തിരയുക

ഫ്രാ൯സിസ് പാപ്പാ ദരിദ്രനായ ഒരു മനുഷ്യനെ ആശ്ലേഷിക്കുന്നു. ഫ്രാ൯സിസ് പാപ്പാ ദരിദ്രനായ ഒരു മനുഷ്യനെ ആശ്ലേഷിക്കുന്നു. 

ഫ്രാൻസിസ് പാപ്പാ: മനുഷ്യകുലം അതിന്റെ വഴി മാറ്റേണ്ട സമയമായി

ഇറ്റലിയിലെ നാപ്പൊളിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന "ഇൽ മത്തീനോ " എന്ന പത്രത്തിന്റെ 130മത് വാർഷികം പ്രമാണിച്ച് നൽകിയ അഭിമുഖത്തിൽ വിവിധ വിഷയങ്ങളെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ സംസാരിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

യുദ്ധം, ഇറ്റലിയിലെ തെക്കൻ പ്രദേശങ്ങളും ലോകം മുഴുവനും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ, രാഷ്ട്രീയം ഏറ്റം ഉന്നതമായ ഉപവി പ്രവൃത്തി, സംഘടിത കുറ്റകൃത്യങ്ങൾ, പരിസ്ഥിതിനാശം എന്നിവയായിരുന്നു മുഖ്യ പ്രതിപാദ്യ വിഷയങ്ങൾ. പരിസ്ഥിതി വിനാശത്തെക്കുറിച്ച് സംസാരിക്കവെ ഇറ്റലിയില Terra dei Fuochi (അഗ്നിയുടെ നാട്), മാർക്കെ പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കം എന്നിവയെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.  

വളരെ വിപുലമായ അഭിമുഖത്തിൽ ഒരിക്കൽക്കൂടി ഫ്രാൻസിസ് പാപ്പാ ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെയും മഹാമാരിയുടേയും ദാരിദ്യത്തിന്റെയും പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതിനെക്കുറിച്ചും, ഒരുമിച്ചു പൊതുനന്മയ്ക്കായി പ്രവർത്തിക്കേണ്ടതിനെക്കുറിച്ചും സംസാരിച്ചു. "നമ്മെ ഒന്നിപ്പിക്കുന്നതിനെ കണ്ടുപിടിക്കുമ്പോൾ മാത്രമെ, പ്രിയ സഹോദരീ സഹോദരന്മാരെ, നേരത്തേ തുടങ്ങിയതും നമ്മൾ കടന്നു പൊയ്ക്കൊണ്ടിരിക്കുകയും ചെയ്യുന്ന പ്രതിസന്ധികളിൽ നിന്ന് നമുക്ക് പുറത്തേക്കുള്ള  വഴി കണ്ടെത്താൻ കഴിയുകയുള്ളൂ"  

അഭിമുഖം കൂടുതലും ഇറ്റലിയിലെ നാപ്പൊളിയെയും തെക്കൻ ഇറ്റലിയെയും സംബന്ധിക്കുന്ന കാര്യങ്ങളെക്കുറിച്ചായിരുന്നു എങ്കിലും അവ "ലോകം മുഴുവനുമുള്ള പ്രശ്നങ്ങൾ "തന്നെയാണെന്നും "മുഴുവൻ ലോകത്തിന്റെയും ഭാവിയെ ബാധിക്കുന്നവ"യാണെന്നും ഫ്രാൻസിസ് പാപ്പാ വ്യക്തമാക്കി.

“നമ്മൾ യുദ്ധങ്ങളിലേക്കും ആഗോളമായ അനീതിയിലേക്കും ഒരു സുപ്രഭാതത്തിൽ ഉണർന്നവരല്ല, നമ്മൾ ദരിദ്രരുടെയും ഗുരുതരമായ രോഗം ബാധിച്ച ഭൂമിയുടേയും നിലവിളിക്കു ചെവികൊടുത്തില്ല.”

ഗതി മാറ്റുവാനുള്ള സമയം

നമ്മുടെ "വഴി മാറ്റി" നടക്കേണ്ട സമയമായി എന്ന കാര്യത്തിൽ നിർബന്ധം പിടിച്ച പാപ്പാ അതിന് നമ്മൾ വെല്ലുവിളിക്കപ്പെടുകയാണ് എന്ന് ഓർമ്മിപ്പിച്ചു. ഇന്ന് "പരീക്ഷയുടെ സമയമാണ്, തിരഞ്ഞെടുക്കലിന്റെ സമയം. പുന:ക്രമീകരണത്തിന്റെ സമയമാണിത്" പാപ്പാ പറഞ്ഞു. സുസ്ഥിരവും സമഗ്രവുമായ വികസനത്തിന്റെ സമ്പദ് വ്യവസ്ഥയെയും, വികസനത്തെയും കുറിച്ചുള്ള പുതിയ തരം ധാരണയുടെ ആവശ്യകതയും പ്രത്യേകം പാപ്പാ ചൂണ്ടിക്കാണിച്ചു.

കടബാധ്യതയിൽ നിന്ന് വികസ്വര രാജ്യങ്ങളെ ഒഴിവാക്കുക, ഭൂമിയെ ചൂഷണം ചെയ്യുന്നതിലും ആയുധ മത്സരത്തിനും, മനുഷ്യരെ, പ്രത്യേകിച്ച് കുട്ടികളെ, ചൂഷണം ചെയ്യുന്നതിനും അറുതി വരുത്തുക എന്നിവയും പാപ്പാ മുന്നോട്ട് വച്ചു. ഇത്തരം പ്രതിസന്ധികളോടു പ്രതികരിക്കാൻ പൊതുനന്മകളിലേക്ക് ഉന്നം വച്ചു കൊണ്ടുള്ള സർഗ്ഗാത്മകത്വം അത്യാവശ്യമാണ്, അതിന് നമ്മൾ തിരഞ്ഞെടുക്കേണ്ട മാർഗ്ഗം പ്രധാനപ്പെട്ടതാണ് എന്ന് പാപ്പാ ആവർത്തിച്ചു.

നീതിയും ക്ഷമയും യഥാർത്ഥ സമാധാനത്തിന്റെ നെടുംതൂണുകൾ

ഇന്ന് നമ്മൾ യുക്രെയ്നിലെ യുദ്ധം കൊണ്ടും മറ്റു പല യുദ്ധങ്ങളാലും അളക്കപ്പെടുകയാണ് എന്ന് യുദ്ധത്തെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

"നീതിയും ക്ഷമയും സംയോജിപ്പിക്കാതെ തകർക്കപ്പെട്ട സമാധാനം ഒരിക്കലും പൂർണ്ണമായി പുന:സ്ഥാപിക്കാനാവില്ല " എന്ന് സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിനുശേഷം ജോൺ പോൾ രണ്ടാമൻ എഴുതിയ വാക്കുകൾ ഉദ്ധരിച്ചു കൊണ്ട്  "സത്യമായ സമാധാനത്തിന്റെ തൂണുകൾ സ്നേഹത്തിന്റെ ഒരു പ്രത്യേക രൂപമായ നീതിയും ക്ഷമയുമാണ്," പാപ്പാ അടിവരയിട്ടു.

“എല്ലാറ്റിനും ഒരു സമയമുണ്ട്, തിന്മയെ തെറ്റാണെന്ന് വിധിക്കുകയാണ് ക്ഷമയ്ക്ക് മുമ്പേ വരേണ്ട കാര്യം. എന്നിരുന്നാലും, യുദ്ധം പരിപോഷിപ്പിക്കുകയല്ല മറിച്ച് സമാധാനം ഒരുക്കുകയാണ്, സമാധാനം വിതയ്ക്കുകയാണ് അത്യാവശ്യം.”

പാപ്പാ ഊന്നിപ്പറഞ്ഞു.

പരിസ്ഥിതിയോടുള്ള പ്രതിബദ്ധത ഒരു മുൻഗണന

പരിസ്ഥിതിയുടെ പരിരക്ഷണം സംബന്ധിച്ച് പാപ്പാ സംസാരിച്ചത് ഇറ്റലിയിലെ നാപ്പൊളിക്ക് അടുത്തുള്ള Terra dei fuochi (അഗ്നിദേശം) എന്നു വിളിക്കുന്ന പ്രദേശത്തേയും പ്രത്യേകിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ഇറ്റലിയിലെ തന്നെ  മാർക്കെ പ്രവിശ്യയിൽ വലിയ നാശം വിതച്ച വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തിലായിരുന്നു. "എല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു" എന്നാവർത്തിച്ച പാപ്പാ ഈ ബോധ്യത്തിൽ നിന്ന് "പുനരാരംഭിക്കാൻ " ആവശ്യപ്പെട്ടു.  "ഇന്ന്, ഓരോ വ്യക്തിയും മുഴുവൻ അന്തർദേശീയ സമൂഹവും കൂട്ടായ, ഐക്യദാർഢ്യം അടിസ്ഥാനമാക്കിയ ദീർഘവീക്ഷണമുള്ള പ്രവർത്തികൾ കൊണ്ട്  പരിസ്ഥിതിയോടുള്ള പ്രതിബദ്ധത ഒരു മുൻഗണനയായി പരിഗണിക്കുക എന്നത് ഒഴിച്ചുകൂടാനാവാത്തതാണ്," പാപ്പാ തുടർന്നു.

രാഷ്ട്രീയം ഏറ്റം ഉന്നതമായ ഉപവിയുടെ രൂപം

പാപ്പായുമായുള്ള അഭിമുഖം, രാഷ്ട്രീയത്തിൽ സഭയുടെ പങ്ക് തുടങ്ങി മറ്റനവധി വിഷയങ്ങളെയും സ്പർശിച്ചു. രാഷ്ട്രീയത്തെ ഫ്രാൻസിസ് പാപ്പാ "കൂടിക്കാഴ്ചയുടെ കല " എന്നും " ഏറ്റം ഉന്നതമായ ഉപവിയുടെ  രൂപം",  സംഘടിത കുറ്റകൃത്യങ്ങൾക്കുള്ള "ചാട്ടവാർ "എന്നുമൊക്കെയാണ് വിവരിച്ചത്.

പാപ്പായുമായുള്ള അഭിമുഖത്തിൽ മുഴുവൻ രൂപവും, ഇറ്റാലിയൻ ഭാഷയിൽ താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്.

https://www.vaticannews.va/it/papa/news/2022-09/papa-francesco-intervista-scelzo-il-mattino-napoli.html

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 സെപ്റ്റംബർ 2022, 13:33