തിരയുക

തിരുകുടുംബത്തിന്റെ കപ്പൂച്ചിൻ തേർഷിയറി സന്യാസിനിമാരുമായി പാപ്പാ. തിരുകുടുംബത്തിന്റെ കപ്പൂച്ചിൻ തേർഷിയറി സന്യാസിനിമാരുമായി പാപ്പാ.   (Vatican Media)

കപ്പൂച്ചിൻ സന്യാസിമാരോടു പാപ്പാ : തിരുകുടുംബം നിങ്ങളെ പ്രചോദിപ്പിക്കട്ടെ

തിരുകുടുംബത്തിൽ നിന്ന് പഠിക്കാനും, ലഘുത്വത്തെ ആശ്ലേഷിക്കാനും, വലിയ സ്വാധീനമുണ്ടാകാൻ ദൈവത്തിന്റെ സ്വരം നിശബ്ദതയിൽ ശ്രവിക്കാനും ശക്തമായ വ്യക്തിഗത പ്രാർത്ഥനാ ജീവിതം നിലനിർത്താനും, ഒരുമിച്ചു സിനഡാലിറ്റിയിൽ ജീവിക്കാനും ഫ്രാൻസിസ് പാപ്പാ തിരുകുടുംബത്തിന്റെ കപ്പൂച്ചിൻ തേർഷിയറി സന്യാസിനിമാരെ ക്ഷണിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ദൈവത്തിന്റെ ശബ്ദം ശ്രവിക്കുന്നത് വഴി, ഒഴുക്കിനും ബഹളത്തിനുമെതിരെ നീങ്ങാനുള്ള ശക്തി നേടാനും വ്യത്യാസമില്ലാതെ എല്ലാവരിലേക്കും ദൈവസ്നേഹം എത്തിക്കാനും എളിയ ശ്രവണത്തിന്റെ ശക്തരായ പ്രവാചകന്മാരാകാൻ സന്യാസിനിമാരെ പാപ്പാ ആഹ്വാനം ചെയ്തു.

തിങ്കളാഴ്ച വത്തിക്കാനിൽ തിരുകുടുംബത്തിന്റെ കപ്പൂച്ചിൻ ടെർഷ്യറി സന്യാസികളെ അഭിസംബോധന ചെയ്ത വേളയിലാണ് പാപ്പാ അവരെ ഇപ്രകാരം പ്രോൽസാഹിപ്പിച്ചത്.

അവരുടെ വെബ്സൈറ്റിൽ കാണുന്നതനുസരിച്ച്  1885-ൽ സ്പെയിനിലെ വലൻസിയയിലുള്ള ബെനാഗ്വസിൽ, മോണ്ടിയേൽ മാതാവിന്റെ ദേവാലയത്തിൽ സ്ഥാപിതമായതും പിന്നീട്  1902-ൽ ലിയോ പതിമൂന്നാമൻ പാപ്പായാൽ അംഗീകരിക്കപ്പെട്ടതുമാണ് ഈ സന്യാസിനി സമൂഹം. ഒരു ചെറിയ കുടുംബമായി രൂപം കൊണ്ട സന്യാസിനി സമൂഹം  ഇപ്പോൾ നാല് ഭൂഖണ്ഡങ്ങളിലായി 34 രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്നു.

"അവരുടെ വിളിയിലും, മറ്റുള്ളവരുടെ സേവനത്തിനായി സമർപ്പിക്കപ്പെട്ടതിലും" സന്തോഷിക്കുന്ന ലോകമെമ്പാടും നിന്നുമുള്ള യുവതികൾ നിറഞ്ഞിരിക്കുന്ന ഈ സന്യാസ സമൂഹത്തിന്റെ 23-മത് പൊതു സമ്മേളനത്തോടനുബന്ധിച്ച് തിങ്കളാഴ്ച സെപ്റ്റംബർ 25ആം തിയതി വത്തിക്കാനിൽ അവരുമായി കൂടികാഴ്ച നടത്താനായതിൽ പാപ്പാ  തന്റെ സന്തോഷം പ്രകടിപ്പിച്ചു.

തിരുകുടുംബവുമായുള്ള പ്രത്യേക ബന്ധം

അവരുടെ കൂട്ടത്തിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള സഭാംഗങ്ങളെ കണ്ടതിൽ, "തിരുകുടുംബവുമായുള്ള അവരുടെ പ്രത്യേക ബന്ധത്തിന് അനുസൃതമായി  സ്വാഗത മനോഭാവത്തിലും സാർവ്വത്രിക സാഹോദര്യത്തിലുമാണ് അവർ ജീവിക്കുന്നതെന്ന സൂചനയുടെ മനോഹാരിതയും"  പാപ്പാ എടുത്ത് പറഞ്ഞു." ഒരു കുടുംബാന്തരീക്ഷത്തിന്റെ സവിശേഷതയായ ഈ മനോഭാവം"വിനയപൂർവ്വമായ ശ്രവണവും സിനഡാലിറ്റിയും" എന്ന രണ്ട് ആശയങ്ങളെ ഉൾക്കൊള്ളുന്ന പൊതുസമ്മേളനത്തിന്റെ പ്രമേയത്തിലും  പ്രകടിപ്പിക്കപ്പെടുന്നുണ്ട്" എന്നും പറഞ്ഞ പാപ്പാ ഇവ രണ്ടും സന്യാസജീവിതത്തിൽ ആഴത്തിൽ വേരുകളുള്ള പ്രചോദനാത്മകമായ വാക്കുകളാണെന്നും  എടുത്തു പറഞ്ഞു.

ദൈവത്തിന്റെ സ്വരം നമ്മെ അനന്തമായി സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നു

കേൾക്കാൻ ആദ്യം വേണ്ടത് നിശബ്ദതയാണെന്ന് പറഞ്ഞ പാപ്പാ അതിന്  പ്രധാനമായി "ആഴത്തിലുള്ള, ആന്തരിക നിശബ്ദത" ആവശ്യമാണെന്ന്  ചൂണ്ടിക്കാട്ടി. "ലോകത്തിൽ നിന്നും ആരവങ്ങളിൽ നിന്നും നമ്മെ വേർപെടുത്തി നിശബ്ദത അന്വേഷിക്കുക, ഈ ഒഴുക്കിനെതിരെ പോകുക, എന്നതാണ് യേശു നമ്മോടു ആവശ്യപ്പെടുന്ന പ്രവാചകദൗത്യം." പാപ്പാ കൂട്ടിച്ചേർത്തു. തുടർന്ന് പാപ്പാ സന്യാസികൾക്ക് ഇത് എങ്ങനെ ചെയ്യണമെന്നതിനെ കുറിച്ചുള്ള  മാർഗ്ഗനിർദേശങ്ങൾ നൽകി.
ദൈവത്തിന്റെ സ്വരം കേൾക്കുക പ്രചോദിതരാവുക

'വിശുദ്ധ ഫ്രാൻസിസ് ജീവജാലങ്ങളുടെ ലഘുഗീതത്തിൽ (Canticle of Creatures) നമ്മെ പഠിപ്പിക്കുന്നതുപോലെ, എല്ലാവരേയും ഒരുപോലെ സ്നേഹിക്കാനും സൃഷ്ടിയെ ദൈവത്തിന്റെ ദാനമായി സ്നേഹിക്കാനും, അതിന്റെ എല്ലാ മഹത്വത്തിലും കാണാനും നിങ്ങളെ വിളിക്കുന്ന ദൈവത്തിന്റെ ശബ്ദം ശ്രവിച്ചുകൊണ്ട് ഈ ശ്രവണത്തിന്റെ പ്രവാചകരാകുക." പാപ്പാ അവരോടു പറഞ്ഞു.  ദൈവത്തെയും മനുഷ്യരാശിയെയും ശ്രവിക്കുന്ന ഈ നിശബ്ദ ശ്രവണം  നമ്മെ കേൾക്കുന്ന "ബഹളത്തിൽ " നിന്ന് ഒരു സ്വരലയത്തിലേക്ക്  (സിംഫണി) നയിക്കും എന്ന് പാപ്പാ ഊന്നിപ്പറഞ്ഞു.

സിനഡാലിറ്റിയുടെ ശക്തിയും ചെറുമയുടെ ആശ്ലേഷനവും
സിനഡലിറ്റിയുടെ ശക്തി ആശ്ലേഷിക്കാൻ പരിശുദ്ധ പിതാവ് അവരെ ക്ഷണിച്ചു.  "വ്യത്യസ്ത കാലങ്ങളിലും വ്യത്യസ്തമായി നെയ്യപ്പെട്ടവരാണെങ്കിലും, ഒരൊറ്റ ഹൃദയവും ഒരൊറ്റ ആത്മാവും ഉള്ള ഒരു ഗായകസംഘമായി " ഒരുമിച്ച് നടക്കുക എന്നതാണിത് എന്ന് പാപ്പാ അടിവരയിട്ടു. ഇത് ഒരു ഉട്ടോപ്പിയയല്ല യേശുവാണ് അവരുടെ പാത നയിക്കുന്നതെന്ന്  എല്ലാവരും അംഗീകരിക്കുമ്പോൾ ഇതെല്ലാം ഒരുമിച്ചു വരും. യേശുവിനെ പിന്തുടരുന്നത് "കുരിശിന്റെ വഴിയും താഴ്മയും ദാരിദ്ര്യവും സേവനവുമാണ്." എന്ന് പാപ്പാ കൂട്ടിച്ചേർത്തു. വിശുദ്ധ ഫ്രാൻസിസും, എല്ലാ ദിവസവും പീഡാനുഭവത്തെക്കുറിച്ച് ധ്യാനിച്ചിരുന്ന അവരുടെ സ്ഥാപകൻ ധന്യനായ ലൂയിസ് അമിഗോയും  (ധന്യൻ ബിഷപ്പ് ലൂയിസ് അമിഗോ വൈ ഫെറർ) തിരഞ്ഞെടുത്ത വഴിയാണിതെന്നും, സ്വർഗ്ഗത്തിലേക്കുള്ള വഴി എന്ന നിലയിൽ നിസ്സാരതയുടെയും ആശയടക്കത്തിന്റെയും ശൈലി സ്വീകരിക്കാൻ നിങ്ങളെയും ക്ഷണിക്കുകയാന്നെന്നും പാപ്പാ അവരെ ഓർമ്മിപ്പിച്ചു.

തിരുകുടുംബത്തിൽ നിന്ന് പഠിക്കുക

പീഡാനുഭവത്തിന്റെ ഈ "ഇടിമുഴക്ക നിശ്ശബ്ദത"യ്ക്ക് മുമ്പ്, "ലോകം പീലാത്തോസിനെപ്പോലെ വെല്ലുവിളിക്കപ്പെടുകയും നഗ്നസത്യത്തിന് മുമ്പിൽ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്നു," എന്ന് നിരീക്ഷിച്ച ഫ്രാൻസിസ് പാപ്പാ  വിശുദ്ധ പോൾ ആറാമൻ പാപ്പയുടെ പ്രത്യാശയെ പ്രതി  " സന്യാസം എന്ന  പ്രത്യേക വിളിയിൽ, നസ്രത്തിലെ വിശുദ്ധകുടുംബം നട്ടുവളർത്തിയ നിശബ്ദത, വിശുദ്ധ കുടുംബത്തിൽ നിന്ന് പഠിക്കാൻ  അവരെ പഠിപ്പിക്കട്ടെ " എന്ന് പാപ്പാ വ്യക്തമാക്കി.

അവരുടെ അധ്യാപനത്താൽ ലോകത്തെ സമ്പന്നമാക്കാനും "ദൈവത്തിന് മാത്രം കാണാൻ കഴിയുന്ന" ശക്തമായ വ്യക്തിപര പ്രാർത്ഥനാജീവിതം നിലനിർത്താനും ലോകരക്ഷയുടെ പുരോഗതിക്കായി സുവിശേഷം പ്രചരിപ്പിക്കാനും തന്റെ മുമ്പാകെ സന്തോഷത്തോടെ സന്നിഹിതരായിരുന്ന തിരുകുടുംബത്തിന്റെ കപ്പൂച്ചിൻ സഹോദരിമാരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പാപ്പാ ഉപസംഹരിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 September 2022, 21:21