തിരയുക

പാപ്പായുടെ കസാഖ്സ്ഥാൻ സന്ദർശനം- പുനരവലോകനം!

ഫ്രാൻസീസ് പാപ്പായുടെ പൊതുദർശന പ്രഭാഷണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ, ഇക്കഴിഞ്ഞ 13-15 വരെ കസാഖ്സ്ഥാൻ സന്ദർശനത്തിലായിരുന്നതിനാൽ കഴിഞ്ഞയാഴ്ച മുടങ്ങിയ പ്രതിവാരപൊതുദർശന പരിപാടി ഈ ബുധനാഴ്ച (21/09/22) പുനരാരംഭിച്ചു. വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ തുറസ്സായ ചത്വരം ആയിരുന്നു വേദി. ബസിലിക്കാങ്കണത്തിലേക്ക്, എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ രൂപകല്പന ചെയ്തിട്ടുള്ള തുറന്ന വെളുത്ത വാഹനത്തിൽ, പാപ്പാ എത്തിയപ്പോൾ അവിടെ സന്നിഹിതരായിരുന്ന വിവിധ രാജ്യക്കാരായിരുന്ന ജനസഞ്ചയത്തിൻറെ ആനന്ദാരവങ്ങൾ ഉയർന്നു.തീർത്ഥാടകരും സന്ദർശകരുമടങ്ങിയ ജനക്കൂട്ടത്തിനിടയിലൂടെ വാഹനത്തിൽ നീങ്ങിയ പാപ്പാ അവർക്കെല്ലാവർക്കും അഭിവാദ്യമർപ്പിച്ചു. ഇടയ്ക്ക് അംഗരക്ഷകർ തൻറെ പക്കലേക്ക് എടുത്തുകൊണ്ടു വന്നിരുന്ന പിഞ്ചുപൈതങ്ങളെ പാപ്പാ തൊട്ട് ആശീർവദിക്കുന്നുമുണ്ടായിരുന്നു. പ്രസംഗവേദിയ്ക്കടുത്തുവരെ വാഹനത്തിൽ എത്തിയ പാപ്പാ അവിടെ ഇറങ്ങി വേദിയിലെത്തിയതിനു ശേഷം റോമിലെ സമയം രാവിലെ ഏതാണ്ട് 9.00 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-ന് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തദ്ദനന്തരം  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

വചന ഭാഗം

“പത്രോസ് അവരോടു സംസാരിച്ചുതുടങ്ങി: സത്യമായും ദൈവത്തിനു പക്ഷപാതമില്ലെന്നും അവിടത്തെ ഭയപ്പെടുകയും നീതിപ്രവർത്തിക്കുകയും ചെയ്യുന്ന ആരും, ഏതു ജനതയിൽപ്പെട്ടവനായാലും, അവിടത്തേക്കു സ്വീകാര്യനാണെന്നും ഞാൻ സത്യമായി അറിയുന്നു. സമാധാനത്തിൻറെ സദ്വാർത്ത സകലത്തിൻറെയും കർത്താവായ യേശുക്രിസ്തുവിലൂടെ വിളംബരം ചെയ്തുകൊണ്ട് തൻറെ വചനം അവിടന്ന് ഇസ്രായേൽ മക്കൾക്ക് നല്കി”, അപ്പൊസ്തോലപ്രവർത്തനങ്ങൾ, 10:34-36

ഈ വായനയ്ക്കു ശേഷം പാപ്പാ, തൻറെ കസാഖ്സ്ഥാൻ സന്ദർശനം പുനരവലോകനം ചെയ്തു. ഇറ്റാലിയന്‍ ഭാഷയില്‍ പാപ്പാ നടത്തിയ പ്രഭാഷണം:

കസാഖ്സ്ഥാൻ സന്ദർശനം- നന്ദി വചസ്സുകൾ

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

കഴിഞ്ഞ വാരത്തിൽ, ചൊവ്വാഴ്ച മുതൽ വ്യാഴം വരെ, ഞാൻ ലോകമതങ്ങളുടെയും, പാരമ്പര്യ മതങ്ങളുടെയും നേതാക്കളുടെ ഏഴാമത് കോൺഗ്രസ്സിനോടനുബന്ധിച്ച്, മദ്ധ്യേഷ്യയിലെ അതിവിശാല രാജ്യമായ കസാഖ്സ്ഥാനിലേക്കു പോയി. എനിക്ക് നൽകിയ ഹൃദ്യമായ സ്വാഗതത്തിനും ഈ സന്ദർശനത്തിൻറെ ക്രമീകരണങ്ങളിൽ  കാണിച്ച വിശാലമനസ്ക്കതയാർന്ന പ്രതിബദ്ധതയ്ക്കും ആ റിപ്പബ്ലിക്കിൻറെ പ്രസിഡൻറിനോടും കസാഖ്സ്ഥാനിലെ മറ്റ് അധികാരികളോടും ഞാൻ വീണ്ടും  നന്ദി പറയുന്നു. അതുപോലെതന്നെ, മെത്രാന്മാരും അവരുടെ സഹകാരികളും നടത്തിയ വലിയ പ്രവർത്തനത്തിന്, എല്ലാറ്റിനുമുപരിയായി, അവരെ എല്ലാവരെയും ഒരുമിച്ച് കാണുകയെന്നത് സാദ്ധ്യമാക്കിക്കൊണ്ട് അവർ എനിക്കേകിയ ആനന്ദത്തിന് ഞാൻ അവർക്ക് ഹൃദയംഗമായി നന്ദിയർപ്പിക്കുന്നു.

ലോകമതങ്ങളുടെയും പാരമ്പര്യമതങ്ങളുടെയും നേതാക്കളുടെ സമ്മേളനം

ഞാൻ പറഞ്ഞതുപോലെ, ഈ യാത്രയുടെ മുഖ്യ കാരണം ലോക മതങ്ങളുടെയും പരമ്പരാഗത മതങ്ങളുടെയും നേതാക്കളുടെ കോൺഗ്രസ്സിൽ പങ്കെടുക്കുക എന്നതായിരുന്നു. സമാഗമത്തിൻറെയും സംവാദത്തിൻറെയും വേദിയായി ലോകത്തിന് മുന്നിൽ സ്വയം അവതരിപ്പിക്കപ്പെടുന്ന ഈ രാജ്യത്തിൻറെ അധികാരികൾ ഇരുപത് വർഷമായി നടപ്പിലാക്കി വരുന്നതാണ് ഈ സംരംഭം. ഇപ്പോൾ ഇത് മതപരമായ തലത്തിൽ ആയിരുന്നു. ആകയാൽ സമാധാനവും മാനവസാഹോദര്യവും പരിപോഷിപ്പിക്കുന്നതിൽ ഇതിന് നായകസ്ഥാനമുണ്ട്. ഇത് ഏഴാമത് കോൺഗ്രസ്സ് ആയിരുന്നു. 30 വർഷമായി സ്വതന്ത്ര്യമുള്ള ഒരു രാജ്യം ഓരോ മൂന്നുവർഷം കൂടുമ്പോഴുമുള്ള 7 കോൺഗ്രസ്സുകൾ സംഘടിപ്പിച്ചു. വൈവിധ്യത്തിൽ പരസ്പരം ശ്രവിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ലോകം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധതയുടെ കേന്ദ്രസ്ഥാനത്ത് മതങ്ങളെ പ്രതിഷ്ഠിക്കുക എന്നതാണ് ഇതിനർത്ഥം. നാസ്തിക ഭരണകൂടത്തിൻറെ നുകത്തിൽ നിന്ന് വിമോചിതമായ ശേഷം, ഇപ്പോൾ രാഷ്ട്രീയത്തെയും മതത്തെയും കൂട്ടിക്കുഴയ്ക്കാതെയും ഭിന്നിപ്പിക്കാതെയും, നാഗരികതയിലേക്കുള്ള ഒരു പാത മുന്നോട്ടുവയ്ക്കുന്ന കസാഖ് സർക്കാരിനാണ് ഇതിൻറെ അംഗീകാരം. സന്തുലിതവും സംയോജിതവുമായ ഒരു നിലപാടാണിത്.

ദൈനംദിന പ്രതിബദ്ധത

ഈ കോൺഗ്സ്സ് ചർച്ചചെയ്ത് അംഗീകരിച്ച അന്തിമ പ്രഖ്യാപനം, 2019 ഫെബ്രുവരിയിൽ അബുദാബിയിൽ വച്ച് ഒപ്പുവയക്കപ്പെട്ട മാനവസാഹോദര്യത്തെക്കുറിച്ചുള്ള രേഖയുടെ തുടർച്ചയാണ്. ദൂരെ നിന്ന് ആരംഭിക്കുന്ന ഒരു യാത്രയുടെ ഫലമായാണ് ഈ മുന്നോട്ടുള്ള ചുവടുവയ്പിനെ വ്യാഖ്യാനിക്കാൻ ഞാൻ ആഗ്രഹിക്കുന്നത്: 1986-ൽ അസ്സീസിയിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ വിളിച്ചുകൂട്ടിയ സമാധാനത്തിനായുള്ള ചരിത്രപരമായ മതാന്തര യോഗത്തെക്കുറിച്ച് ഞാൻ സ്വാഭാവികമായും ചിന്തിക്കുന്നു; ദീർഘവീക്ഷണമില്ലാത്തവരുടെ വലിയ വിമർശനം അതേറ്റുവാങ്ങി. വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻറെയും വിശുദ്ധ പോൾ ആറാമൻറെയും ക്രാന്തദർശിത്വത്തെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു; മറ്റ് മതങ്ങളിലെയും മഹാത്മാക്കളുടെയും ദീർഘവീക്ഷണത്തെക്കുറിച്ച്, ഇവിടെ, ഇപ്പോൾ മഹാത്മാഗാന്ധിയെ മാത്രം പരമാർശിക്കുന്നു, ഞാൻ ഓർക്കുന്നു. എന്നാൽ, സമാധാനത്തിൻറെയും സാഹോദര്യത്തിൻറെയും ദൈവത്തോടു വിശ്വസ്തത പുലർത്തുന്നതിനായി തങ്ങളുടെ ജീവൻ വിലയായി നല്കിയ നിരവധി രക്തസാക്ഷികളെയും, ദേശ, ഭാഷ, പ്രായഭേദമന്യേ, എല്ലാ സ്‌ത്രീപുരുഷന്മാരെയും ഓർക്കാതിരിക്കാൻ നമുക്ക് എങ്ങനെ സാധിക്കും? നമുക്കറിയാം: സാഘോഷ നിമിഷങ്ങൾ സുപ്രധാനമാണ്, എന്നാൽ അത് പിന്നീട്, ദൈനംദിന പ്രതിബദ്ധതയാണ്, എല്ലാവർക്കുമായി മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുന്ന സമൂർത്ത സാക്ഷ്യമാണ്.

നേർക്കാഴ്ചകൾ

ഈ കോൺഗ്രസ്സിന് പുറമേ, ഈ സന്ദർശനം എനിക്ക് കസാഖ്സ്ഥാൻറെ അധികാരികളുമായും പ്രാദേശിക സഭയുമായും കൂടിക്കാഴ്ചനടത്താൻ  അവസരം നൽകി.

ആ റിപ്പബ്ലിക്കിൻറെ പ്രസിഡൻറിനെ സന്ദർശിച്ച ശേഷം – അദ്ദേഹത്തിൻറെ  ആദരവിന് ഞാൻ വീണ്ടും നന്ദി പറയുന്നു - ഞങ്ങൾ പുതിയ കൺസേർട്ട് ശാലയിലേക്കു പോയി, അവിടെ എനിക്ക് ഭരണാധികാരികളും പൗരസമൂഹത്തിൻറെ പ്രതിനിധികളും നയതന്ത്ര പ്രതിനിധികളുമായി സംസാരിക്കാൻ കഴിഞ്ഞു. സമാഗമത്തിൻറെ നാടായിരിക്കാനുള്ള കസാഖ്സ്ഥാൻറെ വിളി ഞാൻ എടുത്തുകാട്ടി: വാസ്തവത്തിൽ, അന്നാട്ടിൽ, നൂറ്റമ്പതോളം വംശീയ വിഭാഗങ്ങൾ ഒരുമിച്ച് താമസിക്കുന്നു, എൺപതിലധികം ഭാഷകൾ സംസാരിക്കുന്നു. ഭൂമിശാസ്ത്രപരമായ സവിശേഷതകളും അതിൻറെ ചരിത്രവും ആണ് ഈ വിളിയുടെ കാരണം. ഒരു പ്രയാണമെന്ന പോലെ സ്വാഗതം ചെയ്യപ്പെടുകയും ആശ്ലേഷിക്കപ്പെടുകയും ചെയ്ത ഈ വിളി, സമാഗമത്തിൻറെയും സംസ്കാരത്തിൻറെയും ഭാഷകളുടെയും നാടായിരിക്കാനുള്ള വിളി,  പ്രോത്സാഹിപ്പിക്കപ്പടാനും പിന്തുണയ്ക്കപ്പെടാനും അർഹതയുള്ളതാണ്. അതുപോലെ, സമൂഹത്തിൻറെ മൊത്തത്തിലുള്ള ആവശ്യങ്ങളോട് ഫലപ്രദമായി പ്രതികരിക്കാൻ കഴിവുള്ള, കൂടുതൽ പക്വതയാർന്ന ജനാധിപത്യസൃഷ്ടി തുടരാൻ കഴിയട്ടെയെന്ന്  ഞാൻ ആശംസിച്ചു. ഇത് ആയാസകരമായ ദൗത്യമാണ്, ഇതിന് സമയമെടുക്കും, എന്നാൽ ആണവായുധങ്ങളോട് "ഇല്ല" എന്ന് പറയുക, നല്ല ഊർജ്ജ, പാരിസ്ഥിതിക നയങ്ങൾ സ്വീകരിക്കുക എന്നിവ പോലെ കസാഖ്സ്ഥാൻ വളരെ ക്രിയാത്മകമായ തിരഞ്ഞെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നത് അംഗീകരിക്കേണ്ടതുണ്ട്. ഇത് ധീരതയാർന്ന ഒരു നടപടിയാണ്. നിലവിലെ ദാരുണമായ യുദ്ധം, ആണവായുധങ്ങളെക്കുറിച്ച്, ആ ബുദ്ധിശൂന്യതയെക്കുറിച്ച്, ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന സമയത്ത്, ഈ രാജ്യം തുടക്കം മുതൽ തന്നെ ആണവായുധങ്ങളോട് "ഇല്ല" എന്ന് പറയുന്നു.

പ്രാദേശികസഭയുടെ ഓജസ്സ്

സഭയെ സംബന്ധിച്ചിടത്തോളം, എനിക്ക് ഏറെ ആനന്ദം പകർന്നത് സന്തോഷവും ഉത്സാഹവും ആവേശവുമുള്ള ഒരു സമൂഹവുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞതാണ്. അതിവിസ്തൃതമായ ആ രാജ്യത്ത് കത്തോലിക്കർ കുറവാണ്. എന്നാൽ ഈ അവസ്ഥ, വിശ്വാസത്തോടെ ജീവിച്ചാൽ, സുവിശേഷ ഫലങ്ങൾ പുറപ്പെടുവിക്കും: അതായത്, സർവ്വോപരി, ചെറുമയുടെ, മാനുഷിക ശക്തിയുടെ ഏതെങ്കിലും രൂപത്തിലല്ല കർത്താവിൽ മാത്രം ആശ്രയിച്ചുകൊണ്ട്, പുളിമാവും, ഉപ്പും, വെളിച്ചവും ആകുന്നതിൻറെ, സുവിശേഷ സൗഭാഗ്യം. കൂടാതെ, എണ്ണത്തിലുള്ള കുറവ്, ഇതര ക്രൈസ്തവവിഭാഗങ്ങളുമായുള്ള ബന്ധവും സകലരുമായുള്ള സാഹോദര്യവും  വളർത്തിയെടുക്കാൻ നമ്മെ ക്ഷണിക്കുന്നു.  അതിനാൽ ചെറിയ അജഗണമാണ്, അതെ, എന്നാൽ അടച്ചുപൂട്ടിയതല്ല, പ്രതിരോധം തീർക്കുന്നതല്ല, തുറവുള്ളത്, എവിടെയും സ്വതന്ത്രമായി വീശുന്ന പരിശുദ്ധാരൂപിയുടെ പ്രവർത്തനത്തോടു തുറുവള്ളതും അതിൽ വിശ്വാസിക്കുന്നതുമാണത്. നമ്മൾ ദൈവത്തിൻറെ ആ വിശുദ്ധ ജനത്തിലെ നിണസാക്ഷികളെയും അനുസ്മരിച്ചു: കാരണം 30 വർഷം മുമ്പ് സ്വാതന്ത്ര്യം കിട്ടുന്നതുവരെ, പതിറ്റാണ്ടുകൾ നിരീശ്വരവാദത്തിൻറെ അടിച്ചമർത്തലുകൾ അവർ അനുഭവിച്ചു, നീണ്ടകാല പീഡനവേളയിൽ വിശ്വാസത്തിനായി വളരെയധികം യാതനകളനുഭവിച്ച സ്ത്രീകളും പുരുഷന്മാരും.  വിശ്വാസത്തെപ്രതി വധിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തവർ.

ചെറു അജഗണത്തോടൊപ്പം ദിവ്യബലി

ചെറുതും എന്നാൽ ആഹ്ലാദഭരിതവുമായ ഈ അജഗണത്തോടൊപ്പം നമ്മൾ നൂർ സുൽത്താനിൽ, അത്യാധുനിക വാസ്തുവിദ്യ പ്രകടമായ  എക്‌സ്‌പോ 2017 ചത്വരത്തിൽ,  വിശുദ്ധകുർബ്ബാന അർപ്പിച്ചു. വിശുദ്ധ കുരിശിൻറെ പുകഴ്ചയുടെ തിരുനാളായിരുന്നു അത്. ഇത് നമുക്ക് ചിന്തോദ്ദീപകമാണ്: പുരോഗതിയും പിന്നോക്കാവസ്ഥയും ഇഴചേർന്നിരിക്കുന്ന ഒരു ലോകത്തിൽ, ക്രിസ്തുവിന്റെ കുരിശ് രക്ഷയുടെ നങ്കൂരമായി തുടരുന്നു: നിരാശപ്പെടുത്താത്ത പ്രത്യാശയുടെ അടയാളം, കാരണം അത് കാരുണ്യവാനും വിശ്വസ്തനുമായ ദൈവത്തിൻറെ സ്നേഹത്തിൽ അധിഷ്ഠിതമാണ്. ഈ യാത്രയ്ക്ക് അവിടത്തേയ്ക്ക് നന്ദി. കസാഖ്സ്ഥാൻറെ ഭാവിക്കും അന്നാട്ടിലെ തീർത്ഥാടക സഭയുടെ ജീവിതത്തിനും അത് സമൃദ്ധമായി ഫലങ്ങൾ പുറപ്പെടുവിക്കുന്നതിനായി അവിടത്തോട് നമുക്ക് പ്രാർത്ഥിക്കുകയും ചെയ്യാം. നന്ദി.

പ്രഭാഷണാനന്തര അഭിവാദ്യങ്ങളും അഭ്യർത്ഥനകളും

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

മറവിരോഗ ദിനാചരണം

സെപ്റ്റംബർ 21-ന് ലോക മറവിരോഗ ദിനം ആചരിക്കുന്ന പശ്ചാത്തലത്തിൽ പാപ്പാ ആ രോഗബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും അവരെ സ്നേഹപുർവ്വം പരിചരിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു.  അൽഷൈമർ അഥവാ മറവി രോഗം അനേകരെ ബാധിക്കുന്ന ഒന്നാണെന്നും ഈ രോഗബാധിതർ പലപ്പോഴും സമൂഹത്തിൻറെ അരികുകളിലേക്ക് തള്ളപ്പെടുന്ന അവസ്ഥ സംജാതമാകുന്നുണ്ടെന്നും പാപ്പാ പറഞ്ഞു. രക്തശുദ്ധീകരണപ്രക്രിയയായ ഡയാലിസിസിന് വിധേയരാകുന്നവരും അവയവമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടുള്ളവരുമായവരും കൂടിക്കാഴ്ചയ്ക്കെത്തിയിരുന്നതിനാൽ അവരെയും പാപ്പാ അഭിവാദ്യം ചെയ്തു.

ഉക്രൈയിനു വേണ്ടി

യുദ്ധവേദിയായ ഉക്രൈയിനിൽ നിലവിലുള്ള ഭയാനകമായ അവസ്ഥയെപ്പറ്റിയും പാപ്പാ പരാമർശിച്ചു. പാപ്പായുടെ ദാനധർമ്മാദി കാര്യങ്ങൾക്കായുള്ള വിഭാഗത്തിൻറെ ചുമതലവഹിക്കുന്ന കർദ്ദിനാൾ കൊൺറാഡ് ക്രയേവ്സ്കി നാലാം തവണ ഉക്രൈയിനിൽ എത്തിയിരിക്കുന്നതിനെക്കുറിച്ച് അനുസ്മരിച്ച പാപ്പാ താൻ അദ്ദേഹവുമായി ചൊവ്വാഴ്‌ച (20/09/22) ടെലെഫോൺ സംഭാഷണം നടത്തിയെന്നും അദ്ദേഹം ഇപ്പോൾ ഒഡേസ പ്രദേശത്ത് ദുരിതാശ്വാസ പ്രവർത്തനത്തിലേർപ്പെട്ടിരിക്കയാണെന്നും വെളിപ്പെടുത്തി. അവിടത്തെ ജനങ്ങളുടെ വേദനയും അവിടെ നടക്കുന്ന ക്രൂര പ്രവർത്തികളും ഭീകരതകളും പീഡനമേറ്റുമരിച്ചവരുടെ മൃതദേഹങ്ങൾ കാണപ്പെടുന്നതുമെല്ലാം അദ്ദേഹം വിശദീകരിച്ചുവെന്നും പാപ്പാ പറഞ്ഞു. കുലീനരും രക്തസാക്ഷികളുമായ ആ ജനങ്ങളോടൊന്നുചേരാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

സമാപനാഭിവാദ്യവും ആശീർവ്വാദവും

പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത് പാപ്പാ,  പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു. തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ,  എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 September 2022, 12:44

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >