തിരയുക

വധശിക്ഷയ്ക്കെതിരെ പാപ്പായുടെ സ്വരം വീണ്ടും!

ഫ്രാൻസീസ് പാപ്പായുടെ സെപ്റ്റംബർ മാസത്തെ പ്രാർത്ഥനാ നിയോഗം: വ്യക്തിയുടെ അലംഘനീയതയുടെയും വ്യക്തിമാഹാത്മ്യത്തിൻറെയും ലംഘനമായ വധശിക്ഷ ലോകരാഷ്ട്രങ്ങൾ നിയമപരമായി റദ്ദുചെയ്യുന്നതിനായി പ്രാർത്ഥിക്കുക.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വധശിക്ഷ ലോകരാഷ്ട്രങ്ങൾ നിയമം മൂലം നിരോധിക്കണമെന്ന് മാർപ്പാപ്പാ.

സെപ്റ്റംബർ മാസത്തെ പ്രാർത്ഥനാ നിയോഗത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ആഹ്വാനമുള്ളത്.

വ്യക്തിയുടെ അലംഘനീയതയുടെയും വ്യക്തിമാഹാത്മ്യത്തിൻറെയും ലംഘനമായ വധശിക്ഷ ലോകരാഷ്ട്രങ്ങൾ നിയമപരമായി റദ്ദുചെയ്യുന്നതിനായി പ്രാർത്ഥിക്കാനാണ് പാപ്പാ പ്രാർത്ഥനാ നിയോഗത്തിൽ സഭാതനയരെ ക്ഷണിച്ചിരിക്കുന്നത്.

വധശിക്ഷ വേണ്ട എന്ന ആവശ്യം അനുദിനം വർദ്ധിച്ചുവരുന്നുവെന്നും സഭയെ സംബന്ധിച്ചിടത്തോളം ഇത് പ്രത്യാശയുടെ ഒരു അടയാളമാണെന്നും ബുധനാഴ്ച  (31/08/22)  പ്രകാശനം ചെയ്യപ്പെട്ട ദൃശ്യാവിഷ്കൃത, അഥവാ, വീഡിയൊ പ്രാർത്ഥനാനിയോഗത്തിൽ പാപ്പാ പറയുന്നു. വധശിക്ഷ, നൈയമിക വീക്ഷണത്തിൽ, ആവശ്യമുള്ള ഒന്നല്ലെന്നും, അവനവനെ വീണ്ടും നേർവഴിക്കുകൊണ്ടുവരാനുള്ള അവസരം കുറ്റവാളികൾക്ക് നിഷേധിക്കാതെ തന്നെ കുറ്റകൃത്യങ്ങൾ ഫലപ്രദമായി തടയാൻ സമൂഹത്തിനു സാധിക്കുമെന്ന തൻറെ ബോധ്യം പാപ്പാ വെളിപ്പെടുത്തുന്നു.

നിയമപരമായ ഓരോ വിധിയിലും പ്രത്യാശയുടെ ഒരു ജാലകം ഉണ്ടായിരിക്കണമെന്നും വധശിക്ഷയാകട്ടെ ഇരകൾക്ക് നീതി പ്രദാനം ചെയ്യുന്നില്ല എന്നു മാത്രമല്ല പ്രതികാരത്തിനു പ്രചോദനം പകരുകയും ചെയ്യുന്നുവെന്നും നീതിനിഷേധം ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്താനുള്ള എല്ലാ സാദ്ധ്യതകളെയും വധശിക്ഷ ഇല്ലാതാക്കുന്നുവെന്നും പാപ്പാ പറയുന്നു. നമുക്കു ലഭിച്ചിട്ടുള്ള ഏറ്റം അമൂല്യ ദാനമായ ജീവനെ നശിപ്പിക്കുന്ന വധശിക്ഷ ധാർമ്മികമായി ന്യൂനതയാർന്നതാണെന്നും ജീവിതത്തിൻറെ അവസാന നിമിഷം വരെ ഒരുവന് മാനസാന്തരപ്പെടാനും പരിവർത്തനവിധേയനാകാനും കഴിയുമെന്നത് നാം മറക്കരുതെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 സെപ്റ്റംബർ 2022, 09:45