പാപ്പാ: ആരാധനാക്രമത്തെക്കുറിച്ച് ഉന്നതമായ ദർശനം പൂർവ്വോപരി ആവശ്യം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആരാധനാക്രമം ക്രിസ്തുവിൻറെയും സഭയുടെയും പ്രവർത്തനമാണെന്ന് മാർപ്പാപ്പാ.
ആരാധനാക്രമാദ്ധ്യാപകരുടെയും പണ്ഡിതരുടെയും ഇറ്റലിയിലെ സംഘടനയിലെ എഴുപതോളം പ്രതിനിധികളെ ഈ സംഘടനയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് വ്യാഴാഴ്ച (01/09/22) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
സഭയുടെ ആരാധനാക്രമജീവിതത്തിന് ഇക്കഴിഞ്ഞ 5 പതിറ്റാണ്ടുകൾ ഈ സംഘടന ഏകിയിട്ടുള്ള സംഭാവനകൾക്ക് പാപ്പാ നന്ദിപറയുകയും ചെയ്തു. ആരാധനാക്രമം ജീവനുള്ള ഒരു ഘടനയാകയാൽ അതിനെ അവഗണിക്കുകയൊ വികലമാക്കുകയൊ ചെയ്യരുതെന്നും ഒരു ചെടിയെന്ന പോലെ ജീവനുള്ള അതിനെ കരുതലോടെ നട്ടുവളർത്തണമെന്നും മാർപ്പാപ്പാ ഓർമ്മിപ്പിച്ചു.
സൂക്ഷ്മമായ പഠനം ആവശ്യമുള്ള ഒരുകൂട്ടം നിർദ്ദേശങ്ങളായി ആരാധനാക്രമത്തെ തരം താഴ്ത്താത്തവിധത്തിൽ അതിനെക്കുറിച്ചുള്ള ഉന്നതമായ ദർശനം പൂർവ്വോപരി ഇന്ന് ആവശ്യമായിരിക്കുന്നുവെന്നും, ലൗകികമല്ലാത്തതും ലോകവും ജീവിതവും ക്രിസ്തുരഹസ്യസാന്ദ്രമാണെന്ന് അനുഭവവേദ്യമാകുന്നതിന് സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉയർത്താൻ പ്രാപ്തമാക്കുന്നതുമായ ഒരു ആരാധനാക്രമമാണ് ആവശ്യമെന്നും പാപ്പാ വിശദീകരിച്ചു. അതെസമയം തന്നെ ജീവിതത്തിൽ നിന്നു അകന്നു നില്ക്കാത്തതുമായിരിക്കണം ആരാധനാക്രമമെന്നും പാപ്പാ പറഞ്ഞു.
ക്രൈസ്തവ സമൂഹത്തെ നിരന്തരം ശ്രവിക്കുകയെന്നത് ആരാധനാക്രമ നവീകരണത്തിന് അനിവാര്യമാണെന്നും ആരാധനാക്രമം ആഴത്തിൽ പഠിക്കുന്നതിന് സമയവും ശ്രദ്ധയും ക്ഷമയും ആവശ്യമാണെന്നുമുള്ള വസ്തുതയെക്കുറിച്ചും പാപ്പാ പരാമർശിച്ചു. ആദ്ധ്യാത്മികവും അജപാലനപരവുമായ ധിക്ഷണാശക്തി ആരാധനാക്രമ പഠനത്തിനാവശ്യമാണെന്നും പാപ്പാ പറഞ്ഞു. ഈ അവഗാഢ പഠനം പ്രാർത്ഥനയാലും ആഘോഷിക്കുന്ന സഭയുടെ സജീവാനുഭവത്താലും സാന്ദ്രമായിരിക്കേണ്ടതിൻറെ പ്രാധാന്യവും പാപ്പാ ചൂണ്ടിക്കാട്ടി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: