തിരയുക

ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ 

ഉക്രൈനുവേണ്ടി വീണ്ടും അഭ്യർത്ഥനയുമായി ഫ്രാൻസിസ് പാപ്പാ

റഷ്യ-ഉക്രൈൻ യുദ്ധം ഉക്രൈനിലെ ജനജീവിതം താറുമാറാക്കുന്ന സാഹചര്യത്തിൽ ഉക്രൈനുവേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്‌തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സെപ്റ്റംബർ 28 ബുധനാഴ്ച, വത്തിക്കാനിൽ വച്ച് നടത്തിയ പൊതുകൂടിക്കാഴ്ചാ സമ്മേളനത്തിന്റെ അവസാനത്തിൽ ഉക്രൈനുവേണ്ടി വീണ്ടും ഫ്രാൻസിസ് പാപ്പാ സ്വരമുയർത്തി. ലോകം അവഗണിച്ചുതുടങ്ങിയ ഉക്രൈനിലെ പരിതാപകരമായ അവസ്ഥയിൽ, കത്തോലിക്കാസഭയുടെ പരമാധ്യക്ഷൻ സഹനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന ഉക്രൈൻ ജനതയെക്കുറിച്ച് ചിന്തിക്കുവാനും, അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും എല്ലാവരെയും ആഹ്വാനം ചെയ്തു.

ഉക്രൈനിലേക്ക് സഹായഹസ്‌തവുമായി നടത്തിയ നാലാമത് യാത്രയ്ക്ക് ശേഷം കർദ്ദിനാൾ ക്രയേവ്സ്‌കി സെപ്റ്റംബർ 28 ബുധനാഴ്ച രാവിലെ തിരികെയെത്തിയതിനെക്കുറിച്ച് സംസാരിച്ച പാപ്പാ, കർദ്ദിനാളിൽനിന്ന്, ഉക്രൈനിലെ അതികഠിനമായ സ്ഥിതിഗതികളെക്കുറിച്ച് തനിക്ക് അറിയാൻ കഴിഞ്ഞുവെന്ന് പറഞ്ഞു. ഈയൊരു സാഹചര്യത്തിൽ, ഉക്രൈൻ ജനതയെ മറക്കാതിരിക്കാമെന്നും, അടിച്ചമർത്തപ്പെട്ട ഈ ജനത്തിനുവേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഉക്രൈൻ ജനത നേരിടുന്ന പ്രതിസന്ധി പൊതുകൂടിക്കാഴ്ചാ സമ്മേളനങ്ങൾ ഉൾപ്പെടെ സാധിക്കുന്നയിടങ്ങളിലെല്ലാം ആളുകളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും, പ്രശ്‌നപരിഹാരത്തിനായി പരിശ്രമിക്കുന്നതിലേക്ക് എല്ലാവരെയും ക്ഷണിക്കാനും പാപ്പാ പരിശ്രമിക്കുന്നുണ്ട്.

ഇറ്റാലിയൻ ഭാഷയിൽ ആളുകളുമായി സംവദിക്കവേയാണ് പാപ്പാ ഈയൊരു അഭ്യർത്ഥന വീണ്ടും നടത്തിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 September 2022, 15:38