കൊടുങ്കാറ്റ് അവശേഷിപ്പിച്ചത് - ഡൊമിനിക്കൻ റിപ്പബ്ലിക്കിൽനിന്നുള്ള ദൃശ്യം കൊടുങ്കാറ്റ് അവശേഷിപ്പിച്ചത് - ഡൊമിനിക്കൻ റിപ്പബ്ലിക്കിൽനിന്നുള്ള ദൃശ്യം 

ഫിയോണ ചുഴലിക്കാറ്റിന്റെ ഇരകൾക്ക് പാപ്പായുടെ അനുശോചനം

ഡൊമിനിക്കൻ റിപ്പബ്ലിക്കിലും പോർത്തോ റിക്കോയിലും ഉണ്ടായ ചുഴലിക്കാറ്റിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് മാർപ്പാപ്പയുടെ പേരിൽ കർദ്ദിനാൾ പിയെത്രോ പരൊളിൻ അനുശോചനസന്ദേശം അയച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കഴിഞ്ഞ ദിവസം ഡൊമിനിക്കൻ റിപ്പബ്ലിക്കിലും പോർത്തോ റിക്കോയിലും വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റിൽ നിരവധി ആളുകൾ മരണമടഞ്ഞതുമായി ബന്ധപ്പെട്ട്, ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ മെത്രാൻ സംഘത്തിന്റെ പ്രസിഡന്റ് ആർച്ച്ബിഷപ് ഫ്രഡ്‌ഡി അന്തോണിയോ ദേ ഹെസൂസ് ബ്രതോൺ മർത്തീനെസിനും, പോർത്തോ റിക്കോയിലെ മെത്രാൻ സംഘത്തിന്റെ പ്രസിഡന്റ് ബിഷപ് റൂബൻ അന്തോണിയോ ഗോൺസാലെസ് മെദീന എന്നിവർക്കും ഫ്രാൻസിസ് പാപ്പായുടെ പേരിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരൊളിൻ ടെലെഗ്രാം സന്ദേശമയച്ചു.

നിരവധി ജീവനുകളെടുക്കുകയും, നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുകയും ചെയ്ത ഈ ചുഴലിക്കൊടുങ്കാറ്റ് മൂലമുണ്ടായ സംഭവത്തിൽ ഫ്രാൻസിസ് പാപ്പായുടെ ദുഃഖവും, മരണമടഞ്ഞ ആളുകൾക്ക് വേണ്ടിയുള്ള പ്രാർത്ഥനകളും കർദ്ദിനാൾ പരൊളിൻ അറിയിച്ചു. ഈ പ്രകൃതിക്ഷോഭത്തിൽപ്പെട്ട എല്ലാ ആളുകളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കാനും, അവർക്കുവേണ്ടി പ്രവർത്തിക്കാനും കർദ്ദിനാൾ  പാപ്പായുടെ പേരിൽ ഇരു രാജ്യങ്ങളിലെയും ക്രൈസ്തവസമൂഹത്തോട് ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 September 2022, 17:40