ഫ്രാൻസിസ് പാപ്പാ: പോപുളോരും പ്രോഗ്രെസ്സിയോ ഫൗണ്ടേഷൻ നിറുത്തലാക്കി; എന്നാൽ ദൗത്യം തുടരും
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
റോമൻ കൂരിയയുടെ നവീകരണം മൂലം വരുന്ന മാറ്റങ്ങളെ വിഷയമാക്കി പോപുളോരും പ്രോഗ്രെസ്സിയോ ഫൗണ്ടേഷന്റെ അംഗങ്ങളെ ബനഡിക്ട് പതിനാറാമൻ പാപ്പായുടെ വാക്കുകളുദ്ധരിച്ചു കൊണ്ട് "അവരെ വേറിട്ടു നിറുത്തുന്ന എല്ലാ മനുഷ്യരുടേയും അന്തസ്സിനു വേണ്ടിയുള്ള പ്രതിബദ്ധതയിലും ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിലും വിശ്വസ്തരായി " തുടരാൻ ഫ്രാൻസിസ് പാപ്പാ ക്ഷണിച്ചു.
1992 ൽ ജോൺ പോൾ രണ്ടാമൻ പാപ്പായാണ് ലാറ്റിനമേരിക്ക, കരീബിയൻ നാടുകളിൽ പാവപ്പെട്ട ഗ്രാമീണ കർഷകരുടെ സമഗ്രവികസനത്തിനായി പോപുളോരും പ്രോഗ്രെസ്സിയോ ഫൗണ്ടേഷൻ സ്ഥാപിച്ചത്. ഫ്രാൻസിസ് പാപ്പാ വെള്ളിയാഴ്ച ഈ ഫൗണ്ടേഷൻ നിറുത്തലാക്കിക്കൊണ്ട് അതിന്റെ സ്ഥാനത്ത് പോപുളോരും പ്രോഗ്രെസ്സിയോ ഫണ്ട് സ്ഥാപിച്ചു.
സഹോദര്യത്തിന്റെ സ്വപ്നങ്ങൾ
ലാറ്റിനമേരിക്കയിലും, കരീബിയയിലും പല കുടുംബങ്ങളും മനുഷ്യനിലവാരത്തിനു താഴെയാണ് ഇപ്പോഴും ജീവിക്കുന്നതെന്ന് സൂചിപ്പിച്ച പാപ്പാ അവർ ചൂഷണം ചെയ്യപ്പെടുക മാത്രമല്ല അധികപറ്റായും ഒഴിവാക്കേണ്ടവരുമായാണ് കണക്കാക്കപ്പെടുന്നതെന്നും കൂട്ടിച്ചേർത്തു. അടുത്ത കാലത്തു നടന്ന സഭാ കൂട്ടായ്മകൾ, ഭൂഖണ്ഡത്തിലെ സഭാ സമ്മേളനവും ആമസോണിയയെക്കുറിച്ചുള്ള സിനഡും ഉൾപ്പെടെ ദരിദ്രരുടെ നിലവിളിയും തദ്ദേശിയരും ആഫ്രിക്കൻ പിൻതുടർച്ചാസമൂഹങ്ങളും അനുഭവിക്കുന്ന അവഗണനയെക്കുറിച്ചും കേൾക്കുവാൻ ഒരവസരം നൽകുകയും ചെയ്തുവെന്ന് പാപ്പാ പറഞ്ഞു. വാക്കുകളിൽ ഒതുക്കാത്ത സാഹോദര്യത്തിന്റെയും സാമൂഹിക സൗഹൃദത്തിന്റെയും ഒരു പുത്തൻ സ്വപ്നം ആവശ്യമുണ്ടെന്ന് പാപ്പാ ഓർമ്മിച്ചു.
"സിനഡൽ വഴിയിലൂടെ സഞ്ചരിച്ചു കൊണ്ട് ആശ്വസിപ്പിക്കുന്ന, ഇടപഴകുന്ന, ജനങ്ങളിൽ സഹിക്കുന്ന ക്രിസ്തുവിന്റെ ശരീരത്തിലെ മുറിവിൽ കുനിഞ്ഞു താണു സ്പർശിക്കുന്ന ഒരു " സമരിയാക്കാരൻ " സഭയായി നമ്മൾ വളരണം "
പ്രാദേശിക സഭയുമായുള്ള ബന്ധങ്ങൾ
തുടക്കം മുതൽ ഫൗണ്ടേഷന് സാമ്പത്തിക സഹായം നൽകിയിരുന്നത് ആ ഭൂഖണ്ഡത്തിലെ പ്രാദേശിക സഭകളായിരുന്നു എന്നും ഉപവിയുടെ പദ്ധതികൾ അംഗീകരിക്കുകയും ഫണ്ട് വിതരണം ചെയ്യുകയും ചെയ്യുന്ന നടപടികൾ ആ പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നയിടത്തു നിന്നു വരുന്ന വ്യക്തികളായിരുന്നുവെന്നും പാപ്പാ നിരീക്ഷിച്ചു. എന്നിരുന്നാലും ഇപ്പോഴത്തെ സാഹചര്യത്തിൽ "ഏറ്റം തഴയപ്പെട്ടു ദുരിതങ്ങളിൽ മുങ്ങിക്കഴിയുന്ന തദ്ദേശിയ, ആഫ്രിക്കൻ തലമുറ സമൂഹങ്ങളിൽ സമഗ്ര വികസന പദ്ധതികൾ കൂടുതൽ ഫലപ്രദമാക്കാൻ പ്രാദേശിക സഭകളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത " പാപ്പാ അടിവരയിട്ടു. ഇക്കാര്യത്തിനായി ലാറ്റിനമേരിക്കയിലേയും കരിബിയനിലേയും മെത്രാൻ സമിതികളോടു (CELAM) ഫൗണ്ടേഷന്റെ പദ്ധതികൾ വിശകലനം ചെയ്യാനും അവ നടപ്പിലാക്കാൻ സഹായിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട് എന്നും പാപ്പാ അറിയിച്ചു. സമഗ്ര മാനവ വികസനത്തിനായുള്ള സിക്കാസ്റ്ററിയായിരിക്കും തുടർന്നും ഈ ദൗത്യത്തിനായുള്ള ഫണ്ട് എത്തിച്ചു നൽകുന്നതെങ്കിലും "പാപ്പായുടെ ഉപവിയുടെ പ്രകടനമായി " നിലനിൽക്കെ തന്നെ അവ ഇനിമേൽ റോമൻ കൂരിയയിൽ കേന്ദ്രീകൃതമായിരിക്കില്ല.
ഫൗണ്ടേഷനിൽ നിന്ന് ഫണ്ടിലേക്ക്
വ്യക്തമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ്, ഫൗണ്ടേഷനെ നിറുത്തലാക്കി പോപുളോരും പ്രോഗ്രെസ്സിയോ ഫണ്ട് സ്ഥാപിച്ചുകൊണ്ട് വെള്ളിയാഴ്ച ഫ്രാൻസിസ് പാപ്പാ പുതിയ പ്രമാണം പ്രസിദ്ധീകരിച്ചത്. പുതിയ പ്രമാണം ഒസ്സർവത്തോരെ റൊമാനോ പത്രത്തിലും Acta Apostolica Sedis ലും പ്രസിദ്ധീകരിച്ചതോടെ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. അതിൽ കർദ്ദിനാൾ മൈക്കൾ ചേർണി എസ്. ജെ.യെ ആവശ്യമായ നിയമങ്ങൾ പുറപ്പെടുവിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: