പാപ്പാ: ഉക്രൈയിൻ യുദ്ധവിരാമത്തിന് നിരന്തര പരിശ്രമം ആവശ്യം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സംഭാഷണം ബുദ്ധിമുട്ടേറിയതാണെങ്കിലും അതുണ്ടെങ്കിൽ മാത്രമെ മുന്നേറാനാകൂ എന്ന് മാർപ്പാപ്പാ.
പോർച്ചുഗലിലെ ടിവിഐ/സിഎൻഎൻ (TVI/CNN) കേബിൾ-സാറ്റലൈറ്റ് ടെലെവിഷൻ വാർത്താ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഫ്രാൻസീസ് പാപ്പാ ഉക്രൈയിനിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെക്കുറിച്ചു പരാമർശിച്ചുകൊണ്ട് ഇതു പറഞ്ഞത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 11-ന് (11/08/22) പാപ്പാ അനുവദിച്ച ഈ അഭിമുഖം ഈ അഞ്ചാം തീയതി (05/09/22) തിങ്കളാഴ്ചയാണ് ടിവിഐ/സിഎൻഎൻ ടെലെവിഷൻ സംപ്രേഷണം ചെയ്തത്.
ഉക്രൈയിൻ യുദ്ധം ഒരു ദുരന്തമാണെന്നും അതിനറുതി വരുത്തുന്നതിന് നിരന്തര പരിശ്രമം ആവശ്യമാണെന്നുമുള്ള വസ്തുത പാപ്പാ അഭിമുഖത്തിൽ അനുസ്മരിക്കുന്നു. സഭയിൽ സഭാശുശ്രൂഷകരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ലൈംഗികപീഢനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് പാപ്പാ അത് വച്ചുപൊറുപ്പിക്കില്ലെന്ന് പാപ്പാ അസന്ദിഗ്ദമായി പ്രഖ്യാപിച്ചു. ലൈംഗികമായി ചൂഷണം ചെയ്യുന്ന ഒരുവന് വൈദികനായി തുടരാൻ ആകില്ലെന്നും മനുഷ്യരെ ദൈവത്തിലേക്ക് നയിക്കേണ്ടവനാണ് അല്ലാതെ അവരെ നശിപ്പിക്കേണ്ടവനല്ല വൈദികനെന്നും പാപ്പാ വ്യക്തമാക്കി.
2023-ൽ വേനൽക്കാലത്ത് പോർട്ടുഗലിൽ ലോകയുവജന സംഗമം നടക്കാൻ പോകുന്നതിനെക്കുറിച്ച് അഭിമുഖത്തിൽ പരാമാർശിക്കുന്ന പാപ്പാ, അതിനു പോകണമെന്നാണ് താൻ കരുതുന്നതെന്നു പറയുകയും എന്തുതന്നെയായാലും ഒരു പാപ്പായുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കുമെന്ന് ഉറപ്പു നല്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: