തിരയുക

പാപ്പാ: ഹൃദയത്തെ കേൾക്കാൻ പഠിക്കുക, നല്ല തീരുമാനങ്ങൾ എടുക്കാൻ അത് അനിവാര്യം!

ഫ്രാൻസീസ് പാപ്പായുടെ പൊതുദർശന പ്രഭാഷണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ,  സെപ്റ്റംബർ 7-ന്,    ബുധനാഴ്ച (07/09/22)  വത്തിക്കാനിൽ, പ്രതിവാരപൊതുദർശനം അനുവദിച്ചു. ഇത്തവണ വേദി, നല്ല വെയിൽ ഉണ്ടായിരുന്നെങ്കിലും, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ തുറസ്സായ ചത്വരം ആയിരുന്നു. എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ രൂപകല്പന ചെയ്തിട്ടുള്ള തുറന്ന വെളുത്ത വാഹനത്തിൽ, പാപ്പാ ബസിലിക്കാങ്കണത്തിൽ എത്തിയപ്പോൾ അവിടെ സന്നിഹിതരായിരുന്ന വിവിധ രാജ്യക്കാരായിരുന്ന ജനസഞ്ചയത്തിൻറെ ആനന്ദാരവങ്ങൾ ഉയർന്നു. പേപ്പൽ വാഹനത്തിൽ തന്നോടൊപ്പം നാലു കുട്ടികളെയും കയറ്റി, തീർത്ഥാടകരും സന്ദർശകരുമടങ്ങിയ ജനക്കൂട്ടത്തിനിടയിലൂടെ നീങ്ങിയ പാപ്പാ അവർക്കെല്ലാവർക്കും അഭിവാദ്യമർപ്പിച്ചു. പ്രസംഗവേദിയിലേക്കാനയിക്കുന്ന പടവുകൾക്കരികെ നിറുത്തിയ വാഹനത്തിൽ നിന്ന് കുട്ടികൾ ഇറങ്ങിയതിനു ശേഷം വാഹനം പടവുകളിലുടെ പ്രസംഗവേദിക്കരികിലേക്ക് നീങ്ങി. അവിടെ എത്തിയപ്പോൾ പാപ്പാ വാഹനത്തിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ ഏതാണ്ട് 9.00 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-ന് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തദ്ദനന്തരം  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

പ്രഭാഷകൻ 6:18-19

“മകനേ, ചെറുപ്പംമുതലേ ജ്ഞാനോപദേശം തേടൂ; വാർദ്ധക്യത്തിലും നീ ജ്ഞാനം സമ്പാദിച്ചുകൊണ്ടിരിക്കും.19 ഉഴുതു വിതയ്ക്കുന്ന കർഷകനെപ്പോലെ അവളെ സമീപിക്കുകയും നല്ല വിളവിനുവേണ്ടി കാത്തിരിക്കുകയും ചെയ്യുക; എന്തെന്നാൽ, അവളുടെ വയലിൽ അല്പനേരം അദ്ധ്വാനിച്ചാൽ വളരെവേഗം വിഭവങ്ങൾ ആസ്വദിക്കാം.”

ഈ വായനയ്ക്കു ശേഷം പാപ്പാ, വിവേചനബുദ്ധിയെ അധികരിച്ച് താൻ പൊതുകൂടിക്കാഴ്ചാവേളയിൽ കഴിഞ്ഞയാഴ്ച ആരംഭിച്ച പ്രബോധനപരമ്പര തുടർന്നു. ഈ പരിചിന്തനത്തിന് വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ ജീവിതത്തിലെ ഒരു സംഭവം ഇത്തവണ ആധാരമാക്കിയ പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന തന്‍റെ മുഖ്യ പ്രഭാഷണത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞു:

ആത്മീയ വിവേചിച്ചറിയൽ

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

വിവേചനബുദ്ധിയെക്കുറിച്ചുള്ള നമ്മുടെ മനനം നാം തുടരുകയാണ്,  ബുധനാഴ്ചകളിൽ നമ്മൾ വിവേചനബുദ്ധിയെക്കുറിച്ച്, ആത്മീയമായ വിവേചിച്ചറിയലിനെക്കുറിച്ച് ആണ് സംസാരിക്കുക. ആകയാൽ സമൂർത്തമായ ഒരു സാക്ഷ്യത്തെക്കുറിച്ചു പ്രതിപാദിക്കുന്നത് ഇതിൽ നമുക്കു സഹായകമാകും.

വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള

ലൊയോളയിലെ വിശുദ്ധ ഇഗ്നേഷ്യസ് തൻറെ ജീവിതത്തിലെ നിർണ്ണായകമായ ഒരു സംഭവത്തിലൂടെ ഏറ്റവും പ്രബോധനപരമായ മാതൃകകളിലൊന്ന് നമുക്ക് പ്രദാനം ചെയ്യുന്നു. യുദ്ധത്തിൽ കാലിന് പരിക്കേറ്റ ഇഗ്നേഷ്യസ് വീട്ടിൽ സുഖം പ്രാപിച്ചുവരികയാണ്. വിരസത അകറ്റാൻ, അദ്ദേഹം വായിക്കാൻ പറ്റിയ എന്തെങ്കിലും വേണമെന്ന് ആവശ്യപ്പെടുന്നു. അദ്ദേഹം വീര കഥകൾ ഇഷ്ടപ്പെട്ടിരുന്നു, പക്ഷേ ദൗർഭാഗ്യവശാൽ, വീട്ടിൽ വിശുദ്ധരുടെ ജീവിതം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അല്പം വൈമനസ്യത്തോടെയാണെങ്കിലും അദ്ദേഹം സാഹചര്യത്തോട് പൊരുത്തപ്പെടുന്നു, എന്നാൽ വായനയ്ക്കിടയിൽ അദ്ദേഹം മറ്റൊരു ലോകം കണ്ടെത്താൻ തുടങ്ങുന്നു, അദ്ദേഹത്തെ കീഴടക്കുകയും അശ്വരൂഢവീരയോദ്ധാക്കളുമായി മത്സരിക്കുന്ന പ്രതീതിയുളവാക്കുകയും ചെയ്യുന്ന ഒരു ലോകം. വിശുദ്ധ ഫ്രാൻസീസിൻറെയും വിശുദ്ധ ഡോമിനിക്കിൻറെയും വ്യക്തിത്വങ്ങളിൽ ആകർഷിതനായ ഇഗ്നേഷ്യസ് ലൊയോള  അവരെ അനുകരിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ വീരകഥകളുടെ ലോകത്തിൻറെ ആകർഷണീയതയും  അദ്ദേഹത്തിൽ തുടരുന്നു. അതിനാൽ, അദ്ദേഹത്തിൻറെ ഉള്ളിൽ, സമാനമെന്ന് തോന്നുന്ന ചിന്തകൾ മാറിമാറി വരുന്നു.

എപ്പോൾ നാം സംതൃപ്തരും സന്തോഷമുള്ളവരും ആകുന്നു?

എന്നിരുന്നാലും, ഇഗ്നേഷ്യസ് വ്യത്യാസങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങുന്നു. തൻറെ ആത്മകഥയിൽ - പ്രഥമപുരുഷരൂപത്തിൽ - അദ്ദേഹം ഇപ്രകാരം എഴുതുന്നു: "ലൗകിക കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചപ്പോൾ അത് അയാൾക്ക് വളരെയധികം സന്തോഷം പ്രദാനം ചെയ്തു, പക്ഷേ, പിന്നീട്, മടുപ്പുമൂലം അവയുപേക്ഷിച്ചപ്പോൾ അയാൾക്ക് ശൂന്യതയും നിരാശയും അനുഭവപ്പെട്ടു. എന്നാൽ, നഗ്നപാദനായി ജറുസലേമിലേക്ക് പോകുന്നതിനെയും, ഔഷധസസ്യങ്ങളാല്ലാതെ മറ്റൊന്നും കഴിക്കാതിരിക്കുന്നതിനെയും, വിശുദ്ധർ പതിവാക്കിയിരുന്ന എല്ലാ കഠിന തപശ്ചര്യകളും അഭ്യസിക്കുന്നതിനെയും കുറിച്ച് ചിന്തിച്ചപ്പോൾ മാത്രമല്ല, അത് അവസാനിപ്പിച്ചപ്പോഴും അവൻ സംതൃപ്തനും സന്തോഷഭരിതനും ആയിരുന്നു” (8)

ലൗകിക ചിന്തകളും ദൈവിക ചിന്തകളും

ഈ അനുഭവത്തിൽ, സർവ്വോപരി, രണ്ട് വശങ്ങൾ നമുക്ക് കാണാൻ കഴിയും. ആദ്യത്തേത് സമയമാണ്: ലോകത്തിൻറെ ചിന്തകൾ ആദ്യം ആകർഷണീയങ്ങളാണ്, എന്നാൽ പിന്നീട് അവയുടെ തിളക്കം നഷ്ടപ്പെടുകയും ശൂന്യതയും അസംതൃപ്തിയും അവശേഷിപ്പിക്കുകയും ചെയ്യുന്നു. നേരെമറിച്ച്, ദൈവത്തിൻറെ ചിന്തകൾ ആദ്യം ഒരു പ്രത്യേക പ്രതിരോധം ഉളവാക്കുന്നു, പക്ഷേ നാം അവ സ്വീകരിക്കുമ്പോൾ പരിചിതമല്ലാത്തതും നീണ്ടുനില്ക്കുന്നതുമായ സമാധാനം സംജാതമാക്കുന്നു.

വിവേചനബുദ്ധി ആവിഷ്കൃതമാകുന്ന ജീവിത സരണി 

അപ്പോൾ ഇതാ ഇതര മാനം: ചിന്തകളുടെ ലക്ഷ്യസ്ഥാനം. ആദ്യം, അവസ്ഥ അത്ര വ്യക്തമല്ലെന്ന് തോന്നുന്നു. വിവേചനബുദ്ധിയുടെ ഒരു വികാസമുണ്ട്: ഉദാഹരണമായി നമുക്ക് നല്ലത് എന്താണെന്ന് നാം മനസ്സിലാക്കുന്നത്  അമൂർത്തവും, പൊതുവുമായ രീതിയിലല്ല, മറിച്ച് നമ്മുടെ ജീവിത ഗതിയിലാണ്. വിവേചനബുദ്ധിയുടെ നിയമങ്ങളിൽ, ഈ അടിസ്ഥാന അനുഭവത്തിൻറെ ഫലമായി, ഇഗ്നേഷ്യസ് ആ പ്രക്രിയയെ മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പ്രധാന പ്രമേയം അവതരിപ്പിക്കുന്നു: "മാരകമായ ഒരു പാപത്തിൽ നിന്ന് മറ്റൊന്നിലേക്ക് വീഴുന്നവർക്ക്, പിശാച് സാധാരണയായി ഉപരിപ്ലവമായ ആനന്ദങ്ങൾ വാഗ്ദാനം ചെയ്യുന്നു, എല്ലാം നന്നായിപ്പോകുമെന്ന് അവരെ ആശ്വസിപ്പിക്കുന്നു. ഇന്ദ്രിയസുഖങ്ങളും ആനന്ദങ്ങളും ഭാവനയിൽ കാണാൻ അവരെ പ്രേരിപ്പിക്കുന്നു, അവരെ ദുഷ്പ്രവൃത്തികളിലും പാപങ്ങളിലും വളർത്തുന്നതിനാണിത്. ഇവയോട് നല്ല ആത്മാവ് വിപരീത രീതി ഉപയോഗിക്കുന്നു, യുക്തിയുപയോഗിച്ച് പശ്ചാത്താപ ബോധം അവരുടെ മനസ്സാക്ഷിയിൽ ഉണർത്തുന്നു "(ആത്മീയ വ്യായാമങ്ങൾ, 314):"

ഹൃദയ ശ്രവണവും കീഴ്മേൽ മറിക്കുന്ന ദൈവാനുഭവവും 

വിവേചിച്ചറിയുന്നവർക്ക് മുൻകാല കഥയുണ്ട്,  ആ കഥ അറിയേണ്ടത് അനിവാര്യമാണ്, കാരണം വിവേചനബുദ്ധി ഒരുതരം അശരീരിയൊ വിധികല്പിതവാദമോ ഒരു പരീക്ഷണവസ്തുവോ അല്ല, അതല്ല!, ഭാഗധേയത്തെ രണ്ട് സാദ്ധ്യതകളിലേക്ക് എറിയുന്നത്  പോലെയാണത്. നമ്മൾ ഇതിനകം ജീവിതത്തിൽ ഒരു ദൂരം സഞ്ചരിച്ചുകഴിയുമ്പോൾ ആണ് വലിയ ചോദ്യങ്ങൾ ഉയർന്നുവരുന്നത്, നമ്മൾ എന്താണ് അന്വേഷിക്കുന്നതെന്ന് മസ്സിലാക്കാൻ ആ പാതയിലേക്ക് മടങ്ങണം. ജീവിതത്തിൽ അൽപ്പം മുന്നോട്ട് പോയാൽ, ആ പാതയിലേക്ക്: "എന്നാൽ ഞാൻ എന്തിനാണ് ഈ ദിശയിൽ നടക്കുന്നത്, ഞാൻ എന്താണ് അന്വേഷിക്കുന്നത്?", അവിടെയാണ് വിവേചനബുദ്ധി ഉപയോഗിക്കേണ്ടത്. ഇഗ്നേഷ്യസ്, തൻറെ പിതാവിൻറെ വീട്ടിൽ മുറിവേറ്റ്കിടക്കുമ്പോൾ, ദൈവത്തെക്കുറിച്ചോ സ്വന്തം ജീവിത നവീകരണത്തെക്കുറിച്ചോ ഒട്ടും ചിന്തിച്ചിരുന്നില്ല. സ്വന്തം ഹൃദയത്തെ ശ്രവിക്കുകവഴിയാണ് അദ്ദേഹത്തിന് ആദ്യം ദൈവാനുഭവം ഉണ്ടാകുന്നത്, അത് അവനെ കൗതുകകരമായ വിധം തകിടംമറിക്കുന്നു: പ്രഥമ ദൃഷ്ട്യാ ആകർഷകമായ കാര്യങ്ങൾ അവനെ നിരാശനാക്കുന്നു, തിളക്കം കുറഞ്ഞ മറ്റുള്ളവയിലാകട്ടെ, നീണ്ടുനിൽക്കുന്ന ഒരു സമാധാനം അനുഭവപ്പെടുന്നു. നമുക്കും ഈ അനുഭവമുണ്ട്, പലപ്പോഴും നമ്മൾ ഒരു കാര്യം ചിന്തിക്കാൻ തുടങ്ങും, അവിടെ തന്നെ നിന്നുപോകും, പിന്നെ നിരാശരാകും. പകരം നമുക്ക് ഒരു ജീവകാരുണ്യ പ്രവർത്തനം നടത്താം, ഒരു നല്ല കാര്യം ചെയ്യാം, എന്തോ സന്തോഷം തോന്നുന്നു, ഒരു നല്ല ചിന്ത കടന്നു വരുന്നു, സന്തോഷം വരുന്നു, അത് നമ്മുടെ സ്വന്തം അനുഭവമാണ്. ഇഗ്നേഷ്യസിന്, സ്വന്തം ഹൃദയത്തെ ശ്രവിക്കുക വഴി ആദ്യ ദൈവാനുഭവം ഉണ്ടാകുന്നു. ഇതാണ് നാം പഠിക്കേണ്ടത്.....: ഞാൻ പറഞ്ഞുവന്നത് ഇതാണ്: എന്താണ് സംഭവിക്കുന്നത്, എന്ത് തീരുമാനം എടുക്കണം എന്നറിയാൻ, ഒരു സാഹചര്യം വിലയിരുത്താൻ, നിങ്ങളുടെ ഹൃദയത്തെ ശ്രവിക്കുക. നമ്മൾ ടെലിവിഷൻ, റേഡിയോ, മൊബൈൽ ഫോണുകൾ എന്നിവ കേൾക്കുന്നു, നമ്മൾ കേൾക്കുന്നതിൽ വിദഗ്ദ്ധരാണ്, പക്ഷേ ഞാൻ നിങ്ങളോട് ചോദിക്കുന്നു: നിനക്ക് നിൻറെ ഹൃദയത്തെ കേൾക്കാൻ കഴിയുമോ? നല്ല തീരുമാനങ്ങൾ എടുക്കാൻ, സ്വന്തം ഹൃദയത്തെ ശ്രവിക്കണം. ആകയാൽ ഇഗ്നേഷ്യസ് വിശുദ്ധരുടെ ജീവിതം വായിക്കാൻ നിർദ്ദേശിക്കും, കാരണം വിശുദ്ധന്മാർ നമ്മെപ്പോലെ മാംസവും രക്തവുമുള്ളവരായതിനാൽ നമ്മിൽ നിന്ന് വളരെ വ്യത്യസ്തമല്ലാത്ത ആ വ്യക്തികളുടെ ജീവിതത്തിൽ ദൈവത്തിൻറെ ശൈലി വിവരണാത്മകവും മനസ്സിലാക്കാവുന്നതുമായ രീതിയിൽ ആവിഷ്കൃതമാണ്. അവരുടെ പ്രവർത്തനങ്ങൾ നമ്മോട് സംസാരിക്കുകയും അവയുടെ അർത്ഥം മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

യാദൃശ്ചികത

വീരയോദ്ധാക്കളുടെ കഥ വായിച്ചപ്പോഴും വിശുദ്ധരുടെ ജീവിതം വായിച്ചപ്പോഴും ഇഗ്നേഷ്യസിന് ഉണ്ടായ രണ്ട് വികാരങ്ങളുടെതായ വിഖ്യാത സംഭവത്തിൽ നമുക്ക് വിവേചനബുദ്ധിയുടെ മറ്റൊരു സുപധാന  വശവും തിരിച്ചറിയാൻ സാധിക്കും. അത് നമ്മൾ കഴിഞ്ഞ തവണ സൂചിപ്പിച്ചതാണ്. ജീവിത സംഭവങ്ങളിൽ പ്രത്യക്ഷമായ യാദൃശ്ചികതയുണ്ട്: എല്ലാം നിസ്സാരമായ ഒരു അനിഷ്ടസംഭവത്തിൽ നിന്ന് ഉരുത്തിരിഞ്ഞതായി തോന്നുന്നു: വീരയോദ്ധാക്കളുടെ പുസ്തകങ്ങളൊന്നും ഉണ്ടായിരുന്നില്ല, മറിച്ച് വിശുദ്ധരുടെ ജീവിതം മാത്രം. പലപ്പോഴും സാദ്ധ്യമായ ഒരു വഴിത്തിരിവ് ഉൾക്കൊള്ളുന്ന ഒരു അത്യാഹിതം. കുറച്ച് സമയത്തിന് ശേഷം മാത്രമേ ഇഗ്നേഷ്യസ് അത് ശ്രദ്ധിക്കുന്നുള്ളൂ, അപ്പോൾ അവൻ തൻറെ എല്ലാ ശ്രദ്ധയും അതിനായി നീക്കിവയ്ക്കും. ശ്രദ്ധയോടെ കേൾക്കുക: ആസൂത്രിത സംഭവങ്ങളിലൂടെയല്ല, മറിച്ച് യാദൃശ്ചികതയിലൂടെ ദൈവം പ്രവർത്തിക്കുന്നു.

കർത്താവുമായുള്ള കൂടിക്കാഴ്ചയുടെ അടയാളം 

ഇഗ്നേഷ്യസിന് കാലിനുണ്ടായ മുറിവു പോലെ, ആകസ്മികവും അപ്രിയംപോലുമായ, അവസരങ്ങളിൽ കർത്താവ് കൂടിക്കാഴ്ച അനുവദിക്കുന്നതിൻറെ അടയാളങ്ങൾ തിരിച്ചറിയാനുള്ള സഹായമാണ് വിവേചനബുദ്ധി. അവയിൽ നിന്ന്, ഇഗ്നേഷ്യസിൻറെ കാര്യത്തിലെന്നപോലെ, ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു സമാഗമം എന്നെന്നേക്കുമായി ഉണ്ടാകാം, അല്ലെങ്കിൽ നിൻറെ യാത്രയിൽ നിന്നെ മെച്ചപ്പെടുത്തുന്നതോ മോശമാക്കുന്നതോ ആയ എന്തെങ്കിലും ഉണ്ടാകാം, എനിക്കറിയില്ല, പക്ഷേ സൂക്ഷിക്കുക, കൂട്ടിയോജിപ്പിക്കുന്ന ഏറ്റവും മനോഹരമായ തന്തു അപ്രതീക്ഷിത കാര്യങ്ങളാണ്, അതിൻറെ മുന്നിൽ ഞാൻ എങ്ങനെ നീങ്ങുമെന്നതാണ്. നമ്മുടെ ഹൃദയത്തെ കേൾക്കാനും എപ്പോഴാണ് കർത്താവ് പ്രവർത്തിക്കുന്നതെന്നും, എപ്പോഴാണ് അവിടന്നല്ല മറ്റൊന്നാണ് പ്രവർത്തിക്കുന്നതെന്നും കാണാനും അവിടന്ന് നമ്മെ സഹായിക്കട്ടെ. നന്ദി.

സമാപനാഭിവാദ്യങ്ങളും ആശീർവ്വാദവും

പാപ്പായുടെ , ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, മുഖ്യ  പ്രഭാഷണത്തിന്‍റെ  അവസാനം അതിൻറെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

പരിശുദ്ധ കന്യകാമറിയത്തിൻറെ പിറവിത്തിരുന്നാൾ

സെപ്റ്റംബർ 8-ന് തിരുസഭ പരിശുദ്ധ കന്യകാമറിയത്തിൻറെ ജനന തിരുനാൾ ആഘോഷിക്കുന്നത്  പാപ്പാ അനുസ്മരിച്ചു. കൃപാപൂരിതയായ ദൈവ പുത്രിയെന്ന നിലയിൽ പരിശുദ്ധ മറിയം ദൈവത്തിൻറെ സ്നിഗ്ദ്ധത അനുഭവിച്ചറിയുകയും പുത്രനായ യേശുവിൻറെ ദൗത്യത്തോടുള്ള ഐക്യത്തിലൂടെ അത് അവൾ അമ്മയെന്ന നിലയിൽ   പകർന്നു നല്കുകയും ചെയ്തുവെന്ന് പാപ്പാ പറഞ്ഞു. 

അമ്മമാരുടെ ചാരെ

എല്ലാ അമ്മമാരോടും, പ്രത്യേകിച്ച്,  യാതനകളനുഭവിക്കുന്ന മക്കളുള്ള, രോഗികളായ, തടവുകാരായ മക്കളുള്ള അമ്മമാരോട്, ഉള്ള തൻറെ സാമീപ്യം പാപ്പാ അറിയിച്ചു.  കാരാഗൃഹവാസികളായ യുവ മാതാക്കൾക്ക് പ്രത്യാശയറ്റുപോകാതിരിക്കുന്നതിനായി പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു. തടവറകളിൽ നിരവധിപ്പേർ, ചിലപ്പോൾ ചെറുപ്പക്കാരും ആത്മഹത്യ ചെയ്യുന്ന ദൗർഭാഗ്യകരമായ സംഭവങ്ങളെക്കുറിച്ചും പാപ്പാ അനുസ്മരിച്ചു. ഈ വിപത്തിൽ നിന്ന് രക്ഷിക്കാൻ ഒരു അമ്മയുടെ സ്നേഹത്തിനു സാധിക്കുമെന്ന് പാപ്പാ പറഞ്ഞു. തങ്ങളുടെ മക്കളെക്കുറിച്ചുള്ള വേദനയാൽ നീറുന്ന എല്ലാ അമ്മമാർക്കും പരിശുദ്ധ അമ്മ സാന്ത്വനം പകരട്ടെയെന്ന് പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു.       

യുദ്ധ വിരമാത്തിനാഹ്വാനം     

പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത് പാപ്പാ,  പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു.

യുദ്ധം മൂലം യാതനയുടെ പിടിയലമർന്നിരിക്കുന്ന ഉക്രൈയിനെക്കുറിച്ചു പരാമർശിച്ച പാപ്പാ സമാധാനത്തിൻറെ ശില്പികളാകാനും ഏകതാനതയുടെയും  അനുരഞ്ജനത്തിൻറെയും ചിന്തകളും പദ്ധതികളും ലോകത്തിൽ പരക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കാനും എല്ലാവരെയും ക്ഷണിച്ചു. ഇന്നു നാം ലോകമഹായുദ്ധത്തിലാണെന്ന് പറഞ്ഞ പാപ്പാ അത് അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തു. എല്ലായുദ്ധങ്ങൾക്കും ഇരകളായിരിക്കുന്നവരെ, പ്രത്യകിച്ച്, ഉക്രൈയിനിലെ ജനങ്ങളെ പാപ്പാ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ചു. തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ,  എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 September 2022, 12:21

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >