തിരയുക

മിലാ൯ പ്രേഷിതോത്സവം 2022. മിലാ൯ പ്രേഷിതോത്സവം 2022.  

സമാധാനത്തിന്റെ സാക്ഷികളാകാൻ ക്രൈസ്തവരോടു പാപ്പാ

മിലാനിലെ പ്രേഷിതോത്സവത്തിൽ പങ്കെടുക്കുന്നവരെ സമാധാനത്തിന്റെ സാക്ഷികളാകാനും പ്രേഷിത ചൈതന്യം വളർത്തിയെടുക്കാനും ഫ്രാൻസിസ് പാപ്പാ പ്രോത്സാഹിപ്പിച്ചു. പ്രേഷിതത്വമാണ് സഭാജീവിതത്തിന്റെ ഹൃദയമെന്നും പാപ്പാ കൂട്ടി ചേർത്തു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2 വരെ ഇറ്റലിയിലെ മിലാനിൽ നടക്കുന്ന പ്രേഷിതോത്സവത്തോടനുബന്ധിച്ചാണ് ഫ്രാൻസിസ് പാപ്പാ സന്ദേശം അയച്ചത്.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, കർദ്ദിനാൾ പിയത്രോ പരോളിൻ ഒപ്പിട്ട്, മിലാനിലെ ആർച്ച് ബിഷപ്പ് മാരിയോ ഡെൽപീനിയെ അഭിസംബോധന ചെയ്ത കത്തിൽ, “ദാനം കൊണ്ടുള്ള ജീവിക്കൽ” എന്ന മനോഹരമായ സംരംഭത്തിന് അഭിനന്ദനം അറിയിച്ചുകൊണ്ട് പരിശുദ്ധ പിതാവ് പങ്കെടുത്തവർക്ക് ആശംസകൾ അറിയിച്ചു.

"മാറ്റത്തിന്റെ ഈ യുഗത്തിൽ, ദൈവം എപ്പോഴും നമ്മോടൊപ്പമുണ്ടെന്നും നമ്മെ സ്നേഹിക്കുന്നുവെന്നും ഇന്നത്തെ ജനങ്ങളോടു പ്രഖ്യാപിക്കുന്നതിന് വിശ്വാസത്തിന്റെയും സഭയുടെയും പ്രേഷിത സ്വഭാവം കാണിക്കേണ്ടത് പ്രധാനമാണ്,"  പാപ്പാ പറഞ്ഞു.

Fondazione Missio Italia ( ഇറ്റാലിയൻ മെത്രാൻ സമിതിയുടെ അജപാലന സമിതി), CIMI (ഇറ്റാലിയൻ മിഷനറി ഇൻസ്റ്റിറ്റ്യൂട്ടുകളുടെ കോൺഫറൻസ്) എന്നിവർ ചേർന്ന് നടത്തുന്ന ഈ പരിപാടിക്ക്‌ മിലാൻ അതിരൂപതയാണ് ആതിഥേയത്വം വഹിക്കുന്നത്.

പ്രേഷിതദൗത്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നു

ആഘോഷങ്ങളുടെയും പ്രാർത്ഥനകളുടെയും ശ്രവണങ്ങളുടെയും ചർച്ചകളുടെയും ഈ ദിനങ്ങൾ എല്ലാവരിലും ദൗത്യം വിശ്വാസത്തിന്റെ അനുബന്ധമല്ല, മറിച്ച് "സഭാ ജീവിതത്തിന്റെ ഹൃദയമാണ്" എന്ന അവബോധം  വളർത്തിയെടുക്കുമെന്ന് ഫ്രാൻസിസ് പാപ്പാ സന്ദേശത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു. സ്വയം നശിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ സഭയുടെ അസ്തിത്വത്തിൽ നിന്ന് ഉന്മൂലനം ചെയ്യാൻ കഴിയാത്ത ഒന്നാണ് അത് എന്ന് പാപ്പാ കൂട്ടിചേർത്തു.

"ഞാൻ ഈ ഭൂമിയിലെ ഒരു ദൗത്യമാണ്, അതുകൊണ്ടാണ് ഞാൻ ഈ ലോകത്തിലായിരിക്കുന്നത്." "പ്രബുദ്ധരാകുക, അനുഗ്രഹിക്കുക, സജീവമാക്കുക, ഉയർത്തുക, സൗഖ്യ പ്പെടുത്തുക, മോചിപ്പിക്കുക" എന്ന ദൗത്യത്താൽ മുദ്രകുത്തപ്പെട്ടവരായി എല്ലാവരും സ്വയം തിരിച്ചറിയണമെന്ന് പാപ്പാ അഭ്യർത്ഥിച്ചു.

സമാധാനത്തിന് സാക്ഷ്യം വഹിക്കുന്നു

സമകാലിക വെല്ലുവിളികൾക്കും യുദ്ധങ്ങളുടെ ദുരന്തങ്ങൾക്കുമിടയിൽ, സമാധാനത്തിന് സാക്ഷ്യം വഹിക്കേണ്ടതിന്റെ ആവശ്യകതയെ ഫ്രാൻസിസ് പാപ്പാ ഉയർത്തിക്കാണി ച്ചു. ദൗത്യത്തിന്റെ  ഒരു സുപ്രധാന വശം - അത് ഞാൻ എന്ന നിലയിൽ വ്യക്തിഗതമായും ഒരു ജനതയായും സമാധാനത്തിന്റെ സാക്ഷ്യം ജീവിക്കണം. നമ്മുടെ പ്രവർത്തനങ്ങൾ  സമാധാനം നിങ്ങളുടെ കൂടെ, ഞാൻ നിങ്ങൾക്ക് എന്റെ സമാധാനം നൽകുന്നു, എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് തരുന്നു" എന്ന യേശുവിന്റെ വാക്കുകളിൽ നങ്കൂരമിട്ടു കൊണ്ടാവണം, പാപ്പാ പറഞ്ഞു.

"യഥാർത്ഥ സമാധാനം ഉത്ഥിത ന്റെ ദാനമാണെന്നും അത്  സത്യവും നീതിയും കാരുണ്യവും ഇഴചേർത്ത് മറ്റുള്ളവർക്ക് നൽകാൻ  വിളിക്കപ്പെട്ടിരിക്കുന്ന ക്രൈസ്തവരായ നമുക്ക് നൽകപ്പെട്ടിരിക്കുന്ന ദാനമാണെന്ന് ഉറപ്പുണ്ട് " പരിശുദ്ധ പിതാവ് എന്നും ഓർമ്മിപ്പിച്ചു.

"സത്യം നീതിയുടെയും കാരുണ്യത്തിന്റെയും വേർപിരിക്കാനാവാത്ത സുഹൃത്താണെന്നും", ഇവ മൂന്നും കൂടിച്ചേർന്ന് സമാധാനം കെട്ടിപ്പടുക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങനെ, സമാധാനത്തിന്റെ സാക്ഷ്യം എന്നത് ഓരോ ദിവസവും വ്യത്യസ്തമായ സാഹചര്യങ്ങളിൽ വീടുവീടാന്തരം പ്രേക്ഷിതരായി ജീവിക്കാനുള്ള പ്രതിബദ്ധതപോലെ തന്നെയാണ്. പാപ്പാ വ്യക്തമാക്കി.

അസ്തിത്വ ചക്രവാളങ്ങളിൽ ദൃഷ്ടി പതിപ്പിക്കുക

എല്ലാവരേയും, പ്രത്യേകിച്ച് യുവജനങ്ങളെ, "മനുഷ്യൻ ക്ഷീണിതനും നിരാശനും നഷ്ടപ്പെട്ടവനുമായിരിക്കുന്നിടത്തേക്ക് സുവിശേഷത്തിന്റെ വിമോചന പ്രഖ്യാപനം കൊണ്ടുവരുന്നതിനായി വിശാലമായ അസ്തിത്വ ചക്രവാളങ്ങളിൽ അവരുടെ നോട്ടം ഉറപ്പിക്കാൻ" പരിശുദ്ധ പിതാവ് പ്രോത്സാഹിപ്പിച്ചു.

ഏറ്റവും പരീക്ഷിക്കപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ നമ്മുടെ സഹോദരീസഹോദരന്മാരുടെ ദൃഷ്ടിയിൽ, അന്തസ്സും സ്നേഹവും അടയാളപ്പെടുത്തിയ ഒരു ജീവിതത്തിനായുള്ള അഗാധവും അടിയന്തിരവുമായ ആഗ്രഹം നമുക്ക് വായിച്ചെടുക്കാൻ കഴിയുമെന്ന്  പാപ്പാ അഭിപ്രായപ്പെട്ടു. അത് കൊണ്ട്, വിശ്വാസത്തിന്റെ പ്രഘോഷണത്തിൽ ബോധ്യമുള്ളവരും നമ്മുടെ കാലഘട്ടത്തിലെ സ്ത്രീപുരുഷന്മാരിലേക്ക് പ്രത്യാശയുടെ ജ്വാല പകരാൻ കഴിവുള്ളവരുമായ ശിഷ്യന്മാരെ നമുക്ക് ആവശ്യമുണ്ട്.

ഒരു മിഷനറി മനോഭാവം നട്ട് വളർത്തുക

തന്റെ ചാർച്ചക്കാരിയായ എലിസബത്തിനെ സന്ദർശിക്കാൻ തിടുക്കത്തിൽ യാത്രയായ ദൈവമാതാവിനെ അനുകരിച്ച് കൊണ്ട്  നവീകരിച്ച അപ്പസ്തോലിക തീക്ഷ്ണതയോടെ എല്ലായിടത്തും ദൈവസ്നേഹത്തിന്റെ സുഗന്ധം പരത്താൻ വേണ്ട പ്രേഷിത ചൈതന്യം വളർത്തിയെടുക്കാൻ ആഹ്വാനം ചെയ്തു കൊണ്ട് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു. സുപ്രധാനമായ ഈ  അജപാലന പരിപാടിക്ക് ആശംസകൾ നേർന്നുകൊണ്ട്, പരിശുദ്ധ കന്യകാമറിയത്തിന്റെയും നമ്മുടെ കർത്താവിന്റെയും സംരക്ഷണം എല്ലാവർക്കും പാപ്പാ ആശംസിക്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 September 2022, 12:39