കുടിയേറ്റക്കാരെ സ്വീകരിക്കുക മാത്രമല്ല സമൂഹത്തിന്റെ കടമ: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
കുടിയേറ്റക്കാരെ സ്വീകരിക്കുക എന്നതിൽ സമൂഹത്തിന്റെ കടമ അവസാനിക്കുന്നില്ലെന്നും, അവരെ, സമൂഹവുമായി ഇടകലരുന്നതിലേക്ക് അനുഗമിക്കുകയും, അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, സമൂഹത്തിൽ അവരുടെ സമാധാനപൂർണ്ണമായ ഇടകലരൽ സാധ്യമാകുന്നതിലേക്ക് പ്രയത്നിക്കുകയും ചെയ്യണമെന്ന് ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. സെപ്റ്റംബർ 29 വ്യാഴാഴ്ച രാവിലെ, റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റി "കുടിയേറ്റക്കാരും വിദ്യാഭ്യാസവും" എന്ന വിഷയത്തിൽ സംഘടിപ്പിച്ച കൺവെൻഷന്റെ സമാപനസമ്മേളനത്തിൽ സംബന്ധിച്ച ആളുകളെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്.
കുടിയേറ്റക്കാരായ കുട്ടികൾക്കും ചെറുപ്പക്കാർക്കും, തങ്ങൾ എത്തിപ്പെടുന്ന നാട്ടിലും തങ്ങളുടെ വിദ്യാഭ്യാസം തുടരാനുള്ള ആഗ്രഹത്തെക്കുറിച്ച് പറഞ്ഞ പാപ്പാ, ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള, ഗവേഷണം, അധ്യാപനം, സാമൂഹിക ഉന്നമനം പ്രോത്സാഹിപ്പിക്കൽ എന്നീ മൂന്ന് കാര്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറഞ്ഞു.
ഗവേഷണം
ഗവേഷണമെന്ന വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കവെ, കുടിയേറ്റക്കാരായ ആളുകൾക്ക് അവരുടെ സ്വന്തം നാടുപേക്ഷിച്ചു പോകാതിരിക്കാനുള്ള അവകാശത്തെക്കുറിച്ച് പഠിക്കേണ്ടത് ആവശ്യമാണെന്ന് പാപ്പാ പറഞ്ഞു. കുടിയേറ്റത്തിലേക്ക് മനുഷ്യരെ നയിക്കുന്ന കാരണങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് അക്രമങ്ങളും, സംഘർഷങ്ങളും തുടങ്ങി, നമ്മുടെ പൊതുഭവനമായ ഭൂമിയുടെ തെറ്റായ ഉപയോഗം, പലപ്പോഴും അവഗണിക്കപ്പെടുന്ന, ഭൂമിയുടെ ശരിയായ സംരക്ഷണം എന്നീ വിഷയങ്ങൾ ഗവേഷണങ്ങൾക്ക് വിധേയമാക്കേണ്ടതാണ്. അങ്ങനെയുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ സർക്കാരുകളെ, ഭൂമിയുടെ നല്ല രീതിയിലുള്ള പരിപാലനത്തിനായി നമുക്ക് സഹായിക്കാനാകുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
അധ്യാപനം
അധ്യാപനവുമായി ബന്ധപ്പെട്ട്, കുടിയേറ്റക്കാരായ ആളുകൾക്ക് വിദ്യാഭ്യാസസൗകര്യങ്ങൾ ഒരുക്കുന്നതിനുവേണ്ടി തയ്യാറാക്കപ്പെട്ടിട്ടുള്ള പദ്ധതികളെ പാപ്പാ പ്രശംസിച്ചു. ഈയൊരു തലത്തിൽ കത്തോലിക്കാ യൂണിവേഴ്സിറ്റികൾക്കും മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഇനിയും ഏറെ ചെയ്യാനാകുമെന്ന് പറഞ്ഞ ഫ്രാൻസിസ് പാപ്പാ, വിദൂരവിദ്യാഭ്യാസം, സ്കോളർഷിപ്പുകളുടെ ആവശ്യകത, കുടിയേറ്റക്കാരുടെയും, അവരെ സ്വീകരിക്കുന്നവരുടെയും ഉന്നതിക്ക് ഉപകരിക്കുന്ന രീതിയിൽ, മറ്റു യൂണിവേഴ്സിറ്റിയുടെ അക്കാദമിക് യോഗ്യതകൾ അംഗീകരിക്കുന്നത്, തുടങ്ങിയ വിവിധ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു.
സാമൂഹിക ഉന്നമനം
സാമൂഹിക ഉന്നമനവുമായി ബന്ധപ്പെട്ട് സംസാരിക്കവെ, പൊതു ഭാവിക്ക് തടസ്സമാകാത്ത രീതിയിൽ, വംശീയവും ഭാഷാപരവും മതപരവുമായ വൈവിധ്യങ്ങളെ വിലമതിക്കാൻ കഴിയുന്നതും വിവിധ സംസ്കാരങ്ങളെ ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ യൂണിവേഴ്സിറ്റികൾക്ക് വലിയ ഒരു പങ്കുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. കുടിയേറ്റക്കാർക്കും, അഭയാർത്ഥികൾക്കും, പ്രത്യേകിച്ച് കൂടുതൽ ദുർബലവിഭാഗങ്ങൾക്ക്, അനുകൂലമാകുന്ന രീതിയിൽ സന്നദ്ധസേവനപ്രവർത്തങ്ങൾ നടത്തുവാൻ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുവാനും യൂണിവേഴ്സിറ്റികൾക്ക് കഴിയുമെന്നതും പാപ്പാ എടുത്തുപറഞ്ഞു.
കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ദിനം
സെപ്റ്റംബർ 25 ഞായറാഴ്‌ച ആചരിക്കപ്പെട്ട കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ദിനത്തെക്കുറിച്ച് പരാമർശിച്ച പാപ്പാ, കുടിയേറ്റക്കാർക്കൊപ്പം ഭാവി കെട്ടിപ്പടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് താൻ സംസാരിച്ചത് അനുസ്മരിച്ചു. നമ്മുടെ സമൂഹങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് കുടിയേറ്റജനതയും അഭയാർത്ഥികളും വഹിച്ച പങ്കിനെക്കുറിച്ച് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ടെന്നത് പാപ്പാ പ്രത്യേകം എടുത്തുപറഞ്ഞു. ഇതുതന്നെയാണ് ഇന്നത്തെ സമൂഹത്തിലും തുടരുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
അഭയാർത്ഥികളെ സ്വീകരിക്കുകയും, സമൂഹത്തിന്റെ ഭാഗമായിത്തീരുന്നതിന് അവരെ സഹായിക്കുകയും, അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, സമൂഹത്തിനും അവർക്കും ഉപകാരപ്രദമായ രീതിയിൽ ഇടകലരാൻ അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നതിന്റെ പ്രാധാന്യം പാപ്പാ ഒരിക്കൽക്കൂടി എടുത്തു പറഞ്ഞുകൊണ്ടാണ് തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: