പാപ്പാ: സത്യാന്വേഷണം ക്രൈസ്തവ ജീവിതത്തിൽ ഇന്നിൻറെ വെല്ലുവിളി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സഭയുടെയും ക്രൈസ്തവസമൂഹങ്ങളുടെയും ദൈനംദിന ജീവിതത്തിൽ സത്യാനേഷണത്തിൽ ഏർപ്പെടുകയെന്നത് ഇന്നിൻറെ വെല്ലുവിളിയാണെന്ന് മാർപ്പാപ്പാ.
വിശുദ്ധ അഞ്ചാം പീയുസ് പാപ്പാ ജനിച്ച വടക്കെ ഇറ്റലിയിലെ ഒരു പ്രവിശ്യയായ അലെസാന്ത്രിയയിലെ രൂപതയിൽ നിന്നെത്തിയ തീർത്ഥാടകരും മദ്ധ്യ ഇറ്റലിയിലെ സ്പൊളേത്തൊ നോർച്ച രൂപതയിൽ നിന്നെത്തിയ സ്ഥൈര്യലേപന കൂദാശ സ്വീകരിക്കുന്നതിനായൊരുങ്ങുന്ന കുട്ടികളും ഉൾപ്പടെ 1500-ഓളം പേരെ വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ ശനിയാഴ്ച (17/09/22) സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
1572 മെയ് 1-ന് മരണമടഞ്ഞ വിശുദ്ധ പീയൂസ് പാപ്പായുടെ നാനൂറ്റിയമ്പതാം ചരമവർഷികത്തെക്കുറിച്ച് പരാമർശിച്ച പാപ്പാ 6 വർഷം മാത്രം നീണ്ട സഭാഭരണത്തിനിടയിൽ അദ്ദേഹം അജപാലനപരവും സഭാഭരണപരവുമായ നിരവധി വെല്ലുവിളികളെ നേരിട്ടുവെന്നും അദ്ദേഹം സഭാപരിഷ്ക്കർത്താവാണെന്നും പറഞ്ഞു.
സത്യാന്വേഷകരായിരിക്കുക എന്നതാണ് വിശുദ്ധ പീയുസ് പഞ്ചമൻ പാപ്പായുടെ പ്രബോധനങ്ങളിൽ പ്രഥമസ്ഥാനത്തു വരുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
ദൈവവചനത്തിൽ നിന്നു തുടങ്ങുന്ന വൈക്തികവും സമൂഹപരവുമായ വിവേചനബുദ്ധികൂടാതെ ഈ അന്വേഷണം സാദ്ധ്യമാകില്ലെന്നും പാപ്പാ പറഞ്ഞു. വിവേചനബുദ്ധിയോടുകൂടി ഈ സത്യാന്വേഷണം സാക്ഷാത്ക്കരിക്കുമ്പോൾ യേശു ക്രിസ്തുവിനെക്കുറിച്ചുള്ള അഗാധമായ അറിവിൽ വളരാൻ അത് ഒരു സമൂഹത്തെ പ്രാപ്തമാക്കുകയും അങ്ങനെ സത്യമായ അവിടന്ന് സമൂഹജീവിതത്തിൻറെ അടിസ്ഥാനമായി മാറുകയും ചെയ്യുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. വിശുദ്ധ അഞ്ചാം പീയൂസ് പാപ്പാ പ്രാർത്ഥനയ്ക്ക്, വിശിഷ്യ, കൊന്തനമസ്കാരത്തിനു കല്പിച്ചിരുന്ന പ്രാധാന്യവും പാപ്പാ എടുത്തുകാട്ടി.
സ്ഥൈര്യലേപന കൂദാശ സ്വീകരണത്തിനൊരുങ്ങുന്ന കുട്ടികളെ സംബോധന ചെയ്ത പാപ്പാ യേശുവിൻറെ പ്രഥമ ശിഷ്യരുടെ അനുഭവം പുനർജീവിക്കാൻ അവസരമേകുന്നതിനാൽ ഈ കൂദാശ മനോഹരമാണെന്നു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: