തിരയുക

പതിനൊന്നാമത് അന്താരാഷ്ട്ര തോമിസ്റ്റിക് കോൺഗ്രസിൽ പങ്കെടുക്കുന്നവരുമായി ഫ്രാൻസിസ് പാപ്പാ. പതിനൊന്നാമത് അന്താരാഷ്ട്ര തോമിസ്റ്റിക് കോൺഗ്രസിൽ പങ്കെടുക്കുന്നവരുമായി ഫ്രാൻസിസ് പാപ്പാ.  (Vatican Media)

ഫ്രാൻസിസ് പാപ്പാ: തോമസ് അക്വിനാസിലേക്ക് ചെല്ലുക

ആധുനിക ലോകത്തിലെ പുതിയ കാര്യങ്ങളുമായുള്ള സംവാദത്തിലൂടെ വിശുദ്ധ തോമസ് അക്വീനാസിന്റെ പുരാതനമായ അധ്യാപനം കെട്ടിപ്പടുക്കാനും സമ്പന്നമാക്കാനും പതിനൊന്നാമത് അന്താരാഷ്ട്ര തോമിസ്റ്റിക് കോൺഗ്രസിൽ പങ്കെടുക്കുന്നവരെ ഫ്രാൻസിസ് പാപ്പാ ക്ഷണിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പതിനൊന്നാം അന്താരാഷ്ട്ര തോമിസ്റ്റിക് കോൺഗ്രസിൽ പങ്കെടുത്തവരോടു വിശുദ്ധ തോമസിനെപ്പോലുള്ള ഒരു മഹാചിന്തകനെ പിന്തുടരുക എന്നതിനർത്ഥം വെറുതെ മറ്റൊരു ബുദ്ധിജീവിയെ അനുഗമിക്കുക എന്നതല്ല മറിച്ച് ഒരു വഴികാട്ടിയെയും ഗുരുവിനെയും കുറിച്ച് ധ്യാനിക്കുക എന്നതാണെന്ന് പാപ്പാ പറഞ്ഞു.

തോമസിനെ "ഉപകരണവൽക്കരിക്കുന്നതിന്റെ " അപകടം

തോമിസത്തിനകത്ത്  വിശുദ്ധ തോമസിനെ " ഉപകരണവൽക്കരിക്കുന്ന" അപകടമുണ്ടെന്ന് പാപ്പാ മുന്നറിയിപ്പ് നൽകി.  വിശുദ്ധനെ ധർമ്മാധർമ്മ വിവേചന (കസ്യൂസ്റ്റിക്) ചിന്താഗതിയുടെ അടിമയാക്കുന്ന നിരവധി വ്യാഖ്യാനങ്ങളുടെ ഉദാഹരണങ്ങൾ നൽകുന്നുണ്ട്. അത്തരമൊരു നടപടിക്രമം ഗുരുവിന്റെ ചിന്തയെ "പരിഹസിക്കുന്ന" താണ് എന്ന് പാപ്പാ വെളിപ്പെടുത്തി. എന്നാൽ, ഗുരുവിന്റെ ചിന്തയെക്കുറിച്ചുള്ള ശരിയായ പഠനത്തിൽ ധ്യാനം ഒഴിച്ചുകൂടാനാവില്ലെന്നും അതിനു ശേഷമാണ് അദ്ദേഹത്തിന്റെ ചിന്തയുടെ വിശദീകരണം വരേണ്ടതെന്നും ഊന്നി പറഞ്ഞ പാപ്പാ പിന്നീടാണ്, ജാഗ്രതയോടെ, ഒരാൾ അദ്ദേഹത്തിന്റെ ചിന്തയെ വ്യാഖ്യാനിക്കാൻ പരിശ്രമിക്കേണ്ടതെന്നും വിശദീകരിച്ചു.

സ്വന്തം നിലപാടിനെ മുന്നോട്ട് കൊണ്ടുപോകാൻ ഒരാൾ ഒരിക്കലും ഗുരുവിനെ "ഉപയോഗിക്കുകയോ" അല്ലെങ്കിൽ ഉപകരണമാക്കുകയോ ചെയ്യരുത് എന്നും മറിച്ച് സ്വന്തം ചിന്തകളെ ഗുരുവിന്റെ വെളിച്ചത്തിലാണ് മുന്നോട്ട് വയ്ക്കേണ്ടതെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

തോമിസ്റ്റിക് ദൈവശാസ്ത്രത്തിലെ ഒരു പാഠം

ഈ കാര്യം വിശദീകരിക്കുന്നതിന്, കുടുംബങ്ങൾക്കായി നടന്ന സിനഡിലെ സംവാദത്തിനിടെ തോമിസ്റ്റിക് ദൈവശാസ്ത്രത്തെക്കുറിച്ച് ഒരു പഠനം നൽകിയ ഡൊമിനിക്കൻ കർദ്ദിനാൾ ക്രിസ്റ്റോഫ് ഷോൺബോണിനെ ചൂണ്ടിക്കാണിച്ച പാപ്പാ,  കർദ്ദിനാൾ ഷോൺബോൺ, "തോമസിനെ ഉപയോഗിക്കാതെ തന്നെ അദ്ദേഹത്തെ മനസ്സിലാക്കുകയും വിശദീകരിക്കുകയും ചെയ്തു"എന്ന കാര്യം എടുത്തു പറഞ്ഞു.

ഈ ഉദാഹരണത്തിൽ നിന്ന്, പിന്തുടരേണ്ട ശരിയായ നടപടിക്രമത്തെ പാപ്പാ സൂചിപ്പിച്ചു: "വിശുദ്ധ തോമസിനെ കുറിച്ച് പറയുന്നതിന് മുമ്പ്, തോമിസത്തെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ്, പഠിപ്പിക്കുന്നതിന് മുമ്പ്, ഒരാൾ ധ്യാനിക്കണം: ഗുരുവിനെ ധ്യാനിക്കണം, ബുദ്ധിപരമായ ചിന്തയ്ക്കപ്പുറം ഗുരു എന്താണ് ജീവിച്ചതെന്നും, എന്താണ് നമ്മോടു  പറയാൻ ആഗ്രഹിച്ചതെന്നും മനസ്സിലാക്കുക. " പാപ്പാ പങ്കുവച്ചു.

വിശുദ്ധ തോമസ്, "സഭയുടെ ചിന്തകൾക്ക് ഒരു വെളിച്ചമായിരുന്നു എന്നും അദ്ദേഹത്തിന്റെ മജിസ്റ്റീരിയൽ ചിന്തയുടെ മഹത്വത്തെ തടവിലിടുന്ന ഈ 'ബൗദ്ധിക ലഘൂകരണത്തിൽ " (intellectualistic reductionism) നിന്ന് നാം അദ്ദേഹത്തെ സംരക്ഷിക്കണം" എന്നും പാപ്പാ പറഞ്ഞു.

"മനുഷ്യാവതാരം ചെയ്ത വിജ്ഞാനത്തിന്റെ വിശ്വസ്ത ശിഷ്യൻ"

കോൺഗ്രസ്സിൽ സംബന്ധിച്ചവർക്ക് പാപ്പായുടെ പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പി വിതരണം ചെയ്തു.

പൊന്തിഫിക്കൽ അക്കാദമി ഓഫ് സെന്റ് തോമസ് അക്വീനാസിന്റെയും ആഞ്ചലിക്കും തോമിസ്റ്റിക്ക് ഇൻസ്റ്റിറ്റൂട്ടിന്റെയും ആഭിമുഖ്യത്തിൽ നടന്ന 11 മത് അന്താരാഷ്ട്ര തോമിസ്റ്റിക് കോൺഗ്രസിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത പ്രസംഗത്തിൽ ഫ്രാൻസിസ് പാപ്പാ വിശുദ്ധ തോമസ് അക്വീനാസിനെ "അവതരിച്ച വിജ്ഞാനത്തിന്റെ വിശ്വസ്ത ശിഷ്യനും" "ദൈവത്തിന്റെ മുഖത്തെ അശ്രാന്തമായി അന്വേഷിക്കുന്നവനും" എന്നാണ് വിശേഷിപ്പിച്ചത്.

വിശുദ്ധന്റെ തിരുന്നാളിന് വേണ്ടിയുള്ള ആരാധനാക്രമത്തിലെ പ്രാർത്ഥനയെ അനുസ്മരിപ്പിച്ചു കൊണ്ട് പരിശുദ്ധ പിതാവ് തോമസിന്റെ വിശുദ്ധിയെയും വിശുദ്ധ സിദ്ധാന്തങ്ങളോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തെയും ഉയർത്തിക്കാട്ടി.“വിശുദ്ധനെ അനുകരിക്കാനും, വേദപാരംഗതനും അധ്യാപകനുമായ അദ്ദേഹം നിങ്ങളെത്തന്നെ പ്രകാശിപ്പിക്കാനും നയിക്കാനും അനുവദിക്കുന്നതിനുള്ള ആത്മീയ സംരംഭവും ഇവിടെ കാണുന്നു,” എന്ന് പാപ്പാ  പറഞ്ഞു.

ആധുനിക ലോകവുമായി സംവാദം

വിശ്വാസത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനുള്ള ആഗ്രഹം "വിശ്വാസിക്ക് ഐച്ഛികമല്ല", മറിച്ച് "വിശ്വാസത്തിന്റെ ചലനാത്മകതയുടെ ഭാഗമാണ്" വിശ്വാസത്തിന്റെയും ആരാധനയുടെയും രണ്ട് "ചിറകുകൾ" ഉപയോഗിച്ച് ദൈവത്തെ അന്വേഷിക്കുന്നത് പ്രാർത്ഥനയുടെയും ധ്യാനത്തിന്റെയും ആത്മാവിൽ നിന്നാണ്. അങ്ങനെ ചെയ്യുന്നതിലൂടെ, "ആരു പറഞ്ഞാലും എല്ലാ സത്യവും പരിശുദ്ധാത്മാവിൽ നിന്നാണ് വരുന്നത് " എന്ന തിരിച്ചറിവോടെ "തന്റെ കാലത്തിന്റെ സംസ്കാരവുമായി ആത്മാർത്ഥവും യുക്തിസഹവുമായ ഒരു സംവാദം ആരംഭിക്കാൻ ക്രൈസ്തവൻ ഭയപ്പെടുന്നില്ല", എന്നും പാപ്പാ അനുസ്മരിച്ചു.

എന്നും ജീവിക്കുന്ന ഒരു നീരുറവ

വിശുദ്ധ തോമസിനെ കുറിച്ചുള്ള പഠനം കോൺഗ്രസിന്റെ പ്രമേയമനുസരിച്ച്, "വെത്തേര നോവിസ് ഔജെരെ " [പുതിയതിനൊപ്പം പഴയതിനെ മെച്ചപ്പെടുത്തുക]: നിലവിലെ സാഹചര്യത്തിൽ തോമിസ്റ്റ് പാരമ്പര്യത്തിന്റെ വിഭവങ്ങൾ എന്നും നിലനിൽക്കുന്ന ഒരു ഉറവയായിരിക്കണമെന്നും പാപ്പാ ഊന്നിപ്പറഞ്ഞു. തോമിസം, തോമസിന്റെ ചിന്തയെ അതിന്റെ ചരിത്രപരവും സാംസ്കാരികവുമായ യഥാർത്ഥ പശ്ചാത്തലത്തിൽ പഠിക്കുന്നതിലും തുടർന്ന് ആധുനിക ലോകവുമായി സംവാദം നടത്തുന്നതിലും ഏർപ്പെടണമെന്ന് പാപ്പാ പറഞ്ഞു.

സൃഷ്ടിയെക്കുറിച്ചുള്ള വിശുദ്ധ തോമസിന്റെ അധ്യാപനത്തെ പരാമർശിച്ച പാപ്പാ തോമസിനെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ ഔദാര്യത്തിന്റെയും കരുണയുടെയും ആദ്യ പ്രകടനമാണ് സൃഷ്ടിയെന്ന് ഒരു ഉദാഹരണത്തോടെ ചൂണ്ടി കാണിച്ചു. സൃഷ്ടിക്രമത്തിന്റെ വൈവിധ്യത്തിൽ നിന്ന് ദൈവത്തിന്റെ സൗന്ദര്യത്തെ ധ്യാനിക്കാൻ തോമസിന് കഴിഞ്ഞുവെന്നും, അതിൽ സൃഷ്ടിക്കപ്പെട്ട എല്ലാ വസ്തുക്കളും ദൈവത്തിൽ നിന്ന് വന്ന് ദൈവത്തിലേക്ക് നയിക്കപ്പെടുന്നുവെന്നും ദൈവത്തിന്റെ നന്മ പ്രകടമാക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്നും അക്വിനാസിന് മനസ്സിലാക്കാൻ കഴിഞ്ഞുവെന്നും പാപ്പാ വിശദീകരിച്ചു.

"തോമസിന്റെ അടുത്തേക്ക് പോകുക"
മുൻ പാപ്പമാരുടെ ശുപാർശ തന്റേതാക്കിക്കൊണ്ട്, "പുതിയ കാര്യങ്ങൾ കൊണ്ട് ഭൂതകാലത്തിലെ പ്രാചീനവും ഫലവത്തായതുമായ കാര്യങ്ങൾ വിപുലീകരിക്കാനും സമ്പന്നമാക്കാനും  ഭയപ്പെടരുത് എന്ന് പറഞ്ഞ്,“തോമസിലേക്ക് പോകൂ! എന്നാഹ്വാനം ചെയ്തുകൊണ്ടാണ്  ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 September 2022, 12:27