട്ടികൾ യാതനകളനുഭവിക്കുന്നതും ഇന്ന് ധാരാളമായി കണ്ടുവരുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ, ജീവിതം കടന്നുപോകുന്ന ഇത്തരം ഇരുണ്ട സാഹചര്യങ്ങളിൽ പ്രത്യാശയുടെ സന്ദേശ സംവാഹകരായി ഈ സന്ന്യാസസമൂഹാംഗംങ്ങൾ മാറിയിരിക്കുകയാണെന്ന് സന്തുഷ്ടി പ്രകടിപ്പിച്ചു. മനുഷ്യവ്യക്തിയെയും സമൂഹം മുഴുവനെയും താങ്ങിനിറുത്തുന്ന അടിത്തറകൾക്ക് ഇളക്കം വരുത്തുന്ന വിഭിന്നങ്ങളായ നിരവധി പ്രത്യയശാസ്ത്രങ്ങൾ കുടുംബങ്ങളുടെ സ്വഭാവത്തെത്തന്നെ കടന്നാക്രമിക്കുകയാണെന്നും അതുപോലെ തന്നെ കുടുംബങ്ങളിൽ പലപ്പോഴും വൃദ്ധജനവും യുവതയും തമ്മിലുള്ള ധാരണയിൽ വിള്ളൽ സംഭവിക്കുന്നുണ്ടെന്നും പാപ്പാ പറഞ്ഞു. നമ്മുടെ കർത്താവായ യേശുക്രിസ്തു സകല മനുഷ്യരാശിക്കും മുഴുവൻ ലോകത്തിനും വേണ്ടി നേടിയെടുത്ത വീണ്ടെടുപ്പിൻറെ രഹസ്യം കുടുംബങ്ങളിൽ ജീവിക്കപ്പെടുന്ന സ്നേഹത്തിൻറെ അനുഭവവുമായും അടുത്തു ബന്ധപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

ഷോൺസ്റ്റാറ്റ് സന്ന്യസ്ത സമൂഹത്തിൻറെ പുതിയ പൊതുശ്രേഷ്ഠനായി, അഥവാ,  സുപ്പീരിയർ ജനറൽ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന വൈദികൻ അലെക്സാണ്ഡ്രെ അവ്വി മേല്ലൊയ്ക്ക് (Alexandre Awi Mello) ഭാവുകങ്ങൾ നേർന്ന പാപ്പാ അദ്ദേഹത്തിന് പുതിയ ചുമതലകൾ ഫലപ്രദമായി നിറവേറ്റാൻ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 September 2022, 10:12